Current Date

Search
Close this search box.
Search
Close this search box.

ഉയിഗൂരില്‍ നിന്നുയരുന്ന കമ്മ്യൂണിസത്തിന്റെ സമാധാന തത്വങ്ങള്‍

നിയമവിരുദ്ധമായി മതപ്രബോധനം നടത്തിയെന്നും വംശീയ സ്പര്‍ധ വളര്‍ത്തിയെന്നും ആരോപിച്ച് 22 പേരെ ചൈനയില്‍ അറസ്റ്റ് ചെയ്ത സംഭവം മതനിരപേക്ഷതയും മതസ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഏതൊരാളിലും ആശങ്കള്‍ക്കിടയാക്കുന്നതാണ്. ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ താമസിക്കുന്ന സിന്‍ജ്യങ് പ്രവിശ്യയിലാണ് നടപടി. ചൈനയുടെ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ‘ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശമാണ് സിന്‍ജ്യങ്. ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ കാലങ്ങളായി തുടരുന്ന അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന വിമര്‍ശനം ശക്തമാണ്.

ടിബറ്റിലെ ബുദ്ധന്മാരെപ്പോലെ ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ ഉരുക്കു മുഷ്ടികളാല്‍ അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗമാണ് ഉയിഗൂര്‍ മുസ്‌ലിംകള്‍. മതനിരാസ നയം വെച്ചു പുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റുകളുടെ സ്വാഭാവിക സമീപനം എന്നതിലുപരി തികച്ചും വംശീയമായ ഇടപെടലുകളാണ് ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ഭരണകൂടം നടത്തുന്നത്. ഒരുകാലത്ത് മുസ്‌ലിംകള്‍ വന്‍ ഭൂരിപക്ഷമായിരുന്ന പ്രദേശത്ത് ചൈനീസ് സര്‍ക്കാര്‍ രാജ്യത്തെ ഹാന്‍ വംശജരെ കുടിയിരുത്തുകയും ജനസംഖ്യാപരമായ അട്ടിമറികള്‍ക്ക് ശ്രമിക്കുകയുമായിരുന്നു. ലക്ഷക്കണക്കിന് മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു.  ഇന്ന് പ്രദേശത്ത് 40 ശതമാനം ഹാന്‍വംശജരാണെന്ന് ഔദ്വോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.  2009 ല്‍ ഹാന്‍വംശജരും മുസ്‌ലിംകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 197 പേര്‍ കൊല്ലപ്പെടുകയും 1700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.മതപരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ നിന്നു പോലും ചൈനീസ് സര്‍ക്കാര്‍ ഉയിഗൂറുകളെ വിലക്കുന്നു. റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുന്നതിനെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ ഇവയുടെ ഭാഗമായിരുന്നു.. ഇത്തരം മനുഷ്യത്വ വിരുദ്ധ നടപടികളുടെ തുടര്‍ച്ചയായി  22 പേരുടെ അറസ്റ്റിനെയും വിലയിരുത്താവുന്നതാണ്.

1949-ലെ മാവോയിസ്റ്റ് വിപ്ലവാനന്തരം  ചൈനയോട് ബലപ്രയോഗത്തിലൂടെ ചേര്‍ക്കപ്പെട്ട സ്വതന്ത രാജ്യമാണ് പൂര്‍വ തുര്‍ക്കിസ്ഥാന്‍. ഈ അധിനിവേശത്തിനെതിരെ അന്നുമുതല്‍ നിരന്തരമായ പോരാട്ടങ്ങള്‍ സിന്‍ജ്യങില്‍ നടന്നു വരികയാണ്.  1955-ല്‍ മതപരമായും, ഭാഷാപരമായും സ്വയംഭരണമുള്ള പ്രദേശമായി സിന്‍ജ്യങിനെ ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അടിച്ചമര്‍ത്തല്‍ നടപടികള്‍ തുടരുകയായിരുന്നു. 2008 വരെ 130 ഓളം പള്ളികള്‍ തകര്‍ക്കുകയും നൂറിലധികം മദ്രസകള്‍ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. കള്ളക്കഥകള്‍ മെനഞ്ഞ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്യുകയും വധശിക്ഷ അടക്കമുള്ള ശിക്ഷകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. 1997ല്‍ മാത്രം 17,000 മുസ്‌ലിംകളെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

സമാധാനപരവും ക്ഷേമത്തിലധിഷ്ഠിതവുമായ ലോകം പണിയാന്‍  തിയറികള്‍ എഴുതിക്കൂട്ടി ലോക ജനതയുടെ മനം കവര്‍ന്നവരാണ് കമ്മ്യൂണിസത്തിന്റെ വക്താക്കള്‍. എന്നാല്‍, ആ തിയറികള്‍ പ്രായോഗിക വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ വിപരീത ഫലങ്ങളുളവാക്കുകയും ലോകത്തിന് നാശഹേതുവാകുകയും ചെയ്തുവെന്നത് ചരിത്ര യാഥാര്‍ത്ഥ്യം. സോവിയറ്റ് യൂണിയനും, ചൈനയും, സ്റ്റാലിനും, ക്രൂഷ്‌ചേവും, മാവോയുമെല്ലാം ഇത്തരം ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ സിംബലുകളാണ്. കമ്മ്യൂണിസത്തിന്റെ ഇത്തരം നീചമായ ചരിത്രത്തിലെ ഒരധ്യായം മാത്രമാണ് സിന്‍ജിയാങ്ങ്.

Related Articles