Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് ഞാന്‍ ന്യൂഇയര്‍ ആഘോഷിക്കുന്നില്ല

newyear3c.jpg

പുതുവര്‍ഷദിനം ആഘോഷിക്കുകയോ ആഘോഷപരിപാടികളില്‍ പങ്കുകൊള്ളുകയോ ചെയ്യുന്ന മുസ്‌ലിംകളുടെ എണ്ണം വളരെയധികമാണ്. ഫേസ്ബുക്കിലൂടെയോ, ട്വിറ്റര്‍ സന്ദേശങ്ങളിലൂടെയോ, പുതുവര്‍ഷതലേന്ന് പാര്‍ട്ടികള്‍ സംഘടിപ്പിച്ചോ ആയിരിക്കും അവരുടെ ആഘോഷം. എന്നാല്‍ പുതുവത്സരാഘോഷം മുസ്‌ലിംകള്‍ക്ക് അനുവദനീയമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനുള്ളകാരണങ്ങളാണ് ഇവിടെ കുറിക്കുന്നത്.

സാങ്കേതികമായിത്തന്നെ ഇത് തെറ്റാണ്
1400 വര്‍ഷത്തിലധികമായി വിശ്വാസ്യതയോടെ ഉപയോഗിക്കുന്ന ഒരു കലണ്ടര്‍ നമുക്ക് സ്വന്തമായുണ്ട്. എങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദവും അനിവാര്യതയും കാരണം നമ്മളിന്ന് ഗ്രിഗോറിയന്‍ കലണ്ടറാണ് ഉപയോഗിക്കുന്നത്. വാസ്തവത്തില്‍ നമ്മുടെ ആരാധനാ കാര്യങ്ങളിലും, ജീവിത വ്യവഹാരങ്ങളിലും ചന്ദ്രമാസ(ഹിജ്‌റ)കലണ്ടറിനെ അവലംബിക്കാനാണ് അല്ലാഹു ആജ്ഞാപിച്ചിട്ടുള്ളത്.  ഹിജ്‌റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത് മുഹര്‍റം ഒന്നിനാണ്. യേശുവിന്റെ ചേലാകര്‍മ്മം നടത്തപ്പെട്ട ദിനം ആഘോഷിക്കാന്‍ വേണ്ടിയാണ് ജനുവരി ഒന്ന് പുതുവര്‍ഷ ദിനമായി ഗ്രിഗോറിയന്‍ കലണ്ടറില്‍ (പോപ് ഗ്രിഗറി രൂപകല്‍പന ചെയ്തത് കൊണ്ടാണ് ഈ പേര് വന്നത്) നിശ്ചയിച്ചത്.

ഈ ആഘോഷം മനുഷ്വത്വ വിരുദ്ധമാണ്
മുസ്‌ലിംകളുടെ ഏതൊരാഘാഷവും സ്വന്തം ഉമ്മത്തിന്റെ പ്രാദേശികവും ആഗോളപരവുമായ അവസ്ഥകളെ കണക്കിലെടുത്തു കൊണ്ടായിരിക്കണം. നമ്മുടെ രണ്ടു പെരുന്നാളുകളിലും നാം ലോകത്ത് ക്ലേശതകളും പ്രയാസങ്ങളും അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പാവങ്ങള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നുണ്ട്.  എന്നാല്‍ പുതുവത്സരാഘോഷം അങ്ങനെയല്ല.  ഈ സമുദായത്തിന്റെ അവസ്ഥകളെ  പൂര്‍ണ്ണമായും വിസ്മരിക്കുന്ന ആഘോഷമാണത്.  സോമാലിയയിലെ പട്ടിണിയും, സിറിയയിലെ കൂട്ടക്കുരുതികളും, ഗസ്സക്കാരുടെ കാരാഗൃഹവാസവും, ബര്‍മ്മയിലെ വംശീയ ഉന്മൂലങ്ങളും ഇവര്‍ക്ക് പ്രശ്‌നമേയല്ല.

പുഞ്ചിരിക്കുക എന്നത് നബി(സ)യുടെ ചര്യയായിരിക്കെ എന്തുകൊണ്ടാണ് താങ്കള്‍ ഒരിക്കലും പുഞ്ചിരിക്കാത്തത് എന്ന് സലാഹുദ്ദീന്‍ അയ്യൂബിയോട് ഒരാള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇവിടെ പ്രസക്തമാണ് അദ്ദേഹം പറഞ്ഞു : ‘ മസ്ജിദുല്‍ അഖ്‌സ മലിനമാക്കപ്പെടുകയും മുസ്‌ലിംകള്‍ ക്ലേശ്ലത അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് അറിഞ്ഞുകൊണ്ട് എനിക്കെങ്ങനെ പുഞ്ചിരിക്കാന്‍ കഴിയും?! ‘സഹോദരീ, സഹോദരന്മാരെ… അദ്ദേഹത്തിന്റെ ആ മനോഭാവമാണ് ജറൂസലം വിമോചനത്തിന് കാരണമായത്. എന്നിട്ടും നമ്മളിപ്പോഴും ”Happy New Year” സന്ദേശങ്ങളയക്കാന്‍ പറ്റുമോ, ഇല്ലയോ എന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത് എന്തു കൊണ്ടാണ്?

അനിസ്‌ലാമികമായ പ്രവണതകളാണ് പൊതുവെ ഇതില്‍ കണ്ടു വരുന്നത്
നമുക്ക് സത്യസന്ധരാവാം. നിങ്ങള്‍ പുതുവത്സര തലേന്നത്തെ ആഘോഷങ്ങളെക്കുറിച്ച് സങ്കല്‍പിച്ചു നോക്കൂ. അന്ന് ജനങ്ങള്‍ എവിടെയെങ്കിലും കൂടിയിരുന്ന് ഖുര്‍ആനും ഹദീസും പാരായണം ചെയ്യുന്നതും അതില്‍ ഉല്‍ബോധനം നടത്തുന്നതും നിങ്ങള്‍ക്ക് സങ്കല്‍പിക്കാനാകുമോ? അതിനു പകരം ഫാഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ്  ആണും പെണ്ണും കൂടിക്കലര്‍ന്ന് പാട്ടുപാടുന്നതും ഡാന്‍സ് ചെയ്യുന്നതുമൊക്കെയാണ് കാണാന്‍ കഴിയുക. ഇത്തരം ആഘോഷങ്ങള്‍ക്ക് ഇസ്‌ലാമികപരമായ യാതൊരു അടിത്തറയുമില്ലെന്നു മാത്രമല്ല അതിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.

സമൂഹത്തിന്റെ ധാര്‍മികമായ അധഃപതനത്തിന് ഇത് വഴിയൊരുക്കും
മുസ്‌ലിംകളായ നമുക്ക് മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ പങ്കു കൊള്ളേണ്ട യാതൊരാവശ്യവുമില്ല. നമ്മുടെ പെരുമാറ്റരീതികള്‍ പ്രകടിപ്പിക്കാനും നമ്മള്‍ മുമ്പോട്ടു വെക്കുന്ന വിശ്വാസ സംഹിതയുടെ അംബാസിഡര്‍മാരാകാനും മറ്റനവധി മാര്‍ഗങ്ങളുണ്ട്. മറ്റുള്ളവരുടെ ഇത്തരം ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നതിലൂടെ നമ്മള്‍ ഗുരുതമായ പ്രത്യാഘാതങ്ങളിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നത്. കാലങ്ങളായി സമൂഹം പുലര്‍ത്തിപ്പോന്ന ശ്രേഷ്ഠകരമായ സംസ്‌കാരങ്ങളുടെ നാശത്തിലേക്കുള്ള വാതിലുകളാണ് നമ്മള്‍ തുറന്നിടുന്നത്. ഭാവി തലമുറയുടെ ധാര്‍മികമായ അധഃപതനത്തിന് ഇത് വഴിവെക്കും. നമ്മുടെ മക്കള്‍ മുസ്‌ലിം നാമധാരികളാണെങ്കിലും അവരുടെ ശീലങ്ങളും ആചാരങ്ങളും ആകാരങ്ങളും അമുസ്‌ലിംകളില്‍ നിന്നും യാതൊരു വ്യത്യാസവുമില്ലാത്ത അവസ്ഥ അത് സംജാതമാക്കും.

ഈ പ്രശ്‌നം ഉസ്മാന്‍(റ) അലി(റ) തുടങ്ങിയ നമ്മളേക്കാള്‍ ശ്രേഷ്ഠരായ നിരവധി സ്വഹാബികളുടെ മനസ്സുകളെപ്പോലും കീഴടക്കിയെന്നതാണ് യാഥാര്‍ത്ഥ്യം. സ്വഹാബിമാരുടെ വലിയ സംഘം ഇക്കാര്യം വളരെ സുദീര്‍ഘമായി ചര്‍ച്ച ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ന്റെ വാക്കുകളാണ് ഇതിന് വിരാമം കുറിച്ചത്. അത് ഇന്നും പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു: ‘ഹിജ്‌റ അസത്യത്തില്‍ നിന്നും സത്യത്തെ വേര്‍പെടുത്തിയിരിക്കുന്നു. ആകയാല്‍, കാലത്തെയും വേര്‍തിരിക്കുന്നത് അതുതന്നെയാകട്ടെ’

Related Articles