Current Date

Search
Close this search box.
Search
Close this search box.

എനിക്കിത്തിരി വെള്ളം തരൂ., വേണ്ടത്ര രാജ്യം ഞാന്‍ തരാം

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ കേള്‍ക്കാത്തവരുണ്ടാകില്ല..
മാസിഡോണിയന്‍ രാജാവ്..
കേവലം മുപ്പത്തിമൂന്ന് വയസ് വരെ മാത്രം ജീവിച്ച വിശ്വജേതാവ്..
ഓരോ രാജ്യങ്ങളെയും കീഴടക്കി അധീനപ്പെടുത്തല്‍ വലിയ
കിനാവായി കൊണ്ടു നടന്ന യോദ്ധാവ്…

എത്ര യുദ്ധങ്ങള്‍ ., എത്ര കൂട്ടക്കുരുതികള്‍ …
ഒടുക്കം അലക്‌സാണ്ടര്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ട് അലയേണ്ടി വരുന്ന
ഒരു രംഗമുണ്ട്..
ദാഹിച്ച് വലഞ്ഞ അദ്ദേഹം വരണ്ട് കേഴുന്നുണ്ട്….
‘എനിക്കാരെങ്കിലും ഇത്തിരി വെള്ളം തരൂ..
വേണ്ടത്ര രാജ്യം ഞാന്‍ തരാം…’

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കഥ പറയുന്ന നോവലാണ്
എന്‍ പി മുഹമ്മദിന്റെ തങ്കവാതില്‍ . .

യുദ്ധം ഹോബിയായി കൊണ്ടു നടന്ന ഒട്ടേറെ പേരുണ്ട്
ചരിത്രത്തില്‍ ..
അവരിലാരാണ് സംതൃപ്തിയോടെ ഈ ലോകത്ത് നിന്നും
വിടവാങ്ങിയത്..
ചരിത്രത്തില്‍ നിന്നൊന്നും പക്ഷെ അമേരിക്കക്ക് പാഠം പഠിക്കണമെന്നില്ല..
ജനാധിപത്യം സ്ഥാപിക്കാന്‍ മിസൈലും താങ്ങിയുള്ള
അമേരിക്കയുടെ പുറപ്പാട് നമ്മിലും ഭീതി വിതക്കുന്നുണ്ട്…
ബശ്ശാറുല്‍ അസദിന്റെ ക്രൂരതക്ക് മറു ക്രൂരത കൊണ്ട് മറുപടി ചെയ്യാനുള്ള
അമേരിക്കന്‍ പ്രേരണ എന്തുകൊണ്ടാണെന്ന് നമുക്കറിയാം..
സിറിയയല്ല.., ഇറാന്‍ തന്നെയാകും അമേരിക്കന്‍ ലക്ഷ്യം…

മുമ്പ് സദ്ദാമിന് ഇറാനിനെതിരെ രാസായുധം നല്‍കുകയും പിന്നീട്
ആ രാസായുധത്തിന്റെ പേരില്‍ ഇറാഖിനെ
തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്തതും ഇതേ അമേരിക്കയാണ്…

ഓണ്‍ലൈന്‍ ലോകത്തും ഇപ്പോള്‍ ചര്‍ച്ചകളൊക്കെ യുദ്ധത്തെ പറ്റി തന്നെ…
സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ  കുട്ടിക്കൃഷ്ണന്റെ അമേരിക്ക എന്ന കവിതയാണ് ഈയിടെ ഫേസ്ബുക്കില്‍ വല്ലാതെ പ്രചരിക്കുന്നത്…

കുട്ടിക്കൃഷ്ണന്റെ അമേരിക്ക, എന്റേയും..

കുട്ടിക്കാലത്ത്
കൂടെ പഠിച്ചിരുന്ന
കുട്ടിക്കൃഷ്ണന്‍ പറയുമായിരുന്നു
ഭൂമിക്കടിയില്‍ അമേരിക്കയാണെന്ന്..
പിന്നെ പിന്നെ എനിക്ക് മനസ്സിലായി..
അമേരിക്ക ആകാശത്തിലാണെന്ന്..
എന്തെന്നാല്‍ ,
ദിവസവും നമ്മുടെ മുറ്റത്ത് വീഴുന്നത്
അവന്റെ എച്ചിലുകളാണല്ലോ..
ഈയിടെ ലീവില്‍ നാട്ടില്‍ വന്നപ്പോള്‍
കുട്ടിക്കൃഷ്ണന്‍ പറഞ്ഞു..
അമേരിക്ക എല്ലായിടത്തുമുണ്ട്..
അവന്റെ ത്രിബിള്‍ എക്‌സ്
എന്നേയും ഒരമേരിക്കക്കാരനാക്കിയിരുന്നതിനാല്‍
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല..

ഭൂമിയില്‍ സദ്ദാമിന്റെ
അവസാനത്തെ നോട്ടം
മനുഷ്യനെ തിരഞ്ഞായിരുന്നു..

ഭൂമിയില്‍ നിശബ്ദത മാത്രം..

******************************************************

ദിനേശന്‍ വരിക്കോളിയുടെ ജീവിതം എന്ന
കവിതയാണ് താഴെ..

ജീവിതം

നിങ്ങള്‍ ജീവിതത്തെ കണ്ടിട്ടുണ്ടോ..
ചിലരുടെ ചിരിയില്‍ തൂങ്ങി
ചില കഥകളില്‍ നിറഞ്ഞ്..
ചില വഴികളിലങ്ങനെ അനാഥമായി കിടക്കുന്നത്..
അരുവിയായും കൊച്ചോളങ്ങളായും
ചില മഴകളില്‍ മാത്രം നിറഞ്ഞും
ചില വഴികളോട് മാത്രം കിന്നാരം പറഞ്ഞും..

ആരും കൊത്തിവെക്കാത്തത് കൊണ്ടാകും
ജീവിതം ഒരു ശില്‍പം പോലും ആകാതിരുന്നത്..

**************************************************************

സാധനങ്ങള്‍ക്കെല്ലാം തീ പിടിച്ച വിലയാണ്…
ഭരിക്കുന്നവര്‍ക്ക് ഗ്രൂപ്പ് വഴക്കുകള്‍ തീര്‍ക്കാന്‍ തന്നെ നേരമില്ല..
വിവാദങ്ങള്‍ ഒത്തു തീര്‍ക്കാന്‍ തന്നെ സമയം തികയുന്നില്ല…
ഈയൊരു വല്ലാത്ത നേരത്ത് പ്രചരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ നോക്കൂ…

തട്ടിക്കൊണ്ട് പോയ മകനെ തിരിച്ചു തരണമെങ്കില്‍ ഒരു പെട്ടി വലിയ ഉള്ളി വേണമെന്ന്  കൊള്ളക്കാര്‍..

Related Articles