Current Date

Search
Close this search box.
Search
Close this search box.

എസ് വൈ എസിന്റേത് സ്വാഗതാര്‍ഹമായ തീരുമാനം

സ്ത്രീകളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ മഹല്ല് തലങ്ങളില്‍ വനിതാ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവന ശ്രദ്ദേയമാണ്.  ‘യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന  സുന്നി യുവജന സംഘം കാമ്പയിന്റെ ഭാഗമായി മാതൃസംഗമങ്ങളും സഹോദരീ സംഗമങ്ങളും സംഘടിപ്പിക്കുമെന്നും മഹല്ല് തലങ്ങളില്‍ സ്ത്രീകള്‍ക്ക് ബോധവത്കരണം നല്‍കാന്‍ 1,000 വളന്റിയര്‍മാര്‍ക്ക് എസ്.വൈ.എസ് പരിശീലനം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവന വിശദീകരിക്കുന്നു.

സമൂഹത്തിന്റെ പാതിയാണ് സ്ത്രീ. അതിനാല്‍ തന്നെ സമൂഹത്തിലെ നിര്‍ണായക ഘടകമായ ഈ ചിറകിനെ അവഗണിച്ചുകൊണ്ടും അരിക് വല്‍കരിച്ചുകൊണ്ടും ഇസ്‌ലാമിക സമൂഹത്തിന് അത് ഉന്നം വെക്കുന്ന ലക്ഷ്യത്തിലേക്ക് പറന്നുയരാനാകില്ല. ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യ രക്തസാക്ഷി സുമയ്യ(റ)യായിരുന്നു. ഇസ്‌ലാമിന്റെ ഓരോ മുന്നേറ്റത്തിലും സ്ത്രീകള്‍ നിര്‍ണായകമായ പങ്ക് വഹിച്ചതായി ചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് ദര്‍ശിക്കാവുന്നതാണ്. അബ്‌സീനിയയിലേക്കുള്ള ഒന്നാമത്തെ ഹിജ്‌റയിലും മദീനയിലേക്കുള്ള ഹിജ്‌റയിലും അവര്‍ക്ക് പങ്കാളിത്തമുണ്ടായിരുന്നു.  ഉമര്‍ ഫാറൂഖ്(റ) അദ്ദേഹത്തിന്റെ ഭരണകാലത്ത് മദീനയിലെ മാര്‍ക്കറ്റിന്റെ മേല്‍നോട്ടം ശിഫാബിന്‍ത് അബ്ദില്ലയെയാണ് ഏല്‍പ്പിച്ചിരുന്നത്. പണ്ഡിത പ്രമുഖയായ പ്രവാചക പത്‌നി ആഇശ(റ)യുടെ സന്നിധിയില്‍ നിന്ന് പ്രമുഖരായ പല സഹാബികളും വിജ്ഞാനം കരഗതമാക്കുകയും സംശയനിവാരണം നടത്തുകയും ഹദീസ് റിപ്പോര്‍ട്ട് ചെയ്യുകയുമെല്ലാം ചെയ്തിരുന്നു. ഉഹ്ദ് യുദ്ധമടക്കമുള്ള യുദ്ധങ്ങളില്‍ പ്രവാചകനെയും മുറിവേറ്റ സഹാബികളെയും ശ്രുശ്രൂഷിച്ചിരുന്നത് സഹാബി വനിതകളായിരുന്നു. വൈജ്ഞാനികവും സാമൂഹികവുമായ രംഗങ്ങളില്‍ സ്ത്രീകള്‍ അഭിവൃദ്ധി കൈവരിക്കുകയും സംസ്‌കാരസമ്പന്നയുമാകുമ്പോള്‍ മാത്രമേ ഉത്തമ കുടുംബവും സമൂഹവും സൃഷ്ടിക്കപ്പെടുകയുള്ളൂ. ഇസ്‌ലാം അതിന്റെ പ്രാരംഭത്തില്‍ തന്നെ സ്ത്രീകളെ ആദരിക്കുകയും അര്‍ഹമായ പരിഗണന നല്‍കുകയും ചെയ്തത് അതിനാലാണ്.

ഇസ്‌ലാമിക ലോകത്ത് ഇന്നു കാണുന്ന ഉണര്‍വില്‍ സ്ത്രീകള്‍ക്കും പ്രധാനമായ പങ്കുണ്ട്. മുസ്‌ലിം സ്ത്രീ ഇന്ന് വിദ്യാഭ്യാസ രംഗത്ത് ശ്രദ്ദേയമായ നേട്ടം കൈവരിച്ചിരിക്കുന്നു. മഫ്തയും പര്‍ദ്ദയും ധരിച്ചും അവളുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടും വൈജ്ഞാനിക സാമൂഹിക രംഗങ്ങളില്‍ വലിയ സംഭാവനകള്‍ അവര്‍ അര്‍പിച്ചുകൊണ്ടിരിക്കുന്നു. അറബിക്കോളേജുകളില്‍ മാത്രമല്ല, മെഡിക്കല്‍ കോളേജില്‍ വരെ അവരുടെ സജീവ സാന്നിദ്ധ്യം ശ്രദ്ദേയമാണ്. മദ്‌റസ പൊതു പരീക്ഷയില്‍ റാങ്ക് ലഭിച്ചവരും സ്‌കൂള്‍ പരീക്ഷയിലെ റാങ്ക് ജേതാക്കളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ് എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്. പ്രാദേശിക രംഗത്തെ ഖുര്‍ആന്‍ ക്ലാസുകളിലും മത പ്രസംഗങ്ങളിലും ഉദ്‌ബോധന ക്ലാസുകളിലുമെല്ലാം സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിച്ചുവരികയാണ്. മാത്രമല്ല, മിക്ക സ്ഥലങ്ങളിലും ഖുര്‍ആന്‍ ക്ലാസുകള്‍ നടന്നുപോകുന്നതും സ്ത്രീകളുടെ താല്‍പര്യം കൊണ്ടാണ്.

ഉത്തമ കുടുംബത്തിലൂടെയാണ് ഉല്‍കൃഷ്ട തലമുറ സൃഷ്ടിക്കപ്പെടുക. പുതു തലമുറയുടെ സംസ്‌കരണമാണല്ലോ സമുദായം ഇന്നഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. പാരമ്പര്യമായി നടന്നുവരുന്ന പാതിരാ പ്രസംഗങ്ങളും മദ്‌റസ പഠനങ്ങളുമൊന്നും ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഒരു പരിധി വരെ പരാജയപ്പെട്ടിരിക്കുകയാണ്. അവരുടെ സംസ്‌കരണം നടക്കേണ്ടത് ആദ്യ വിദ്യാലമായ ഉമ്മയില്‍ നിന്നുതന്നെയാണ്. അതിന് കാലഘട്ടത്തിന്റെ നാഡീസ്പന്ദനങ്ങളും പുതുതലമുറയുടെ അഭിരുചികളും അവര്‍ മനസ്സിലാക്കുകയും ക്രിയാത്മകമായി ഇടപെടുകയും ചെയ്യേണ്ടതുണ്ട്. അതിനാവശ്യമായ കൗണ്‍സിലിങ്ങുകളും ക്ലാസുകളെല്ലാം മഹല്ലടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് നല്‍കേണ്ടതുണ്ട്. നന്മ കല്‍പിക്കുക, തിന്മ ഉച്ചാടനം ചെയ്യുക എന്നത് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളുടെയും ബാധ്യതയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ചുരുങ്ങിയത് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും അതില്‍ ക്രിയാത്മകമായി ഇടപെടാനും പുരുഷന്മാരേക്കാളേറെ സാധിക്കുക സ്ത്രീകള്‍ക്കാണ്. അതിന് കഴിവുറ്റ നേതൃത്വങ്ങള്‍ അവരില്‍ നിന്നു തന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്. മഹല്ലുകള്‍ കാര്യക്ഷമമാകണമെങ്കില്‍ സത്രീകളുടെ സ്ജീവമായ ശ്രദ്ധയുണ്ടാകേണ്ടതുണ്ട്. മഹല്ല് കമ്മറ്റിയില്‍ പ്രാതിനിധ്യമോ സ്ത്രീകളുടേതായ കമ്മറ്റികളോ ഉണ്ടാകുകയാണെങ്കില്‍ മാത്രമേ അവര്‍ക്ക് മഹല്ലിനെ കുറിച്ച് സ്വപ്‌നങ്ങളും സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തവും ഉണ്ടാകുകയുള്ളൂ. പുരുഷകേന്ദ്രീകൃത വ്യവസ്ഥയിലൂടെയും സംവിധാനങ്ങളിലൂടെയും സ്ത്രീകളെ സംസ്‌കരിക്കാന്‍ കഴിയുമെന്ന് ഇനിയും വിശ്വസിക്കുന്നത് മൗഢ്യമാണ്.

പ്രസ്താവനയില്‍ സൂചിപ്പിച്ചതു പോലെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ചൂഷണത്തിനിരയാകുന്നത് സ്ത്രീകളാണ്. വിദ്യാഭ്യാസത്തിന്റെയും സാമൂഹിക അവബോധത്തിന്റെയും കുറവാണ് ഇതിന്റെ പ്രധാന കാരണം. സമൂഹത്തില്‍ തങ്ങളുടെ ദൗത്യം തിരിച്ചറിയുകയും ശാക്തീകരണത്തിന് വേണ്ടി സജ്ജരാവുകയും ചെയ്യുന്നതിലൂടെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളും ചൂഷണങ്ങളും അവസാനിപ്പിക്കാന്‍ സാധിക്കുക. അതിരുവിട്ട ഫെമിനിസ്റ്റ് സ്ത്രീ വാദത്തിനും അടിച്ചമര്‍ത്തപ്പെട്ട യാഥാസ്തിതികതക്കും മധ്യേയുള്ള മധ്യമ നിലപാടാണ് സ്ത്രീ വിഷയത്തില്‍ രൂപപ്പെടേണ്ടത്. ഇത്തരം യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ടുകള്ള സ്ത്രീ സൗഹൃദ മുന്നേറ്റത്തിനും സംസ്‌കരണത്തിനുമുള്ള നല്ല ഒരു ചുവടുവെപ്പായി എസ് വൈ എസിന്റെ തീരുമാനം മാറട്ടെ!

Related Articles