Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ യുവശക്തിയെ തകര്‍ക്കല്‍ ഐഎസിന്റെ ലക്ഷ്യം

ഇറാഖിലും സിറിയയിലുമായി ഈയിടെ ഉയര്‍ന്നു വന്ന ഇസ്‌ലാമിക് സ്റ്റേറ്റുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വേണ്ടി പോയ നാലംഗ ഇന്ത്യന്‍ സംഘത്തിലെ ഒരാള്‍ തിരിച്ചെത്തിയതായുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കല്യാണ്‍ സ്വദേശികളായ ഈ യുവസംഘത്തിലെ മൂന്ന് പേര്‍ എഞ്ചിനീയറിംഗ് ബിരുദധാരികളാണ്. ലോകത്തിലെ പല പ്രമുഖ രാജ്യങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള കഴിവുറ്റ മുസ്‌ലിം യുവാക്കള്‍ ഐ.എസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐ.എസിലേക്കുള്ള ലോകം മുസ്‌ലിം യുവതയുടെ അതിപ്രസരം ഈ സംഘത്തിന്റെ ഇസ്‌ലാം വിരുദ്ധ അജണ്ടകളെക്കുറിച്ച വാദങ്ങള്‍ക്ക് ബലം നല്‍കുന്നുണ്ട്.  കാരണം, അറബ് വസന്താനന്തര ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഭാഗമാണ് മുസ്‌ലിം യുവത. ഇസ്‌ലാമിന്റെ ജനാധിപത്യമൂല്യങ്ങള്‍ ലോകത്ത് ഉയര്‍ത്തിപ്പിടിക്കാനും, രക്തരഹിത വിപ്ലവങ്ങളെക്കുറിച്ച ബാലപാഠങ്ങള്‍ ലോകത്തിന് പകര്‍ന്നു നല്‍കാനും മുന്‍പന്തിയിലുണ്ടായിരുന്നത് ഈ വിഭാഗമാണ്. അറബ് വിപ്ലവങ്ങളിലെ മുസ്‌ലിം യുവതയുടെ ഭൂരിപക്ഷസാന്നിദ്ധ്യം ഇതിന് തെളിവാണ്. ഈ യുവ ഉണര്‍വ്വ് ലോകത്തെ മുസ്‌ലിം വിരുദ്ധ ശക്തികളെ ഭയപ്പെടുത്തിയെന്നത് പച്ചയായ യാഥാര്‍ത്ഥ്യവുമാണ്. ഈ ഉണര്‍വ്വിനെ ഇല്ലാതാക്കാനും മുസ്‌ലിം യുവതയുടെ ഈ ശക്തിയെ ക്ഷയിപ്പിക്കാനുമുള്ള ഗൂഢലക്ഷ്യം ഐ.എസിന്റെ പിറവിക്കു പിന്നിലെ അജണ്ടകളില്‍ മുഖ്യമായ ഒന്നാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഏതൊരു രാജ്യത്തെയും സമ്പദ്‌വ്യവസ്ഥയുടെ മുഖ്യശക്തി മാനവവിഭവമാണ്.  മാനവിഭവങ്ങളില്‍ ഏറ്റവും ഗുണമേന്മയുള്ളവ യുവജനത തന്നെയാണ്. എന്നാല്‍ ഇന്ന് പാശ്ചാത്യന്‍-യൂറോപ്യന്‍ രാജ്യങ്ങളിലെ ജനസംഖ്യയില്‍ യുവജനതയുടെ എണ്ണം ഗണ്യമായ തോതില്‍ കുറയുകയും, വ്യദ്ധ ജനസംഖ്യ വര്‍ദ്ധിക്കുകയും ചെയ്തിരിക്കുകയാണ്. കുടുംബാസൂത്രണത്തിന്റെ പേരിലും മറ്റും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ നിയന്ത്രണ പദ്ധതികളാണ് ഇതിന്റെ മുഖ്യ കാരണം. എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ യുവാക്കളാണെന്നതാണ് ഇതിന്റെ മറുവശം. 2010 ലെ കണക്കു പ്രകാരം മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ ജനസംഖ്യയില്‍ 60 ശതമാനവും 30 വയസ്സിന് താഴെയുള്ളവരാണ്.  ഈ വര്‍ധിച്ച യുവജനശക്തിയെ ഇല്ലാതാക്കാനും അവരെ വിപ്ലവ മാര്‍ഗങ്ങളില്‍ നിന്ന് വഴിതിരിച്ച് വിട്ട് അസ്ഥിരപ്പെടുത്താനുമുള്ള ഇസ്‌ലാം വിരുദ്ധ ശക്തികളുടെ ശ്രമം ഐ.എസിന്റെ പിന്നിലുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ തിരിച്ചറിയാതെ തികച്ചും വൈകാരികമായി ആവേശത്തില്‍ സായുധയുദ്ധങ്ങള്‍ക്കു വേണ്ടി ഇറങ്ങിപ്പുറപ്പെടുകയാണ് ലോക മുസ്‌ലിം യുവത. അതിനാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി വിവേകപരമായ തീരുമാനങ്ങളെടുക്കാന്‍ മുസ്‌ലിം യുവത തയ്യാറാവേണ്ടതുണ്ട്.

Related Articles