Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയയെ തോല്‍പ്പിച്ച ലണ്ടന്‍ നിവാസികള്‍

sadiq-khan.jpg

2016 മെയ് 6 വെള്ളിയാഴ്ച്ച, ലണ്ടന്‍ മേയറായി സാദിഖ് ഖാന്‍ പ്രഖ്യാപിക്കപ്പെട്ടു, ‘ഒരു പ്രമുഖ യൂറോപ്യന്‍ നഗരത്തിന്റെ പ്രഥമ മുസ്‌ലിം മേയര്‍’. ലണ്ടനിലാണ് ഖാനിന്റെ ജനനം, അവിടെ തന്നെയാണ് അദ്ദേഹം കൂടുതല്‍ കാലം ജീവിച്ചതും. പാകിസ്ഥാനികളാണ് പൂര്‍വികര്‍. നല്ലൊരു ജീവിതത്തിന് വേണ്ടി ലണ്ടനിലേക്ക് കുടിയേറിയ ഒരു ബസ്സ് ഡ്രൈവറുടെയും, തയ്യല്‍ക്കാരിയുടെയും മകന്‍. ദരിദ്രചുറ്റുപാടുകളില്‍ നിന്നും ഉയര്‍ന്ന് വന്ന് ലണ്ടന്‍ മേയര്‍ ആയിത്തീര്‍ന്ന ബ്രിട്ടീഷ് കഥയിലെ ഡിക്ക് വൈറ്റിംഗ്ട്ടണെ അനുസ്മരിക്കുന്ന ജീവിതം. സൗത്ത് ലണ്ടന്‍ കൗണ്‍സില്‍ എസ്റ്റേറ്റിലായിരുന്നു താമസം. ഏര്‍ണസ്റ്റ് ബെവിന്‍ കോളേജിലായിരുന്നു വിദ്യാഭ്യാസം. കഠിനമായി അധ്വാനിക്കുകയും ദി യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ലണ്ടനില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടുകയും ചെയ്തു.

ബിരുദത്തിന് ശേഷം, ലേബര്‍ പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പ്, ഒരു മനുഷ്യാവകാശ അഡ്വക്കേറ്റായിട്ടാണ് അദ്ദേഹം തന്റെ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് നേതൃത്വത്തിന്റെ പടികള്‍ പടിപടിയായി ചവിട്ടി കയറുന്നതാണ് കണ്ടത്. 2009-ല്‍ അന്നത്തെ പ്രധാനമന്ത്രി ഗോര്‍ഡോണ്‍ ബ്രൗണിന്റെ നേതൃത്വത്തിന് കീഴില്‍ ഗതാഗത മന്ത്രിയായിരുന്നു ഖാന്‍. പിന്നീട് എഡ് മിലിബാന്‍ഡിന്റെ കാമ്പയിന്‍ മാനേജറാവുകയും, 2010-ല്‍ മിലിബാന്‍ഡിന്റെ നേതൃത്വത്തിന് കീഴില്‍ ജസ്റ്റിസ് മിനിസ്റ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു. കുട്ടിക്കാലത്ത് ഒരുപാട് അനുഭവിച്ചത് കാരണം വംശീയമായ ഭത്സനങ്ങള്‍ ഖാന് പുത്തരിയല്ല. വംശീയവും, ഇസ്‌ലാമോഫോബിക്കുമായ അധിക്ഷേപങ്ങള്‍ക്ക് മുന്നില്‍ അടിപതറാതെ നിന്ന സാദിഖ് ഖാന്‍, സാദിഖ് ഖാന്റെ മതം പറഞ്ഞ് ജനങ്ങളെ ഭീതിയിലാഴ്ത്തി വോട്ട് പിടിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ സാക്ക് ഗോള്‍ഡ്‌സ്മിത്തിനെ തെരഞ്ഞെടുപ്പില്‍ മറിച്ചിടുകയും ചെയ്തു.

അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിനോടുള്ള പ്രതികരണം വ്യത്യസ്തമായിരുന്നു. ദി സൗത്ത് വാര്‍ക്ക് കത്തീഡ്രലില്‍ വെച്ച് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍, സാദിഖ് ഖാനെ വരവേല്‍ക്കാനായി, പ്രീസ്റ്റുകളും, റബ്ബിമാരും, മുസ്‌ലിം ഇമാമുമാരും, ആണുംപെണ്ണുമടങ്ങുന്ന പ്രമുഖ വ്യക്തിത്വങ്ങളും സാധാരണക്കാരും നിറപുഞ്ചിരിയോടെ ഒത്തുകൂടിയിരുന്നു. ഹിലാരി ക്ലിന്റണ്‍ അടക്കമുള്ളവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആശംസകള്‍ അര്‍പ്പിച്ചു. ഇസ്‌ലാമോഫോബിക്ക് മേലുള്ള മഹത്തായ വിജയം എന്നാണ് ഇതിനെ ഒരുപാട് പേര്‍ വിശേഷിപ്പിച്ചത്.

പക്ഷെ, അനുമാനിക്കപ്പെട്ടത് പോലെ തന്നെ, സാദിഖ് ഖാന്റെ വിജയപ്രഭാഷണം നടക്കുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പുറന്തിരിഞ്ഞ് നിന്നു. സാദിഖ് ഖാനെ അനുമോദിക്കാന്‍ അദ്ദേഹത്തിന് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. അമേരിക്കയിലെയും, ഫ്രാന്‍സിലെയും രാഷ്ട്രീയവലതുപക്ഷം ഖാന്റെ വിജയത്തില്‍ ആശങ്കയും നടുക്കവും രേഖപ്പെടുത്തി. ലണ്ടന്‍ നഗരം മുസ്‌ലിംകള്‍ കൈപിടിയിലൊതുക്കാന്‍ പോകുന്നതായ ദുഃസൂചനകളാണ് അവരൊക്കെയും നല്‍കിയത്. അടുത്തിടെ നടന്ന ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പ്രമുഖ ഫ്രഞ്ച് അക്കാദമിക്ക അലെയ്ന്‍ ഫിന്‍കല്‍ക്രൊട്ട് തന്റെ ഭയാശങ്കകള്‍ രേഖപ്പെടുത്തുകയുണ്ടായി, അദ്ദേഹം പറഞ്ഞു ‘മുസ്‌ലിം ദരിദ്രന്‍, ജൂത ധനികര്‍ക്ക് മേല്‍ നേടിയ ഈ വിജയം എന്നെ സംബന്ധിച്ചിടത്തോളം കയ്‌പ്പേറിയതാണ്’.

ജനങ്ങളില്‍ ഒരുവനാണ് സാദിഖ് ഖാന്‍, അവരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് മനസ്സിലാക്കാന്‍ സാധിക്കും, താഴെക്കിടയില്‍ ഉള്ളവര്‍ക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിലാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടുവോളം അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെയാണ് അവര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തതും. ഇത് മനസ്സിലാക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. മുഴുവന്‍ ലണ്ടന്‍ നിവാസികളുടെയും ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. ആ ജോലി ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ അദ്ദേഹം തന്നെയാണ്. അങ്ങനെ ഖാന്റെ മതം നോക്കാതെ ലണ്ടന്‍ നിവാസികള്‍ അദ്ദേഹത്തില്‍ തങ്ങളുടെ വിശ്വാസം അര്‍പ്പിച്ചു.

പക്ഷെ, ഇത് ആദ്യമായാണോ ഒരു മുസ്‌ലിം നേതാവ് ഒരു പ്രമുഖ യൂറോപ്യന്‍ നഗരത്തിന്റെ നേതൃത്വം കൈയ്യാളാന്‍ പോകുന്നത്? നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഈ വസ്തുത ഒട്ടുമിക്ക യൂറോപ്യന്‍ ചരിത്രപുസ്തകങ്ങളിലും കാണാന്‍ പറ്റില്ല. ലണ്ടന് മുമ്പ്, 2008-ല്‍ റോട്ടര്‍ഡാം (നെതര്‍ലാന്‍ഡ്) മോറോക്കന്‍ വംശജനായ അഹ്മദ് അബൂതാലബീനെ തങ്ങളുടെ മേയറായി നിയമിച്ചിരുന്നു. ആ പദവിയില്‍ ഇന്നും അദ്ദേഹം തന്നെയാണ് ഇരിക്കുന്നത്. സ്‌പെയ്‌നിലെ നീണ്ട ഇസ്‌ലാമിക ഭരണകാലത്ത്, 756-ല്‍ അബ്ദുറഹ്മാനായിരുന്നു കൊര്‍ദോവയുടെ അമീര്‍. സിസിലിയില്‍ തലസ്ഥാന നഗരിയായ പാലെര്‍മോയുടെ മേയറും, അമീറുമായി സേവനമനുഷ്ഠിച്ചിരുന്നത് ജാഫര്‍ അല്‍കല്‍ബിയായിരുന്നു (983-985). യൂറോപ്യന്‍മാര്‍ക്ക് ഈ ചരിത്രവസ്തുതകള്‍ അറിഞ്ഞ് കൊള്ളണമെന്നില്ല. ഇസ്‌ലാമിക നാഗരികതയുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്ന അവരുടെ ചരിത്രം, വായിക്കപ്പെടുന്ന ചരിത്രഗ്രന്ഥങ്ങളില്‍ നിന്നെല്ലാം കരുതികൂട്ടി നീക്കംചെയ്യപ്പെട്ടിരിക്കുന്നു. യൂറോപ്യന്‍ നവോത്ഥാനത്തിന് ഇടക്കും മുമ്പുമായി 700 വര്‍ഷത്തിലധികം യൂറോപ്യന്‍ സംസ്‌കാരത്തിന് മേല്‍ ഉണ്ടായിരുന്ന ഇസ്‌ലാമിക സ്വാധീനം ചരിത്രഗ്രന്ഥങ്ങളില്‍ വായിക്കാന്‍ കഴിയില്ല.

‘മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ബ്രിട്ടീഷ് മുസ്‌ലിംകളുടെ കൂറ് ചോദ്യം ചെയ്യപ്പെടുന്ന ഈ അവസരത്തില്‍’ ഒരു ഉന്നതപദവിയില്‍ സാദിഖ് ഖാന്‍ നിയമിക്കപ്പെട്ടത് വളരെ പ്രധാന്യമര്‍ഹിക്കുന്ന കാര്യമാണ്. മഹത്തായ ഒരു വിജയം തന്നെയാണ് സാദിഖ് ഖാന്റേത്. അദ്ദേഹത്തിനെതിരെയുള്ള നിന്ദാപരമായ ഇസ്‌ലാമോഫോബിക്ക് പ്രചാരണങ്ങളെ എതിര്‍ത്ത് തോല്‍പ്പിച്ച ലണ്ടന്‍ നിവാസികളുടെ നല്ല മനസ്സില്‍ നാം ആഹ്ലാദിക്കുക തന്നെ വേണം.

അതിനേക്കാളുപരി, രണ്ട് സ്ഥാനാര്‍ത്ഥികളുടെയും പ്രചാരണരീതികള്‍ക്ക്, പ്രത്യേകിച്ച് ഖാന്റെ എതിര്‍കക്ഷി നല്‍കിയ സന്ദേശം വളരെ സുപ്രധാനമാണ്. മുന്‍കാല അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ ഖാന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ പ്രചാരണം കൂടുതല്‍ കാര്യക്ഷമവുമായിരുന്നു. സാദിഖ് ഖാന്റെ മതം, ഇസ്‌ലാം, അതിന്റെ പേരില്‍ മാത്രമാണ് അദ്ദേഹത്തെ എതിര്‍കക്ഷികള്‍ വിമര്‍ശിച്ചത്. അതല്ലാതെയുള്ള വിമര്‍ശനങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. അവരുടെ പിഴവുകള്‍ അദ്ദേഹത്തെ ലണ്ടന്‍ നിവാസികളുടെ പ്രശ്‌നങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുവാക്കി മാറ്റി. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടി അവക്ക് പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച അദ്ദേഹം എതിരാളികളേക്കാള്‍ വളരെ മുന്നിലായിരുന്നു. കളങ്കമില്ലാത്ത, തങ്ങളില്‍ ഒരുവനായ ഒരു നേതാവിനെയാണ് ലണ്ടന്‍ നിവാസികള്‍ സാദിഖ് ഖാനില്‍ ദര്‍ശിച്ചത്.

ജനങ്ങളില്‍ നിന്നും അകന്നത് പോരാഞ്ഞിട്ട്, സാദിഖ് ഖാനെ തീവ്രവാദവുമായി ബന്ധിപ്പിക്കുക പോലുള്ള വലിയ പിഴവുകള്‍ എതിര്‍ സ്ഥാനാര്‍ത്ഥി സാക്ക് ഗോള്‍ഡ്‌സ്മിത്തിന് വരുത്തിവെക്കുകയുണ്ടായി. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ഗോള്‍ഡ് സ്മിത്ത് ഖാനെതിരെ ഉന്നയിച്ചത്. ഈ തന്ത്രം തന്നെയായിരുന്നു പ്രധാനമന്ത്രി ഡേവിഡ് കാമറൂണും, അദ്ദേഹം മേയറായിരുന്ന കാലത്ത് പ്രയോഗിച്ചത്.

സാദിഖ് ഖാനില്‍ നിന്നും അകന്ന് നില്‍ക്കണമെന്ന് ബ്രിട്ടീഷ് പൗരന്‍മാരോട് പരസ്യമായി പറഞ്ഞ് കൊണ്ടായിരുന്നു ഡേവിഡ് കാമറൂണ്‍ തന്റെ കാമ്പയിന് തുടക്കം കുറിച്ചത്, ‘ഇത്തരം ആളുകളെ നാം പിന്തുണക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. ലണ്ടന്‍ മേയര്‍ എന്ന നിലയില്‍ ഈ സ്ഥാനാര്‍ത്ഥി (സാദിഖ് ഖാന്‍) വരുന്നതില്‍ ഞാന്‍ ആശങ്കാകുലനാണെന്ന് പറയാതെ വയ്യ’. (ചാനല്‍-4 ന്യൂസ്)

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപകീര്‍ത്തിപ്പെടുത്തുക എന്നതായിരുന്ന ട്രെന്‍ഡ്. ഗതാഗത സൗകര്യങ്ങള്‍, ജീവിത നിലവാരം, പ്രകൃതി സംരക്ഷണം തുടങ്ങിയ ലണ്ടന്‍ നിവാസികളുടെ പ്രശ്‌നങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നതിന് പകരം, അമേരിക്കന്‍ പ്രസിഡന്‍ഷ്യന്‍ കാമ്പയിനില്‍ കണ്ടത് പോലെ, ഇസ്‌ലാമിനെ ആക്രമിക്കുക എന്നതിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണവും ചര്‍ച്ചകളും കേന്ദ്രീകരിക്കപ്പെട്ടത്.

സാദിഖ് ഖാന് തങ്ങളുടെ വോട്ടുകള്‍ നല്‍കി കൊണ്ട്, വളരെ മാന്യമായ രീതിയിലാണ് ലണ്ടന്‍ നിവാസികള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിച്ചത്. പണകൊഴുപ്പിനെയും, അപരനിന്ദയെയും, ഇസ്‌ലാമോഫോബിയയെയും യഥാര്‍ത്ഥ ജനശക്തി അതിജയിക്കുന്ന കാഴ്ച്ചയാണ് അവിടെ കണ്ടത്.

പാശ്ചാത്യരാഷ്ട്രീയത്തിലെ വലതുപക്ഷ സംഘങ്ങള്‍ക്ക് ഖാന്റെ വിജയം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അമേരിക്കയിലെ ട്രംപ് പ്രതിഭാഗം യൂറോപ്പില്‍ അമ്പേ പരാജയപ്പെട്ടു. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായാല്‍ ഒരു കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല, മുസ്‌ലിംകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന പറഞ്ഞ ട്രംപിന് ലണ്ടന്‍ മേയറായ സാദിഖ് ഖാനെ പ്രവേശിപ്പിക്കേണ്ടി വരും.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles