Current Date

Search
Close this search box.
Search
Close this search box.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ ബാധ്യത നിര്‍വഹിച്ചോ?

പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ട ബാധ്യത സര്‍ക്കാറുകള്‍ക്കുണ്ട്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള സര്‍ക്കാര്‍ ആ ബാധ്യതകള്‍ നിര്‍വക്കുന്നുണ്ട് എന്ന് വേണമെങ്കില്‍ പറയാം. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന സാക്ഷരതാ നിലവാരമാണ് കേരളം കാഴ്ചവെക്കുന്നത്.  ദേശീയ സാക്ഷരതാ നിരക്ക് 65.38 ശതമാനമാകുമ്പോള്‍ കേരളത്തില്‍ അത് ദേശീയ ശരാശരിയേക്കാള്‍ 25.48 ശതമാനം ഉയര്‍ന്ന് 90.86 ശതമാനമാണ്. സാക്ഷരതാ നിരക്ക് ഉയര്‍ത്തുന്നതില്‍ സ്‌കൂളുകള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. എന്നാലും കേരളത്തിലെ സകൂളുകളുടെ ഗുണനിലവാരത്തെക്കുറിച്ചും പരാതികള്‍ നിലനില്‍ക്കുന്നുണ്ട് എന്നത് സര്‍ക്കാര്‍ മറന്നു പോകാന്‍ പാടില്ല.

ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതി വിലയിരുത്തേണ്ടത് സാക്ഷരതാ നിരക്ക് പരിഗണിച്ച് കൊണ്ട് മാത്രമല്ല. സക്ഷരതയുണ്ടാവുക എന്നത് വിദ്യാഭ്യാസത്തിന്റെ പ്രാഥമിക തലം മാത്രമാണ്. വിദ്യാഭ്യാസ പുരോഗതി ഉന്നത വിദ്യാഭ്യാസം കൂടി പരിഗണിച്ച് കൊണ്ടാണ് അളക്കപ്പെടുന്നത്. രാജ്യ നിവാസികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാറുകളുടെ ബാധ്യതയാണ്. എന്നാല്‍ കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതികമായ സീറ്റുകളില്ല എന്നത് കേരളം പോലൊരു സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. സാംസ്‌കാരികമായി ഏറെ ഉയര്‍ന്ന് നില്‍ക്കുന്ന കേരള ജനത അക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ല എന്ന് പറയാന്‍ കഴിയില്ല. മറിച്ച് വിദ്യാഭ്യാസ രംഗത്തെ മുരടിപ്പില്‍ പ്രതികളാകുന്നത് മാറിമാറി വരുന്ന സര്‍ക്കാരുകളാണ്. പ്രത്യേക പ്രദേശങ്ങളോടോ വംശങ്ങളോടോ ഉള്ള അവഗണനയാണ് എന്ന് തോന്നിക്കും വിധമാണ് കേരളത്തില്‍ മലബാര്‍ മേഖല ഉന്നത വിദ്യാസ രംഗത്ത് ഏറെ പിറകിലായിരിക്കുന്നത്.

സെകന്ററി സ്‌കൂള്‍ ഫലം പുറത്ത് വന്നതോടു കൂടി ഹയര്‍സെകന്ററി വിദ്യാഭ്യാസത്തിനായി സീറ്റുകള്‍ തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് കേരളത്തിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. എന്നാല്‍ ഉന്നത വിദ്യഭ്യാസത്തിന് യോഗ്യരായ വലിയ ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും അതിനുള്ള സാഹചര്യം ഒരുക്കാന്‍ വിദ്യഭ്യാസ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാരുകള്‍ക്കാകുന്നില്ല എന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്. കേരളത്തില്‍ മലബാര്‍ മേഖലയില്‍ 75,000 സീറ്റുകള്‍ കുറവുണ്ടെന്ന് ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നുണ്ട്. അതായത് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായ 75,000 കുട്ടികളോട് നിങ്ങള്‍ക്ക് സീറ്റ് തരാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ തന്നെ പറുയന്നു. അനൗദ്യോഗികമായ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ സംഖ്യ ഒരു പക്ഷെ ഇനിയും കൂടി എന്നു വരാം. ഇത്രയും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കണമെന്നുണ്ടെങ്കില്‍ പുതിയ സ്‌കൂളുകള്‍ ഇനി അനുവദിക്കേണ്ടതായി വരും. എന്നാല്‍ ഈ വര്‍ഷം പുതിയ സ്‌കൂളുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നാണ് കേരളം ഭരിക്കുന്ന മുന്നണിയുടെ നിലപാട്. മലബാര്‍ മേഖല ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറെ പിറകിലാകാന്‍ തന്നെ കാരണം സര്‍ക്കാരിന്റെ മലബാറിനോടുള്ള അവഗണനയായിരുന്നു. പ്ലസ്ടു സീറ്റുകള്‍ മലബാര്‍ മേഖലയില്ലെന്നത് പോലും സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നത് അടുത്ത കാലത്താണ്. കേരളത്തിലെ ഒരു വിദ്യാര്‍ത്ഥി സംഘടനയാണ് കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നതും കണക്കുകള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കുന്നതും. യഥാര്‍ത്ഥത്തില്‍ ഇത് സര്‍ക്കാര്‍ നിര്‍വഹിക്കേണ്ട ചുമതലയായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള കാര്യക്ഷമമായ പഠനങ്ങളില്ലാതെ പോയത് സര്‍ക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനങ്ങളായിരുന്നു.

പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നതിന് സാമ്പത്തിക പരമായ പ്രശ്‌നങ്ങളാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഫണ്ടുകളുടെ ദുര്‍വിനിയോഗവും ദൂര്‍ത്തും കുറച്ച് കാര്യക്ഷമമായി ഫണ്ടുകള്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അടിയന്തിരാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഫണ്ടുകള്‍ കണ്ടെത്താന്‍ സര്‍ക്കാറിന് കഴിയും. സര്‍ക്കാര്‍ ഫണ്ടുകളില്‍ വലിയ ഭാഗവും ചെലവഴിക്കുന്നത് വലിയ കമ്പനികള്‍ക്ക് മുതല്‍ മുടക്കാന്‍ കഴിയും വിധം കേരളത്തിലെ നഗരങ്ങളെ വ്യവസായ നഗരങ്ങളാക്കാനാണ്. എന്നാല്‍ സാധാരണക്കാരന്റെ അവകാശങ്ങളെ ഹനിച്ച് കൊണ്ടാകരുത് ഇത്തരം പ്രവര്‍ത്തനങ്ങള്‍. സര്‍ക്കാര്‍ പദ്ധതികള്‍ ജനപക്ഷപരവും രാജ്യത്തെ പൗരന്മാരെ എല്ലാവരെയും ലക്ഷ്യം വെച്ച് കൊണ്ടുള്ളതായിരിക്കണം. അത് ക്ഷേമ പദ്ധതികള്‍ക്ക് മാത്രമല്ല വിദ്യാഭ്യാസ പദ്ധതികള്‍ക്ക് കൂടി ബാധകമാണ്. പദ്ധതികള്‍ നടപ്പിലാക്കുന്നേടത്ത് പ്രാദേശികമോ മതപരമോ ആയ അവഗണകള്‍ക്ക് ഇടയില്ലാത്തവിധം നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടതും സര്‍ക്കാര്‍ ബാധ്യതയാണ്.

Related Articles