Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയ നിലനില്‍ക്കുന്നുണ്ടെങ്കിലും….

europian-muslim.jpg

യൂറോപ്പില്‍ മതേതരത്വം ക്രിസ്തുമതത്തെ പാര്‍ശ്വവല്‍കരിച്ചപ്പോള്‍ ഉണ്ടായ വിടവിലേക്ക് മറ്റ് വിശ്വാസങ്ങള്‍ ഇടം പിടിച്ചു. വലതുപക്ഷ പാര്‍ട്ടികളും വംശീയ സംഘടനകളും ‘യൂറോപിന്റെ ഇസ്‌ലാമീകരണം’ എന്നു ഒച്ചവെക്കുന്നുണ്ടെങ്കിലും ആ ഒഴിവിലേക്ക് പ്രധാനമായും ഇടംപിടിച്ചത് ഇസ്‌ലാമായിരുന്നു എന്നത് ശ്രദ്ധേയമാണ്.

2011 സെപ്റ്റംബര്‍ 11ന് ശേഷം ഇസ്‌ലാമിലേക്ക് കടന്നു വരുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായത് കാണാം. ഓരോ വര്‍ഷവും അമേരിക്കയില്‍ 20,000ല്‍ പരവും യൂറോപ്പില്‍ 23,000 പരം ആളുകളുമാണ് ഇസ്‌ലാമില്‍ പ്രവേശിക്കുന്നത്. ഇംഗ്ലണ്ടില്‍ 2011ലെ കണക്കനുസരിച്ച് 2,700,00 മുസ്‌ലിംകളാണുള്ളത്. 2021ഓടെ മുസ്‌ലിംകളുടെ എണ്ണം 4,000,000ലും 2031 ഓടെ 8,000,000ലും ഒരുപക്ഷേ മുപ്പത് വര്‍ഷത്തിന് ശേഷമത് 15,000,000ലും എത്തുമെന്നാണ് കരുതപ്പെടുന്നത്. അപ്രകാരം മുപ്പത് വര്‍ഷത്തിന് ശേഷം ലണ്ടനില്‍ ചര്‍ച്ചുകളില്‍ നിന്നുള്ള മണിമുഴക്കം കേള്‍ക്കില്ലെന്നും കരുതപ്പെടുന്നുണ്ട്. മതമില്ലാത്ത ഇംഗ്ലീഷുകാരുടെ എണ്ണം 2001ല്‍ 7,000,000 ആയിരുന്നെങ്കില്‍ 2011ല്‍ അത് 14,000,000ലാണ് എത്തിനില്‍ക്കുന്നത്. അതായത് ഇരട്ടിയിലേറെ വര്‍ധനവുണ്ടായിരിക്കുന്നു. ലണ്ടനിലെ ജനസംഖ്യയുടെ 48 ശതമാനത്തെയാണവര്‍ പ്രതിനിധീകരിക്കുന്നത്. 2041 ഓടെ മതമില്ലാത്തവരുടെ എണ്ണം 77,000,000ല്‍ എത്തുമെന്നും കരുതപ്പെടുന്നു.

കുടുംബങ്ങളിലെ ശിഥിലതയുടെയും ജനന നിരക്കിലെ കുറവിന്റെയും, ആസ്വാദനത്തിന് മുഖ്യഊന്നല്‍ നല്‍കുന്ന മതേതര സംസ്‌കാരത്തിനുള്ള അധീശത്വത്തിന്റെയും ഫലമായി 2006ല്‍ കുട്ടികള്‍ക്കുള്ള പേരുകളില്‍ ‘മുഹമ്മദ്’ ‘ജോര്‍ജ്ജ്’നെ മറികടന്നു. 2009ല്‍ ‘ജാക്ക്’ ‘ഹാരി’ പേരുകളെ മറികടന്ന് അത് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരിക്കുന്നു. 2009-ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും 7549 കുട്ടികളാണ് ‘മുഹമ്മദ്’ എന്ന് പേര്‍വിളിക്കപ്പെട്ടത്. അതിലൂടെ ആ പേര് സ്വീകരിച്ച കുട്ടികളുടെ എണ്ണം  706,248 ല്‍ എത്തിയിരിക്കുന്നു. നാല് വര്‍ഷത്തിനിടെ (2004-2008) മുസ്‌ലിം ജനസംഖ്യയിലും അഞ്ച് ലക്ഷത്തിന്റെ വര്‍ധനവുണ്ടായിരിക്കുന്നു. അതേകാലയളവില്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ രണ്ട് ദശലക്ഷത്തിന്റെ കുറവും വന്നത് കാണാം.

മുസ്‌ലിം ജനസംഖ്യയുടെ ഏറ്റവും വലിയ ഭാഗം അതിലെ ചെറിയ പ്രായത്തിലുള്ളവരാണെന്നതും ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. അതേസമയം ക്രിസ്ത്യന്‍ ജനസംഖ്യയുടെ ഏറ്റവും വലിയ ഭാഗം എഴുപത് വയസ്സ് കഴിഞ്ഞവരാണ്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഫ്രാന്‍സിലെ മുസ്‌ലിംകളുടെ എണ്ണം 6,000,000ഉം മുസ്‌ലിം കൂട്ടായ്മകളുടെ കണക്ക് പ്രകാരം 8,000,000ഉം ആണ്. അവിടെ 1080ല്‍ പരം മസ്ജിദുകളും പ്രാര്‍ഥനാ ഹാളുകളുമുണ്ട്. ഓരോ വര്‍ഷവും 3600ല്‍ പരം ഫ്രഞ്ചുകാരാണ് ഇസ്‌ലാമാശ്ലേഷിക്കുന്നത്. 1991ല്‍ റഷ്യയില്‍ സോഷ്യലിസത്തിന്റെ പതനം സംഭവിക്കുമ്പോള്‍ 98 മസ്ജിദുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 2008 ആയപ്പോഴേക്കും അവിടത്തെ മസ്ജിദുകളുടെ എണ്ണം 7200ലും അവിടത്തെ മുസ്‌ലിം ജനസംഖ്യ 23,000,000 ലും എത്തിയിരിക്കുന്നു. അഥവാ അഞ്ചില്‍ ഒന്ന് മുസ്‌ലിംകളാണ്. 2050 ഓടെ റഷ്യില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബെല്‍ജിയം ജനസംഖ്യയുടെ 25 ശതമാനവും കുട്ടികളില്‍ 50 ശതമാനവും മുസ്‌ലിംകളാണ്. അടുത്ത ഇരുപത് വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയന്റെ തലസ്ഥാനമായ ബ്രസ്സല്‍സില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2001ന് ശേഷം അവിടെ ഏറ്റവും പ്രചാരമുള്ള പേര് മുഹമ്മദ് എന്നതാണ്. യൂറോപ്പില്‍ ഒന്നടങ്കം 52,000,000 മുസ്‌ലിംകളാണുള്ളത്. വരുന്ന ഇരുപത് വര്‍ഷത്തിനുള്ളില്‍ അത് 104 ദശലക്ഷത്തിലെത്തും.

യൂറോപ്പില്‍ മതേതരത്വം മതത്തോടു കാണിച്ചതിനെ സംബന്ധിച്ച വിശദമായ കണക്കുകളുടെ ഭാഷയാണിത്. എന്നാല്‍ യൂറോപ്യന്‍മാര്‍ കുടിച്ചു കൊണ്ടിരിക്കുന്ന വിഷചഷകം കുടിക്കാനാണ് മുസ്‌ലിംകളായ നമ്മളും ശ്രമിക്കുന്നത്.

Related Articles