Current Date

Search
Close this search box.
Search
Close this search box.

‘ഉപ്പുകൂട്ടി ചോറ് തിന്നുന്നവര്‍’

ദില്ലി-മുറാദാബാദ് റോഡില്‍ 130 കിലോമീറ്റര്‍ കഴിഞ്ഞ് സിയെന്‍ ചൗകില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞു 15 കിലോ മീറ്റര്‍ യാത്ര ചെയ്താല്‍ മലിക് പുല്ലുപുര ഗ്രാമത്തിലെത്തും. ഹ്യൂമണ്‍ വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ‘വിഷന്‍-2016’ പദ്ധതിയനുസരിച്ച് പണിത് വരുന്ന മാതൃകാഗ്രാമമാണിത്. ഗോതമ്പ് വയലുകള്‍ നിറഞ്ഞ ഈ ഗ്രാമത്തിലെ രണ്ടിയിരം നിവാസകളില്‍ ഒരൊറ്റ ബിരുദധാരിയും, പതിനേഴ് സെക്കണ്ടറി വിദ്യാഭ്യാസം കഴിഞ്ഞവരും മാത്രമേ ഉള്ളൂ. റോഡിനപ്പുറവുമിപ്പുറവും പള്ളികളും മദ്‌റസകളും മല്‍സരിച്ചു പണിയുന്ന മലയാളിക്ക് സങ്കല്‍പിക്കാവുന്നതിനപ്പുറത്താണ് ഇത്തരം ഗ്രാമങ്ങളുടെ പതിതാവസ്ഥ. അവിടെ ഒരു വീടിന്റെ ചെലവ് വരുന്നത് എഴുപത്തി അയ്യായിരത്തിനും തൊണ്ണൂറായിരത്തിനടക്കമുള്ള രൂപയാണ്! ഇരുപതിനായിരത്തില്‍ താഴെ ചെലവില്‍ ഇതിനകം അന്‍പത് ഹാന്‍ഡ് പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്ര ലളിതമായ സംഖ്യക്ക് വീടും, ടോയ്‌ലെറ്റും പമ്പുമൊക്കെ കിട്ടിയവര്‍ ഏറെ സംതൃപ്തരാണ്. രണ്ടര കോടി ചെലവ് വരുന്ന പദ്ധതിയില്‍ മുതിര്‍ന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വിദ്യാ കേന്ദ്രങ്ങള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പള്ളി, ടൈലറിംഗ് പരിശീലന കേന്ദ്രം, ഹെല്‍ത്ത് സെന്റര്‍, മൈക്രോ ഫൈനാന്‍സ്, റോഡ് തുടങ്ങിയവയും പെടുന്നു. ഗ്രാമത്തിലെ ഏക ദലിത് ആയ സുഭാഷിനും വീട് കിട്ടിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇനിയും ഇത്തരം ഗ്രാമങ്ങള്‍ ഉണ്ടാക്കാന്‍ ട്രസ്റ്റിനു പരിപാടിയുണ്ട്. സമ്പന്നര്‍ അവരുടെ മിച്ച ധനത്തില്‍ നിന്നും അല്ലാത്തവര്‍ ചെലവൊന്നു ചുരുക്കിയും ഒത്ത് പിടിച്ചാല്‍ ഇത്തരം അനേകം സഹജീവികള്‍ക്ക് തലചായ്ക്കാനും, അക്ഷരം പഠിക്കാനുമൊക്കെ അവസരം ലഭിക്കും.

വെല്‍ഫയര്‍ പാര്‍ട്ടി അധ്യക്ഷന്‍ മുജ്തബ ഫാറൂഖ് പറഞ്ഞ ഒരനുഭവം. ഒരുത്തരേന്ത്യന്‍ ഗ്രാമത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ ചെന്നപ്പോള്‍ നാട്ടുകാര്‍ പറഞ്ഞു.’നെയ്യും പരിപ്പും വേണ്ട. അതിനും കൂടി അരി കിട്ടിയാല്‍ ഞങ്ങള്‍ക്ക് ഉപ്പുകൂട്ടി ചോറ് തിന്നാം…’

Related Articles