Current Date

Search
Close this search box.
Search
Close this search box.

ഐക്യരാഷ്ട്രസഭ സിറിയന്‍ ഭരണകൂടത്തിന്റെ പക്ഷം ചേരുന്നുവെന്ന് ആരോപണം

ദമസ്‌കസ്: ഐക്യരാഷ്ട്രസഭക്ക് അതിന്റെ വിശുദ്ധിയും സ്വതന്ത്രതസ്വഭാവവും നിഷ്പക്ഷതയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും സിറിയന്‍ ഭരണകൂടത്തിന്റെ പക്ഷം ചേരുകയാണത് ചെയ്യുന്നതെന്നും ‘സിറിയന്‍ കാമ്പയിന്‍’ എന്ന കൂട്ടായ്മ ആരോപിച്ചു. അതിന്റെ സഹായങ്ങളുടെ 88 ശതമാനവും സിറിയന്‍ ഭരണകൂടത്തിന് കീഴിലുള്ള പ്രദേശങ്ങളിലേക്കാണ് അയച്ചിട്ടുള്ളതെന്നും ‘സിറിയന്‍ കാമ്പയിന്റെ’ പ്രസ്താവന സൂചിപ്പിച്ചു. 55 എന്‍.ജി.ഒ കളുടെ പൊതുവേദിയാണ് ഈ കൂട്ടായ്മ. നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ സിറിയന്‍ ഭരണകൂടത്തിന് വഴങ്ങിക്കൊടുക്കുകയാണ് ഐക്യരാഷ്ട്രസഭ ചെയ്യുന്നതെന്നും പ്രസ്താവന പറഞ്ഞു.
സിറിയന്‍ ഭരണകൂടത്തിന്റെ ഉപരോധത്തിലുള്ള നഗരങ്ങളില്‍ വിവാദപരമായ പിന്തുണയാണ് ഐക്യരാഷ്ട്രസഭ നല്‍കിയിരിക്കുന്നത്. ഉപരോധിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളെ നിര്‍വചിക്കുന്നതിലും നിര്‍ണയിക്കുന്നതിലും ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടിരിക്കുന്നുവെന്നും പ്രസ്താവന ആരോപിച്ചു. സിറിയയില്‍ ഐക്യരാഷ്ട്രസഭ നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര സംഘടന പാലിക്കേണ്ട മാനുഷിക മാനദണ്ഡങ്ങള്‍ പാലിക്കാതെ, സംഘട്ടനത്തിലെ ഒരു കക്ഷിയെന്ന തരത്തിലാണെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.
ഐക്യരാഷ്ട്രസഭയുടെ സിറിയയിലെ ഭക്ഷ്യവിതരണത്തിന്റെ 88 ശതമാനവും സിറിയന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ്. ദമസ്‌കസിലെ യു.എന്‍ ഓഫീസുകളുടെ നിലനില്‍പിന് വേണ്ടിയാണതെന്നും ‘സിറിയന്‍ കാമ്പയിന്റെ’ ഭാഗമായ സംഘടനകളിലൊന്നായ ‘ബൈത്തുനാ സൂരിയ’യുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അസ്അദ് അല്‍അശിയ് പറഞ്ഞു. സിറിയന്‍ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ യു.എന്‍ ഭക്ഷ്യ സഹായത്തിന്റെ 12 ശതമാനം മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles