Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിലെ ഭവനമര്യാദകള്‍

ശാന്തിയുടെ ഇടം അഥവാ മസ്‌കന്‍ ആണ് വീട്. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ശാന്തിയും സമാധാനവും അനുഭവിക്കുന്നതിന് ഗൃഹാന്തരീക്ഷം അനിവാര്യമാണ്.  അല്ലാഹു മാനവകുലത്തിന് നല്‍കിയ അനുഗ്രഹങ്ങളില്‍ സുപ്രധാനമാണ് അവന് താമസിക്കാനുള്ള ഭവനം സജ്ജീകരിച്ചു കൊടുത്തുവെന്നത്. അതിലൂടെ നാഗരികതയുടെ നിര്‍മിതിയില്‍ അവന് സ്ഥാനം നല്‍കി. ഭവനങ്ങള്‍ ശാന്തിയുടെയുടെയും വിശ്രമത്തിന്റെയും സങ്കേതമായി നിശ്ചയിച്ചു. തണുപ്പില്‍ നിന്ന് പരിരക്ഷയായും ചൂടില്‍ നിന്ന് തണലായും എത്തിനോട്ടങ്ങളില്‍ സ്വകാര്യത ലഭിക്കാനും  സമ്പത്ത് സൂക്ഷിക്കാനും, പ്രതിയോഗികളില്‍ നിന്ന് സംരക്ഷണമായും ഭവനത്തെ കണ്ടു. ഭവനങ്ങള്‍ നിര്‍മിക്കാനാവശ്യമായ  മറ്റു അനുഗ്രഹങ്ങളെകുറിച്ചും അല്ലാഹു സംസാരിക്കുന്നു. “അല്ലാഹു നിങ്ങളുടെ വീടുകളെ നിങ്ങള്‍ക്കുള്ള വിശ്രമസ്ഥലങ്ങളാക്കി. മൃഗത്തോലുകളില്‍നിന്ന് അവന്‍ നിങ്ങള്‍ക്ക് പാര്‍പ്പിടങ്ങളുണ്ടാക്കിത്തന്നു. നിങ്ങളുടെ യാത്രാ നാളുകളിലും താവളമടിക്കുന്ന ദിനങ്ങളിലും നിങ്ങളവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില്‍നിന്ന് നിശ്ചിതകാലംവരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങള്‍ അവനുണ്ടാക്കിത്തന്നു. ഉപകാരപ്രദമായ മറ്റു വസ്തുക്കളും.”(16:80)  

അനുഗ്രഹീത വീടുകള്‍:
ഭവനങ്ങളില്‍ താമസിക്കാവുന്ന സൗകര്യങ്ങള്‍ ഒരുക്കിയത് അല്ലാഹുവിന്റെ മഹത്തായ  അനുഗ്രഹങ്ങളില്‍പെട്ടതാണ്. കിടപ്പാടമില്ലാത്തവരെകുറിച്ച് ആലോചിച്ചു നോക്കൂ. നിങ്ങളാവട്ടെ ആധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ കൊട്ടാരങ്ങളില്‍ താമസിക്കുകയും ചെയ്യുന്നു. ഈ അനുഗ്രഹങ്ങള്‍ക്കെല്ലാം നാം അല്ലാഹുവിനോട് ധാരാളമായി നന്ദി കാണിക്കേണ്ടതുണ്ട്. നിശ്ചയമായും അല്ലാഹു നിശ്ചയിച്ചതു പോലെ പ്രാര്‍ഥനകളിലും ദൈവസ്മരണയിലും വ്യാപൃതരായി ഖുര്‍ആന്‍ പാരായണങ്ങളും നമസ്‌കാരങ്ങളും നിര്‍വ്വഹിച്ച് തിന്മകളുടെ മാര്‍ഗങ്ങളില്‍ നിന്നെല്ലാം വേര്‍പെട്ട് മുസ്‌ലിമിന്റെ വീടുകള്‍ മറ്റു വീടുകളില്‍ നിന്ന്  വ്യതിരിക്തമായി നില്‍ക്കേണ്ടതുണ്ട്. പ്രവാചകന്‍(സ)യില്‍ നിന്ന് അബീ മൂസ (റ) നിവേദനം ചെയ്യുന്നു. ‘അല്ലാഹുവിനെ സ്മരിക്കുന്ന ഭവനങ്ങളും സ്മരിക്കാത്ത ഭവനങ്ങളും തമ്മിലുള്ള അന്തരം ജീവിച്ചിരിക്കുന്നവനെയും മരണപ്പെട്ടവനെയും പോലെയാണ’്. ഇബ്‌നു ഉമറില്‍ നിന്നും നിവേദനം. ‘നിങ്ങളുടെ സുന്നത്ത് നമസ്‌കാരം നിങ്ങളുടെ വീടുകളില്‍ നിന്നാക്കുക. വീടുകളെ ഖബറിടങ്ങളാക്കാതിരിക്കുക.’ ഐച്ഛികമായ നമസ്‌കാരം വീടുകളില്‍ നിന്ന് നിര്‍വ്വഹിക്കുകയും നമസ്‌കാരം നടക്കാതെ ശ്മശാന സമാനമാക്കരുതെന്നാണ് ഇവിടെ പ്രവാചകന്‍ (സ) പറയുന്നത്.

വിവരസാങ്കേതിക ഉപയോഗം:
ദൈവസ്മരണ കൊണ്ടും തഹ്‌ലീലുകളും തസ്ബീഹുകളും തക്ബീറുകളും കൊണ്ടും നമസ്‌കാരങ്ങള്‍ കൊണ്ടും ഒരു മുസ്‌ലിമിന്റെ വീട് പ്രകാശപൂരിതമാക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം അന്തരീക്ഷം സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കും തങ്ങളുടെ ഭവനങ്ങളെ സംസ്‌കരണത്തിന്റെയും നന്മയുടെയും ഒരു കലാലയമാക്കി മാറ്റുന്നു. അതിലൂടെ അവര്‍ക്ക് അനുസരണശീലവും മഹത്വവും കൈവരുന്നു. മാത്രവുമല്ല വീട്ടിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രയോജനപ്പെട്ടുന്ന വിജ്ഞാനങ്ങളും അത്യാവശ്യമുള്ള വിനോദങ്ങളും സജ്ജീകരിക്കാം. വിജ്ഞാനം സമ്പാദിക്കാന്‍ ആവശ്യമായ ഹോം ലൈബ്രറികള്‍, ഉപകാരപ്രദമായ സി. ഡികളും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുമെല്ലാം വീടുകളില്‍ സംവിധാനിക്കാവുന്നതാണ്. ഇത് വിവരസാങ്കേതിക ഉപകരണങ്ങളെ ക്രിയാത്മകായി ഉപയോഗപ്പെടുത്താനും അതിലൂടെ കൂടുതല്‍ മേഖലകളിലേക് കയറിച്ചെല്ലാനും സാധിക്കുന്നു. ഇന്റര്‍നെറ്റും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്ന സാഹചര്യം വീടുകളിലുണ്ടാവണം.  ഇസ്‌ലാം പഠിപ്പിക്കുന്ന അനുസരണശീലങ്ങളില്‍ നിന്ന് വീടുകള്‍ മുക്തമാവുന്നതോടെ വന്യമായ ശ്മശാനവും ശൂന്യതയും അനുഭവപ്പെടുന്നു. ശരീരങ്ങള്‍ക്ക് ജീവനുണ്ടെങ്കിലും പിന്നീടവിടെ അധിവസിക്കുക മൃതമായ ഹൃദയങ്ങളായിരിക്കും. അവര്‍ പിശാചുക്കളോട് ചേരുകയും കാരുണ്യത്തിന്റെ മലക്കുകളില്‍ നിന്ന് അകലുകയും ചെയ്യും.   നിശ്ചയമായും ഇത്തരം വീടുകള്‍ സമൂഹത്തില്‍ മോശമായ സ്വാധീനമാണ് ചെലുത്തുക. അശ്ലീലമായ വീഡിയോകളും ഫിലിമുകളും വീടുകളില്‍ നിയന്ത്രിക്ണം. അശ്ലീല ചിത്രങ്ങളും കാമകേളികളും കുട്ടികളേയും സ്ത്രീകളെയും തെറ്റിലേക്കും മ്ലേച്ഛതയിലേക്കും മാത്രമേ നയിക്കുകയുള്ളൂ. ഉന്മാദപ്രദമായ ഗാനങ്ങളുടെ സാന്നിദ്ധ്യം അവിടെ സജീവമായിരിക്കും.  

അഭിശപ്ത ഭവനങ്ങള്‍:
മുകളില്‍ വിവരിച്ച രീതിയില്‍ തോന്നിയവാസങ്ങളുടെയും ആനന്ദത്തിനന്റെയും വശ്യതയില്‍ കുടുങ്ങി പലരും നമസ്‌കാരമോ ജമാഅത്തോ നഷ്ടപ്പെടുത്തുന്നു. ജമാഅത്തില്‍ നിന്ന് പിന്തിരിഞ്ഞ് നില്‍ക്കുന്നവരുടെ ഇത്തരം വീടുകള്‍ അവയുടെ ഉടമസ്ഥരോടൊപ്പം ചുട്ടുകരിക്കാന്‍ പ്രവാചകന്‍ (സ) തീരുമാനിക്കുക പോലും ചെയ്തിരുന്നു. തീര്‍ച്ചയായും ഇത്തരത്തിലുള്ള വീടുകള്‍ ഇന്ന് ധാരാളമായി കാണാനാവും. അതെല്ലാം പിശാചിന്റെ കൂടാരങ്ങളാണ്. ഇതാവട്ടെ മുസ്‌ലിം സമൂഹത്തെ നാശത്തിലെത്തിക്കാന്‍ മതിയായ കീടങ്ങളാണ്. ഇത് ചുറ്റുപാടുകളെ ബാധിക്കാതിരിക്കാന്‍ അതിന്റെ ചികില്‍സയും ഉന്മൂലനവും അനിവാര്യമാണ്. പ്രവചാകന്റെ ചുട്ടുകരിക്കുക എന്ന പ്രയോഗം ഇത്തരുണത്തിലുള്ളതാണ്. ഒഴിവുകഴിവുള്ളവര്‍ക്കും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്ന് ഒഴിവാണ്.  സമൂഹത്തില്‍ വലിയ നിലയിലുള്ളവരും തന്റെ കീഴില്‍ ധാരാളം സ്റ്റാഫുകളുള്ളവരും വലിയ സമ്പത്തുള്ളവരുമായ ചിലയാളുകളെ കാണാം. അബ്ദുല്ലാഹിബ്‌നു അംറ് ബിന്‍ ആസി(റ)ല്‍ നിന്ന് നിവേദനം. ഒരു ദിവസം പ്രവാചകന്‍(സ) നമസ്‌കാരത്തെഓര്‍പ്പിച്ചു കൊണ്ട് പറഞ്ഞു. ‘ആരെങ്കിലും നമസ്‌കാരത്തിന്റെ കാര്യം ശ്രദ്ധിച്ചാല്‍ അതയാള്‍ക്ക് അന്ത്യനാളില്‍ വെളിച്ചവും തെളിവും വിജയവുമായിരിക്കും. ആര്‍ നമസ്‌കാരം നിര്‍വഹിക്കാതിരിക്കുന്നുവോ അവന് പ്രകാശമോ തെളിവോ വിജയമോ ലഭിക്കില്ല. അവരാകട്ടെ പരലോകത്ത് ഖാറൂനും ഫിര്‍ഔനും ഹാമാനും ഉബയ്യ്ബ്‌നു ഖലഫിനുമൊപ്പമായിരിക്കും’. (അഹ്മദ്, അബൂഹാതിം, ഇബ്‌നുഹിബ്ബാന്‍) തീര്‍ച്ചയായും ഇപ്പറഞ്ഞ നാല് പേരും ചരിത്രത്തില്‍ നിഷേധികളുടെ നേതാക്കന്മാരായിരുന്നു. ആര്‍ ധനത്തിന് പിന്നാലെ മുഴുകി നടക്കുന്നുവോ അവന്‍ ഖാറൂനോടൊപ്പമണ്. ആര്‍ക്ക് അധികാരം ലഹരിയാവുന്നുവോ അവന്‍ ഫിര്‍ഔന്റെ കൂട്ടാളിയാണ്. ആര്‍ അധികാരസേവയില്‍ അഭിരമിക്കുന്നുവോ അവന്‍ ഹാമാന്റെ കൂടെയാണ്. ഇനി മറ്റാര്‍ക്കെങ്കിലും ബിസിനസ് ആണ് തലക്കടിച്ചതെങ്കില്‍ അവന്റെ സഹചാരി ഉബയ്യ് ബിന്‍ ഖലഫ് ആണ്.

വീടുകളിലെ അലങ്കാരങ്ങള്‍:
വീടും പരിസരവും വൃത്തിയിലും സൗന്ദര്യത്തിലും സംവിധാനിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ജീവിതത്തിനും ജീവിതസാഹചര്യത്തിനും വൃത്തിയും വെടിപ്പുമുള്ള വീടുകള്‍ അനിവാര്യമാണ്. അതോടൊപ്പം വീടുകള്‍ ആകര്‍ഷണീയമാക്കുന്നതും ധൂര്‍ത്തോ ദുര്‍വ്യയമോ ഇല്ലാത്ത തരത്തില്‍ മാന്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പിശുക്കു കാണിക്കേണ്ടതുമില്ല. പൂവുകളും പൂന്തോട്ടങ്ങളും സൗരഭ്യവും വീടുകളിലുണ്ടാവാം. എന്നാല്‍ പ്രൗഢിയുടെ പേരില്‍ അനാവശ്യമായ പലതും ഇന്ന് ആളുകള്‍ വീടുകളില്‍ സജ്ജീകരിക്കുന്നത് കാണാം. ഇക്കാര്യം പ്രവാചകന്‍(സ) വ്യക്തമായി വിലക്കുകയും ചെയ്തിരിക്കുന്നു. മുസ്‌ലിമിന്റെ വീടുകള്‍ രൂപങ്ങളില്‍ നിന്നും പ്രതിഷ്ടകളില്‍ നിന്നും കാവല്‍ ആവശ്യത്തിനല്ലാതെ വളര്‍ത്തുന്ന പട്ടികളില്‍ നിന്നുമെല്ലാം മുക്തമാവണം. പ്രവാചകന്‍(സ) പറയുന്നു. “ആരെങ്കിലും വേട്ടക്കോ കൂടെ കാവലിനായി നടത്താനോ അല്ലാതെ നയകളെ വളര്‍ത്തുന്നുണ്ടെങ്കില്‍ ഒരോ ദിവസവും അവന്റെ ഒരോഹരി പ്രതിഫലം കുറഞ്ഞ് കൊണ്ടേയിരിക്കും.” (മുസ്‌ലിം).    

വീട്ടില്‍ പ്രവേശിക്കുമ്പോഴുള്ള മര്യാദകള്‍:
നിശ്ചയം ഒരു മുസ്‌ലിമിന്റെ ഭവനം വിഷലിപ്തമായ നോട്ടങ്ങളില്‍ നിന്നും സുരക്ഷിത സ്ഥാനത്തും മറഞ്ഞിട്ടുമായിരിക്കണം. സ്വതന്ത്രമായി മറ്റുള്ളവര്‍ക്ക് കയറിയിറങ്ങാനുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറി  അകത്തുള്ള സ്വകാര്യതകളില്‍ നിന്നും നഗ്നതകളില്‍ നിന്നും ഒരു മുസ്‌ലിമിന്റെ വീട് സംരക്ഷിക്കപ്പെട്ടിരിക്കണം. ഭവനമര്യാദകള്‍ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ക്ക് പഴുതില്ലാത്ത വണ്ണം വിശദീകരിക്കുന്നു.
    
“വിശ്വസിച്ചവരേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്; ആ വീട്ടുകാരോട് നിങ്ങള്‍ അനുവാദംതേടുകയും അവര്‍ക്ക് സലാംപറയുകയും ചെയ്യുംവരെ. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങളിതു ചിന്തിച്ചുമനസ്സിലാക്കുമല്ലോ. അഥവാ, നിങ്ങള്‍ അവിടെ ആരെയും കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് അനുവാദം കിട്ടുംവരെ അകത്തുകടക്കരുത്. നിങ്ങളോട് തിരിച്ചുപോകാനാണ് ആവശ്യപ്പെട്ടതെങ്കില്‍ നിങ്ങള്‍ മടങ്ങിപ്പോവണം. അതാണ് നിങ്ങള്‍ക്കേറെ പവിത്രമായ നിലപാട്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും നന്നായറിയുന്നവനാണ്.” (24:27þ-28)

ഒരു ഭവനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ആഗതനും വീട്ടുകാരനും പരസ്പരം തിരിച്ചറിയേണ്ടതും മനസ്സിണങ്ങേണ്ടതുമുണ്ട്. അതാവട്ടെ ഒരു പുഞ്ചിരിയിലൂടെയും വാക്കുകളിലൂടെയും പരിചയപ്പെടുത്തുന്നതിലൂടെയും സൂചനയിലൂടെയുമെല്ലാം ആവാം. ഒപ്പം തന്നെ സലാം പറയുകയും പ്രവേശനനാനുവാദം സ്വീകരിക്കുകയും വേണം. ഒരിക്കലും ആഗതന്‍ വാതിലിന് നേരെ അഭിമുഖമായി വന്ന് നില്‍ക്കാതെ ഇടത്തോട്ടോ വലത്തോട്ടോ മാറിനില്‍ക്കണം. അല്ലാതെ വീട്ടിനകത്തേക്ക് ഒളിഞ്ഞു നോക്കരുത്. പ്രവാചകന്‍ (സ) പറഞ്ഞു. ‘ആരെങ്കിലും നിന്റെ വീട്ടിലേക്ക് അനുവാദംകൂടാതെ ഒളിഞ്ഞു നോക്കിയാല്‍ നീ അയാളെ കല്ലെടുത്തെറിഞ്ഞ് അയാളുടെ കണ്ണ് പൊട്ടിയാലും നിനക്ക് കുറ്റമില്ല.’ (ബുഖാരി, മുസ്‌ലിം)  

വീട്ടിനകത്തെ മര്യാദകള്‍
ഉഖ്ബത് ബിന്‍ ആമിറില്‍ നിന്ന് നിവേദനം. നിശ്ചയം അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു. “നിങ്ങള്‍ സ്ത്രീകളുടെ അടുത്തേക്കങ്ങ് കയറിച്ചെല്ലരുത്. അപ്പോള്‍ ഒരു അന്‍സാരി ചോദിച്ചു. അവര്‍ ഇണയുടെ ഉറ്റവരായാലോ? അത് തന്നെയാണ് അപായം” അഥവാ അവരുടെ കാര്യത്തില്‍ കൂടുതല്‍ ആശങ്ക വേണ്ടതുണ്ട്. കാരണം അവരുടെ അടക്കലേക്കുള്ള പ്രവേശന സാഹചര്യങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായതു കൊണ്ടാണത്. ഈ ഹദീസ് സൂചിപ്പിക്കുന്നത് ഇണകളുടെ ഉറ്റവരായിരുന്നാല്‍ പോലും അന്യ പുരുഷന്മാര്‍ ആയതിനാലുള്ള അപായം സൂക്ഷിച്ചുകൊണ്ടുതന്നെ മുസ്‌ലികളുടെ ഭവനങ്ങളില്‍ അങ്ങേയറ്റത്തെ വിശുദ്ധി സംരക്ഷിക്കപ്പെടണമെന്നാണ്. ഇക്കാലത്ത് ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നുള്ള ഇത്തരം അകടങ്ങള്‍ പതിവായിരിക്കുകയാണ്. ചില സ്ത്രീകളാവട്ടെ സ്വന്തം സഹോദരന്മാരെയും അമ്മാവന്‍മാരെയും പോലെ കണക്കാക്കി ഭര്‍ത്താവിന്റെ ബന്ധുക്കളുടെ അടുത്ത് ഹിജാബ് സൂക്ഷിക്കാതെ നടക്കുന്നത് കാണാം.

മറ്റു ചിലര്‍ അന്യപുരുഷന്മാരുടെ വീടുകളിലേക്ക് കൂട്ടിക്കൊണ്ട് വരികയും ഇവര്‍ മറ്റു അവിടെയുള്ള സ്ത്രീകളുമായി വെപ്പുകാരുടെയും ഡ്രൈവര്‍മാരുടെയും സേവകരുടെയും പേരില്‍ അവരുടെ വീടുകളില്‍ വെച്ച് കൂടിക്കലരുകയും ചെയ്യാറുണ്ട്. വേറെ ചിലര്‍ അന്യസ്ത്രീകളെ കൊണ്ടുവന്ന് ആവരുടെ വീടുകളിലാക്കുന്നു. എന്നിട്ടവിടേക്ക് കയറിച്ചെന്ന് അവരുമായി മിംഗിളവുന്നവരെയും നമുക്ക് കാണാം. ഇങ്ങനെ വിവാഹം നിഷിദ്ധമാക്കപ്പെട്ട അടുത്തയാളുകള്‍ (മഹ്‌റം) കൂടെയില്ലാതെ അനേകം പേരെ നമുക്ക് കാണാനാവും. ഇത് തെറ്റിലേക്കും മ്ലേച്ഛതയിലേക്കും നയിക്കുന്നതിനാല്‍ ഇസ്‌ലാമില്‍ ഇത്തരം കീഴ്‌വഴക്കങ്ങളെ നിഷിദ്ധമാക്കുന്നു. അന്യസ്ത്രീ പുരുഷന്മാരെ വീട്ടിലേക്ക് കൊണ്ടു വരുന്നത് കാര്യക്ഷമതയില്ലായ്മയുടെയും നിര്‍ലജ്ജതയുടെയും അലംഭാവത്തിന്റെയും ഫലമാണ്. ഒരു കാര്യബോധമുള്ള വിശ്വാസി തന്റെ ഭാര്യയം പെണ്‍മക്കളും ഈ രീതിയില്‍ കൂടിക്കലരുന്നത് ഇഷ്ടപ്പെടുകയില്ല. അതു പോലെ ഒരു ഊര്‍ജ്വസ്വലനായ വിശ്വാസി ഒരിക്കലും സ്വന്തം സ്ത്രീകളുടെ അടക്കലേക്ക് കയറിച്ചെല്ലുന്ന പോലെ മറ്റുള്ളവരുടെ മുറിയിലേക്ക് കയറിച്ചെല്ലില്ല. തിന്മയെ പറ്റി സദാ ജാഗരൂകരാവുക. ഭവനങ്ങളെ ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രമാക്കി മാറ്റുക. അല്ലാഹു അനുഗ്രഹിക്കട്ടെ…

Related Articles