Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് കാശ്മീര്‍ യുവത ആയുധമെടുക്കുന്നു?

army432.jpg

നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞ് കയറ്റം ഏതാണ്ട് പൂജ്യത്തിലെത്തിയതായി ഇന്ത്യന്‍ ആര്‍മി കമാണ്ടര്‍ അടുത്തിടെ നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ അതൊരു പൂര്‍ണപ്രസ്താവനയായിരുന്നില്ല. സായുധ ആക്രമണങ്ങളില്‍ വര്‍ധനവുണ്ടായതായും, ഗൗരവതരമായ ഏറ്റുമുട്ടലുകള്‍ നടന്നതായും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഒരു ഹെഡ്‌കോണ്‍സ്റ്റബിളും ഒരു കൂട്ടം കോണ്‍സ്റ്റബിളുമാരുമടങ്ങുന്ന സംഘം ആയുധങ്ങളുമായി ചെന്ന് കാശ്മീര്‍ പോരാട്ടസംഘത്തില്‍ ചേര്‍ന്നതിനെ കുറിച്ചും അദ്ദേഹം ഒന്നും പറഞ്ഞില്ല. ‘പുതിയ’ പോരാളികളില്‍ അധികവും വിദ്യാസമ്പന്നരും, അതിയായി പ്രചോദിപ്പിക്കപ്പെട്ടവരുമാണ്. രണ്ടാമതായി, കൊല്ലപ്പെടുന്ന പോരാളികളുടെ ശവസംസ്‌കാര ചടങ്ങുകളില്‍ വന്‍ജനാവലികള്‍ പങ്കെടുക്കുന്നു എന്ന വസ്തുതയോടൊപ്പം തന്നെ, ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് എത്തുന്ന യുവാക്കള്‍ സൈനികര്‍ക്ക് മുന്നില്‍ വിഘ്‌നങ്ങള്‍ സൃഷ്ടിച്ച് പോരാളികള്‍ക്ക് രക്ഷപ്പെടനുള്ള അവസരങ്ങള്‍ ഒരുക്കികൊടുക്കുന്നുമുണ്ട്. ബന്ധപ്പെട്ടവര്‍ തുറന്ന് സമ്മതിക്കാന്‍ തയ്യാറാവാത്ത വലിയ മാറ്റങ്ങളാണിത്. ഏറ്റുമുട്ടല്‍ രംഗങ്ങളില്‍ നിന്ന് ജനങ്ങളോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നത് അവരുടെ തന്നെ സുരക്ഷക്കായാണ്. ഒരു പക്ഷെ, സായുധ പോരാട്ടത്തിന്റെ നവതരംഗത്തിന്റെ ഭാഗമായി ഈ പ്രവണത മാറാതിരിക്കാന്‍ വേണ്ടിയും ആയിരിക്കാം. എന്നിരുന്നാലും, ഈ പ്രവണതയെ അറസ്റ്റ് ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല, കാരണം അടുത്തകാലത്തായി മുര്‍ദ്ധന്യാവസ്ഥയിലെത്തിയിരിക്കുന്ന തുടര്‍ച്ചയായ അടിച്ചമര്‍ത്തല്‍ നയത്തോടുള്ള സ്വഭാവിക പ്രതികരണം മാത്രമാണത്.

തൊണ്ണൂറുകളുടെ ആദ്യത്തില്‍ കാശ്മീരി യുവത സായുധ ചെറുത്ത് നില്‍പ്പ് ആരംഭിച്ച അവസരത്തില്‍, അതിനുള്ള പ്രചോദനം തികച്ചും വൈകാരികമായിരുന്നു. അതിനേക്കാളുപരി, ഈ വൈകാരികത പുറത്ത് നിന്നുള്ളവരാല്‍ ചൂഷണം ചെയ്യപ്പെടുകയും, ഹൈജാക്ക് ചെയ്യപ്പെടുകയും ചെയ്തു. യുവാക്കള്‍ ശാരീരകമായും, വൈകാരികമായും ശക്തരായിരുന്നെങ്കിലും, വളരെ കാലം നീണ്ടും നില്‍ക്കുന്ന ഒരു സായുധ പോരാട്ടത്തിന് മാനസികമായി അവര്‍ തയ്യാറാക്കപ്പെട്ടിരുന്നില്ല. പുറത്ത് നിന്നുള്ളവര്‍ അവരുടെതായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഈ വൈകാരികതയെ ചൂഷണം ചെയ്തു. സായുധ ചെറുത്ത് നില്‍പ്പിന് മാനസികമായി പാകപ്പെടാത്ത യുവാക്കളുടെ കൈകളില്‍ തോക്കുകള്‍ വെക്കപ്പെട്ടു. ഇക്കാരണത്താലാണ് ഒരുപാട് യുവാക്കള്‍ പിന്‍മാറുകയും, കീഴടങ്ങുകയും ചെയ്തത്. അവരില്‍ ചില പോരാളികള്‍ ബ്ലാക്‌മെയ്‌ലര്‍മാരായും മാറി. ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും, ഗുരുതരമായ പരിക്കിനും ഇടയാക്കിയ തൊണ്ണൂറുകളിലെ കലുഷിതാവസ്ഥ, യുവാക്കള്‍ക്കിടയില്‍ പ്രചോദനം സൃഷ്ടിക്കാന്‍ തുടങ്ങി. സംഘട്ടനത്തിന്റെ ആ കാലഘട്ടത്തിലും അതിനെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കാശ്മീരി യുവാക്കളുടെ ഒരു പുതുതലമുറ വളര്‍ന്നുവന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അതീവ സുരക്ഷാക്രമീകരണങ്ങളല്ലാതെ വേറൊന്നും അവര്‍ കണ്ടിട്ടില്ല. കൂട്ടകൊലകള്‍ക്കും, വെടിവെപ്പുകള്‍ക്കും, ബലാത്സംഗങ്ങള്‍ക്കും ഈ യുവാക്കള്‍ സാക്ഷികളായി. പ്രതികാരവാജ്ഞ അവരുടെ മനസ്സുകളില്‍ പതുക്കെ വളരാന്‍ തുടങ്ങി. തങ്ങള്‍ അന്യരാണെന്ന ബോധ്യം അവര്‍ക്കിടയില്‍ ശക്തപ്പെട്ടു. അടുത്തിടെ പാംപോറില്‍ നടന്ന ഏറ്റുമുട്ടലില്‍, ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പോരാടികൊണ്ടിരുന്ന സായുധപോരാളികള്‍ക്ക് വേണ്ടി പാട്ടുകള്‍ പാടിയ സ്ത്രീകളുടെ പ്രവര്‍ത്തിയില്‍ നിന്നും അവരുടെ അന്യതാബോധം എത്രമാത്രം ശക്തമാണെന്ന് അളക്കാന്‍ സാധിക്കും!

ഒരു ഇടക്കാല സംഭവവികാസമെന്ന നിലക്ക്, ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്ഥിതിഗതികള്‍ ശാന്തമാവുകയും, സായുധ പോരാട്ടങ്ങള്‍ അവസാനിക്കുകയും ചെയ്തതായി തോന്നിച്ചിരുന്നു. പക്ഷെ, അടിച്ചമര്‍ത്തല്‍ നയം തുടരുകയും, സുരക്ഷാസൈനികരുടെ വെടിയുണ്ടകളെ ചെറിയ കുട്ടികള്‍ കല്ലുകള്‍ കൊണ്ട് എതിരിടുകയും ചെയ്ത സംഭവങ്ങളോടെ, അന്യതാബോധം വീണ്ടും ശക്തിപ്പെടാന്‍ തുടങ്ങി. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം തന്നെയായിരുന്നു പുതിയ ചെറുത്ത്‌നില്‍പ്പുകളുടെ പ്രധാനകാരണം. വിദ്യാസമ്പന്നരായ യുവാക്കളുടെ നിരാശ അടക്കമുള്ള ഒട്ടനവധി ഘടകങ്ങളുണ്ട്. ഏകദേശം ഒരു മില്ല്യണിലധികം വിദ്യാസമ്പന്നരായ യുവാക്കള്‍ തൊഴിലില്ലായ്മയുടെ പിടിയിലാണ്. ഹിന്ദുത്വ അണികളുടെയും സുരക്ഷാ ഏജന്‍സികളുടെയും ഭീഷണികളും, പീഢനങ്ങളും സഹിച്ചാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്. ഏതൊരു അനിഷ്ടസംഭവങ്ങള്‍ക്ക് ശേഷവും, കാശ്മീരികളെയാണ് ആദ്യം സംശയിക്കുക. ജെ.എന്‍.യുവില്‍ നടന്ന സംഭവവികാസങ്ങളിലും സുരക്ഷാ ഏജന്‍സികളുടെ ആദ്യനോട്ടം കാശ്മീരി വിദ്യാര്‍ത്ഥികളിലേക്കായിരുന്നു. ഒരുപാട് വിദ്യാര്‍ത്ഥികള്‍ കാശ്മീരിലേക്ക് തന്നെ മടങ്ങിക്കൊണ്ടിരിക്കുകയാണ്. ആരെ വേണമെങ്കിലും കൊല്ലാനും സ്വത്തുവകകള്‍ നശിപ്പിക്കാനും സൈനികര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന അഫ്‌സ്പ എന്ന നിയമം റദ്ദ് ചെയ്യാന്‍ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് സാധിച്ചിട്ടില്ല. ഈ നിയമം സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. ശക്തര്‍ക്കെതിരെയുള്ള ദുര്‍ബലരുടെ ആയുധമാണ് ഗറില്ലയുദ്ധമുറയെന്നത് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. അത്തരമൊരു യുദ്ധമുറയെ അതിജയിക്കാന്‍ വന്‍ശക്തികള്‍ക്ക് പോലും എളുപ്പം സാധിക്കില്ലെന്നത് ഒരു പ്രാപഞ്ചിക സത്യമാണ്. അള്‍ജീരിയയില്‍ ഫ്രഞ്ചുകാരും, ലിബിയയില്‍ ഇറ്റലിക്കാരും, വിയറ്റ്‌നാമില്‍ അമേരിക്കക്കാരും, അഫ്ഗാനിസ്ഥാനില്‍ റഷ്യക്കാരും അമേരിക്കക്കാരും അത് നേരിട്ട് അനുഭവിച്ചതാണ്. തദ്ദേശവാസികളുടെ ആത്മബലത്തിന് മുന്നില്‍ അവര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു.

ജനതയുടെ ആഗ്രങ്ങളും വികാരവിചാരങ്ങളും അടിച്ചമര്‍ത്തി കൊണ്ട് വളരെ കാലം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന സത്യം ഇന്ത്യന്‍ ഗവണ്‍മെന്റ് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു ജനതയെ അവരുടെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് വിരുദ്ധമായി കീഴടക്കിവെക്കുകയെന്നത് വളരെ ചെലവേറിയ സംഗതിയാണ്. സുരക്ഷക്ക് തന്നെ കോടികണക്കിന് രൂപ വേണ്ടി വരും. ഇന്ത്യയെ പോലുള്ള ഒരു വികസ്വര രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതിന് വളരെയധികം പണം വേണ്ടിവരും. സുരക്ഷാകാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കപ്പെടുന്ന പണം കൊണ്ട് ദാരിദ്യരേഖത്ത് താഴെ ജീവിക്കുന്ന കോടികണക്കിന് ആളുകളുടെ പട്ടിണി മാറ്റാന്‍ സാധിക്കും. കാഴ്ച്ചപ്പാടുകളുടെ പേരില്‍ ഒരു ജനതയെ അടിച്ചമര്‍ത്തുന്നത് ഇന്ത്യയിലെ പുതുതലമുറ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന സന്ദേശമാണ് കാശ്മീരുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവില്‍ നിന്നും ഉയര്‍ന്ന ശബ്ദങ്ങള്‍ നമുക്ക് നല്‍കുന്നത്. ജനങ്ങളുമായി തുറന്ന് സംസാരിക്കാന്‍ തയ്യാറാവുകയാണ് അവര്‍ക്ക് മേല്‍ വെടിയുണ്ടകള്‍ ചൊരിഞ്ഞ് അടിച്ചമര്‍ത്തുന്നതിനേക്കാള്‍ നല്ലതും പ്രായോഗികവുമായ സംഗതി. ജെ.എന്‍.യു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ കാശ്മീര്‍ യുവത സ്വാഗതം ചെയ്യുകയും, അതിനെ അകമഴിഞ്ഞ് പിന്തുണക്കുകയും ചെയ്തിരുന്നു. കാശ്മീരികള്‍ക്ക് മേല്‍ അക്രമണം അഴിച്ചുവിടാനും വിടാതിരിക്കാനും ഇന്ത്യന്‍ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പം സാധിക്കുന്ന കാര്യമാണ്. പക്ഷെ കാശ്മീരി ജനതയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ സത്യങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞ ജെ.എന്‍.യു അടക്കമുള്ള കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടാന്‍ ഗവണ്‍മെന്റിന് ഒരിക്കലും സാധിക്കില്ല. ഇന്ത്യയെ ഭിന്നിപ്പിലേക്ക് തള്ളിവിടുന്ന കപട ദേശീവവാദികളോട് പ്രതികാരം ചെയ്യാനും, കാശ്മീരികളുടെ ആഗ്രഹാഭിലാഷങ്ങള്‍ സഫലീകരിക്കാനും ഈ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ കൊണ്ട് സാധിക്കും. മഖ്ബൂല്‍ ഭട്ടിനെ തൂക്കിലേറ്റിയതിന് ശേഷമാണ് സായുധ ചെറുത്ത് നില്‍പ്പിന്റെ ആദ്യഘട്ടം ആരംഭിച്ചതെന്നും, ഇപ്പോഴത്തെ സായുധ ചെറുത്ത് നില്‍പ്പിന് തുടക്കം കുറിക്കപ്പെട്ടത് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് ശേഷവുമാണെന്നും സാന്ദര്‍ഭികമായി ഓര്‍മപ്പെടുത്തുന്നു!

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles