Current Date

Search
Close this search box.
Search
Close this search box.

ഐ.എസിനെ അതിജീവിച്ച പാല്‍മിറ

palmyra.jpg

ഐ.എസ് അതിന്റെ ഖിലാഫത്ത് പ്രഖ്യാപിച്ചതിന് ശേഷം നേരിടുന്ന വലിയ തിരിച്ചടിയാണ് പാല്‍മിറയില്‍ നിന്ന് തുരത്തപ്പെട്ടു എന്നത്. 2000 വര്‍ഷത്തിലധികം പഴക്കമുള്ള പാല്‍മിറ എന്ന ചരിത്ര പ്രാധാന്യമുള്ള പുരാതന സെമിറ്റിക് നഗരം സിറിയന്‍ സൈന്യം വീണ്ടെടുത്തിരിക്കുന്നു. എന്നാല്‍ പുരാതനമായ ഒരു സംസ്‌കൃതിയുടെ തിരുശേഷിപ്പുകള്‍ ഉറങ്ങിയിരുന്ന ഈ മണ്ണിനെ ഉഴുതുമറിച്ചിട്ടിരിക്കുന്നതാണ് ലോകം കാണുന്നത്. ‘മരുഭൂമിയിലെ മണവാട്ടി’ എന്നറിയപ്പെടുന്ന പാല്‍മിറയുടെ യുനെസ്‌കോ പുറത്തുവിട്ട പുതിയ ഫോട്ടോകളില്‍ നിന്ന് പാല്‍മിറയിലെ ചരിത്രമുറങ്ങുന്ന പല കെട്ടിടങ്ങളും നിര്‍മിതികളും തകര്‍പ്പെട്ടു കഴിഞ്ഞെന്ന് മനസ്സിലാകുന്നു. ബേലിന്റെ ക്ഷേത്രവും വിജയത്തിന്റെ കമാനവും തകര്‍ക്കപ്പെട്ട നിലയിലാണ്. എന്നാല്‍ അഗോറ, റോമന്‍ തിയറ്റര്‍ പോലുള്ള ചില നിര്‍മിതികള്‍ കേടുപാടികളില്ലാതെ നിലനില്‍ക്കുന്നുവെന്ന് നിലവില്‍ പ്രദേശത്ത് ഗവേഷണങ്ങള്‍ നടത്തുന്ന ഗവേഷകര്‍ പറയുന്നു. പാല്‍മിറ പൂര്‍ണമായും തകര്‍പ്പെട്ടുവെന്നാണ് കരുതിയതെന്നും എന്നാല്‍ മാരകമായ പ്രഹരം ഉണ്ടായിട്ടില്ലെന്നും സിറിയന്‍ പുരാവസ്തു വിഭാഗം തലവനായ മഅ്മൂന്‍ അബ്ദുല്‍ കരീം പറഞ്ഞു. വരുന്ന ദിവസങ്ങള്‍ പാല്‍മിറയെ പഴയ രൂപത്തിലേക്കെത്തിക്കാനുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം ഗാര്‍ഡിയന്‍ പത്രത്തോട് പറഞ്ഞു.

”നിങ്ങള്‍ എന്തൊക്കെ ചെയ്തുകൂട്ടിയാലും ഞങ്ങളുടെ ചരിത്രത്തെ മായ്ച്ചുകളയാനാവില്ല. ഞങ്ങള്‍ തകര്‍ന്ന ശേഷിപ്പുകളെ നോക്കി വിതുമ്പുന്നവരല്ല. ആഗോള തീവ്രവാദികള്‍ ഈ വിജയം ഒരു താക്കീതായി മനസ്സിലാക്കട്ടെ”, മഅ്മൂന്‍ പറഞ്ഞു. നഗരം പൂര്‍ണമായും തകര്‍ക്കപ്പെടാതെ കണ്ടപ്പോള്‍ വലിയ ഒരു ആശ്വാസം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.എസ് തുരത്തപ്പെട്ടതിന് ശേഷം നഗരം ഇപ്പോള്‍ സിറിയന്‍ സൈന്യത്തിന്റെയും റഷ്യന്‍ സൈന്യത്തിന്റെയും നിയന്ത്രണത്തിലാണ്. നഗരത്തിലേക്ക് പ്രവേശിച്ച സൈന്യവും മാധ്യമപ്രവര്‍ത്തകരും കാര്യമായ കേടുപാടുകള്‍ പറ്റാത്ത പൗരാണിക നഗരത്തെ നോക്കി നെടുവീര്‍പ്പിട്ടു. എന്നാല്‍ ഒരു സിറിയന്‍ സൈനികന്‍ മാത്രം നഗരത്തിലാകെ കണ്ണോടിച്ച് ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. ”ഈ ചരിത്രനഗരത്തിന് മുറിവേറ്റതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. എന്നാല്‍ ഇവിടെ നടന്ന യുദ്ധത്തില്‍ മരിച്ച എന്റെ സഹോദരനു വേണ്ടി കൂടിയാണ് ഞാന്‍ കരയുന്നത്. ഈ വിജയത്തിലൂടെ ഞാന്‍ അവന്റെ രക്തത്തിന് പ്രതികാരം ചെയ്തിരിക്കുന്നു”, കരഞ്ഞു കൊണ്ട് അയാള്‍ പറഞ്ഞു.

തദ്മര്‍ എന്ന ആധുനിക പാല്‍മിറ നഗരത്തിലാകട്ടെ മുമ്പ് 70,000-ത്തോളം ജനസംഖ്യയുണ്ടായിരുന്നു. എന്നാല്‍ പുരാതന പാല്‍മിറയെ പോലെ ഭാഗ്യവതിയായിരുന്നില്ല ആധുനിക പാല്‍മിറ. നഗരത്തിലാകെ തകര്‍ന്ന കെട്ടിടങ്ങളും വീടുകളുമാണ് ഇപ്പോള്‍ ഉള്ളത്. ആഴ്ചകളോളം നീണ്ടുനിന്ന തെരുവുയുദ്ധങ്ങളുടെ മുറിപ്പാടുകള്‍ അവശേഷിക്കുന്ന കെട്ടിടങ്ങളില്‍ പുഴുക്കുത്തുണ്ടാക്കിയിട്ടുണ്ട്. 2015 മെയിലാണ് ഐ.എസ് പാല്‍മിറ പിടിച്ചടക്കിയത്. പുരാതന പാല്‍മിറ ഐ.എസ് പിടിച്ചെടുത്തത് ലോകത്തെ നടുക്കിയിരുന്നു. ബേല്‍, ബാല്‍ശാമിന്‍ ക്ഷേത്രങ്ങളും വിജയ കമാനവും തകര്‍പ്പെട്ടു. റോമന്‍ ആംഫിതിയറ്റര്‍ ഐ.എസിന്റെ ബലിക്കളമായിരുന്നു. പുരാതനമായ കല്ലറകളും അവര്‍ തോണ്ടി പുറത്തിട്ടു. നാല്‍പത് വര്‍ഷത്തോളം പാല്‍മിറയെ നോക്കിനടത്തിയിരുന്ന പുരാവസ്തു ശാസ്ത്രജ്ഞനെ ഐ.എസ് വധിക്കുകയും ചെയ്തു. സൈന്യം നഗരം പിടിച്ചടക്കിയതിന് ശേഷവും നഗരം പൂര്‍ണമായി സുരക്ഷിതമായിട്ടില്ല. കാരണം, ഐ.എസ് പോരാളികള്‍ നഗരത്തിലെങ്ങും മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് സൈന്യം പറയുന്നത്. ഉടനെ അവയൊക്കെ കണ്ടെത്തി നീക്കം ചെയ്ത് നഗരത്തെ പഴയ അവസ്ഥയിലേക്കെത്തിക്കുമെന്ന് സൈന്യം ഉറപ്പുതരുന്നു.

വിവ: അനസ് പടന്ന

Related Articles