Current Date

Search
Close this search box.
Search
Close this search box.

എനിക്ക് ഇനിയും ജീവിക്കണം

47 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനിടയില്‍ ഒരിക്കല്‍ പോലും കുറച്ച് മണിക്കൂറുകളല്ലാതെ ഹനാ ശലബി ഉറങ്ങിയിട്ടില്ല. നിരാഹാര സമരത്തിന്റെ ആദ്യ ദിവസങ്ങളില്‍ പതിയെ ഉറക്കത്തിലേക്ക് വീഴുമ്പോഴേക്കും ആരോ തന്നെ അപായപ്പെടുത്താന്‍ വരുന്നുവെന്ന തോന്നലില്‍ ഞെട്ടിയെഴുന്നേല്‍ക്കും. സമരം ഒരാഴ്ച പിന്നിട്ടപ്പോള്‍ വെള്ളമല്ലാതെ ശരീരത്തിലേക്ക് മറ്റൊന്നും കടക്കാത്ത അവസ്ഥയിലായി. ശരീരം സാധാരണനിലയില്‍ പ്രവര്‍ത്തിക്കാതായി. ഉറക്കത്തിന് പകരം ഉന്മാദാവസ്ഥ അവളുടെ കണ്ണുകളില്‍ തളംകെട്ടി നിന്നു. ഓര്‍മകളും വിചാരങ്ങളും രാത്രിയുടെ അന്ധകാരത്തില്‍ വിറങ്ങലിച്ചു നിന്നു.

അടുത്തിടെ ഹനയുമായി ഞാന്‍ അഭിമുഖം നടത്തുകയുണ്ടായി. കുറച്ച് മണിക്കൂറുകള്‍ നീണ്ടുനിന്ന സംസാരത്തിലൂടെ ഫലസ്തീന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സ്വന്തം ജീവന്‍ ഹോമിക്കാന്‍ എന്തിനാണ് അവള്‍ ശ്രമിക്കുന്നത്, ഇസ്രായേലി ജയിലുകള്‍ നിരാഹാരമനുഷ്ഠിക്കുന്നവരുടെ നേര്‍ചിത്രമായ അവളുടെ അനുഭവകഥകള്‍ ഇവയൊക്കെ എനിക്ക് അറിയേണ്ടതുണ്ടായിരുന്നു. നിലവില്‍ 7000-ത്തോളം ഫലസ്തീനികള്‍ ഇസ്രായേലി ജയിലുകളില്‍ തടവുകാരായി കഴിയുന്നുണ്ട്. അതില്‍ 500-ലധികം പേരെയും വിചാരണ കൂടാതെയാണ് തടവിലിട്ടിരിക്കുന്നത്.

1982 ഫെബ്രുവരി 7-നാണ് ഹന ജനിച്ചത്. ലബനാനില്‍ നിന്ന് ഫലസ്തീനികളെ ആട്ടിയോടിക്കുകയും ശബ്‌റാ-ശാത്വിലയിലെ ക്യാമ്പില്‍ അഭയാര്‍ത്ഥികളെ കൂട്ടക്കൊലക്ക് ഇരയാക്കുകയും ചെയ്ത അതേ വര്‍ഷം. അവളുടെ ഉപ്പ യഹ്‌യയും ഉമ്മ ബാദിയയും ഇനി കുട്ടികള്‍ വേണ്ടാ എന്ന് തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് പത്തു മക്കളുണ്ടായിരുന്നു. ആറു പെണ്‍മക്കളില്‍ ഹന മധ്യത്തിലായിരുന്നു. നജാഹിനും സലാമിനും ഹുദക്കും ശേഷം, എന്നാല്‍ വഫക്കും സാഹിറക്കും മുന്നിലായിട്ട്. സഹോദരന്മാരില്‍ ഇളയവന്‍ സാമിറായിരുന്നു, ഹനയേക്കാള്‍ രണ്ടു വയസ്സിന്റെ മൂപ്പേയുള്ളൂ അവന്.

ഹനയുടെ കുടുംബം യഥാര്‍ത്ഥത്തില്‍ ഹൈഫയില്‍ നിന്നുള്ളവരാണ്. ഇന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ എന്നറിയപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളോടൊപ്പം അവരും ആ മനോഹരമായ തുറമുഖ നഗരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഹ്രസ്വമെങ്കിലും ക്ലേശകരമായ ഒരു യാത്രക്കു ശേഷം അവര്‍ ബുര്‍ക്കിന്‍ ഗ്രാമത്തില്‍ താമസമാക്കി. ജെനിന്‍ പട്ടണത്തിനും അഭയാര്‍ത്ഥി ക്യാമ്പിനും അടുത്തായാണ് ഇതു സ്ഥിതി ചെയ്യുന്നത്. മര്‍ജ് ബിന്‍ ആമിര്‍ താഴ്‌വരക്ക് അടുത്തുള്ള ബുര്‍ക്കിന്‍ നഗരം ശലബികള്‍ക്ക് താല്‍ക്കാലികമെങ്കിലും സമാധാനപരമായ ഒരു അഭയമൊരുക്കി. പക്ഷേ, ഹന കുട്ടിയായിരുന്നപ്പോള്‍ നടന്ന ഒരു സംഭവം അവസ്ഥകളെ ആകെ മാറ്റിമറിച്ചു. അന്ന് അവള്‍ക്ക് എട്ടു വയസ്സ് പ്രായം. പുറത്തു സാന്റ്‌വിച്ചും കഴിച്ചുകൊണ്ടു നില്‍ക്കേ അയല്‍വാസിയായ മുഹമ്മദ് എന്ന പയ്യന്‍ അതിവേഗം അവളുടെ അടുത്ത് ഓടിവന്നു. അവന്‍ അവളുടെ മുന്നില്‍ മുട്ടുകുത്തി വീണു, എന്നിട്ട് അവസാനമായി പറഞ്ഞു ”ദയവായി എന്നെ രക്ഷിക്കൂ”. അവള്‍ ആകെ വിറങ്ങലിച്ചു നിന്നു. അവന്‍ കമിഴ്ന്ന് വീണപ്പോള്‍ അവന്റെ തലയുടെ പിന്നില്‍ വലിയൊരു ദ്വാരം അവള്‍ കണ്ടു. ഇസ്രായേലീ സൈന്യം അവനെ തലയില്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

ഈ സംഭവം ഹനയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. അവളും പ്രക്ഷോഭകരോടൊപ്പം അണിനിരന്നു. ഗ്രാമത്തിലേക്ക് സൈന്യം റെയ്ഡിനായി വരുമ്പോള്‍ അവര്‍ക്കു നേരെ കല്ലുകള്‍ എറിഞ്ഞിരുന്ന പയ്യന്മാര്‍ക്ക് കല്ലുകള്‍ ശേഖരിച്ചു കൊടുക്കുക എന്നതായിരുന്നു അവളുടെ ജോലി. ഹന, അവള്‍ക്കിപ്പോള്‍ 33 വയസ്സായി. പഴയകാല ഓര്‍മകള്‍ അവള്‍ പങ്കുവെക്കാന്‍ തുടങ്ങി, പഴയ എട്ടു വയസ്സുകാരിയുടെ അതേ പ്രസരിപ്പോടെ. മുഹമ്മദ് മരിച്ചതില്‍ ഹന ക്ഷുഭിതയായിരുന്നു. അതാണ് അവളെ മാറ്റിത്തീര്‍ത്തതും. ക്ഷുഭിതയായാണ് അവള്‍ വളര്‍ന്നതും. തന്റെ ചുറ്റുമുള്ളവരില്‍ അവള്‍ കണ്ടതും ഇതേ വീര്യമായിരുന്നു. ഹനയുടെ സഹോദരന്‍ ഉമര്‍ കരിമ്പുലി(Black Panthers)കളുടെ കൂടെ ചേര്‍ന്നു. അതിലെ അംഗങ്ങളൊക്കെ ദരിദ്രരായ കര്‍ഷകരുടെയോ ഇസ്രായേലിലെ അറബ് തൊഴിലാളികളുടെയോ മക്കള്‍ ആയിരുന്നു. മലമടക്കുകളിലെ ഗുഹാമുഖങ്ങളായിരുന്നു അവരുടെ ഒളിത്താവളങ്ങള്‍. മുഖംമൂടി ധരിച്ച ആയുധധാരികളായ ഇവരുടെ പ്രധാന തൊഴില്‍ സമരങ്ങള്‍ പ്രഖ്യാപിക്കലും ജനങ്ങളെ വിപ്ലവത്തിലേക്ക് നയിക്കലുമൊക്കെയായിരുന്നു. ഒരിക്കല്‍ സൈന്യവുമായി നടന്ന ഒരു ഏറ്റുമുട്ടലില്‍ ഉമറിന് പരിക്കു പറ്റിയതോടെ കാര്യങ്ങള്‍ ആകെ കുഴഞ്ഞു. തന്റെ മക്കള്‍ കുഴപ്പത്തിനും പ്രശ്‌നങ്ങള്‍ക്കുമൊന്നും പോകില്ലെന്ന ഉപ്പയുടെ വിശ്വാസം അതോടെ തകര്‍ന്നു.

ഉമറിന്റെ കഥ പിന്നെയും ആവര്‍ത്തിക്കപ്പെട്ടു. കാരണം, അവളുടെ മറ്റ് സഹോദരങ്ങളും വ്യത്യസ്ത സ്ഥലങ്ങളിലായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നു. അവളുടെ മൂത്ത സഹോദരി ഹുദ ഒരു സൈനികനെ കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ ജയിലിലടക്കപ്പെട്ടു. ഉടനെ തന്നെ അവളുടെ ഭാവി വരനും ഇസ്രായേല്‍ സൈന്യത്തിന്റെ കയ്യാല്‍ കൊല്ലപ്പെട്ടു. മുഹമ്മദ് അല്‍സാദി എന്നായിരുന്നു അയാളുടെ പേര്. ഔദ്യോഗികമായ ഒരു കാര്യത്തിനുള്ള യാത്രയിലായിരിക്കവേയാണ് അയാള്‍ കൊല്ലപ്പെട്ടത്. റേഡിയോയിലൂടെയാണ് ഹുദ തന്റെ വരന്‍ കൊല്ലപ്പെട്ടതായി അറിയുന്നത്. 

ആണ്‍കുട്ടികളില്‍ ഇളയവനായിരുന്നു സാമിര്‍. ശലബി കുടുംബത്തിനെ വേട്ടയാടിയിരുന്ന ഇസ്രായേലി സൈന്യം അവന്റെ പേടി സ്വപ്‌നമായിരുന്നു. അവര്‍ തങ്ങളുടെ വീട്ടുസാമാനങ്ങളൊക്കെ നശിപ്പിക്കുകയും തന്റെ സ്‌കൂള്‍ പുസ്തകങ്ങളൊക്കെ പിച്ചി ചീന്തുകയും തങ്ങളുടെ എണ്ണ ഭരണകളിലൊക്കെ മൂത്രമൊഴിച്ചിടുകയും ചെയ്യുമ്പോള്‍ അവന്‍ പേടിച്ച് കട്ടിലിനടിയില്‍ പതുങ്ങിയിരിക്കാറാണ് പതിവ്. 13-ാമത്തെ വയസ്സില്‍ സ്‌കൂള്‍ മതിയാക്കി അവന്‍ പ്രതിരോധ സേനക്കൊപ്പം ചേര്‍ന്നു. താമസം പൂര്‍ണ്ണമായും മലമടക്കുകളിലായി. അവനെ ഇസ്രായേലി സൈന്യം വധിച്ചപ്പോള്‍ അവരുടെ നോട്ടപുള്ളികളായിരുന്ന 17 പേരില്‍ ഒരാളായിരുന്നു സാമിര്‍.  സാമിര്‍ കുറേ നാള്‍ താമസിച്ച സ്ഥലത്തു തന്നെയായിരുന്നു അവന്‍ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.

സാമിര്‍ നല്ലൊരു കുതിരസവാരിക്കാരനായിരുന്നു. ഹനക്കും കുതിരകളെ വലിയ ഇഷ്ടമായിരുന്നു. പക്ഷേ, ഒരു മൃഗഡോക്ടര്‍ ആവണമെന്ന ഉപ്പയുടെ ആഗ്രഹത്തിന് വഴങ്ങാന്‍ അവള്‍ തയ്യാറായില്ല. തുനീഷ്യയില്‍ പോയി നിയമം പഠിക്കുക എന്നതായിരുന്നു അവളുടെ സ്വപ്നം. അത് ഇനിയും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. സാമിറായിരുന്നു അവളുടെ അടുത്ത കൂട്ടുകാരന്‍. അവര്‍ പരസ്പരം എല്ലാ രഹസ്യങ്ങളും പങ്കുവെച്ചിരുന്നു. തന്റെ അവസാന അങ്കത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അവളോട് ഒരു കാര്യം അവന്‍ ആവശ്യപ്പെട്ടിരുന്നു. ചുവന്ന ഹനൂന്‍ പൂക്കള്‍ കൊണ്ട് തന്റെ ശവമഞ്ചം അലങ്കരിക്കണമെന്ന്. അവന്റെ ആഗ്രഹം അവള്‍ നിറവേറ്റി.

2009-ല്‍ സാമിര്‍ വധിക്കപ്പെട്ടതിന് ശേഷം, സഹോദരനെ രക്ഷിക്കാനായി ഇസ്രായേലിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടു എന്ന പേരില്‍ ഫലസ്തീന്‍ സര്‍ക്കാര്‍ ഹനയെ അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം അവര്‍ അവളെ ചോദ്യം ചെയ്തു. എന്നാല്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അവള്‍ നിഷേധിക്കുകയാണ് ചെയ്തത്. അതിന്റെ പേരില്‍ കുറേ മര്‍ദ്ദനങ്ങള്‍ക്കും അവള്‍ ഇരയായി. പിന്നീട് ഇസ്രായേല്‍ സൈന്യം അവളെ അറസ്റ്റ് ചെയ്തു. ഒരു ഭൂഗര്‍ഭ അറയിലാണ് അവളെ അവര്‍ പാര്‍പ്പിച്ചത്. മാസങ്ങളോളം ശാരീരികവും മാനസികവുമായ പീഢനങ്ങള്‍ക്ക് അവള്‍ ഇരയാക്കപ്പെട്ടു. എന്നാല്‍ ഇവയൊക്കെ പരാജയപ്പെട്ടതോടെ അവളെ ആറു മാസത്തെ കഠിന തടവിന് ശിക്ഷിച്ചു. അങ്ങനെ വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞ ശേഷം, 2011 ഒക്ടോബര്‍ 18-ന് ഹന മോചിപ്പിക്കപ്പെട്ടു. ഹമാസും ഇസ്രായേലും തമ്മിലുണ്ടാക്കിയ ഒരു സന്ധിയുടെ ഫലമായിരുന്നു ഈ മോചനം. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ ദിനങ്ങള്‍ ആസ്വദിച്ച് തീരുന്നതിന് മുമ്പ് വിധി മറ്റൊരു അറസ്റ്റിന്റെ രൂപത്തില്‍ കടന്നുവന്നു. അത് വളരെ ക്രൂരമായിരുന്നു എന്ന് ഹന ഓര്‍ക്കുന്നു. ജയിലര്‍മാര്‍ വളരെ മൃഗീയമായാണ് പെരുമാറിയത്. എന്നാല്‍ ഈ ജയില്‍വാസകാലം പുതിയൊരു സമരമുറ ഹന പരീക്ഷിച്ചു. 47 ദിവസത്തെ നിരാഹാര സമരം. സ്വന്തം മോചനമായിരുന്നു പ്രധാന ആവശ്യം.

സമരത്തിന്റെ അവസാന ഘട്ടത്തില്‍, ശരീരത്തിലേക്ക് മരണം അരിച്ചിറങ്ങുന്നുവെന്ന് തോന്നിയ സന്ദര്‍ഭം. എന്നാല്‍ അവള്‍ കണ്ണു തുറന്നത് ഒരു ഇസ്രായേല്‍ ആശുപത്രിയിലായിരുന്നു. കൈകാലുകള്‍ ചങ്ങലകള്‍ കൊണ്ട് കട്ടിലിനോട് ചേര്‍ത്ത് ബന്ധിച്ച നിലയില്‍. താന്‍ ഹൈഫയിലാണെന്ന് മനസ്സിലാക്കിയ അവളുടെ മുഖം പ്രസന്നമായി. എന്റെ കുടുംബം വന്നത് ഈ മണ്ണില്‍ നിന്നാണ്, അവള്‍ ആത്മഗതം ചെയ്തു. അവളുടെ ആവശ്യം മനസ്സിലാക്കിയ ജയില്‍ അധികൃതര്‍ അവളെ ആശുപത്രിക്ക് പുറത്തേക്കു കൊണ്ടുപോയി. ഹന ആദ്യമായിട്ടാണ് ഹൈഫ നഗരം കണ്ടത്. ഹൈഫ കണ്ടപ്പോള്‍ ഇനി ഇവിടെ കിടന്ന് മരിച്ചാല്‍ മതി എന്ന് തോന്നിപ്പോയി അവള്‍ക്ക്. ഇസ്രായേലും ഫലസ്തീന്‍ ഭരണകൂടവും തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരം ഹനക്ക് മോചനം ലഭിച്ചു. അവള്‍ നിരാഹാരം അവസാനിപ്പിച്ചു. എന്നാല്‍ അവളെ ഗസ്സയിലേക്ക് മാറ്റാനാണ് തീരുമാനമായത്. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം വെസ്റ്റ്ബാങ്കിലേക്ക് മാറ്റാമെന്നും കരാറില്‍ പറഞ്ഞിരുന്നു. പക്ഷേ, ഹന വെസ്റ്റ്ബാങ്കിലേക്ക് പോയില്ല. അല്ലെങ്കില്‍, ഇസ്രായേല്‍ സര്‍ക്കാരോ ഫലസ്തീന്‍ സര്‍ക്കാരോ അവരുടെ വാഗ്ദാനം പാലിച്ചുമില്ല.

ജീവിക്കാന്‍ തന്നെ ഹന തീരുമാനിച്ചു. യുദ്ധം പിച്ചിചീന്തിയ ഗസ്സയുടെ ഹൃദയഭൂവില്‍. ഞാന്‍ മരിക്കാന്‍ തീരുമാനിച്ചാല്‍ അത് ഇസ്രായേലികളുടെ വിജയമാണ്. അവരെ വിജയിക്കാന്‍ ഞാന്‍ അനുവദിക്കില്ല, ഇത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിശ്ചദാര്‍ഢ്യത്തിന്റെ തീപ്പൊരി കാണാമായിരുന്നു. ”വേദനകളെ മറന്ന് ജീവിക്കാനും മുന്നേറാനുമാണ് ഈ സമരം എനിക്ക് ഊര്‍ജ്ജം പകരുന്നത്”, ഹന പറഞ്ഞു നിര്‍ത്തി.

ബന്ധനത്തിന്റെ കയ്‌പേറിയ ജീവിതത്തിനപ്പുറമുള്ള സ്വാതന്ത്ര്യത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തേടിപ്പറക്കാന്‍ ഇന്നും അവള്‍ കൊതിച്ചു കൊണ്ടിരിക്കുന്നു.

വിവ: അനസ് പടന്ന

Related Articles