Current Date

Search
Close this search box.
Search
Close this search box.

എത്രത്തോളം മതേതരമാണ് ഇന്നത്തെ ഫ്രാന്‍സ്?

mairian-french.jpg

‘ഒരാള്‍ ഫ്രഞ്ചുകാരനാവുക എന്നതിനര്‍ഥം അയാള്‍ യൂറോപ്യനും വെളുത്തവനും കത്തോലികനും ആയിരിക്കുക എന്നതാണ്’ ഈ പ്രസ്താവന യൂറോപിന്റെ മധ്യകാലഘട്ടത്തിലോ അല്ലെങ്കില്‍ കുരിശു യുദ്ധകാലഘട്ടത്തിലോ ആരെങ്കിലും നടത്തിയതാണെങ്കില്‍ നമുക്ക് മറക്കുകയും പൊറുക്കുകയും ചെയ്യാമായിരുന്നു. എന്നാലിത് തെരഞ്ഞെടുക്കപ്പെട്ട രാഷ്ടീയ പ്രവര്‍ത്തനും ബെസിഴേസ് നഗരത്തിലെ മേയറുമായ റോബര്‍ട്ട് മെനാന്‍ഡ് 2016 ല്‍ നടത്തിയ പ്രസ്താവനയാണ്. ഭരണകൂടവും ചര്‍ച്ചും തമ്മിലുള്ള വിഭജനം ഉറപ്പാക്കുകയും ഭരണകൂടം എല്ലാ മതങ്ങളില്‍ നിന്നും പൗരന്മാരില്‍ നിന്നും നിഷ്പക്ഷത പാലിക്കുമെന്നുമുള്ള 1905 നിയമം നടപ്പിലാക്കിയിട്ട് ഒരു നൂറ്റാണ്ടിനു ശേഷം ഒരു നേതാവ് നടത്തുന്ന പ്രസ്താവനയാണിത്.

മെനാര്‍ഡിന്റെ പ്രസ്താവന അര്‍ഥമാക്കുന്നത് ഫ്രഞ്ച് രാഷ്ട്രീയക്കാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കുമിടയില്‍ വളര്‍ന്നുവരുന്ന ഫ്രഞ്ച് സ്വത്വമെന്നാല്‍ ക്രിസ്ത്യന്‍ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണെന്ന വാദഗതിയുടെ തുടര്‍ച്ച മാത്രമാണ്. ഫ്രാന്‍സ് എന്നാല്‍ ചര്‍ച്ചുകളും ആശ്രമങ്ങളും കുരിശുകളുമടങ്ങുന്ന ആചാരങ്ങളുടെയും സംസ്‌കാരകങ്ങളുടെയും ഭാഗമായ ഒരു ക്രിസ്ത്യന്‍ രാജ്യമാണെന്ന് മുന്‍ പ്രസിഡണ്ടും 2017ലെ പ്രസിഡണ്ട് സ്ഥാനാര്‍ഥിയുമായ നിക്കോളാസ് സര്‍ക്കോസി ഈയിടെ ഫ്രാന്‍സിനെക്കുറിച്ച് വ്യക്തമാക്കുകയുണ്ടായി. ആരെങ്കിലും ഫ്രഞ്ച് രാഷ്ട്രീയക്കാരുടെ വിശ്വാസം പരീക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തെരെഞ്ഞടുപ്പു ചൂടുകാലത്ത് മാധ്യമങ്ങളില്‍ വരുന്ന അവരുടെ വാങ്മയ പ്രഭാഷണങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത രാഷ്ട്രീയ ആക്ഷേപങ്ങള്‍ പലവേദികളിയായി ഉയര്‍ത്തികൊണ്ടുവരുന്നത് നമുക്ക് കാണാന്‍ കഴിയും.

ഭരണകൂടത്തിന്റെ നിക്ഷ്പക്ഷത
2012 ല്‍ ഫ്രാന്‍സ്വ ഒലാന്‍ഡ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മാസങ്ങള്‍ക്കകം അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായി മാന്വല്‍ വാള്‍സ് സത്യപ്രതിജ്ഞ ചെയ്തത് കിപ്പാ യര്‍മുല്‍ഖി (ജൂതന്മാര്‍ മതാചാരപ്രകാരം ധരിക്കുന്ന തലപ്പാവ്) ധരിച്ചുകൊണ്ടായിരുന്നു. ആഭ്യന്തരമന്ത്രിക്കു സമാനമായരീതിയില്‍ ഇത് ഫ്രാന്‍സിലെ ജൂതന്മാരും അഭിമാനത്തോടെ ധരിക്കുന്നു. സമാനസംഭവം ഈ വര്‍ഷാദ്യത്തിലും നടക്കുകയുണ്ടായി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മര്‍ദനമേറ്റ ഒരു ഫ്രഞ്ച് ജൂത അധ്യാപകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രണ്ട് ഫ്രഞ്ച് എം.പിമാര്‍ ദേശീയ അസംബ്ലിക്കകത്ത് കിപ്പാ ധരിച്ചുവരികയുണ്ടായി. അതുപോലെ ഷാര്‍ലി എബ്ദോ മാഗസിനു നേരെ നടന്ന ഭീകരാക്രമണത്തെതുടര്‍ന്ന് പാരീസിലെ ജൂതദേവാലയത്തില്‍ നടന്ന ഇരകളുടെ അനുസ്മരണ പരിപാടിയിലും ഒലാന്‍ദും വാള്‍സും കിപ്പാ ധരിക്കുകയുണ്ടായി.

ഇത്തരം ഉദാഹരണങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം രാജ്യത്തെ ഭരണകൂടവും അതിന്റ പ്രതിനിധികളും വിവിധ മതസമുദായങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പക്ഷതയുമായി ബന്ധപ്പെട്ടതാണ്. സമാന ചേഷ്ടകളിലൂടെ ഫ്രഞ്ച് രാഷ്ട്രീയക്കാര്‍ ഫ്രഞ്ച് മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെങ്കില്‍ ഇത്തരം വിശ്വാസങ്ങള്‍ വെറുക്കപ്പെടേണ്ടതും ഒഴിവാക്കേണ്ടതുമായി അവര്‍ക്ക് അനുഭവപ്പെടുന്നു. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ രാജ്യത്താകമാനം ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു മന്ത്രിയോ അല്ലെങ്കില്‍ എം.പിയോ ശിരോവസ്ത്രം ധരിച്ചുവരികയാണെങ്കില്‍ അവര്‍ ഉറപ്പായും സെക്യുലര്‍ വിരുദ്ധരായി ചിത്രീകരിക്കപ്പെടും. ഭരണകൂടം ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഭരണകൂടം മതേതരത്വത്തില്‍ അധിഷ്ടിതമായിരിക്കുകയും ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു മതത്തിന്റെ ചിഹ്നങ്ങളെ മാത്രം ഉയര്‍ത്തിപ്പിടിക്കാന്‍ പാടില്ല. ഫ്രഞ്ച് രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ അവര്‍ ഏതെങ്കിലും ഒരു മതത്തെ ആദരിക്കുമ്പോള്‍ മറ്റുമതങ്ങളെയും അതിന്റെ ചിഹ്നങ്ങളെയും പൈശാചികവത്കരിക്കുകയുമാണ് ചെയ്യുന്നത്.

ശിരോവസ്ത്രം ധരിക്കുന്ന മുസ്‌ലിം സ്ത്രീകളെ ആക്ഷേപിക്കുക എന്നത് ഇവിടെ പൊതുവായ പ്രവണതയാണ്. അമേരിക്കയില്‍ അവര്‍ അടിമകളായി സ്വീകരിക്കുന്ന നീഗ്രോകള്‍ക്ക് സമാനമാണ് ശിരോവസ്ത്രം ധരിക്കുന്ന മുസ്‌ലിം സ്ത്രീകളെന്ന് ഫ്രാന്‍സിലെ വനിതാവകാശ മന്ത്രി ലൂണേര്‍സ് റോസിഗ്നോല്‍ കഴിഞ്ഞ മാര്‍ച്ചില്‍ പറയുകയുണ്ടായി. ഈ പ്രശ്‌നാധിഷ്ഠിത വിഷയങ്ങളെല്ലാം തന്നെ വ്യക്തമാക്കുന്നത് ഇസ്‌ലാമോഫോബിയ ശക്തിപ്പെടുത്തുന്നവരുടെ കെണിയില്‍പ്പെട്ട ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു എന്നതാണ്. പ്രത്യേകിച്ചും ഫ്രാന്‍സ് ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ ഒന്നില്‍ വ്യക്തമാക്കുന്നത് ‘ഫ്രാന്‍സ് അവിഭക്ത, മതേതര ജനാധിപത്യ സോഷ്യല്‍ റിപ്പബ്ലികാണെന്നും വംശത്തിന്റെയോ മതത്തിന്റെയോ വിവേചനം കൂടാതെ നിയമത്തിനു മുന്നില്‍ എല്ലാ പൗരന്മാരും സമന്മാരായിരിക്കുമെന്നും എല്ലാ വിശ്വാസങ്ങളെയും ആദരിക്കുകയും ചെയ്യുമെന്നായി’രിക്കെ.

ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രതീകം
ഈ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കേണ്ടിയിരിക്കുന്നു. മതേതരത്വ അടിസ്ഥാന തത്വങ്ങള്‍ ഉള്ള രാജ്യത്ത് എങ്ങനെയാണ് വിശ്വാസികള്‍ക്ക് രാഷ്ട്രീയക്കാരും ജനപ്രതിനിധികളുംമായിത്തീരാന്‍ കഴിയുന്നത്? ഫ്രഞ്ച് രാഷ്ട്രീയക്കാര്‍ ഒരു മതത്തെ പുണരുകയും മറ്റൊരു മതത്തെ -ഇസ്‌ലാമിനെ- കളങ്കപ്പെടുത്തുകയും ചെയ്യുമ്പോള്‍ അവര്‍ രാജ്യത്തിന്റെ ഭരണഘടനയെ മുറുകെ പിടിക്കുന്നുണ്ടോ?
ചോദ്യം അധികവും ആലങ്കാരികമാണ്. ഫ്രഞ്ച് റിപ്പബ്ലികിന്റെ പ്രതീകമായ മാരീന്‍ മൂടുപടം ധരിച്ചിട്ടില്ല അതുകൊണ്ടുതന്നെ അവള്‍ സ്വതന്ത്രയാണെന്ന് ഈയിടെ വാള്‍സ് പറയുകയുണ്ടായി. ഇത് വ്യക്തമാക്കുന്നത് ഒരാളില്‍ മതാചാരം ഉണ്ടാകുന്നത്- മുസ്‌ലിം സ്ത്രീ  ശിരോവസ്ത്രം ധരിക്കുന്നത്- സ്വാതന്ത്ര്യം എന്ന ജനാധിപത്യ ഭരണത്തിന്റെ അടിസ്ഥാനതത്വവുമായി ഏറ്റുമുട്ടുന്നു എന്നതാണ്. കഴിഞ്ഞ ഏപ്രിലില്‍ മറ്റൊരു പരിപാടിക്കിടെ അതിരൂക്ഷമായ രീതിയില്‍ മുസ്‌ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നതിനെ വാള്‍സ് വിമര്‍ശിക്കുകയാണ്ടായി. സ്ത്രീകളുടെ ദാസ്യത്തിന്റെ അടയാളമാണ് ശിരോവസ്ത്രം എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

ഇത്തരത്തിലുള്ള വിമര്‍ശനങ്ങളും അഭിപ്രായപ്രകടനങ്ങളും ഇസ്‌ലാം ഇവിടുത്തെ ജനാധിപത്യ ഭരണവുമായി ഒന്നിച്ചുചേരില്ല എന്ന ചട്ടക്കൂട് സൃഷ്ടിച്ചെടുക്കാന്‍ കാരണമായി, ഫ്രഞ്ച് ഭരണഘടനയിലെ മതേതരത്വതത്തിന്റെ സത്തയുമായി ഇത് വിയോജിക്കുന്നു. ഇത് മുസ്‌ലിംകളെ അപമാനിക്കുന്നതിലേക്കും ഈ അപമാനം മുസ്‌ലികള്‍ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുന്നതിലേക്കും നയിക്കുന്നു. ദീര്‍ഘകാലാടിസ്ഥനത്തിലത്, മുസ്‌ലിം വ്യക്തികളെ പൊതുധാരയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നതിലേക്ക് പിന്നീട് അത് ഫ്രാന്‍സിന്റെ സാമൂഹിക ഭദ്രതക്ക് വിള്ളല്‍ സംഭവിക്കുന്നതിലേക്കും നയിക്കുന്നു. കാരണം ഒറ്റപ്പെടലുകള്‍ മതതീവ്രവാദത്തിന്റെ വേരുകളിലേക്കും പിന്നീട് അത് വികസിക്കുന്നതിലേക്കും എത്തിപ്പെടുന്നു.

ഇതേകാര്യം സമകാലീന ഇസ്‌ലാമിക പഠനവിഭഗം പ്രഫസര്‍ താരിഖ് റമദാന്‍ ഈയിടെ എഴുതുകയുണ്ടായി.’ ‘നമ്മളെ’യും ‘അവരെ’യും നിര്‍വചിക്കുന്നതിനു പകരം – ഇത് മുസലിംകളെയും യൂറോപ്യരെയും വേര്‍തിരിക്കുന്നു- ‘നമ്മള്‍’ ഒരുമിച്ചുനില്‍ക്കുമെന്ന് ദൃഡവിശ്വാസത്തോടുകൂടി പറയാന്‍ നമുക്ക് കഴിയണം. പരസ്പര ആദരവിന്റെയും വിശ്വാസത്തിന്റെയും അതുപോലെ രാഷ്ട്രീയ സാമൂഹിക സ്ഥാപനങ്ങളെയും വ്യക്തികളെയും വിമര്‍ശനാത്മക സംവാദത്തിന്റെയും അടിസ്ഥാനത്തിലുള്ള പങ്കാളിത്തം നമുക്ക് ഉടനെത്തെന്നെ സ്ഥാപിച്ചെടുക്കാന്‍ കഴിയേണ്ടതുണ്ട്’.

അതുകൊണ്ടുതന്നെ വൈവിധ്യങ്ങളെുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ പൗരന്മാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതരത്തിലാണോ ഭരണകൂടം നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെപ്പറ്റി ഗൗരവമായ പുനരാലോന വളരെ അനിവാര്യമാണ്. അതുകൊണ്ടുതന്നെ മതേതര രാജ്യത്തിന്റെ യഥാര്‍ഥ സത്തയായ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ മുറുകെ പിടിക്കാന്‍ കഴിയേണ്ടതുണ്ട്.

നിലവിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലെ എന്റെ കാഴ്ചപ്പാട് ഫ്രാന്‍സ് ഇപ്പോഴും ഒരു മതേതര രാഷ്ട്രമാണോ എന്ന ചോദ്യത്തിന്റെ ഉത്തരം കൂടതല്‍ പ്രകടമാക്കുന്നതാണ്. ഫ്രഞ്ച് റിപ്പബ്ലിക്കനകത്തെ മതേതരത്വം എന്നത് ഇപ്പോഴും സ്‌റ്റേറ്റിന്റെ പൗരമാരോടുള്ള കടമയായി കേവലം സൈദ്ധാന്തികമായാണ് നിലകൊള്ളുന്നത്. ഈ സിദ്ധാന്തത്തെ ഉടനെത്തെന്നെ പ്രായോഗകവത്കരിക്കാന്‍ കഴിയേണ്ടതുണ്ട്.

(അലി സഅദ് ഫ്രഞ്ച് സോഷ്യോളജിസ്റ്റും മാധ്യമ നിരൂപകനുമാണ്)

വിവ: റഈസ്. ഇ.കെ

 

Related Articles