Current Date

Search
Close this search box.
Search
Close this search box.

ഈ നിശബ്ദ നിലവിളികള്‍ക്ക് അന്ത്യമുണ്ടോ?

murder333.jpg

‘കാമുകനൊപ്പം താമസിച്ച മാതാവ് രണ്ട് കുട്ടികളെ കഴുത്ത് മുറുക്കി കൊന്നു’. ഇത് ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാര്‍ത്തകളിലൊന്നാണ്. കൊല്ലപ്പെട്ടവരുടെ കുട്ടികളുടെ പേര് ദിഹൂഷ്, ഷിഫാ പര്‍വിന്‍. മാതാവിന്റെ പേര് സീനത്ത്. കാമുകന്‍ ഭര്‍ത്താവിന്റെ ബന്ധുവായ മുനീര്‍! ഇവര്‍ കേരളത്തിലെ ജനസംഖ്യയുടെ 26.8 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തിലെ അംഗങ്ങളാണ്. ഈ സമുദായത്തിന്റെ പ്രത്യേകത വളരെ വലുതാണ്. മുപ്പതിലധികം പത്രമാധ്യമ പ്രസിദ്ധീകരണങ്ങളും ആയിരക്കണക്കിന് മദ്രസകളും പള്ളികളും രാഷ്ട്രീയ മത കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ വേര്‍പിരിഞ്ഞ് പരസ്പരം കലഹിക്കുകയും ഇടക്കൊക്കെ ‘ഉത്തമ സമുദായ’ത്തിന്റെ ഓര്‍മ പുതുക്കലിനായി മുസ്‌ലിം സൗഹൃദ വേദിയിലൊന്നിക്കുകയും ചെയ്യുന്നവര്‍. യഥാര്‍ഥത്തില്‍ സമുദായമാണോ പ്രശ്‌നമെന്നു ചോദിച്ചാല്‍ അല്ല, സമുദായ നേതൃത്വങ്ങളാണെന്ന് നമുക്ക് പറയേണ്ടിവരും. ഈ സമുദായത്തിലെ ഓരോ മനുഷ്യനോടും നേതൃപരമായ ബാധ്യതയുണ്ട് എന്ന് ഒരു ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വസിക്കേണ്ട ഒരു വലിയ നേതൃസമൂഹം നമുക്കുണ്ട്. പക്ഷെ, അവര്‍ എവിടെയാണ്. ഏതായാലും അവര്‍ ജനങ്ങള്‍ക്കിടയിലല്ല. ആയിരുന്നെങ്കില്‍ ഒരേ സമയം സംഘടിതമായും സാമ്പത്തികമായും ശക്തരായ ഒരു സമുദായം പത്രങ്ങളിലൂടെ ബാക്കി വരുന്ന 73.2 ശതമാനം ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ഇത്ര വികൃതമാകുമായിരുന്നില്ല.

മുകളില്‍ സൂചിപ്പിച്ചത് കേവലമായ ഒരു വാര്‍ത്തയല്ല. നിലനില്‍ക്കുന്ന ആദര്‍ശ രാഹിത്യത്തിന്റെ സ്പന്ദനങ്ങളാണ്. കോട്ടയത്തെ നാല് വയസ്സുകാരനായ ഷഫീഖിനെ ഇനിയും നാം മറന്നിട്ടില്ല. അരീക്കോട്ടെ മുപ്പത്തിരണ്ട് വയസ്സുകാരനായ ശരീഫ് കൊന്നുതള്ളിയത് ഹൈഫ എന്ന രണ്ടു വയസ്സുകാരിയെയും ഫാത്തിമ ഫിദ എന്ന നാല് വയസ്സുകാരിയെയുമാണ്. പൂന്തോട്ടത്തിലെ ശലഭങ്ങളെ പോലെ നിഷ്‌കളങ്കരായിരുന്നില്ലേ ആ കുരുന്നുകള്‍. മക്കളെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്ന അവരുടെ മാതാവ് സാബിറയെയും അവന്‍ കൊന്നുതള്ളി. അവള്‍ എന്ത് അപരാധമായിരുന്നു ചെയ്തത്! പാരായണം ചെയ്യുന്ന ഖുര്‍ആനിലെ വരികള്‍ ഇവര്‍ മറന്നുപോയിരിക്കുന്നുവോ? ‘ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട് അവള്‍ എന്തു കുറ്റത്തിന് വധിക്കപ്പെട്ടു എന്നു ചോദിക്കപ്പെടുമ്പോള്‍, കര്‍മപുസ്തകങ്ങള്‍ നിവര്‍ത്തപ്പെടുമ്പോള്‍, ആകാശത്തിന്റെ മറ മാറ്റപ്പെടുമ്പോള്‍, നരകം ആളിക്കത്തിക്കപ്പെടുമ്പോള്‍, സ്വര്‍ഗം അടുപ്പിക്കപ്പെടുമ്പോള്‍ അന്ന് ഓരോ മനുഷ്യനും താന്‍ എന്തുമായിട്ടാണ് വന്നതെന്നറിയുന്നു’.(ഖുര്‍ആന്‍ 81:8-14). യഥാര്‍ഥത്തില്‍ ഇവര്‍ മറന്നുപോകുകയായിരുന്നില്ല. മറിച്ച് ഇവരെ ഓര്‍മപ്പെടുത്തേണ്ട മതനേതാക്കള്‍ ഉറങ്ങുകയാണ്. അധികാരത്തിന്റെ, സമ്പത്തിന്റെ, ആസ്വാദനാസക്തികളുടെ സുഖാലാസ്യങ്ങളില്‍ അഭിരമിക്കുകയാണവര്‍. പൗരോഹിത്യത്തെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞ വചനങ്ങള്‍ അവര്‍ ചെവികൊള്ളുന്നില്ല. ‘ അല്ലയോ വിശ്വസിച്ചവരേ, വേദവാഹകരിലെ മിക്ക പണ്ഡിതന്മാരും പുരോഹിതന്മാരും ജനത്തിന്റെ മുതലുകള്‍ നിഷിദ്ധ മാര്‍ഗങ്ങളിലൂടെ തിന്നുകയും അവരെ ദൈവികസരണിയില്‍നിന്നു തടയുകയുമത്രെ ചെയ്തുകൊണ്ടിരിക്കുന്നത്. പൊന്നും വെള്ളിയും കൂട്ടിവെക്കുകയും ദൈവികമാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ, വേദനയേറിയ ശിക്ഷയുടെ സുവാര്‍ത്തയറിയിച്ചുകൊള്ളുക’.(ഖുര്‍ആന്‍ 9:34).

കേരളത്തില്‍ മതസംഘടന തര്‍ക്കങ്ങള്‍ക്ക് ചിലവഴിക്കുന്ന പണത്തിന്റെ പകുതിയുണ്ടായിരുന്നെങ്കില്‍ മഹല്ല് സംവിധാനങ്ങളിലൂടെ ഈ സമുദായത്തെ എത്ര ഉദ്ബുദ്ധമാക്കാമായിരുന്നു. വ്യാജമുടിയുടെ പരമ്പര തെളിയിക്കുവാന്‍ കിതാബുകള്‍ പരതുന്ന ഈ പുരോഹിതന്മാര്‍ ഖുര്‍ആനിലെ ധാര്‍മിക കുടുംബ വ്യവസ്ഥയുടെ ദൈവിക കല്‍പനകളില്‍ കണ്ണോടിച്ച് ഈ പാവപ്പെട്ട ജനത്തിനൊന്ന് പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ ഈ നിസ്സഹായരും നിഷ്‌കളങ്കരുമായ കുട്ടികളുടെ ശ്വാസം നിലക്കുമായിരുന്നില്ലല്ലോ. നാം ഈ ഉത്തമസമുദായം എവിടെ എത്തിനില്‍ക്കുന്നു എന്നറിയാന്‍ തൊട്ടടുത്ത ദിവസം തിരൂരില്‍ നടന്ന സംഭവത്തിലേക്കൊന്ന് തിരിഞ്ഞുനോക്കിയാല്‍ മതി. ചാനല്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനൊപ്പം ബീവറേജില്‍ ക്യൂ നില്‍ക്കാന്‍ ശ്രമിച്ച മുസ്‌ലിം പെണ്‍കുട്ടിക്കും ഭര്‍ത്താവിനും മര്‍ദ്ദനമേറ്റു. സമുദായത്തെ അടക്കി ആക്ഷേപിക്കുകയല്ല. പക്ഷെ കേരളത്തിലെ മത സംഘടന നേതൃത്വം ആത്മാര്‍ഥമായി ഒന്നു ശ്രമിച്ചാല്‍ ഈ സമുദായത്തെ മാതൃകാ സമൂഹമാക്കി വളര്‍ത്തിയെടുക്കുവാന്‍ എത്രയധികം സംവിധാനങ്ങളാണ് നമുക്കുള്ളത്.

മത സമുദായ നേതാക്കളെ! ഈ ആലസ്യത്തില്‍ നിന്നൊന്നുണരൂ. ഈ അരാചകത്വത്തിന് തടയിടാന്‍, ഈ സമുദായത്തെ രക്ഷിക്കാന്‍ സര്‍വോപരി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സത്യസാക്ഷ്യം നിര്‍വഹിക്കുക!.
 

Related Articles