Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ടാണ് ജനാധിപത്യ തുനീഷ്യ അക്രമാസക്തമാവുന്നത്

tunisia12.jpg

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുനീഷ്യ അശാന്തിയുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കാസ്സരീനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട അശാന്തിയുടെ അലമാലകള്‍ മറ്റു പട്ടണങ്ങളിലേക്കും, ഉള്‍പ്രദേശങ്ങളിലേക്കും വ്യാപിച്ച് ജനനിബിഡമായ തലസ്ഥാന നഗരി തൂനിസിലേക്ക് വരെ ഇപ്പോള്‍ എത്തിയിട്ടുണ്ട്. രാജ്യത്തെ തൊഴിലില്ലായ്മയും, ജീവിത നിലവാരമില്ലായ്മയുമാണ് പ്രതിഷേധക്കാര്‍ ഇപ്പോള്‍ ഒന്നിച്ചുന്നയിക്കുന്ന കാര്യം.

വിരോധാഭാസമെന്ന് പറയട്ടെ, യുദ്ധങ്ങളും സംഘട്ടനങ്ങളും പിച്ചിചീന്തിയ ഒരു ഭൂമികയായിട്ട് പോലും, ജനാധിപത്യത്തിലേക്ക് വിജയകരമായി പരിവര്‍ത്തിതമായതിനുള്ള സമാധാന നൊബേല്‍ തുനീഷ്യക്ക് ലഭിച്ച് ആഴ്ച്ചകള്‍ കഴിയുന്നതിന് മുമ്പാണ് ഇപ്പോള്‍ ഈ കാണുന്ന പ്രതിഷേധങ്ങള്‍ മുളപ്പൊട്ടുന്നത് എന്ന് നമുക്ക് കാണാന്‍ കഴിയും. പാശ്ചാത്യലോകത്ത് തുനീഷ്യ പ്രകീര്‍ത്തിക്കപ്പെടുകയും, വാഴ്ത്തപ്പെടുകയും ചെയ്‌തെങ്കിലും, ഇപ്പോള്‍ തുനീഷ്യയുടെ ഖജനാവ് കാലിയാണ്, സാമ്പത്തിക രംഗം കൂപ്പുകുത്തികൊണ്ടിരിക്കുകയാണ്, ഒരിക്കല്‍ നന്നായി അഭിവൃദ്ധിപ്പെട്ടിരുന്ന ടൂറിസം മേഖല ഇന്ന് തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

തുനീഷ്യയുടെ ആരും കൊതിച്ച് പോകുന്ന രാഷ്ട്രീയ നേട്ടങ്ങളും, അതിന്റെ ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയും തമ്മില്‍ താരതമ്യം ചെയ്യാന്‍ ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ മുതിരാതിരിക്കുന്നതാണ് നല്ലത്. ഡിസംബര്‍ 17 വിപ്ലവത്തിനും അറബ് വസന്തത്തിനും തിരികൊളുത്തിയ ദക്ഷിണ-മധ്യ മേഖലകളുടെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്.

പ്രത്യക്ഷത്തില്‍ ചെറിയ പുരോഗതിയൊക്കെ നേടാന്‍ സാധിച്ചിട്ടുണ്ട്. ഇനി എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ പോലും, സ്ഥിതിഗതികള്‍ വളരെ മോശമായിരിക്കുകയാണ്, സാമ്പത്തിക രംഗം തകര്‍ന്ന്‌കൊണ്ടിരിക്കുന്നു, അരക്ഷിതാവസ്ഥ നിറഞ്ഞ അന്തരീക്ഷവും, അയല്‍രാജ്യമായ ലിബിയയിലും, രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തികളിലും നടന്ന് കൊണ്ടിരിക്കുന്ന യുദ്ധവും രാജ്യത്തിന്റെ ഖജനാവിലേക്കുള്ള സമ്പത്തിന്റെ ഒഴുക്കിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

വിപ്ലവത്തിലൂടെ തുനീഷ്യന്‍ ജനത, പ്രത്യേകിച്ച് യുവാക്കളും, താഴെക്കിടയിലുള്ള ജനവിഭാഗങ്ങളും പുലര്‍ന്ന കാണണമെന്ന് ആശിച്ച ആഗ്രഹാഭിലാഷങ്ങള്‍ 2011 മുതല്‍ക്ക് അധികാരത്തിലേറിയ സര്‍ക്കാറുകളുടെ (ആറ് സര്‍ക്കാറുകള്‍) മുന്നിലെ സങ്കീര്‍ണ്ണമായ പ്രശ്‌നം തന്നെയായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് അവരെ ദശാബ്ദങ്ങളോളം അടിച്ചമര്‍ത്തി അടക്കിഭരിച്ച ഏകാധിപതി ഇരുട്ടിന്റെ മറവില്‍ ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടത്. വികസനത്തിന്റെയും പുരോഗതിയുടെയും ഒരു പുതുപുലരി വളരെ അടുത്ത് തന്നെ ഉദിച്ചുയരുമെന്ന് എല്ലാവരും കണക്ക്കൂട്ടി.

എന്നാല്‍ തൊഴിലില്ലായ്മ രൂക്ഷമായി തന്നെ തുടരുകയും, ജീവിത നിലവാരം മുന്നത്തേക്കാള്‍ താഴുകയും ചെയ്തതോടെ ജനങ്ങള്‍ ആശങ്കാകുലരായി, പ്രത്യേകിച്ച് പതിനായിരക്കണക്കിന് വരുന്ന ബിരുദധാരികള്‍. ഐശ്വര്യപൂര്‍ണ്ണമായ ജീവിതം എന്ന സ്വപ്‌നത്തിനും, ദാരിദ്യം എന്ന ജീവിത യാഥാര്‍ത്ഥ്യത്തിനും ഇടയിലാണ് അവര്‍ കഴിയുന്നത്.

2011-ല്‍ ബിന്‍ അലിയുടെ ഏകാധിപത്യവാഴ്ച്ച അവസാനിച്ചതിന് ശേഷം, ജനാധിപത്യവല്‍ക്കരണത്തിന്റെ പാതയില്‍ തുനീഷ്യ കൈവരിച്ച സുപ്രധാന നേട്ടങ്ങളുടെ കാര്യത്തില്‍ തര്‍ക്കിക്കുന്ന കുറച്ച് പേരെങ്കിലും കാണും. തുനീഷ്യയുടെ ആധുനിക ചരിത്രത്തില്‍ അവര്‍ അനുഭവിക്കാത്തതും, മറ്റു അറബ് രാഷ്ട്രങ്ങളില്‍ കാണാന്‍ കഴിയാത്തതുമായ അഭിപ്രായ സ്വാതന്ത്ര്യവും, പൗരാവകാശങ്ങളും ഇന്നത്തെ തുനീഷ്യയില്‍ അവര്‍ ആസ്വദിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ആഭ്യന്തര കലഹത്തിലേക്ക് രാജ്യത്തെ തളളിവിട്ടേക്കാവുന്ന അപകടകരമായ സാഹചര്യങ്ങള്‍ ഉണ്ടായപ്പോഴും, എല്ലാ പ്രശ്‌നങ്ങളെയും, അഭിപ്രായ വ്യത്യാസങ്ങളെയും അനുരഞ്ജനത്തിന്റെയും, സംവാദത്തിന്റെയും മാര്‍ഗത്തിലൂടെ മറിക്കടക്കാന്‍ രാജ്യത്തെ രാഷ്ട്രീയത്തിന് നേതൃത്വത്തിന് സാധിച്ചു.

രണ്ട് വര്‍ഷം മുമ്പ് ജനപ്രതിനിധികള്‍ ഒന്നടങ്കം ഐക്യകണ്‌ഠേന ഏകസ്വരത്തോടെ സ്വീകരിച്ച തുനീഷ്യയുടെ നിലവിലെ ഭരണഘടന ഏറ്റവും ഒരു നേട്ടം തന്നെയാണ്. ഒരു വര്‍ഷം മുമ്പ് രാജ്യത്ത് ജനാധിപത്യ രീതിയില്‍ വിജയകരമായ തെരഞ്ഞെടുപ്പുകള്‍ നടന്നു. അതിലൂടെ ഒരുകാലത്ത് പരസ്പരം ശത്രുത പുലര്‍ത്തി പോന്ന രാഷ്ട്രീയ കക്ഷികള്‍ ഒരുമിച്ച് നിന്ന് ഒരു കൂട്ടികക്ഷി മന്ത്രിസഭയും രൂപീകരിച്ചു. പക്ഷെ, ഈ നേട്ടങ്ങളലെല്ലാം തന്നെ രാജ്യത്തെ രാഷ്ട്രീയ വരേണ്യവര്‍ഗത്തില്‍ മാത്രം ഒതുങ്ങി നിന്നു, ഭൂരിപക്ഷ ജനതക്ക് ഇതിനെയെല്ലാം നിര്‍വികാരമായാണ് നോക്കികണ്ടത്. അവരുടെ ദൈനംദിന ജീവിതത്തില്‍ ഇവമൂലം കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് പരാജയം തന്നെയാണ്.

തുനീഷ്യന്‍ ജനാധിപത്യത്തിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ കേവലം അധരവ്യായാമത്തില്‍ പരിമിതപ്പെട്ടു. ഈ വളര്‍ന്ന് വരുന്ന ജനാധിപത്യ രാഷ്ട്രത്തെ താങ്ങി നിര്‍ത്താന്‍ ആവശ്യമായ കാതലായ ഒന്നും തന്നെ അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അറബ് വിപ്ലവം പൊട്ടിപുറപ്പെട്ട് ആഴ്ച്ചകള്‍ക്ക് ശേഷം ദേവിയ്യയില്‍ നടന്ന കോണ്‍ഫറന്‍സില്‍ ഉയര്‍ന്ന് കേട്ട മധുരവാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രമായി ചുരുങ്ങി. 134 മില്ല്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ച യു.എസ് കോണ്‍ഗ്രസ്സ് പിന്നീട് അത് 50 മില്ല്യണ്‍ ഡോളറാക്കി വെട്ടികുറച്ചു. ആ ധനസഹായം ഏകദേശം മുഴുവനായും ലിബിയില്‍ നടക്കുന്ന പ്രശ്‌നം തുനീഷ്യയിലേക്ക് കടക്കാതിരിക്കാനായുള്ള മുന്‍കരുതലുകള്‍ക്കായി അതിര്‍ത്തിയില്‍ ചിലവഴിക്കേണ്ടി വന്നു. സാമ്പത്തിക രംഗത്തെ ജനാധിപത്യ ഭരണകൂടത്തെയും ശക്തിപ്പെടുത്താന്‍ പിന്നീടൊന്നും തന്നെ അവശേഷിച്ചില്ല.

എണ്ണസമ്പത്തിന്റെ ധാരാളിത്തമുള്ള സഹോദര അറബ് രാഷ്ട്രങ്ങളൊന്നും തന്നെ സഹായഹസ്തം നീട്ടാന്‍ തയ്യാറായില്ല. പകരം, തുനീഷ്യന്‍ രാഷ്ട്രീയത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് അവരില്‍ ചിലരില്‍ നിന്നുമുണ്ടായത് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ജനാധിപത്യം അസാധ്യമാണെന്നും, അത് അറബികള്‍ക്ക് ചേര്‍ന്നതല്ലെന്നും തെളിയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

പ്രതിവിപ്ലവത്തിന്റെ മാരകപ്രഹരങ്ങളെ ചെറുക്കാനുള്ള ശേഷി തുനീഷ്യക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. മാറ്റത്തിന്റെ പ്രകിയയെ സാമ്പത്തിന്റെയും, ചില പ്രത്യേക സംഘങ്ങളുടെയും വ്യക്തികളുടെയും പിന്‍ബലം കൊണ്ട് പിറകോട്ടടിക്കാന്‍ പ്രാദേശിക ഏകാധിപത്യ അച്ചുതണ്ട് സജീവമായി ശ്രമിക്കുന്നുണ്ട്. അതിന് വേണ്ടി അവര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് വിഭാഗീയത കൂടുതല്‍ ശക്തമാക്കി ആശങ്കയുടെയും നിരാശയുടെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് പുറമെ, തുനീഷ്യന്‍ ജനതയുടെ മനസ്സില്‍ ആശങ്കയേറ്റാനും, നിലവിലെ പ്രതിഷേധ കൊടുങ്കാറ്റ് രൂപപ്പെടാനും ഇടയാക്കിയതില്‍ ഭരണപാര്‍ട്ടിയായ നിദാ തൂനിസിനുള്ളിലെ രാഷ്ട്രീയ പടലപിണക്കങ്ങള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. 2011 നവംബര്‍ മുതല്‍ 2014 ജനുവരി വരെ തുനീഷ്യ ഭരിച്ച മൂന്ന് കക്ഷി ഭരണകൂടത്തിനെതിരെ വ്യത്യസ്ത രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും ലക്ഷ്യങ്ങളുമുള്ള ഒരു കൂട്ടം രാഷ്ട്രീയക്കാര്‍ ചേര്‍ന്ന് വളരെ പെട്ടെന്ന് തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു അവിയല്‍ പാര്‍ട്ടിയാണ് നിദാ തൂനിസ്.

വിപ്ലവാനന്തരമുണ്ടായ അസംതൃപ്തി മുതലെടുത്ത് ഒരു വര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിജയിച്ചിരുന്നു. പക്ഷെ വിജയിച്ച് ആഴ്ച്ചകള്‍ കഴിയുന്നതിന് മുമ്പ് തന്നെ ഉള്‍പ്പോര് തുടങ്ങി കഴിഞ്ഞിരുന്നു. പാര്‍ലമെന്റിനുള്ളില്‍ പോലും ചെറുസംഘങ്ങളായി തിരിഞ്ഞ് പരസ്പരം ചെളിവാരിയെറിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. രാഷ്ട്രീയക്കാരിലും രാഷ്ട്രീയത്തിലും പ്രതീക്ഷ നഷ്ടപ്പെട്ട ജനത്തിന് മുന്നില്‍ വെച്ചും തെരുവില്‍ അവര്‍ ഏറ്റുമുട്ടി.

ദശാബ്ദങ്ങളോളം എല്ലാവരാലും അവഗണിക്കപ്പെട്ട് കിടന്നിരുന്ന തുനീഷ്യയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള ഒരു മുന്നറിയിപ്പാണ്: അതായത്, ജനാധിപത്യം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് കേവലം തെരഞ്ഞെടുപ്പുകളോ, പാര്‍ട്ടികളോ പാര്‍ലമെന്റോ അല്ല. സമൂഹത്തിന് മുന്നോട്ട് പോകാനുള്ള ഒരു വാഹനമാണ് ജനാധിപത്യം. ജനങ്ങളുടെ പ്രതീക്ഷയും അന്തസ്സും കാത്തുസൂക്ഷിച്ച് അവരുടെ ജീവിത നിലവാരം ഉയര്‍ത്താനും, അവര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആയിരിക്കണം ജനാധിപത്യം നിലകൊള്ളേണ്ടത്.

ജനാധിപത്യം രണ്ട് കാലുകളിലാണ് നില്‍ക്കുന്നത് : ഒന്ന്, രാഷ്ട്രീയം. മറ്റൊന്ന് സാമൂഹിക-സാമ്പത്തികം. ഇത് രണ്ടുമില്ലെങ്കില്‍ ജനാധിപത്യത്തിന് നിലനില്‍പ്പില്ല, അത് ഏത് സമയവും തകര്‍ന്ന് വീണേക്കാം.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles