Current Date

Search
Close this search box.
Search
Close this search box.

ഏക സിവില്‍ കോഡ് ; പൊട്ടിച്ചു കളയേണ്ട ഒരു ചോരകുരുവാണ്

ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് വകവെച്ചു നല്‍കുന്ന സവിശേഷമായ അവകാശമാണ് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും, ആചരിക്കാനും അത് പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം. ഓരോ മതങ്ങള്‍ക്കും അവയുടെ കര്‍ത്തൃത്വത്തെ കുറിക്കുന്ന വിശ്വാസ സംഹിതകളും, വ്യക്തി-സാമൂഹ്യ ജീവിതത്തിലെ വിവിധ രംഗങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന നിയമ വ്യാഖ്യാനങ്ങളും ഉണ്ട്. എന്നാല്‍ ഇന്ത്യയുടെ മതേതര പരിസരത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്ന ഭരണകൂട സംബന്ധിയും, പരസ്പര ഇടപാടുകളുമായി ബന്ധപ്പെട്ടതുമായ നിയമങ്ങളെ പൊതുസമാജത്തിന്റെ നിയമമായി പ്രായോഗിക തലത്തില്‍ കൊണ്ടു വരികയെന്നത് അസംഭ്യവമാണ്. അതു പോലെ വ്യക്തിതലത്തില്‍ ഓരോ മതവിശ്വാസിയും അവന്റെ വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തിന് അനിവാര്യമായും ആചരിക്കേണ്ട നിയമങ്ങള്‍ക്ക് മേല്‍ ഭരണകൂടം തടസ്സങ്ങള്‍ സൃഷ്ടിക്കുകയെന്നതും ആശാസ്യമല്ല.

മോദിയുടെ അധികാരാരോഹണത്തിന് ശേഷം ഇന്ത്യയുടെ ആശയ സംവാദ പ്രതലത്തില്‍ ഏകീകൃത സിവില്‍ നിയമത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഏക സിവില്‍ കോഡിനെ അനുകൂലിക്കുന്നവര്‍ക്ക് പ്രതീക്ഷയും, പ്രതികൂലിക്കുന്നവര്‍ക്ക് ആശങ്കകള്‍ക്ക് വകനല്‍കുന്നതുമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.

ഏക സിവില്‍ കോഡ് നടപ്പില്‍ വരുത്തണമെന്നാവശ്യപ്പെടുന്നവര്‍ ഇസ്‌ലാം മതത്തിന്റെ നിയമവ്യവസ്ഥയേയും, ആചാരാനുഷ്ഠാനങ്ങളെയും ഉന്നംവെച്ചു കൊണ്ട് തങ്ങളുടെ വാദങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരിക്കുകയാണ്. ഏക സിവില്‍ കോഡ് നിലവില്‍ വന്നാല്‍ മുസ്‌ലിംകളുടെ പ്രാകൃതമായ നാല് കെട്ടല്‍ സമ്പ്രദായം അവസാനിപ്പിക്കും, അസമത്വപൂര്‍ണ്ണമായ അനന്തരാവകാശ നിയമങ്ങള്‍ റദ്ദു ചെയ്യപ്പെടും എന്നു തുടങ്ങിയ അസംബന്ധ ജടിലവും മതസഹിഷ്ണുതക്ക് പോറലേല്‍പ്പിക്കുന്നതുമായ വാദങ്ങള്‍ സാമൂഹ്യാന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ആര്‍.എസ്.എസ് അതിന്റെ സ്ഥാപിത ലക്ഷ്യമായ ഹിന്ദുത്വാധിപത്യം നടപ്പാക്കുവാനാണ് ഏക സിവില്‍ കോഡിന് വേണ്ടി മുറവിളിക്കൂട്ടുന്നത് എന്ന ധാരണയും സമൂഹത്തില്‍ ശക്തമാണ്.

വ്യത്യസ്ത മതവിഭാഗങ്ങള്‍ ജീവിക്കുന്ന സാമൂഹത്തിന്റെ മുന്നോട്ടു പോക്കിനെ ഒരു തരത്തിലും ബാധിക്കാത്തതും, വ്യക്തി ജീവിതത്തെ, അല്ലെങ്കില്‍ ഓരോ മതങ്ങളുടേയും ആഭ്യന്തര കാര്യങ്ങളെ മാത്രം സ്പര്‍ശിക്കുന്നതുമായ മതനിയമങ്ങള്‍ പിന്തുടരുന്നതും മൂല്യങ്ങള്‍ ആചരിക്കുന്നതുമെല്ലാം സ്ഥിതിസമത്വത്തിനും അവസരസമത്വത്തിനും ഭംഗം വരുത്തുന്നതാണ് എന്ന ‘ഭൂരിപക്ഷത്തിന്റെ’ വാദം ഭരണഘടന അനുവദിച്ചു തരുന്ന മതസ്വാതന്ത്ര്യം എന്താണ് എന്നതിനെ കുറിച്ചും, അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പറ്റിയും സംശയങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

മതത്തിന്റെ പേരില്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ദുരാചാരങ്ങള്‍ക്കെതിരെ ഭരണഘടനയുടേയും, ഭരണകൂടത്തിന്റെയും ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്. ഇനിയും അത്തരം ഇടപെടലുകള്‍ ഉണ്ടാകണം എന്നു തന്നെയാണ് ഒരോ മതേതര വിശ്വാസിയുടേയും അഭിലാഷം. പക്ഷെ അത് മതത്തിന്റെ അസ്തിത്വത്തെ നിര്‍ണയിക്കുന്ന അടിസ്ഥാനപരമായ വിശ്വാസ സംഹിതകളും ആചാരങ്ങളും റദ്ദു ചെയ്തു കൊണ്ടുള്ള നടപടികളിലേക്കാണ് നീങ്ങുന്നതെങ്കില്‍ യഥാര്‍ത്ഥത്തില്‍ മതത്തെ പുനഃനിര്‍മ്മിക്കുന്ന പണിയാണ് ഭരണകൂടം എടുക്കുന്നത് എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇത്തരത്തില്‍ മതത്തെ പുനഃനിര്‍മ്മിക്കാനുള്ള അവകാശം വ്യക്തികളുടെ ഒരു കൂട്ടമായ ഭരണകൂടത്തിന് വകവെച്ചു നല്‍കുന്ന നിയമനിര്‍മാണങ്ങള്‍ മതേതര മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്.

ഏകസിവില്‍ കോഡ് നടപ്പില്‍ വരുത്തുന്നത് എതിര്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ നിലപാട് വോട്ട് ബാങ്ക് ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രീണന രാഷ്ട്രീയമാണ് എന്ന വാദം, ഏകസിവില്‍ കോഡിന് വേണ്ടി മുറവിളികൂട്ടുന്നവര്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കളാണ് എന്ന മറുവാദവുമായി പോരടിക്കുന്ന ഒരു രാഷ്ട്രീയ കാഴ്ച്ചയാണ് ഇന്ന് നിലനില്‍ക്കുന്നത്.

വിഷയം മതവുമായി ബന്ധപെട്ടിരിക്കുന്നതിനാല്‍ അക്കാര്യത്തില്‍ അവഗാഹമുള്ളവരുമായി ചര്‍ച്ച ചെയ്ത് ആരുടേയും മതജീവിതത്തെ വ്രണപെടുത്താതെയും, അവഹേളിക്കാതെയും ഉചിതമായ ഒരു തീരുമാനത്തിലെത്തുന്നതിന് ഭരണകൂടത്തെ പ്രേരിപ്പിക്കേണ്ടത് പക്വമതികളായ പൊതുജനത്തിന്റെ ബാധ്യതയാണ്. അല്ലാതെ ചില തല്‍പര കക്ഷികളുടെ ആവശ്യപൂര്‍ത്തീകരണത്തിനായി ജനമനസ്സുകളില്‍ നിരന്തരം സംശയത്തിന്റെയും ആശങ്കയുടെയും ഒരിക്കലും അണയാത്ത കനലുകള്‍ അവശേഷിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ് നാം കൈകൊള്ളുന്നതെങ്കില്‍ അത് സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതിനേ ഉപകരിക്കൂ. ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഏക സിവില്‍ കോഡ് നിലവില്‍ വന്നിട്ടില്ലാത്ത ഇക്കാലത്തും എല്ലാ മതസ്ഥരും തങ്ങളുടെ മതവിധികള്‍ വ്യക്തി ജീവിതത്തിലും മതപരമായ സാമൂഹ്യ ജീവിതത്തിലും പാലിച്ചു കൊണ്ടു തന്നെയാണ് ഇന്ത്യയില്‍ സമാധാന പൂര്‍വ്വം ജീവിച്ചു കൊണ്ടിരിക്കുന്നത് എന്ന അനിഷേധ്യമായ യാഥാര്‍ഥ്യം ഇതിന്റെ പേരില്‍ അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ മനസ്സിലാക്കണം.

Related Articles