Current Date

Search
Close this search box.
Search
Close this search box.

എവിടെയാണ് ബുദ്ധിയും വിവേകവുമുള്ളവര്‍?

rouhani-oman.jpg

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഒമാനും കുവൈത്തും സന്ദര്‍ശിച്ചതും ഇസ്രയേല്‍ പ്രധാനമന്ത്രി വാഷിംഗ്ടണിലെത്തി പുതിയ അമേരിക്കന്‍ പ്രസിഡന്റുമായി സംഭാഷണം നടത്തിയതും ഒരേ ദിവസമായിരുന്നു എന്നത് (ഫെബ്രുവരി 15, ബുധന്‍) ഒരുപക്ഷേ യാദൃശ്ചികതയാവാം. ഇരുസന്ദര്‍ശനങ്ങളും തമ്മില്‍ പ്രത്യക്ഷത്തില്‍ ബന്ധമില്ലെങ്കിലും അവയെ ബന്ധിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. പുതിയ അമേരിക്കന്‍ പ്രസിഡന്റ് തങ്ങളെ ഉന്നം വെക്കുന്നുണ്ടെന്നും തങ്ങളെ വീഴ്ത്താനുള്ള കെണിയൊരുക്കി കാത്തിരിക്കുകയാണെന്നും ഇറാന്‍ മനസ്സിലാക്കിയിരിക്കുന്നു. ഇറാന്‍ ആണവപദ്ധതി ഇല്ലാതാക്കാനുള്ള ശ്രമം നെതന്യാഹു ഉപേക്ഷിച്ചിട്ടുമില്ല.

അതേസമയം ഇറാന് മിക്ക അറബ് നാടുകളുമായുള്ള ബന്ധത്തിനൊപ്പം ഗള്‍ഫ് നാടുകളുമായുള്ള ബന്ധത്തിലും വിള്ളലുകള്‍ വീണിരിക്കുകയാണ്. അതിന്റെ ഫലമായി ഇറാനെ നേരിടുന്നതില്‍ ഇസ്രയേലിനൊപ്പമാണ് ഗള്‍ഫ് നാടുകള്‍ ഇടം കണ്ടെത്തുന്നത്. ശിയാ വ്യാപനത്തിനെതിരെ മിതസുന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന വാദം ഉയര്‍ത്തി തെല്‍അവീവ് ഇത് ശരിക്കും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അറബ് ലോകം മനസ്സിലാക്കുന്നത് തങ്ങള്‍ക്ക് നേരെയുള്ള അപകടത്തിന്റെ സ്രോതസ്സ് ഇസ്രയേലല്ല, ഇറാനാണെന്നാണ് മനസ്സിലാക്കുന്നത്. പുതിയ അമേരിക്കന്‍ പ്രസിഡന്റിനെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണിത്.

ഇസ്രയേലിന്റെ പ്രയാണത്തിലെ ‘ചരിത്രപരമായ’ മുന്നേറ്റത്തില്‍ കണ്ണുനട്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ചയെങ്കില്‍, മുറിഞ്ഞുപോയ ബന്ധങ്ങള്‍ കൂട്ടിചേര്‍ക്കുന്നതില്‍ കണ്ണുവെച്ചാണ് റൂഹാനിയുടെ സന്ദര്‍ശനം എന്നതില്‍ സംശയമില്ല. ‘ഇറാന്‍ ഫോബിയ’യുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളുമായുള്ള പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ശ്രമമാണത്.

നെതന്യാഹുവിന്റെ സന്ദര്‍ശനം വിജയിക്കാനുള്ള ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിന്നുള്ള മണ്ണൊരുക്കി വാഷിംഗ്ടണിന്റെ കവാടങ്ങള്‍ അദ്ദേഹത്തിന് മുമ്പില്‍ തുറന്നു വെക്കപ്പെട്ടിരിക്കുകയാണ്. അതേസമയം ഗള്‍ഫിലേക്കുള്ള തെഹ്‌റാന്റെ വഴി മുള്ളുകളും കുഴിബോംബുകളും നിറഞ്ഞതാണ്. പ്രസ്തുത ബോംബുകള്‍ നീക്കം ചെയ്യാതെ റൂഹാനിയുടെ ഉദ്ദേശ്യം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമോ, ഏറ്റവും ചുരുങ്ങിയത് അതിന് തുടക്കം കുറിക്കാനാവുമോ എന്നതില്‍ എനിക്ക് ഏറെ സംശയമുണ്ട്. നിരവധി അധ്യായങ്ങളുള്ള വിപുലമായൊരു വിഷയമാണത്. വളരെയേറെ പറയാവുന്ന വിശാലമായ വിഷയമാണത്. എന്നാല്‍ അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ മാത്രമാണ് ഇവിടെ വെക്കുന്നത്.

ഇറാന്‍ നയങ്ങളെയും ശീഇസത്തെയും വേര്‍തിരിച്ച് കാണേണ്ടതുണ്ടെന്ന കാര്യം ഞാന്‍ ആവര്‍ത്തിക്കുന്നു. ഇറാന്‍ നാം വിയോജിക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്യുന്നതിനെ ശിയാക്കള്‍ക്കെതിരായ വിശുദ്ധ യുദ്ധമായി അവതരിപ്പിക്കുന്നത് വലിയ അപരാധമാണ്. ചരിത്രത്തില്‍ സഫവികള്‍ക്കും ഉഥ്മാനികള്‍ക്കും ഇടയില്‍ നടന്ന സംഘട്ടനങ്ങളിലേക്കാണ് അത് നമ്മെ മടക്കികൊണ്ടു പോവുന്നത്.

അറബ് സമൂഹത്തിന്റെ ചരിത്രപരവും നയതന്ത്രപരവുമായ ശത്രുവായിട്ടാണ് ഇസ്രയേലുള്ളത്. ഫലസ്തീന്‍ കവര്‍ന്നെടുത്തു എന്നതുകൊണ്ട് മാത്രമല്ല അത്. അറബ് ലോകത്തെ മുട്ടുകുത്തിച്ച് പാശ്ചാത്യന്റെ ചൊല്‍പ്പടിക്ക് കീഴില്‍ അവരെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത് അവരാണ്.

അറബ് രാഷ്ട്രങ്ങള്‍ക്കും ഇറാനും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും രണ്ട് കാര്യങ്ങളാള്‍ ഇറാന്റെ തെറ്റുകള്‍ കൂടുതല്‍ ഗുരുതരമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അറബ് ലോകത്ത് കടന്നുകയറ്റത്തിന് ശ്രമിക്കുകയും ചില രാഷ്ട്രങ്ങളെ (ഇറാഖ്, സിറിയ, സൗദിഅറേബ്യ) വെല്ലുവിളിക്കുകയും ചെയ്തു എന്നതാണ് അതില്‍ ഒന്നാമത്തേത്. പ്രാദേശിക താല്‍പര്യങ്ങള്‍ക്കായി ഇസ്‌ലാമിക വിപ്ലവത്തിന്റെ അടിസ്ഥാനങ്ങള്‍ കൈവെടിഞ്ഞു എന്നതാണ് രണ്ടാമത്തെ കാര്യം. ഇറാന്‍ വിപ്ലവത്തിലൂടെയാണ് ഇറാനിലെ ഷാ പുറത്താക്കപ്പെട്ടത്. എന്നാല്‍ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ സിറിയന്‍ ജനതയെ കൊന്നൊടുക്കുന്ന അവിടത്തെ  മറ്റൊരു ‘ഷാ’യെ പിന്തുണക്കുകയാണവര്‍.

അറബ് ഭരണകൂടങ്ങള്‍ക്കകത്ത് നുഴഞ്ഞു കയറാന്‍ ഇസ്രയേലിന് അവസരം ഒരുക്കിയതില്‍ അറബ് ലോകത്തെ ഇറാന്‍ കടന്നുകയറ്റത്തിന് പങ്കുണ്ട്. യമനില്‍ അവര്‍ നടത്തിയ ഇടപെടല്‍ സൗദിക്ക് നേരെയുള്ള പ്രത്യക്ഷ വെല്ലുവിളി തന്നെയായിരുന്നു. ഇറാന്‍ ഇസ്രയേലിന് നല്‍കിയ സമ്മാനമാണ് പ്രസ്തുത വെല്ലുവിളി.

എന്നാല്‍ ഈ വിഷയം എന്നു പരിഹരിക്കപ്പെടാതെ കിടക്കേണ്ടുന്ന ഒന്നല്ല. ചരിത്രത്തില്‍ ശാശ്വതമായ രാഷ്ട്രീയ യുദ്ധങ്ങളില്ല എന്നത് തന്നെ കാരണം. സഹോദരങ്ങളോടും അയല്‍ക്കാരോടുമുള്ള സംഘട്ടനത്തെ ഒരുതരം ആത്മഹത്യയായിട്ടാണ് ബുദ്ധിയും വിവേകവുമുള്ളവര്‍ കാണുന്നത്. പ്രസ്തുത പോരാട്ടം സൈനികമായിട്ടല്ലെങ്കില്‍ പോലും അതിന്റെ അന്തിമ ഫലം എല്ലാവരുടെയും പരാജയമായിരിക്കും. ഇവിടെ ഉയരുന്ന ചോദ്യമിതാണ്: എവിടപ്പോയി ഇരുപക്ഷത്തെയും വിവേകവും ബുദ്ധിയുമുള്ളവര്‍? സഹോദരങ്ങള്‍ക്കിടയിലെ തകര്‍ന്ന ബന്ധങ്ങള്‍ നന്നാക്കുന്നതില്‍ എന്താണ് അവരുടെ ശബ്ദം ഉയരാത്തത്?

വിവ: നസീഫ്‌

Related Articles