Current Date

Search
Close this search box.
Search
Close this search box.

എന്ത് പുതിയ തന്ത്രമാണ് അമേരിക്കയുടെ കയ്യിലുള്ളത്?

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കഥകഴിക്കാനുള്ള അമേരിക്കയുടെ ഓപറേഷന്‍ മാസങ്ങള്‍ പിന്നിട്ട ശേഷവും വന്‍ നഗരങ്ങളില്‍ ഒന്നായ റമാദി അവരുടെ നിയന്ത്രണത്തിലായ പശ്ചാത്തലത്തില്‍ തങ്ങളുടെ തന്ത്രത്തെ കുറിച്ച് പുനരാലോചിക്കുകയാണെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അമേരിക്ക. യഥാര്‍ത്ഥത്തില്‍ പുനരാലോചന നടത്താന്‍ അങ്ങനെയൊരു തന്ത്രം അവിടെ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നുവെങ്കില്‍ തന്നെ അസ്ഥിരവും അവ്യക്തതകള്‍ നിറഞ്ഞതുമായ ഒന്നായിരുന്നു അത്.

വാഷിങ്ടണ്‍ 60 രാഷ്ട്രങ്ങളെ ചേര്‍ത്ത് സഖ്യമുണ്ടാക്കി. അറബ് രാഷ്ട്രങ്ങളും അക്കൂട്ടത്തിലുണ്ട്. ഇതുവരെ 3700 ല്‍ പരം വ്യോമാക്രമണങ്ങള്‍ നടത്തി. ഇസ്‌ലാമിക് സ്‌റ്റേറ്റിനെ ക്ഷയിപ്പിക്കുന്നതിലും അവരുടെ വ്യാപനം തടയുന്നതിലും വിജയിച്ചുവെന്ന് വക്താക്കള്‍ ഇടക്കിടെ വീരവാദം മുഴക്കി. ഈ നേടത്തിന്റെ ആഘോഷങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലായിരുന്നു അവര്‍. എന്നാല്‍ ആ കാഴ്ച്ചപാടുകളെയെല്ലാം വേരോടെ പിഴുതെറിയുകയാണ് ഐസിസ് പോരാളികള്‍ ചെയ്തിരിക്കുന്നത്. അമേരിക്കന്‍ വക്താക്കളുടെ ശുഭപ്രതീക്ഷ നല്‍കുന്ന വാക്കുകള്‍ അവരുടെ വ്യാമോഹങ്ങള്‍ക്കപ്പുറം മറ്റൊന്നുമല്ലെന്ന് അവര്‍ വ്യക്തമാക്കി. അമേരിക്കയുടെയും സഖ്യത്തിന്റെയും മുഖത്തിനേറ്റ രണ്ട് കനത്ത പ്രഹരങ്ങള്‍ക്കാണ് കഴിഞ്ഞ ആഴ്ച്ചയില്‍ നാം സാക്ഷികളായത്. സിറിയയിലെ പാല്‍മിര നഗരവും ഇറാഖിലെ റമാദിയും ഐസിസിന്റെ നിയന്ത്രണത്തിലായതാണത്.

ഐസിസിന്റെ വ്യാപനം തടയുന്നതിന് വ്യോമാക്രമണം ശക്തിപ്പെടുത്തി, കരയുദ്ധം തങ്ങള്‍ തന്നെ ആയുധവും പരിശീലനവും നല്‍കിയ ഇറാഖ് സൈന്യത്തിന് വിട്ടുകൊടുക്കുകയെന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ ഓപറേഷന്‍. ഇറാഖിന്റെ ഖജനാവില്‍ നിന്ന് അതിലേക്കായി 2500 കോടി ഡോളറാണ് ഒഴുക്കേണ്ടി വന്നിരിക്കുന്നത്. ഈ ആസൂത്രണത്തിലൂടെ ജനകീയ പോരാളികളുടെ സഹായത്തോടെ തിക്‌രീത് വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ജനകീയ പോരാളികള്‍ എന്നു പറയുന്നതില്‍ കൂടുതലും ശിയാ സായുധഗ്രൂപ്പുകള്‍ തന്നെയാണ്.

റമാദിയും പാല്‍മിരയും ഐസിസിന്റെ നിയന്ത്രത്തിലായെന്ന് പറയുന്നതിന്റെ അര്‍ത്ഥം സിറിയയുടെ പകുതിയും ഇറാഖിന്റെ മൂന്നിലൊന്നും അവരുടെ കൈകളിലായെന്നതാണ്. അമേരിക്കയുടെയും ഇറാഖിന്റെയും പ്രതീക്ഷയുടെ മേഘങ്ങളെയെല്ലാം അത് ഇല്ലാതാക്കിയിരിക്കുന്നു. സഖ്യത്തിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം പാരീസില്‍ വിളിച്ചു ചേര്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിന് പിന്നിലെ പ്രേരണയും അതാണ്. വീഴ്ച്ചകളെയും പരാജയത്തെയും കുറിച്ച് ആലോചിക്കുന്നതിനും നിലവിലെ തന്ത്രം മാറ്റി മറ്റൊരു ബദല്‍ തേടുന്നതിനും വേണ്ടിയായിരിക്കുമത്.

വ്യോമാക്രമണം ആരംഭിച്ചതിന് ശേഷമുള്ള പത്ത് മാസക്കാലയളവില്‍ ചെയ്തതിനേക്കാള്‍ കൂടുതലായി മറ്റെന്ത് ചെയ്യാന്‍ വാഷിങ്ടണിന് സാധിക്കും? കൂടുതല്‍ പരിശീലനമോ? കൂടുതല്‍ ആയുധങ്ങള്‍ നല്‍കലോ? അല്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ വ്യോമാക്രമണങ്ങളോ? അതുമല്ലെങ്കില്‍ സിറിയയിലേക്കും ഇറാഖിലേക്കും കരസൈന്യത്തെ അയക്കുന്നതോ?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുന്നതിന് മുമ്പ് അമേരിക്കന്‍ തന്ത്രത്തിലെ വീഴ്ച്ചകളെയും പഴുതുകളെയും കുറിച്ച് നമുക്ക് ചെറുതായി വിവരിക്കാം:
1) വളരെ വേഗത്തില്‍ മാറ്റങ്ങള്‍ വരുന്ന അമേരിക്കന്‍ നിലപാടിലുള്ള ആശയക്കുഴപ്പമാണ് ഒന്നാമത്തേത്. അതോടൊപ്പം തന്നെ താല്‍ക്കാലികവുമായിരുന്നു അത്. പ്രത്യേകിച്ചും സിറിയയിലെ മുന്‍ഗണനാ ക്രമത്തിലത് വ്യക്തമാണ്. മുന്‍ഗണനാ ക്രമത്തില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന സിറിയന്‍ ഭരണകൂടത്തെ താഴെയിറക്കുക എന്നത് ഭീകരതക്കും ഐസിസിനും എതിരെയുള്ള പോരാട്ടത്തിലേക്കും വഴിമാറിയത് പെട്ടന്നായിരുന്നു. ഇപ്പോള്‍ വാഷിങ്ടണ്‍ ആദ്യത്തേതിലേക്ക് തന്നെ വീണ്ടും മടങ്ങിയിരിക്കുകയാണ്. അഥവാ സൗദിയുടെയും തുര്‍ക്കിയുടെയും സമ്മര്‍ദത്തിന് വഴങ്ങി ഭരണകൂടത്തെ താഴെയിറക്കുക എന്നതിലേക്ക് തന്നെ എത്തിയിരിക്കുന്നു. രണ്ട് വര്‍ഷത്തിനുള്ളിലാണ് ഈ മലക്കം മറിച്ചിലുകളെല്ലാം നടന്നതെന്ന് ഓര്‍ക്കണം.

2) ഹൈദര്‍ അല്‍-അബാദിയുടെ സര്‍ക്കാറിനെ പിന്തുണക്കുകയെന്ന തന്ത്രമാണ് ഇറാഖില്‍ അമേരിക്കന്‍ സഖ്യം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ അതേസമയം രാജ്യത്തെ സുന്നീ വിഭാഗങ്ങളെ പിണക്കാനും അവര്‍ക്ക് ഉദ്ദേശ്യമില്ല. അതുകൊണ്ടാണ് അല്‍-ഖാഇദയെ നേരിടാന്‍ ജനറല്‍ ഡേവിഡ് പെട്രോസ് രൂപീകരിച്ച പ്രത്യേക സേനക്കൊപ്പം സുന്നീ ഗോത്രങ്ങളെ കൂടി ആയുധവല്‍കരിക്കണമെന്ന് അബാദിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ മുന്‍ഗാമി മാലികിയെ പോലെ ഈ ആവശ്യം അബാദിയും നിരസ്സിച്ചു. അതേ നിലപാട് ഇപ്പോഴും തുടരുകയും ചെയ്യുന്നു. പകരം ജനകീയ മുന്നേറ്റങ്ങളെ ആശ്രയിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. സുന്നീ ഗ്രോത്ര വിഭാഗങ്ങള്‍ക്ക് ആയുധം നല്‍കിയാല്‍ അത് തനിക്കെതിരെ തന്നെ വരുമെന്ന് അബാദി ഭയക്കുന്നു.

3) ഐസിസിനെതിരെയുള്ള സഖ്യത്തില്‍ അണിനിരന്ന അറബ് രാഷ്ട്രങ്ങള്‍ക്ക് ഇറാനുമായി അമേരിക്ക ആണവ ഉടമ്പടിയുടെ വക്കിലെത്തിയിരിക്കുന്നത് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഐസിസിനെതിരെയുള്ള പോരാട്ടത്തിന്റെ വീര്യം ചോര്‍ന്നതായി അവര്‍ക്ക് തോന്നുന്നതിനത് കാരണമായി. തങ്ങളുടെ കൂടി ചെലവില്‍ ഇറാനെ ഒരു സഖ്യമായി സ്വീകരിച്ച വാഷിങ്ടണ്‍ നടപടിക്കെതിരെ പ്രസ്തുത രാജ്യങ്ങളിലെ ഔദ്യോഗികവും അനൗദ്യോഗികവുമായ മാധ്യമങ്ങള്‍ ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

മുന്‍ഗണനാ ക്രമത്തിലും സഖ്യങ്ങളുടെ കാര്യത്തിലുമുള്ള അമേരിക്കയുടെ തകിടം മറിച്ചിലും എല്ലാ ശ്രദ്ധയും ഐസിസില്‍ കേന്ദ്രീകരിക്കാത്തതും അവര്‍ ശരിക്കും ഉപയോഗപ്പെടുത്തി. ഇറാഖിലും സിറിയയിലും അവര്‍ ആധിപത്യം വിപുലപ്പെടുത്തുകയും ചെയ്തു. പാല്‍മിര നഗരത്തില്‍ പ്രതിരോധിക്കാന്‍ നില്‍ക്കാതെ സിറിയന്‍ സൈന്യം പിന്‍വാങ്ങിയത് നമ്മെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. കാരണം ലോകപൈതൃക നഗരമായ പാല്‍മിര ഐസിസിന്റെ കയ്യിലായത് അമേരിക്ക മുന്‍ഗണനാ ക്രമത്തില്‍ വരുത്തിയ മാറ്റത്തിന്റെ ഫലമാണെന്ന സന്ദേശമാണ് അവര്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ ഐസിസിനെ ഒറ്റക്ക് നേരിടേണ്ടതിന്റെയും അതിന്റെ തുടര്‍ഫലങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കാണെന്നും അവര്‍ അതിലൂടെ സൂചിപ്പിക്കുന്നു. ഇതുവരെയുള്ള പോരാട്ടത്തില്‍ കാര്യമായ പങ്കുവഹിച്ചത് സിറിയന്‍ സൈന്യമായിരുന്നു എന്ന വാദത്തെ അംഗീകരിക്കുകയല്ലെന്ന് പ്രത്യേകം ഉണര്‍ത്താനാഗ്രഹിക്കുന്നു.

ഐസിസ് തങ്ങള്‍ക്കും സഖ്യത്തിനും ഉണ്ടാക്കിയിരിക്കുന്ന പരാജയത്തെ വാഷിങ്ടണ്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നമുക്കറിയില്ല. വ്യോമാക്രമണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോ ഇറാഖ് സൈന്യത്തിന് വീണ്ടും ആയുധവും പരിശീലനവും നല്‍കുന്നതോ കാര്യമായ ഫലമൊന്നും ഉണ്ടാക്കുകയില്ല. ഒരു സൈന്യത്തിന് എത്ര തവണ പരിശീലനവും ആയുധവും നല്‍കികൊണ്ടിരിക്കാനാവും?

തീവ്രമത ചിന്ത വെച്ചുപുലര്‍ത്തുന്ന താടിക്കാരായ ഒരു കൂട്ടം മാത്രമല്ല ഐസിസ് എന്നത് വാഷിങ്ടണ്‍ മനസ്സിലാക്കിയിട്ടില്ല. തങ്ങളുടടെ സാഹിത്യങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രക്തസാക്ഷിത്വം മോഹിച്ച് ടണ്‍ കണക്കിന് സ്‌ഫോടക വസ്തുക്കള്‍ വഹിക്കുന്ന ട്രക്കുകള്‍ ഓടിച്ചു പോകുന്ന ചാവേറുകള്‍ അവരിലുണ്ട്. റിപബ്ലിക്കന്‍ ഗാര്‍ഡിലെയും ഇറാഖ് സൈന്യത്തിലെയും മുതിര്‍ന്ന ഓഫീസര്‍മാരായിരുന്നവരും അവരിലുണ്ട്. ലോകോത്തര നിലവാരമുള്ള സൈനിക അക്കാദമികളില്‍ നിന്നും പഠിച്ചിറങ്ങിയവരാണവര്‍. സ്‌ഫോടക വസ്തുക്കള്‍ നിറച്ച് വരുന്ന ട്രക്കിനെ നേരിടുന്നതിന് പരിശീലകര്‍ എന്ത് പരിശീലമായിരിക്കും ഇറാഖ് സൈന്യത്തിന് നല്‍കുക?

ഇറാഖിന്റെയും അമേരിക്കയുടെ സൈന്യം ഒരുമിച്ച് അണിനിരന്നാല്‍ ഒരുപക്ഷേ റമാദി ഐസിസില്‍ നിന്നും മോചിപ്പിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ വീണ്ടും അത് അവര്‍ പിടിച്ചടക്കില്ലെന്ന് ഉറപ്പ് നല്‍കാനാവില്ലല്ലോ? റമാദിയില്‍ ഐസിസ് ആധിപത്യം സ്ഥാപിച്ചത് മൗസില്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങളെ മന്ദീഭവിപ്പിച്ചിട്ടുണ്ട്. മരണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ ഇറാഖ് സൈന്യം വിട്ടേച്ച് പോയ അത്യാധുനിക അമേരിക്കന്‍ ആയുധങ്ങള്‍ ഐസിസിന്റെ ശേഖരത്തെ സമ്പന്നമാക്കുകയും ചെയ്തു. മൗസിലിന്റെ കാര്യത്തില്‍ സംഭവിച്ചതാണ് റിഖ, ദേര്‍സൂര്‍ എന്നിവിടങ്ങളിലും നടന്നത്. ഈ പരാജയം ഉണ്ടാക്കിയിരിക്കുന്ന മാനസികവും വൈകാരികവുമായ സ്വാധീനത്തെ ചികിത്സിക്കല്‍ പ്രയാസമുള്ള കാര്യമാണ്.

ഇറാഖ് നേരിടുന്ന പ്രതിസന്ധി അയല്‍നാടായ സിറിയ നേരിടുന്നതിനേക്കാള്‍ ഒട്ടും കുറവല്ല. ഇതുവരെ നടന്നതിനും നടന്നു കൊണ്ടിരിക്കുന്നതിനുമെല്ലാം അടിസ്ഥാനപരമായ കാരണം അമേരിക്കയുടെ അധിനിവേശവും അവരില്‍ വിശ്വാസമര്‍പ്പിച്ചതുമാണ്. വംശീയതയുടെയും വിഭാഗീയതയുടെയും ചരടുകളുപയോഗിച്ചാണ് അവര്‍ കളിക്കുന്നത്. അന്തിമമായി അവരുദ്ദേശിക്കുന്നത് പ്രദേശത്തെ തുണ്ടുതുണ്ടാക്കി ആഭ്യന്തര യുദ്ധത്തില്‍ മുക്കികളയലാണ്. അങ്ങനെയല്ലെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവര്‍ ഈ ലോകത്തല്ല ജീവിക്കുന്നത് എന്ന് പറയേണ്ടി വരും.

മൊഴിമാറ്റം: നസീഫ്‌

Related Articles