Current Date

Search
Close this search box.
Search
Close this search box.

എര്‍ദോഗാനിലുള്ള പ്രതീക്ഷകള്‍ തകരാതിരുന്നെങ്കില്‍

erdogan.jpg

പതിമൂന്ന് വര്‍ഷം നീണ്ടു നിന്ന ബഹിഷ്‌കരണത്തിന് ശേഷം തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ ഇസ്രയേല്‍ ചാനലായ ചാനല്‍-2ന് 45 മിനുറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖം നല്‍കിയിരിക്കുകയാണ്. കമാല്‍ ഒകമിനെ തുര്‍ക്കിയുടെ ഇസ്രയേല്‍ അംബാസഡറായി നിശ്ചയിച്ചു കൊണ്ടുള്ള തീരുമാനത്തിനും തുര്‍ക്കി ഊര്‍ജ്ജ മന്ത്രി ബെറാത് അല്‍ബൈറാകും (പ്രസിഡന്റിന്റെ മകളുടെ ഭര്‍ത്താവ്) ഇസ്രയേല്‍ ഊര്‍ജ്ജമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയും കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് അഭിമുഖം. തുര്‍ക്കിയുടെ ജൈഹാന്‍ തുറമുഖത്തേക്ക് ഇസ്രയേല്‍ ഗ്യാസ് പൈപ് നിര്‍മാണ കരാര്‍ ഒപ്പിടുന്നതിനായിരുന്നു ഊര്‍ജ്ജ മന്ത്രിമാരുടെ കൂടിക്കാഴ്ച്ച. തുര്‍ക്കിക്കും അധിനിവേശ ഇസ്രയേലിനുമിടയിലെ ബന്ധം മെച്ചപ്പെട്ടു വരുന്നു എന്നാണ് ഈ ആമുഖത്തിലൂടെ ഞാന്‍ പറഞ്ഞുവരുന്നത്. 2010ല്‍ ഗസ്സ ഉപരോധം ഭേദിക്കാന്‍ പുറപ്പെട്ട തുര്‍ക്കിയുടെ മാവിമര്‍മറ കപ്പല്‍ ഇസ്രയേല്‍ സൈനികര്‍ ആക്രമിച്ചതിന് ശേഷം പൂര്‍ണമായും നിലച്ചിരുന്ന നയതന്ത്ര ബന്ധവും മെച്ചപ്പെട്ടുവരുന്നു. അധിനിവിഷ്ട ഖുദ്‌സിലെ മസ്ജിദുകളില്‍ നിന്നുള്ള ബാങ്ക് വിളിക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഇസ്രയേല്‍ പാര്‍ലമെന്റിന്റെ നീക്കത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പിന്തുണച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ ബന്ധം മെച്ചപ്പെടുത്തല്‍ എന്നത് വൈരുദ്ധ്യമാണ്.

2009ല്‍ ദാവോസില്‍ ചേര്‍ന്ന വേള്‍ഡ് എകണോമിക് ഫോറത്തില്‍ നിന്നും ഇസ്രയേല്‍ പ്രസിഡന്റ് പെരസിനോട് പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപോന്ന എര്‍ദോഗാന്‍ മുസ്‌ലിം ജനകോടികളുടെ മനസ്സില്‍ ഇടംപിടിച്ചിരിക്കുന്ന വ്യക്തിത്വമാണ്. ആ സമയത്ത് ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയ കൂട്ടകശാപ്പുകളെ ന്യായീകരിച്ച് അതിന്റെ ഉത്തരവാദിത്വം ഹമാസിന് മേല്‍ കെട്ടിവെച്ചായിരുന്നു പെരസിന്റെ സംസാരം. ”ഗസ്സയുടെ തീരത്ത് കൊല്ലപ്പെട്ട കുട്ടികളെ താങ്കളോര്‍ക്കുന്നുണ്ടോ, ഗസ്സയില്‍ എത്രപേരെ നിങ്ങള്‍ കൊന്നുവെന്ന് നിങ്ങള്‍ക്കോര്‍മയുണ്ടോ?” എന്ന് കടുത്ത രോഷത്തോടെ മറുപടി നല്‍കിയാണ് വേദിയില്‍ നിന്നും എര്‍ദോഗാന്‍ ഇറങ്ങിപ്പോയത്. പെരസിന് വേണ്ടി കൈയ്യടിച്ച സദസിലുണ്ടായിരുന്നവരെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പിന്നീട് തന്റെ പേപ്പറുകള്‍ ചുരുട്ടിക്കൂട്ടി വേദി വിടുകയാണ് അദ്ദേഹം ചെയ്തത്. ഇനിയൊരിക്കലും ദാവോസ് യോഗത്തിലേക്ക് താന്‍ വരില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞു.

പെരസിന്റെ കള്ളങ്ങളുടെ പരമ്പരക്ക് ശേഷവും സദസ്സിലെ ഇരിപ്പിടത്തില്‍ തന്നെ നിലകൊണ്ട് അറബ് ലീഗ് ജനറല്‍ സെക്രട്ടറി അംറ് മൂസയെ നാം അന്ന് വെറുത്തു. എര്‍ദോഗാന് വേണ്ടി നാമന്ന് കൈയ്യടിക്കുകയും ചെയ്തു. കാരണം ഇസ്രേയല്‍ യുദ്ധവിമാനങ്ങളില്‍ നിന്നുള്ള മിസൈലുകള്‍ പിച്ചിചീന്തിയ നിരപരാധികളുടെ രക്തത്തിനും ജീവനും വേണ്ടിയാണ് അദ്ദേഹമവിടെ നിലകൊണ്ടത്. അവരെ സഹായിക്കാനോ അവര്‍ക്ക് വേണ്ടി നിലകൊള്ളാനോ ഒരു അറബ് നേതാവും അന്ന് രംഗത്ത് വന്നിരുന്നില്ല.

അന്ന് നമ്മുടെ പോലും അനുവാദമില്ലാതെ വീരനായകനായി എര്‍ദോഗാന്‍ നമ്മുടെ മനസ്സുകളില്‍ ഇടംപിടിച്ചു. കാറുകളിലും സ്വീകരണ മുറികളിലും മൊബൈല്‍ സ്‌ക്രീനിലും അദ്ദേഹത്തിന്റെ ഫോട്ടോക്ക് നാം ഇടം നല്‍കി. ഗസ്സയില്‍ രണ്ട് ദശലക്ഷത്തോളം പേരെ പട്ടിണിക്കിട്ട ഇസ്രയേല്‍ ഉപരോധം ഭേദിക്കാന്‍ മാവിമര്‍മറ കപ്പല്‍ അയച്ചപ്പോള്‍ ആ വീരപരിവേഷം അതിന്റെ പരകോടിയില്‍ എത്തി. അതോടൊപ്പം തന്നെ കടങ്ങങ്ങളില്‍ മുങ്ങി പാപ്പരായിരുന്ന അവസ്ഥയില്‍ നിന്നും തുര്‍ക്കിയെ മടക്കിക്കൊണ്ടുവന്ന അദ്ദേഹത്തിന്റെ പേരില്‍ നാം അഭിമാനം കൊണ്ടു. ഇസ്‌ലാമിനെയും ജനാധിപത്യത്തെയും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു ഭരണമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്.

നമ്മിലുള്ള അദ്ദേഹത്തോടുള്ള ആര്‍ഷണവും സ്‌നേഹവും ഒരു സുപ്രഭാത്തില്‍ ഉണ്ടായിട്ടുള്ളതല്ല. അദ്ദേഹത്തിന്റെ പ്രായോഗിക നേട്ടങ്ങളാണ് നമ്മെ അതിലേക്ക് നയിച്ചത്. മനസ്സുകൊണ്ട് അദ്ദേഹത്തില്‍ ആകൃഷ്ടരായ വേറെയും ആളുകളുണ്ട്. അറബ് നേതാക്കളാണ് അതിന്റെ മുന്‍പന്തിയിലുള്ളത്. ഇന്റലിജന്‍സ് സംവിധാനങ്ങളും അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ കഴിവുറ്റ കൂടിയാലോചകരുടെ സാന്നിദ്ധ്യവുമുള്ള അവര്‍ക്ക് നമ്മേക്കാള്‍ ധാരണയുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്, ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫി, അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബോതഫ്‌ലിക എന്നിങ്ങനെ ആ നിര നീണ്ടു പോവുന്നു.

എന്നാല്‍ എര്‍ദോഗാന്‍ തീര്‍ത്തും വൈരുദ്ധ്യം നിറഞ്ഞ നിലപാടിലേക്ക് എന്തുകൊണ്ട് നീങ്ങുന്നു എന്നാണ് നമുക്ക് മനസ്സിലാവാത്തത്. ഇസ്രയേലെന്ന ശത്രുവിനോട് നയതന്ത്രബന്ധം സ്ഥാപിക്കാന്‍ അദ്ദേഹം താല്‍പര്യമെടുക്കുന്നു. ഫലസ്തീന്‍ ഭൂമിയില്‍ അധിനിവേശം നടത്തുകയും ഗസ്സക്ക് മേല്‍ ഉപരോധം കനപ്പിക്കുകയും സമാധാനപരമായി പ്രതിഷേധിച്ചതിന്റെ പേരില്‍ ഫലസ്തീന്‍ യുവാക്കളെ വകവരുത്തുകയും ഖുദ്‌സിലെ മസ്ജിദുകളിലെ ബാങ്ക് വിളിക്ക് പോലും തടയിടുകയും ചെയ്യുന്നവരാണവര്‍.

സിറിയയിലെ യുദ്ധവും റഷ്യയുമായുള്ള ബന്ധത്തിലെ അസ്വസ്ഥതകളുമാണ് അദ്ദേഹത്തിന്റെ ഈ നിലപാട് മാറ്റത്തിന്റെ പ്രധാന കാരണങ്ങളെങ്കില്‍ ഈ അവസ്ഥയുടെ പ്രധാന ഉത്തരവാദിത്വം അദ്ദേഹത്തിന് തന്നെയാണ്. പാശ്ചാത്യര്‍ അദ്ദേഹത്തിനായി ഒരുക്കിയ യുദ്ധക്കെണിയില്‍ വീഴാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു. എന്നാല്‍ അറബ് രാഷ്ട്രങ്ങള്‍ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നുണ്ടല്ലോ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. അവരുടെ നേതാക്കള്‍ ഇസ്രയേല്‍ നേതാക്കളുമായി കൂടിക്കാഴ്ച്ചകള്‍ നടത്തുകയും ഉടമ്പടികള്‍ ഒപ്പുവെക്കുകയും സുരക്ഷാ സഹകരണത്തിലേര്‍പ്പടുകയും ചെയ്യുന്നുണ്ടല്ലോ? ന്യായമായ ചോദ്യമാണിത്. എന്നാല്‍ അറബികളുടെയും മുസ്‌ലിംകളുടെയും ഭാഗത്തു നിന്നും എര്‍ദോഗാന്‍ നേടിയ ആദരവിന്റെയും അംഗീകാരത്തിന്റെയും നൂറില്‍ ഒരംശം പോലും നേടാത്തവരാണ് ആ നേതാക്കളെന്ന് നാം വേര്‍തിരിച്ച് മനസ്സിലാക്കണം. തുര്‍ക്കിയുടെയും അതിന്റെ നാഗരിക പൈതൃകത്തിന്റെയും കരുത്തില്ലാത്തവരാണവര്‍.

നാം വലിയ പ്രതീക്ഷകള്‍ വെച്ചുപോന്ന നേതാവിന്റെ കാര്യത്തില്‍ വേദനയോടെയും ദുഖം രേഖപ്പെടുത്തിയും നിരാശയോടെയും അവസാനിപ്പിക്കട്ടെ. മറ്റു നേതാക്കളില്‍ നിന്ന് വ്യക്തിരിക്തനായ ഒരാളായിട്ടായിരുന്നു നാമദ്ദേഹത്തെ കണ്ടിരുന്നത്. അധിനിവേശ രാഷ്ട്രത്തിന്റെ ധിക്കാരത്തെ ചെറുക്കുന്ന പകരക്കാരനെയാണ് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നമ്മുടെ സ്വപ്‌നം പൂവണിയാതെ പോവുകയാണ്. അതിലുപരിയായി അതൊരു ദുസ്വപ്‌നമായി മാറുകയാണ്. അധികം ദൈര്‍ഘ്യമില്ലാത്ത ഒന്നായി അത് മാറട്ടെ എന്നാണ് നാമിപ്പോള്‍ ആശിക്കുന്നത്.

വിവ: നസീഫ്‌

Related Articles