Current Date

Search
Close this search box.
Search
Close this search box.

ഈ നിന്ദ്യത ജോര്‍ദാന്‍ മറക്കില്ല

jordan-israel.jpg

മസ്ജിദുല്‍ അഖ്‌സ കവാടങ്ങളിലെ ഇലക്ട്രോണിക് ഗേറ്റുകള്‍ നീക്കം ചെയ്യാനുള്ള ഇസ്രയേല്‍ തീരുമാനം അമ്മാനിലെ ഇസ്രയേല്‍ എംബസിയിലെ സെക്യൂരിറ്റി ജീവനക്കരാനാല്‍ കൊല്ലപ്പെട്ട രണ്ട് ജോര്‍ദാന്‍ പൗരന്‍മാരുടെ കാര്യത്തിലുണ്ടാക്കിയ നീക്കുപോക്കിന്റെ പേരിലാണെങ്കിലും, അതല്ല അഖ്‌സക്ക് വേണ്ടി രംഗത്ത് വന്ന ഫലസ്തീനികളുടെ ആവശ്യങ്ങള്‍ക്ക് മുമ്പിലെ കീഴടങ്ങലാണെങ്കിലും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവാണ്. കാരണം പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാനും തന്റെ മുഖം രക്ഷിക്കാനുമുള്ള അവസരമാണ് ഇതിലൂടെ അദ്ദേഹത്തിന് ലഭിച്ചത്.

ഈ പ്രതിസന്ധിയിലെ ഏറ്റവും വലിയ നഷ്ടം ഒരു ഭരണകൂടമെന്ന നിലയില്‍ ജോര്‍ദാനാണ്. അതിലവര്‍ സ്വീകരിച്ച നിലപാട് ദൗര്‍ബല്യവും അശക്തിയും വിളിച്ചോതുന്നതാണ്. അല്‍അഖ്‌സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും രക്തസാക്ഷികളോടും അല്‍അഖ്‌സയുടെ കാവല്‍ഭടന്‍മാരോടും അനുഭാവം പ്രകടിപ്പിച്ചും ജോര്‍ദാന്‍ തെരുവുകളിലുയര്‍ന്ന ജനരോഷത്തിന്റെ നിലവാരമെങ്കിലും അതില്‍ കാണിക്കേണ്ടിയിരുന്നു. ജോര്‍ദാന്‍ വാര്‍ത്താവിനിമയ മന്ത്രി ഡോ. മുഹമ്മദ് മൂംനിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സ്വഫ്ദി പറഞ്ഞത്, വേദനാജനകമായ ഈ സംഭവത്തെ സംബന്ധിച്ച് എന്തെങ്കിലും ധാരണകളോ ചര്‍ച്ചകളോ ഇല്ലെന്നും എന്നാല്‍ നീതിപൂര്‍വമുള്ള അന്വേഷണം ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമാണ്. ഈ കുറ്റകൃത്യം ചെയ്ത വ്യക്തിയുടെ മൊഴിയെടുത്തിട്ടല്ലാതെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഭരണകൂടം ഉറച്ചു നിന്നെന്നും അദ്ദേഹം പറഞ്ഞു. ഈ സംസാരത്തെയും അതിന്റെ ഉടമയെയും നാം ആദരിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ ഇസ്രയേലിന്റെ പ്രകോപനപരമായ നടപടിയില്‍ നിന്ദ്യത നേരിട്ട ജോര്‍ദാന്‍ ജനതയിലെ ചെറിയൊരു വിഭാഗത്തിന്റെ പോലും രോഷം ശമിപ്പിക്കാന്‍ അതിന് കഴിഞ്ഞിട്ടില്ല.

നയതന്ത്ര വിഷയങ്ങളിലെ വിയന്ന കരാറനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് ജോര്‍ദാന്‍ ഭരണകൂടം പറയുന്നത്. എന്നാല്‍ സംഭവം നടന്ന് ആറ് മണിക്കൂറിനകം ഇസ്രയേല്‍ എംബസിയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും യാതൊരു തടസ്സവുമില്ലാതെ രാജ്യം വിട്ടുപോയി എന്നത് ശ്രദ്ധേയമാണ്. രണ്ട് ജോര്‍ദാന്‍ പൗരന്‍മാരെ നിഷ്ഠൂരമായ കൊലചെയ്ത സുരക്ഷാ ജീവനക്കാരനും അക്കൂട്ടത്തിലുണ്ടായിരുന്നു. ഈ ഒളിച്ചോട്ടം എങ്ങനെ സാധ്യമായി എന്ന് നമുക്കറിയില്ല. ഭരണകൂടത്തിന്റെ അറിവോടെയും സഹകരണത്തോടെയുമായിരുന്നോ ഇത്?

കൊലയാളിയെയും കുറ്റവാളികളായ അദ്ദേഹത്തിന്റെ കൂട്ടാളികളെയും എംബസി വിട്ടുപോകാന്‍ എന്തുകൊണ്ട് ജോര്‍ദാന്‍ ഭരണകൂടം അനുവദിച്ചു എന്നാണ് നാം ചോദിക്കുന്നത്. കൊല്ലപ്പെട്ട ജവാവദയുടെ കുടുംബത്തെ സ്വീകരിച്ച് ആഭ്യന്തര മന്ത്രി ഗാലിബ് സഅബി അദ്ദേഹത്തിന്റെ രക്തത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുത്തിരിക്കുവെന്ന് പ്രഖ്യാപിക്കുകയും കൊലയാളിക്കെതിരെ നീതി നടപ്പാക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരിക്കെയാണിത്. കൊലയാളി ജോര്‍ദാന്‍ വിട്ടുപോയതും ജേതാക്കള്‍ക്ക് നല്‍കുന്ന സ്വീകരണം നെതന്യാഹുവിന്റെ ഭാഗത്തു നിന്നും അവര്‍ക്ക് ലഭിച്ചതും ഒരുപക്ഷേ അദ്ദേഹം അപ്പോള്‍ അറിഞ്ഞിട്ടുണ്ടാവില്ല. ജോര്‍ദാന്‍ ഭരണകൂടത്തിനും ജനതക്കും നേരെയുള്ള അവഹേളനം തന്നെയാണിത്.

ഫലസ്തീനിനും അവിടത്തെ വിശുദ്ധ മണ്ണിനും വേണ്ടി ആയിരക്കണക്കിന് രക്തസാക്ഷികളെ സംഭാവന ചെയ്തിട്ടുള്ളവരാണ് ജോര്‍ദാന്‍ ജനത. അത്തരം ത്യാഗങ്ങള്‍ ഇനിയും ചെയ്യാനും അവര്‍ക്ക് മടിയില്ല. ജനറല്‍ മശ്ഹൂര്‍ ഹദീഥത്തുല്‍ ജാസിയുടെ നേതൃത്വത്തില്‍ ജോര്‍ദാന്‍ സൈന്യം നടത്തിയ പോരാട്ടം ഫലസ്തീന്‍ ജനതക്കോ അറബ് സമൂഹങ്ങള്‍ക്കോ മറക്കാനാവില്ല. 1967 ജൂണിലെ പരാജയത്തിന്റെ ഗര്‍ത്തത്തിലെ പ്രകാശത്തിന്റെ വെള്ളിരേഖയായിരുന്നു അത്. ക്രൂരനായ ശത്രുവിനെതിരെ വിജയിക്കാമെന്ന പ്രത്യാശ വീണ്ടെടുത്ത പോരാട്ടമായിരുന്നു അത്. എന്നാല്‍ അമ്മാന്റെ ഹൃദയഭാഗത്ത് ഭീകരനായ ഇസ്രയേല്‍ കാവല്‍ക്കാരന്റെ കൈകളാല്‍  നടന്ന ഈ കുറ്റകൃത്യം ധീരമായ ആ നിലപാടുകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.

‘എംബസി രക്തസാക്ഷി’ ജവാവദയുടെ ജനാസയില്‍ പങ്കെടുത്ത ആയിരങ്ങള്‍ റോഡിലിറങ്ങിയത് ‘ഇസ്രയേല്‍ തുലയട്ടെ’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു. ഇസ്രയേല്‍ എംബസി അടച്ചുപൂട്ടാനും വാദി അറബ സമാധാന കരാര്‍ റദ്ദാക്കാനും അവര്‍ ആവശ്യപ്പെട്ടു. ജോര്‍ദാന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെയും സ്പീക്കറുടെയും പിന്തുണ അവര്‍ക്കുണ്ടായിരുന്നു. ജോര്‍ദാന്റെ അന്തസ്സും ദേശീയബോധവും ആഴത്തില്‍ വേരുറച്ചതും ശോഭിക്കുന്നതുമാണെന്നാണത് വ്യക്തമാക്കുന്നത്. നിരവധി രക്തസാക്ഷികള്‍ക്ക് ജന്മം നല്‍കിയ ത്യാഗങ്ങള്‍ക്ക് ഫലഭൂയിഷ്ടിയുള്ള മണ്ണാണത്.

രക്തസാക്ഷികളുടെ കൊലയാളിയെ ഒരു കുറ്റവാളിയായി കോടതിക്ക് മുന്നില്‍ ഹാജരാക്കുന്നതിനും അയാളുടെ ഭരണകൂടത്തില്‍ നിന്ന് വലിയ തുക നഷ്ടപരിഹാരം ഈടാക്കുന്നതിനും മുമ്പ് ഇത്രവേഗം ഒളിച്ചോടി രക്ഷപ്പെടാന്‍ വിടരുതായിരുന്നു. ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പോലും എന്തുകൊണ്ട് ഏതാനും ദിവസങ്ങള്‍ എംബസിയില്‍ അയാളെ തടഞ്ഞുവെച്ചില്ല? ജോര്‍ദാന്‍ ജനതയുടെ രോഷത്തില്‍ നിന്ന് സംരക്ഷിക്കാനെന്ന പേരില്‍ അത് ചെയ്യാമായിരുന്നില്ലേ? അത് ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കില്‍ അതിന് വേറെയും മാര്‍ഗങ്ങളുണ്ടായിരുന്നു.

രക്തസാക്ഷിയായ യുവാവ് തന്റെ പക്കലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവറുപയോഗിച്ച് കുത്താന്‍ ശ്രമിച്ചു എന്ന ന്യായമാണ് ഇസ്രയേല്‍ എംബസി കാവല്‍ക്കാരന്റെ വാദം. സംശയങ്ങള്‍ നിലനില്‍ക്കുന്ന വാദമാണിത്. അത് ശരിയാണെങ്കില്‍ തന്നെയും അയാള്‍ വെടിവെച്ചത് ആത്മരക്ഷാര്‍ത്ഥമല്ല, മറിച്ച് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്. കാരണം അറബികളുടെ ജീവനെ നിസ്സാരമായി കാണുന്ന അയാള്‍ ധിക്കാരത്തോടെയാണ് അവരോട് പെരുമാറുന്നത്. അധിനിവേശ മണ്ണില്‍ ഫലസ്തീനികള്‍ക്കെതിരെ കൂട്ടകശാപ്പുകള്‍ നടത്തുന്ന തന്റെ കൂട്ടുകാര്‍ക്ക് ഒന്നും സംഭവിക്കാത്തത് പോലെ തനിക്ക് അതിന്റെ പേരില്‍ ദോഷവും ഉണ്ടാവില്ലെന്ന് അയാള്‍ക്ക് നന്നായി അറിയാം.

ഖുദ്‌സിന് വേണ്ടി രക്തസാക്ഷിയാവാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ടുള്ള ജോര്‍ദാനികളുടെ മുദ്രാവാക്യങ്ങള്‍ സത്യമായി പുലരുക തന്നെ ചെയ്യും. ജോര്‍ദാന്‍ ജനതയെയും ഭരണകൂടത്തെയും നിന്ദിക്കുന്ന ഇസ്രയേലിന്റെ പ്രകോപനപരവും നിന്ദ്യവുമായ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യംകുറിക്കുന്ന ഒരു മുന്നേറ്റം ഉണ്ടാവുക തന്നെ ചെയ്യും. ജോര്‍ദാന്റെ പരമാധികാരമാണ് അവഹേളിക്കപ്പെട്ടത്. സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തി അതിന് മറുപടിയുണ്ടാവും. ആ മറുപടി ഒട്ടും വൈകാതെ സംഭവിക്കുമെന്ന ഉറച്ച വിശ്വാസമാണ് എനിക്കുള്ളത്.

മൊഴിമാറ്റം: നസീഫ്‌

Related Articles