Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയയും യൂറോപ്പിലെ മുസ്‌ലിം പെണ്ണും

muslim-wom-eu.jpg

യൂറോപ്പില്‍ വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയമൂലം കൂടുതല്‍ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് അവിടങ്ങളിലെ മുസ്‌ലിം സ്ത്രീകളാണെന്ന് തത്സംബന്ധമായി ഏറ്റവും അടുത്ത് പുറത്തുവന്ന പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. യൂറോപ്പില്‍ മുസ്‌ലിം സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വംശീയ വിവേചനങ്ങളെ കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച്ചയാണ് പുറത്തിറങ്ങിയത്. എട്ട് യൂറോപ്യന്‍ രാജ്യങ്ങളിലായി നടത്തിയ പഠനത്തിലൂടെ ഇവിടങ്ങളില്‍ തൊഴില്‍ രംഗത്തും വിദ്യഭ്യാസ മേഖലയിലും മുസ്‌ലിം സ്ത്രീകള്‍ നേരിടേണ്ടിവരുന്ന വിവേചനത്തെ കുറിച്ച് റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. യൂറോപ്പില്‍ മുസ്‌ലിം സ്ത്രീകള്‍ തങ്ങളുടെ നിറത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ മറ്റ് സ്ത്രീകളെ അപേക്ഷിച്ച് വന്‍തോതിലുള്ള ലിംഗ, വംശവിവേചനത്തിനു ഇരയാകുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുസ്‌ലിംകളെ കുറിച്ച് മോശം വാര്‍പ്പുമാതൃകള്‍ നിലനില്‍ക്കുന്നതിനാല്‍ കുഞ്ഞുങ്ങളെ നോക്കുന്ന ജോലിക്ക് മുസ്‌ലിം സ്ത്രീകളെ നിര്‍ത്താന്‍ ബ്രിട്ടനിലെ നാലിലൊന്ന് സ്ത്രീകളും മടിക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു.

ശിരോവസ്ത്രം ധരിക്കുന്ന സ്ത്രീകളാണ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിവേചനങ്ങള്‍ക്ക് ഇരയാകുന്നത്. മതത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ വിവേചനം കല്‍പ്പിക്കുന്നത് നിയമപരമായി വിലക്കപ്പെട്ടിട്ടുള്ളതാണെങ്കിലും യൂറോപ്പില്‍ തൊഴില്‍ മേഖലയില്‍ നിന്നും മുസ്‌ലിം സ്ത്രീകള്‍ തുടര്‍ച്ചയായി ഒഴിവാക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതില്‍ ശിരോവസ്ത്രം നെഗറ്റീവ് സ്വാധീനം ചെലുത്തുന്നതായി നാല്‍പ്പത്തിനാല് ശതമാനം ബെല്‍ജിയം സ്ത്രീകളും സാക്ഷ്യപ്പെടുത്തുന്നു. ഫ്രാന്‍സില്‍ ശിരോവസ്ത്രം ധരിച്ച അറബ് പേരുള്ള സ്ത്രീകളേക്കാള്‍ ഫ്രഞ്ച് പേരുള്ള സ്ത്രീകള്‍ക്ക് ഇന്റര്‍വ്യൂകളില്‍ വലിയ പ്രാമുഖ്യം ലഭിക്കുന്നു. എന്നാല്‍ ഇത്തരം കടമ്പകള്‍ കടന്ന് ജോലി ലഭിക്കുന്നവരാകട്ടെ തൊഴിലിടങ്ങളിലും വലിയ അര്‍ഥത്തിലുള്ള വിവേചനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും ഇരയാകുന്നു. ന്യായമായ സ്ഥാനക്കയറ്റം നിഷേധിക്കുക, ജോലിയില്‍ നിന്നും അന്യായമായി പിരിച്ചുവിടുക തുടങ്ങിയ വിവേചനങ്ങള്‍ ഇവര്‍ നേരിടേണ്ടി വരുന്നു. തുടര്‍ച്ചയായി ഡിസ്‌ക്രിമിനേറ്ററി മാര്‍ക്ക് ലഭിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ നടപടി എടുക്കാന്‍ തൊഴിലിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുന്നു, അവര്‍ ഒരിക്കലും ഈ സ്ത്രീകളോടൊപ്പം നില്‍ക്കാന്‍ തയ്യാറാകാറില്ല.

യൂറോപ്യന്‍ നീതിന്യായ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള ഒരു ഫ്രഞ്ച് കേസ് തന്നെ ഉദാഹരണം. ഒരു കസ്റ്റമര്‍ പരാതി പറഞ്ഞതിന്റെ പേരില്‍ ഫ്രാന്‍സില്‍ ശിരോവസ്ത്രധാരിയായ മുസ്‌ലിം സ്ത്രീയെ കമ്പനി ജോലിയില്‍ നിന്നും പിരിച്ചു വിടുകയുണ്ടായി. കസ്റ്റമര്‍ പരാതി പറഞ്ഞപ്പോള്‍ തൊഴിലാളിയുടെ കൂടെ നില്‍ക്കേണ്ട കമ്പനി മറിച്ചാണ് നിലപാടെടുത്തത്. കമ്പനി ജീവനക്കാരിയോട് ‘നിഷ്പക്ഷ’ വസ്ത്രം ധരിച്ച് ജോലിക്ക് വരാനായിരുന്ന കമ്പനിയുടെ ഉത്തരവ്. അതിന് വിസമ്മതിച്ച ജോലിക്കാരിയെ കമ്പനി പിരിച്ചുവിടുകയും ചെയ്തു. കമ്പനിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് അവര്‍. അതേസമയം, ഇത്തരം നടപടികളെ കോടതി മുഖേന നേരിടാന്‍ തയ്യാറാകുന്നവര്‍ക്കും നീതിലഭ്യമാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. തൊഴിലിടങ്ങളിലെ വിവേചനം ഇല്ലാതാക്കാന്‍ യൂറോപ്പില്‍ ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്പനികളും സര്‍ക്കാറുകളും തന്നെ മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളെ ന്യായീകരിക്കുകയും കണ്ടില്ലെന്ന് നടിക്കുകയുമാണ് ചെയ്യുന്നത്.

ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി എന്നിവിടങ്ങളില്‍ ‘സെക്യുലറിസ’ത്തിനും ‘നിഷപക്ഷത’ക്കും പ്രത്യേക വ്യാഖ്യാനങ്ങള്‍ നല്‍കി പൊതു മേഖലകളിലെ ജോലികളില്‍ നിന്നും ശിരോവസ്ത്ര ധാരികളായ മുസ്‌ലിം സ്ത്രീകളെ ഒഴിവാക്കാന്‍ സ്‌റ്റേറ്റ് തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും തുല്യത ഉറപ്പ് വരുത്തുക എന്നതാണ് ‘സെക്യുലരിസ’വും ‘നിഷ്പക്ഷത’യും ലക്ഷ്യം വെക്കുന്നതെങ്കിലും ചില പ്രത്യേക വ്യക്തികളെയും മതവിശ്വാസികളെയും മാറ്റി നിര്‍ത്താനുള്ള ഉപകരണമായി ഇവയെ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. സെക്യൂലറിസത്തിന്റേയും നിഷ്പക്ഷതയുടെയും പേരില്‍ മതചിഹ്നങ്ങള്‍ക്ക് പൊതുമേഖലകളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് ശേഷം ഇപ്പോള്‍ സ്വകാര്യ മേഖലകളിലേക്കും അത് വ്യാപിപ്പിച്ച് തുടങ്ങിയിരിക്കുന്നു. ഫ്രാന്‍സിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും വര്‍ഷാവര്‍ഷം പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന ശിരോവസ്ത്രധാരികളായ നിരവധി മുസ്‌ലിം സ്ത്രീകള്‍ ഇതുവഴി പൊതു-സ്വകാര്യ മേഖലകളില്‍ നിന്നും ആസൂത്രിതമായി പുറത്താക്കപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന ഫ്രഞ്ച് വിപ്ലവ വാക്യത്തിന്റെ എല്ലാ ഗുണങ്ങളും തൊഴില്‍ രംഗത്ത് മുസ്‌ലിം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു.

യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയും ഇക്കാര്യത്തില്‍ തികച്ചും വിവേചനപരമായ നിലപാടാണ് സ്വീകരിക്കാറുള്ളത്. തൊഴില്‍ രംഗത്തും വിദ്യഭ്യാസ സ്ഥാപനങ്ങളിലും ശിരോവസ്ത്രം അണിയാനുള്ള അവകാശത്തിന് വേണ്ടി കോടതിയെ സമീപിച്ചവരുടെ വാദങ്ങള്‍ പൊതുസുരക്ഷയുടെ പേര് പറഞ്ഞ് മനുഷ്യാവകാശ കോടതി തള്ളുകയും അവരുടെ മത സ്വാതന്ത്ര്യം നിഷേധിക്കുകയുമാണ് ചെയ്തത്. ബഹുസ്വരതയെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും വലിയ വായില്‍ പറയുമ്പോള്‍ തന്നെ, തെളിവുകളുടെ പിന്‍ബലമൊന്നുമില്ലാതെ മുന്‍ധാരണകളുടെയും സര്‍ക്കാറുകളുടെ വാദങ്ങളുടെയും പിന്‍ബലത്തില്‍ ശിരോവസ്ത്ര നിരോധനത്തെ ശരിവെക്കുകയായിരുന്നു യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. അതുവഴി, യൂറോപ്യന്‍ സമൂഹത്തില്‍ മുസ്‌ലിം സ്ത്രീക്ക് അവരുടെ മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമില്ലായെന്ന് വ്യക്തമാക്കുകയാണ് കോടതികള്‍. ഒപ്പം, മുസ്‌ലിം സ്ത്രീകളുടെ ‘വിമോചനം’ സാധ്യമാക്കാന്‍ അവരുടെ ചോയ്‌സുകളില്‍ ചില നിയന്ത്രണങ്ങള്‍ ഞങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പറയാതെ പറയുന്നു.

ഇസ്‌ലാമോഫോബിയ ഉല്‍പ്പാദിപ്പിക്കുന്ന വിവേചനങ്ങള്‍ക്ക് ഇരയാകുന്നവരുടെ കണക്ക് പരിശോധിക്കുമ്പോള്‍ അതില്‍ സ്ത്രീ-പുരുഷ അനുപാദത്തില്‍ വലിയ അന്തരമുള്ളതായും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതായത്, യൂറോപ്പില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയ സ്ത്രീകളെയും പുരുഷന്മാരെയും ഒരേ വിധത്തിലല്ല ബാധിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കൂടുതല്‍ വിവേചനങ്ങള്‍ക്കും വിദ്വേഷ അക്രമണങ്ങള്‍ക്കും ഇരയാകുന്നു, പ്രത്യേകിച്ചും ശിരോവസ്ത്രധാരികള്‍. അക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കും ഇരയാകുന്ന പ്രഥമ കൂട്ടരും ശിരോവസ്ത്രധാരികളാണ്. 2015 ല്‍ നെതര്‍ലന്റില്‍ ഇസ്‌ലാംവിരോധികളുടെ അക്രമണത്തിന് ഇരയായവരില്‍ 90 ശതമാനവും, 2014 ല്‍ ഫ്രാന്‍സില്‍ ഇസ്‌ലാംവിരോധികളുടെ അക്രമണത്തിന് ഇരയായവരില്‍ 81.5 ശതമാനം പേരും മുസ്‌ലിം സ്ത്രീകളായിരുന്നു. അതില്‍ ഭൂരിപക്ഷം പേരും മതചിഹ്നങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ അണിഞ്ഞവരായിരുന്നു. യൂറോപ്പില്‍ മുസ്‌ലിംകള്‍ നേരിടുന്ന വിവേചനത്തിന് ആഴം ബോധ്യപ്പെടണമെങ്കില്‍ 2009 ല്‍ യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള മൗലികാവകാശ കൂട്ടായ്മ നടത്തിയ സര്‍വ്വേയുടെ ഫലം കൂടി അറിയേണ്ടതുണ്ട്. യൂറോപ്പില്‍ ഇസ്‌ലാംവിദ്വേഷത്തിന് ഇരയാകുന്നവരില്‍ 79 ശതമാനം പേരും ബന്ധപ്പെട്ട ഏതെങ്കിലും ആന്റി ഡിസ്‌ക്രിമിനേഷന്‍ സെല്ലുകളില്‍ പരാതി നല്‍കാറില്ലെന്നാണ് ഈ സര്‍വ്വേയില്‍ ബോധ്യപ്പെട്ടത്. തങ്ങളോടൊപ്പം നില്‍ക്കുന്ന ഏതെങ്കിലും കൂട്ടായ്മകളെ കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് വിവേചനത്തിനിരയാകുന്നവര്‍ ആന്റി ഡിസ്‌ക്രിമിനേഷന്‍ സെല്ലുകളില്‍ പരാതി ബോധിപ്പിക്കാന്‍ താല്‍പര്യം കാണിക്കാത്തത്.

ചുരുക്കത്തില്‍, വിശാല ചിന്താഗതി പുലര്‍ത്തുന്നവരെന്ന് മേനി നടിക്കുന്ന യൂറോപ്പിലെ ഇസ്‌ലാംവിദ്വേഷത്തിന്റെ വക്താക്കളെ സംബന്ധിച്ച് മുസ്‌ലിം സ്ത്രീകള്‍ പ്രത്യേകിച്ച് പ്രത്യക്ഷ മതചിഹ്നങ്ങള്‍ അണിഞ്ഞവര്‍ ‘അതിര്‍ത്തി രേഖ’കളാണ്. അവരുടെ വിശാലതക്കവിടെ അതിര്‍ കുറിക്കപ്പെടുന്നു. മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണ രീതി ഇവരെ സംബന്ധിച്ചിടത്തോളം ചോയ്‌സിന്റെ ഭാഗമേ അല്ല, മറിച്ച് പൊതുചര്‍ച്ചക്ക് വിധേയമാക്കാന്‍ ഏറ്റം ആകര്‍ഷണീയമായ ഒരു വിഷയം മാത്രമാണത്. സ്ഥാപിത താല്‍പര്യങ്ങളും മുന്‍ധാരണകളും ചേര്‍ത്ത് മീഡിയകളുടെ കൂടി പിന്തുണയോടെ അത് പൊലിപ്പിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു.

മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട പൊതുചര്‍ച്ചകള്‍ യൂറോപ്പില്‍ നടക്കാറുണ്ടെങ്കിലും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാനുള്ള അവസരം അവര്‍ക്ക് വേണ്ടത്ര ലഭിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ കേന്ദ്രസ്ഥാനം തന്നെ ഇരകളായ മുസ്‌ലിം സ്ത്രീകള്‍ക്കാണ് ലഭിച്ചിട്ടുള്ളത്. യൂറോപ്പിനെ ആസകലം ബാധിച്ചിരിക്കുന്ന ഇസ്‌ലാമോഫോബിയ എന്ന മഹാമാരിയുടെ ആഴവും പരപ്പും ബോധ്യപ്പെടുത്തി തരുന്നുണ്ട് ഈ റിപ്പോര്‍ട്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്തങ്ങള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഉറപ്പുവരുത്തുന്നതിലും സമത്വം സാധ്യമാക്കുന്നതിലും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ഈ റിപ്പോര്‍ട്ട് ബോധ്യപ്പെടുത്തുന്നുണ്ട്. യൂറോപ്പിനെ അസഹിഷ്ണുതയുടെ ഭൂതകാലത്തിലേക്ക് തന്നെ ക്ഷണിക്കുന്നവരെയല്ല, മറിച്ച് ഇരകളെ കേള്‍ക്കാനാണ് ഇപ്പോള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തയ്യാറാകേണ്ടത്.

വിവ: ജലീസ് കോഡൂര്‍

Related Articles