Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് ഖത്തര്‍ ഒറ്റപ്പെടുത്തപ്പെടുന്നു?

ഖത്തറിനും ഗള്‍ഫിലെ അതിന്റെ പ്രതിയോഗികള്‍ക്കുമിടയില്‍ യുദ്ധത്തിന് തിരികൊളുത്തപ്പെട്ടിരിക്കുകയാണെന്ന് ഒട്ടും അതിശയോക്തിയില്ലാതെയാണ് രണ്ട് ദിവസം മുമ്പ് നാം പറഞ്ഞത്. നയതന്ത്ര ബന്ധം വിച്ഛേദിക്കല്‍, അതിര്‍ത്തികള്‍ അടക്കല്‍, വ്യോമഗതാഗതം നിര്‍ത്തിവെക്കല്‍, ഖത്തര്‍ പൗരന്‍മാരെ തിരിച്ചയക്കല്‍ എന്നിവയെ സംബന്ധിച്ച അഭൂതപൂര്‍വമായ തീരുമാനങ്ങള്‍ കേട്ടുകൊണ്ടാണ് റമദാനിലെ പത്താം നാള്‍ നാം ഉറക്കമുണര്‍ന്നത്. അമീറിന്റെ കൊട്ടാരം ആക്രമിക്കുന്നതിന് യുദ്ധവിമാനങ്ങളും ടാങ്കുകളും അയക്കലും അധിനിവേശം നടത്തി പുതിയ അമീറിനെ പ്രതിഷ്ഠിക്കലും മാത്രമാണ് അവശേഷിക്കുന്നത്.

ഖത്തറിനെ സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും ഞെരുക്കാനും അറബ് ലോകത്തും ലോകത്ത് തന്നെയും ഒറ്റപ്പെടുത്താനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതിനെതിരെയുള്ള നയതന്ത്ര – സാമ്പത്തിക യുദ്ധപ്രഖ്യാപനം സൈനിക യുദ്ധത്തിനുള്ള മുന്നൊരുക്കത്തിന്റെ അവസാനം ഘട്ടമെന്ന നിലയിലാണ്.

നാല് പ്രതിയോഗികള്‍ അവരുടെ ‘രക്ഷാകര്‍തൃത്വം’ തങ്ങള്‍ക്ക് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ഖത്തറിന്റെ ആരോപണം കഴമ്പുള്ളതാണ്. നാല് ഭാഗത്തുനിന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഈ ‘സുനാമി’യെ നേരിടാന്‍ ഖത്തര്‍ മാത്രമേ ഉള്ളൂ എന്നതാണ് പ്രശ്‌നം. പക്ഷെ, വരും മണിക്കൂറുകളിലും ദിവസങ്ങളും സമവാക്യങ്ങള്‍ മാറിമറിഞ്ഞാല്‍ സഖ്യങ്ങളുടെ ഭൂപടത്തിലും മാറ്റങ്ങള്‍ നമുക്ക് കാണാം.

നന്നായി ഗൃഹപാഠം ചെയ്തിട്ട് തന്നെയാണ് ഈ നീക്കമെന്നത് അംഗീകരിക്കാതിരിക്കാനാവില്ല. ആഴ്ച്ചകളോ മാസങ്ങളോ മുമ്പ് തന്നെ അമേരിക്കയുടെ ആശീര്‍വാദത്തോടെ ഇരുട്ടറയില്‍ അതിനുള്ള ഒരുക്കങ്ങള്‍ നടന്നിട്ടുണ്ടാവണം. അതിന്റെ വിലയായി 4600 കോടി ഡോളര്‍ കഴിഞ്ഞ മാസം റിയാദ് സന്ദര്‍ശന വേളയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൈപറ്റിയിട്ടുണ്ട്. അറബ് ഇസ്‌ലാമിക ലോകത്തിന്റെ കൂടി നേതാവായി അതില്‍ അദ്ദേഹത്തെ അവരോധിക്കുകയും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ മൂന്ന് ഉച്ചകോടികള്‍ നടക്കുകയും ചെയ്തു. സമാനതയില്ലാത്ത സ്വീകരണമാണ് അദ്ദേഹത്തിനവിടെ ലഭിച്ചത്.

‘ഐക്യം കാത്തുസൂക്ഷിക്കാനും വിയോജിപ്പുകള്‍ പരിഹരിക്കാനും’ ഗള്‍ഫ് നാടുകളോട് ആഹ്വാനം ചെയ്തുകൊണ്ടുള്ള അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്റെ പ്രസ്താവന അവരുടെ പച്ചക്കൊടിയും പിന്തുണയും ഈ നീക്കത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ചതുര്‍കക്ഷികളുടെ നീക്കത്തിന് സഹായകമായിട്ടാണ് ഈ ‘ഒഴുക്കന്‍’ പ്രസ്താവന വന്നിട്ടുള്ളത്. മുന്‍ അമേരിക്കന്‍ അംബാസഡര്‍ ഏപ്രില്‍ ഗ്ലാസ്പി സദ്ദാം ഹുസൈനുമായി കൂടിക്കാഴ്ച്ച നടത്തിയതും കുവൈത്തുമായുള്ള യുദ്ധത്തിന് വഴിയൊരുക്കിയുമാണ് നമ്മുടെ ഓര്‍മയിലേക്കിത് കൊണ്ടു വരുന്നത്.

ബന്ധം വിച്ഛേദിക്കുന്നതിലും ഖത്തര്‍ പൗരന്‍മാരെ തിരിച്ചയക്കുന്നതിലും അതിര്‍ത്തി അടക്കുന്നതിലും വ്യോമഗതാഗതം റദ്ദാക്കുന്നതിലും ഇത് അവസാനിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സൗദിയുടെ ‘അല്‍അറബിയ്യ’, യു.എ.ഇയുടെ ‘സ്‌കൈ ന്യൂസ്’ പോലുള്ള ചാനലുകള്‍ നിരീക്ഷിക്കുന്ന ഒരാള്‍ക്ക് യുദ്ധത്തിന്റെ പെരുമ്പറയാണ് അവ മുഴക്കുന്നതെന്ന് കാണാം. അതിന് പ്രേരിപ്പിക്കുന്ന ആളുകളെയാണവ വിളിച്ചുചേര്‍ത്തിട്ടുള്ളത്.

ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് അംഗവും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുമായും മിലിറ്ററി കൗണ്‍സിലുമായും അടുത്ത ബന്ധമുള്ള മുസ്തഫ ബക്‌രി ‘അല്‍അറബിയ്യ’യിലൂടെ പരസ്യമായി തന്നെയത് പറഞ്ഞിരിക്കുകയാണ്. വരാനിരിക്കുന്ന യുദ്ധത്തെയും സൈനിക ശക്തിയിലൂടെയുള്ള ഖത്തറിലെ ഭരണമാറ്റത്തെയും കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അപ്രകാരം ഈ നീക്കങ്ങള്‍ വേഗത്തിലാക്കേണ്ടത് അനിവാര്യമാണെന്നതിന് മറ്റുള്ളവര്‍ അടിവരയിടുന്നതും നാം കേട്ടു. അതിനവര്‍ പറയുന്ന കാരണം സീനായിലും, സിറിയയിലും ലിബിയയിലും നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെ ഖത്തര്‍ പിന്തുണക്കുകയും അല്‍ഖാഇദ, ഐഎസ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നുണ്ടെന്നാണ്.

യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ മാതൃക പിന്‍പറ്റി ഖത്തര്‍ വിരുദ്ധ സഖ്യത്തില്‍ അണിചേര്‍ന്നു കൊണ്ടുള്ള ലിബിയന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഫായിസ് സിറാജിന്റെ പ്രഖ്യാപനം നമ്മില്‍ വലിയ ഞെട്ടലൊന്നും ഉണ്ടാക്കുന്നില്ല. ‘ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെ നില്‍ക്കുക’ എന്ന ജോര്‍ജ് ബുഷിന്റെ പ്രശസ്തമായ വീക്ഷണം ഈ സഖ്യം അപ്പടി പിന്തുടരുകയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 56 ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള നേതാക്കളെയും പ്രതിനിധികളെയുമാണ് ട്രംപിന് വേണ്ടി കൈയ്യടിക്കാന്‍ സൗദി നേതൃത്വം വിളിച്ചു ചേര്‍ത്തത്. ഖത്തറിനെ ശ്വാസം മുട്ടിക്കാനും അവിടത്തെ ഭരണമാറ്റത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ അതിലെ മിക്ക നേതാക്കള്‍ക്കും മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

പ്രതിയോഗികളായിട്ടുള്ള രാജ്യങ്ങളുടെ കാഴ്ച്ചപ്പാടില്‍ ഖത്തറിന്റെ പ്രശ്‌നം അവര്‍ സ്വതന്ത്രമായ നയം സ്വീകരിക്കുന്നു എന്നതാണ്. സൗദിയെ സംബന്ധിച്ചടത്തോളം ‘വലിയ സഹോദര’ രാഷ്ട്രമായ തങ്ങളുടേതില്‍ നിന്നും സ്വതന്ത്രമായ നയങ്ങളാണ് ഖത്തര്‍ സ്വീകരിക്കുന്നത്. ഇറാനോടുള്ള തുറന്ന സമീപനം, മുസ്‌ലിം ബ്രദര്‍ഹുഡിനുള്ള പിന്തുണ, ഈജിപ്തിലും ലിബിയയിലും ഗസ്സയിലും തുര്‍ക്കിയിലും ബ്രദര്‍ഹുഡ് അനുബന്ധ സംവിധാനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും അത്തരത്തിലുള്ള കാര്യങ്ങളാണ്. വരുമാനത്തിന്റെ വലിയൊരു ഭാഗം മേല്‍പറഞ്ഞ പ്രസ്ഥാനങ്ങള്‍ക്കും അതിന്റെ വേദികള്‍ക്കുമായി ചെലവഴിക്കുന്നുണ്ടെന്ന വിശ്വാസവും അസ്ഥാനത്തല്ല. ഏതൊരു സൈനിക ഇടപെടലില്‍ നിന്നും തങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള അമേരിക്കന്‍ പോളിസിയെന്ന നിലയില്‍ അല്‍ഉദൈദ് എയര്‍ബേസ് ഉണ്ടാവില്ലെന്നത് ഖത്തര്‍ നേതൃത്വത്തില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

അമേരിക്കയുടെ സമ്മതത്തിന്റെയും തുര്‍ക്കിയുടെ മൗനത്തിന്റെയും അന്താരാഷ്ട്രതലത്തിലെ അവഗണനയുടെയും പശ്ചാത്തലത്തില്‍ ഖത്തര്‍ യുദ്ധത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ല. ആശ്ചര്യവും ഉത്കണ്ഠയുമുണ്ടാക്കുന്ന ഒറ്റപ്പെട്ടതും കൂട്ടായതുമായ പല കാര്യങ്ങളുമുണ്ട്. നിലവിലെ ഖത്തര്‍ അമീറിന്റെ പിതാമഹന്‍ ഖലീഫ ബിന്‍ ഹമദിനെ മകന്‍ ശൈഖ് ഹമദ് രക്തരഹിത അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കിയപ്പോള്‍ അദ്ദേഹത്തെ അധികാരത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് സൈനിക നീക്കം നടത്തിയിട്ടുള്ളവരാണ് ഈ നാല് രാഷ്ട്രങ്ങള്‍. 1996ല്‍ യുദ്ധത്തിനുള്ള സൈന്യം ഖത്തറിന്റെ മണ്ണില്‍ പ്രവേശിച്ചതായിരുന്നു. അമേരിക്കയുടെ ‘വീറ്റോ’യും അല്‍ഉദൈദ് മിലിറ്ററി ബേസും ഇല്ലായിരുന്നുവെങ്കില്‍ അന്നത്തെ ആ നീക്കം പരാജയപ്പെടില്ലായിരുന്നു. രണ്ട് മുഹമ്മദുമാരുടെ (അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍) വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിലൂടെ നേടിയിരിക്കുന്ന അമേരിക്കയുടെ സമ്മതം ഇവിടെയാണ് പ്രസക്തമാകുന്നത്.

ഖത്തര്‍ നേതൃത്വത്തെ മാറ്റുന്നതിന് രണ്ട് തിരക്കഥകളാണ് മുന്നോട്ടുവെക്കപ്പെടുന്നത്. ഒന്ന്, മുതിര്‍ന്ന ഓഫീസര്‍മാരുടെ പിന്തുണയോടെ രാജകുടുംബത്തിലെ ഏതെങ്കിലും ഒരാളുടെ നേതൃത്വത്തില്‍ സൈന്യമോ സുരക്ഷാ വിഭാഗമോ ആഭ്യന്തര അട്ടിമറി നടത്തുക. അത് വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം അമീര്‍ തന്നെയാണ് പ്രതിരോധ മന്ത്രിയും സായുധസേനയുടെ പരമാധികാരിയും. ആഭ്യന്തര പ്രതിരോധം കൈകാര്യം ചെയ്യുന്ന, മുന്‍ അമീര്‍ ഹമദ് ബിന്‍ ഖലീഫയുടെ അമ്മാവന്റെ മകനായ ഖാലിദ് അത്വിയ്യ ഹമദിനോടും മകനോടും വളരെയേറെ കൂറുപുലര്‍ത്തുന്ന വ്യക്തിത്വവുമാണ്. അതിനെല്ലാം പുറമെ ശൈഖ് ഹമദ് തന്നോട് കൂറ് പുലര്‍ത്തുന്നവരെയാണ് സൈന്യത്തില്‍ അവരോധിച്ചിട്ടുള്ളത്.

യു.എ.ഇയുടെയും സൗദിയുടെയും ഈജിപ്തിന്റെയും കരസൈനികര്‍ സൗദി-യു.എ.ഇ വ്യോമസേനയുടെ പിന്‍ബലത്തില്‍ നടത്തുന്ന വൈദേശിക യുദ്ധമാണ് രണ്ടാമത്തെ സാധ്യത. വിശ്വസനീയമായ ഈജിപ്ഷ്യന്‍ സ്രോതസ്സില്‍ നിന്നുള്ള വിവരമനുസരിച്ച് ഈജിപ്ത് സൈനികരും ടാങ്കുകളും യു.എ.ഇയിലുണ്ട്. രണ്ടാമത്തെ ഈ തിരക്കഥ നടപ്പാക്കാനാണ് കൂടുതല്‍ സാധ്യത.

പകരക്കാരനെ ഒരുക്കാനുള്ള ഒരുക്കങ്ങള്‍ വരെ ഒരുപക്ഷേ പൂര്‍ത്തിയായിട്ടുണ്ടാവും. ശൈഖ് ഡോക്ടര്‍ സഊദ് ബിന്‍ നാസിര്‍ ആല്‍ഥാനിയെ ശൈഖ് തമീമിന്റെ പിന്‍ഗാമിയായി പല ഈജിപ്ഷ്യന്‍ മാധ്യമങ്ങളും ആഘോഷിച്ചിട്ടുണ്ട്. 1971ലെ ഖത്തറിന്റെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആദ്യ അമീറായ ശൈഖ് അഹ്മദ് ബിന്‍ അലി ഒന്നാമന്റെ ‘നിയമപരമായ’ അനന്തരാവകാശിയായിട്ടാണ് ഈജിപ്തും സൗദിയും യു.എ.ഇയും ഡോ. സഊദിനെ പരിഗണിക്കുന്നത്. തെഹ്‌റാന്‍ സന്ദര്‍ശനത്തിന് പോയ സന്ദര്‍ഭത്തില്‍ നിലവിലെ അമീര്‍ ശൈഖ് തമീമിന്റെ പിതാമഹന്‍ നടത്തിയ രക്തരഹിത അട്ടിമറിയിലൂടെയാണ് ശൈഖ് അഹ്മദ് ബിന്‍ അലിക്ക് അധികാരം നഷ്ടമായത്.

കടുത്ത തീരുമാനങ്ങളുമായി തിങ്കളാഴ്ച്ചയുടെ പ്രഭാതം നമ്മെ ഞെട്ടിച്ചുവെങ്കില്‍ റമദാനിലെ മറ്റൊരു ദിനത്തില്‍ സൈനിക നീക്കത്തിലൂടെ അമീറിനെ പുറത്താക്കിയ വാര്‍ത്ത വന്നാല്‍ നാം അത്ഭുതപ്പെടേണ്ടതില്ല. സൗദിയടെയും ഈജിപ്തിന്റെയും യു.എ.ഇയുടെയും ബഹ്‌റൈന്റെയും ടാങ്കുകളില്‍ക്ക് മുകളിലൂടെ അദ്ദേഹത്തിന് പുതിയ പിന്‍ഗാമിയെ കൊണ്ടുവരുമ്പോള്‍ ആ നീക്കം ആര് തടയും? ഐക്യരാഷ്ട്രസഭയോ? മൗനം പാലിച്ചിരിക്കുന്ന തുര്‍ക്കിയോ.. അതല്ല ഇറാനോ? ഏതാനും നാളുകള്‍ക്ക് മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശനം നടത്തുകയും പരസ്യവും രഹസ്യവുമായ പല കരാറുകളും ഒപ്പുവെക്കുകയും ചെയ്തിട്ടുള്ള റഷ്യയുടെ ഭാഗത്തു നിന്നും വല്ല നീക്കവും പ്രതീക്ഷിക്കാമോ?

ഈ കക്ഷികളെല്ലാം തന്നെ – അതില്‍ ഖത്തറിന്റെ ഉറ്റ സഖ്യങ്ങളുണ്ട് – മറ്റൊരു ഭാഗത്തേക്ക് മുഖം തിരിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ തങ്ങളുടെ തല മണലില്‍ പൂഴ്ത്തിയിരിക്കുകയാണ്. അതില്‍ ഇടപെടാന്‍ ആഗ്രഹിക്കാത്തതു കൊണ്ടു തന്നെ അവരത് അറിയാന്‍ ആഗ്രഹിക്കുന്നില്ല. ഏറ്റവും ചുരുങ്ങിയത് ഇതുവരെയുള്ള അവസ്ഥ അങ്ങനെയാണ്.

വിവ: നസീഫ്‌

Related Articles