Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയ എന്ന വിശ്വാസസമ്പ്രദായം

1970 മുതല്‍ അമേരിക്കയില്‍ മുസ്‌ലിംകളെ അപകടകാരികളായ ഭീകരന്മാരായി കാണാന്‍ തുടങ്ങിയിരുന്നൂു. എന്നാല്‍ കഴിഞ്ഞ ആറുവര്‍ഷമായി സാമ്പ്രദായിക മുഖ്യധാരയില്‍ പുതിയൊരു ഭീതി പടര്‍ന്നിട്ടുണ്ട്: മുസ്‌ലിംകള്‍ അമേരിക്ക കീഴടക്കിക്കൊണ്ടിരിക്കുകയും ശരീഅ നിയമം നടപ്പിലാക്കുകയുമാണ്.

2011ല്‍, അമേരിക്കന്‍ സ്ഥാപനങ്ങളിലെ അഞ്ചാം തൂണായി ഇസ്‌ലാം മാറിയിരിക്കുകയാണെന്ന് റിപബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം അലന്‍ വെസ്റ്റ് പറയുകയുണ്ടായി. അമേരിക്കയിലെ സ്വാതന്ത്യത്തിനുനേര്‍ക്കുള്ള മാരകമായ ഭീഷണിയായിരിക്കും ശരീഅത്ത് എന്നാണ് 2010ല്‍ വാഷിങ്ടണില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ന്യൂവറ്റ് ഗിങ്‌റിച്ച് പറഞ്ഞത്.

തന്റെ ഭരണത്തില്‍ ഭാഗമാകുന്ന മുസ്‌ലിം അംഗങ്ങള്‍ പ്രത്യേകമായ ലോയല്‍റ്റി ടെസ്റ്റ് -കൂറ് പരിശോധന- നടത്തുമെന്നാണ് മറ്റൊരു സ്ഥാനാര്‍ത്ഥി ഹെര്‍മന്‍ കായിന്‍ പറഞ്ഞത്. ശരീഅ നിയമങ്ങളും മുസ്‌ലിം വിശ്വാസവും ക്രമേണ നമ്മുടെ സര്‍ക്കാരിലേക്ക് കൊണ്ടുവരികയാണെന്നും അദ്ദേഹം പറയുകയുണ്ടായി. മറ്റൊരു അമേരിക്കന്‍ റെപ്രസന്ററീവ് മീച്ചല്‍ ബാഷ്മന്‍, ‘അമേരിക്കയിലുടനീളം ശരീഅത്തിനെ പ്രതിരോധിക്കണ’മെന്ന ആഹ്വാനം മുഴക്കുകയും ഫെഡറല്‍ ഭരണകൂട സംവിധാനത്തിലേക്ക് മുസ്‌ലിം ബ്രദര്‍ഹുഡ് ഇരച്ചുകയറുന്നത് പരിശോധിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി.

അന്ധവും അടിസ്ഥാനരഹിതവുമായ ഭീതിയില്‍ നിന്നാണ് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാവുന്നത്. പ്രധാനപ്പെട്ട ഒരൊറ്റ മുസ്‌ലിം സംഘടനകളും ശരീഅത്ത് നടപ്പിലാക്കണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഭൂരിഭാഗം അമേരിക്കന്‍ മുസ്‌ലിംകളെയും സംബന്ധിച്ചേടത്തോളവും ഒരു രാഷ്ട്രീയ പദ്ധതിയല്ല, കേവലം വ്യക്തിപരമായ പ്രശ്‌നമാണ്.

വരാനിരിക്കുന്ന ഇസ്‌ലാമിക അട്ടിമറി
എന്നിരുന്നാലും, വരാനിരിക്കുന്നത് ഭീകരമായ ഇസ്‌ലാമിക അട്ടിമറിയാണെന്ന് കാണുന്ന ഒരുപാട് പാരമ്പര്യവാദികളുണ്ട്. ആ ഭീതിയിന്മേലാണ് 2016ല്‍ നടക്കാനിരിക്കുന്ന റിപബ്ലിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഒരുങ്ങുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഡൊണാള്‍ഡ് ട്രമ്പും ബെന്‍ കാഴ്‌സണും മുസ്‌ലിംവിരുദ്ധ പ്രസ്താവനകളിറിക്കികഴിഞ്ഞു.

‘ഈ രാജ്യത്തിന്റെ ഉത്തരവാദിത്തം ഒരു മുസ്‌ലിമിന്റെ കൈകളിലായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ തീര്‍ച്ചയായും അതിനോട് യോജിക്കുന്നില്ല.’ എന്നാണ് എന്‍ബിസിയുടെ മീറ്റ് ദ പ്രസ് ഷോയില്‍ ബെന്‍ കാഴ്‌സണ്‍ പറഞ്ഞത്.

ഏതാനും ദിവസങ്ങള്‍ മുമ്പ്, ന്യൂ ഹാംപ്‌ഷെയറില്‍ നടന്ന കാമ്പയിന്‍ റാലിക്കിടെ ചോദ്യോത്തരവേളയില്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ ഒരു അനുയായി പറഞ്ഞതിങ്ങനെ: ഈ രാജ്യത്ത് ഒരു പ്രശ്‌നമുണ്ട്. അത് മുസ്‌ലിംകളാണ്.

പ്രതികരണമായി ട്രമ്പ് തലയാട്ടുകയും ചെയ്തു.

റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഏതാണ്ട് അമ്പതില്‍ താഴെ ആളുകള്‍ മാത്രമേ ഇസ്‌ലാമിനെ നിയമവിധേയമാക്കുന്നതിനോട് യോജിക്കുന്നുള്ളൂ. 43 ശതമാനം റിപബ്ലിക്കന്‍ അംഗങ്ങളും വിശ്വസിക്കുന്നത് ഒബാമ ഒരു മുസ്‌ലിമാണെന്നാണ് ഇത് സെപ്തംബര്‍ 11-ന് ശേഷം പെട്ടെന്നുണ്ടായ ഒരു സംഭവമല്ല. ഇത്തരം വിചിത്രവാദങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണുണ്ടായത്. ഇറാഖില്‍ ഉടലെടുത്ത ഐസിസ് പ്രതിഭാസത്തെ തുടര്‍ന്നുള്ള പ്രവണതയായും ഇതിനെ കണ്ടുകൂടാ.

വളരെ ആസൂത്രിതവും സാമ്പത്തികപിന്തുണയോടുകൂടിയുള്ളതുമായ പ്രചരണങ്ങളാണ് എല്ലാ തലക്കെട്ടുകള്‍ക്കുമപ്പുറം ഇതിലൊക്കെ ഉള്ളടങ്ങിയിട്ടുള്ളത്. സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസിന്റെ ഒരു അന്വേഷണം പ്രകാരം, 2001നും 2009നുമിടക്ക് മുസ്‌ലിം വിരുദ്ധ പ്രചരണങ്ങള്‍ക്ക് പരമ്പരാഗതം സംഘടനകള്‍ ചെലവഴിച്ചത് 40 മില്ല്യണ്‍ ഡോളറാണ്. മറ്റുചില കണക്കുകള്‍ പ്രകാരം ഇത് 100 മില്യണ്‍ ഡോളറാണ്.

1,70,000 അംഗങ്ങളുള്ള ബ്രിജിറ്റ് ഗബ്രിയേലിന്റെ ആക്ട് ഫോര്‍ അമേരിക്കയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കപ്പെട്ട സംഘം.

ഒരു നൂറ്റാണ്ട് മുമ്പ് വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന സെമിറ്റിക് വിരുദ്ധ പ്രചരണത്തിന്റെ അതേ മാതൃകയില്‍ പുറന്തള്ളുന്ന മുസ്‌ലിം വിരുദ്ധ പ്രചാരവേലകള്‍ക്ക് ജനകീയത ഉണ്ടാക്കുകയെന്നുള്ളതാണ് ഇതിന്റെ പ്രധാനലക്ഷ്യം. സെമിറ്റിക് വിരുദ്ധത പോലെതന്നെ, ഇസ്‌ലാമോഫോബിയയും കേവല വിദ്വേഷത്തിന്റെ മാത്രം പ്രശ്‌നമല്ല. ജനങ്ങളുടെ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയപരവുമായ ഇഛാഭംഗങ്ങളെ മുതലെടുത്ത് വ്യാജ വിശദീകരണങ്ങളുടെ അകമ്പടിയോടെ ഒരു പ്രവര്‍ത്തനരീതിക്ക് ആഹ്വാനം ചെയ്യുകയാണിവര്‍ ചെയ്യുന്നത്.

രഹസ്യ ശരീഅ
യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ പ്രശ്‌നങ്ങളുടെ പേരില്‍ ഇസ്‌ലാമിനെ പഴിപറയാന്‍ നിര്‍വാമേതുമില്ല. എന്നാല്‍, ഉദ്ദേശിക്കുന്ന രീതിയില്‍ ഫലം ഉളവാകണമെങ്കില്‍ ഇസ്‌ലാമോഫോബിക് പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചേടത്തോളം ഒരു ഗൂഢാലോചനാ സിദ്ധാന്തം അനിവാര്യമാണ്. അതിങ്ങനെയാണ്: പുറമേക്ക് തോന്നിക്കുന്നില്ലെങ്കിലും അമേരിക്കയെ രഹസ്യമായി ഭരിക്കുന്നത് മുസ്‌ലിംകളാണ്. ഇതിലൂടെ, മുസ്‌ലിംകളെ അമേരിക്കയുടെ നവീകരണത്തിനുമുന്നിലുള്ള തടസ്സമായി ചിത്രീകരിക്കാനാണ് ശ്രമം. അമേരിക്കയുടെ ഭരണവര്‍ഗ പ്രമാണിമാരെ സംബന്ധിച്ചടത്തോളം ഇതുവളരെ സ്വീകാര്യമായ രീതിയാണ്. അമേരിക്കയെ ഭരിക്കുന്നവരല്ല പ്രശ്‌നം, ശരീഅത്താണ് പ്രശ്‌നം.

ഇസ്‌ലാമോബുകളെ സംബന്ധിച്ചടത്തോളം അമേരിക്ക എന്നാല്‍ പ്രത്യക്ഷത്തിലുള്ള ഒന്നല്ല. വൈറ്റ് ഹൗസില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ഒരു മുസ്‌ലിമിനെ നിയമിച്ചിരിക്കുന്നു. അതുമുഖേന രഹസ്യമായി ശരീഅത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഇസ്‌ലാമിനെ ഗുണാത്മകമായി ചിത്രീകരിക്കുന്ന ടെക്‌സാസിലെ സക്ൂള്‍ ടെക്ടസ്റ്റ് ബുക്കുകള്‍, കാമ്പല്‍ കമ്പനി ഹലാല്‍ സൂപ്പ് വിപണിയിലിറക്കിയത്, ഇസ്‌ലാമിക് ടെററിസം എന്ന് വിശേഷിപ്പിക്കാന്‍ ഒബാമയുടെ വൈറ്റ് ഹൗസ് വിസമ്മതിച്ചത്-ഇതെല്ലാം അതിനുള്ള തെളിവാണത്രെ.

അങ്ങനെ പെട്ടെന്നൊരുദിവസം അമേരിക്ക ഉണര്‍ന്നെണീക്കുമ്പോഴേക്ക് ഇസ്‌ലാമിക ഭരണത്തിലായിട്ടുണ്ടാകും. യൂറോപ്പ് ഇപ്പോള്‍ തന്നെ മുസ്‌ലിം ജനസംഖ്യ കാരണം അങ്ങനെയായിക്കഴിഞ്ഞു. യൂറോപ്പ് ഇപ്പോള്‍ അറബികളുടെ കോളനിയായ യുറോബിയയാണ്. ലണ്ടന്‍ നേരത്തെതന്നെ ലണ്ടനിസ്ഥാന്‍ ആയിക്കഴിഞ്ഞു.

ഒരു നൂറ്റാണ്ടുമുമ്പ്, ഇപ്രകാരം ജൂതന്മാരും പാശ്ചാത്യമൂല്യങ്ങളെ തകിടംമറിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന വിധ്വംസകശക്തികളായി ചിത്രീകരിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടെയും ലോകവിപ്ലവത്തിന്റെ കടിഞ്ഞാണ്‍ ജൂതരിലാണെന്ന ഗൂഢാലോചനാ സിദ്ധാന്തം തന്നെയാണ് അമേരിക്കയില്‍ വളരെയധികം വേരോടിയ സെമിറ്റിക് വിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനം. 1920കളില്‍ അത്തരം പ്രചരണങ്ങള്‍ നടത്താനായി ഹെന്റി ഫോര്‍ട് തന്റെ പ്രസിദ്ധീകരണമായ ഡിയര്‍ബോണിലൂടെ ശ്രമിച്ചിരുന്നതായി കാണാന്‍ കഴിയും.

ഇപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ മുമ്പ് ജൂതന്മാര്‍ക്കെതിരെ നടന്ന പ്രചരണങ്ങള്‍ക്കു സമാനമാണ്. രണ്ടു വിഷയത്തിലും സമൂഹത്തിന്റെ അടിത്തട്ടിലുള്ള ന്യൂനപക്ഷ സമൂഹത്തെ അപടകാരികളെ ചിത്രീകരിക്കുകയാണ്. അവര്‍ ഭൂരിപക്ഷത്തിന് അന്യമായ മൂല്യങ്ങള്‍കൊണ്ട് സമൂഹത്തെ അട്ടിമറിക്കുന്നു, നിഗൂഢശക്തികളിലൂടെ അധികാരകേന്ദ്രങളില്‍ നുഴഞ്ഞുകയറി ലോകം മൊത്തം ഭരിക്കുന്നു, എന്നൊക്കെയാണ് ഈ ചിന്താഗതി.

ഇരുപതാം നൂറ്റാണ്ടിലെ സ്ഥിതിയില്‍നിന്നുമുയര്‍ന്ന്, തുല്യതയും സാമൂഹികസുരക്ഷിതത്വവും കൈവരിക്കാന്‍ ജൂതസമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതു മുസ്‌ലിംകള്‍ക്കും സാധിക്കുമോ? നിര്‍ഭാഗ്യമെന്നു പറയട്ടെ, ചരിത്രം ഒരിക്കലും ഒരേമട്ടിലല്ല ആവര്‍ത്തിക്കുന്നത്. ഏറ്റവും വലിയ വ്യത്യാസം, 1920കളില്‍ ഉണ്ടായിരുന്നിട്ടില്ലാത്ത ആഗോള യുഎസ് സാമ്രാജ്യത്വത്തിന്റെ നിലനില്‍ക്കാനുള്ള ന്യായീകരണം നല്‍കുന്നത് വ്യാപകമായ മുസ്‌ലിം വിരുദ്ധ ഭീതിയാണെന്നതാണ്. ഇസ്‌ലാമോഫോബിയെന്നാല്‍ യുക്തിരഹിതമായ കേവലഭീതിയല്ല, അധികാരവര്‍ഗത്തിന് ഉപയുക്തമായ വിശ്വാസസംഹിതയാണെന്ന് ചുരുക്കം.

മുസ്‌ലിംവിരുദ്ധ ഗൂഢാലോചനാ സിദ്ധാന്തങ്ങളെ പ്രതിരോധിക്കുകയെന്നാല്‍ മുസ്‌ലിംകളുടെ പൗരാവകാശങ്ങളെ സംരക്ഷിക്കുക എന്നുമാത്രമല്ല അര്‍ത്ഥം. അമേരിക്കയന്‍ സാമ്രാജ്യത്വത്തിന്റെ പ്രത്യയശാസ്ത്ര നെടുന്തൂണുകളിലൊന്നിനെ ദുരീകരിക്കുക എന്നുകൂടിയാണ്.
(The Muslims are Coming! Islamophobia, Extremism, and the Domestic War on Terror എന്ന പുസ്തകത്തിന്റെ കര്‍ത്താവും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറുമാണ് അരുണ്‍ കുന്ദ്‌നാനി.)

വിവ: മുഹമ്മദ് അനീസ്‌

Related Articles