Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം അമേരിക്കയില്‍

അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ ഇസ്‌ലാമിക വിശ്വാസത്തിന് ഇന്ത്യയില്‍ ഉടലെടുത്ത അഹമദിയ്യാ  പ്രസ്ഥാനവുമായി ബന്ധമുണ്ട്. ഇവരുടെ സംഘടനയായ നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ വെള്ളക്കാര്‍ പിശാചുക്കളാണെന്നും ക്രിസ്തുമതം ദജ്ജാലുമായി ബന്ധപ്പെട്ടതാണെന്നുമുള്ള പ്രചരണമാണ് മുഖ്യമായി കറുത്തവരെ സംഘടനയിലേക്ക് ആകര്‍ഷിച്ചത്. ഇവരുടെ നേതാവായിരുന്ന ഡബ്ലിയു. ഡി. ഫര്‍ദിന്റെ ശേഷം അനുയായി എലിജാ മുഹമ്മദ് (എലിജാ പൂള്‍ 1897-1975) നേതൃത്വം ഏറ്റെടുത്തതോടെ സംഘടനയുടെ നയനിപാടുകള്‍ക്ക് മാറ്റമുണ്ടായെങ്കിലും ഇവരുടെ നയങ്ങളും ചര്യകളും യഥാര്‍ത്ഥ ഇസ്‌ലാമില്‍നിന്ന് വ്യത്യസ്തമായിരുന്നു.

നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ ഉദയത്തോടെയാണ് ഇസ്‌ലാം അമേരിക്കയില്‍ പൊതു ശ്രദ്ധ ആകര്‍ഷിച്ചുതുടങ്ങിയത്.. വെള്ളക്കാരുമായുള്ള ബന്ധം ഒഴിവാക്കണമെന്നും കറുത്ത മുസ്‌ലിംകള്‍ സാമ്പത്തിക സ്വാതന്ത്ര്യവും ആത്മാഭിമാനവും വ്യക്തിത്വവും നേടിയെടുക്കണമെന്നും എലിജാമുഹമ്മദ് പഠിപ്പിച്ചത് ആഫ്രോ-അമേരിക്കന്‍ സമൂഹത്തെ കൂടുതല്‍ സ്വാധീനിച്ചു.. എലിജാമുഹമ്മദിന്റെ മരണശേഷം 1980-ല്‍ പ്രസ്ഥാനം ‘അമേരിക്കന്‍ മുസ്‌ലിം മിഷന്‍’ എന്നറിയപ്പെട്ടു.

അമേരിക്കയിലെ ആദ്യ മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് ശരിയായ ഇസ്‌ലാമിക പരിജ്ഞാനം ഉണ്ടായിരുന്നില്ല. കുടിയേറ്റം ഒരു താല്‍ക്കാലിക മാറ്റം മാത്രമായി കരുതിയ അവര്‍ ഒരു സമൂഹത്തിന്റെ രൂപീകരണത്തിനോ, ആരാധനാലയങ്ങള്‍ നിര്‍മിക്കാനോ ശ്രദ്ധിച്ചില്ല. കാലക്രമേണ ചെറുസംഘങ്ങള്‍ പ്രാര്‍ത്ഥനക്കായി ഒരുമിച്ചുകൂടുകയും തങ്ങളുടെ പ്രദേശത്ത് പള്ളികള്‍ നിര്‍മിക്കുകയും ചെയ്തു. 1920 കള്‍ക്കുശേഷമാണ് പള്ളികളുടേയും സെന്ററുകളുടേയും നിര്‍മാണം വ്യാപകമായി ആരംഭിച്ചത്. ഇന്ന് പള്ളികളും കേന്ദ്രങ്ങളുമടക്കം 2300 ല്‍ പരം സ്ഥാപനങ്ങള്‍ മുസ്‌ലിംകളുടേതായുണ്ട്. 1950 ല്‍ അമേരിക്കയിലേയും കനഡയിലേയും  20-ലേറെ പള്ളികള്‍ ഉള്‍പ്പെടുന്ന ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് അസോസിയേഷന്‍സ് നിവില്‍വന്നു. കനഡയിലും അമേരിക്കയിലും വിദ്യാര്‍ത്ഥികള്‍ 1963-ല്‍ മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ രൂപവല്‍കരിച്ചു. വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 1967-ല്‍ ഇസ്‌ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിച്ചു. 70-കളുടെ തുടക്കത്തില്‍ ആരംഭിച്ച ഇക്‌ന എന്നറിയപ്പെടുന്ന ‘ഇസ്‌ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക’   ഇപ്പോള്‍ വിപുലമായസന്നാഹങ്ങളോടെ ഇസ്‌ലാമിക പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 1978 മുതല്‍ റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി പ്രതിനിധികള്‍ ‘കോണ്ടിനെന്റല്‍ കൗണ്‍സില്‍ ഓഫ് മസ്ജിദ്‌സ് ഓഫ് നോര്‍ത്ത് അമേരിക്ക’ എന്നപേരില്‍ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡയലോഗ് സെന്ററുകളും നടത്തിവരുന്നു.

അമേരിക്കയിലെ തദ്ദേശീയരായ വെള്ളക്കാരില്‍ 80,000 പേര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്.  ഒരു ലക്ഷം അമേരിക്കക്കാര്‍ ഇസ്‌ലാം ആശ്ലേഷിച്ചതായാണ് 2009-ലെ കണക്കുകള്‍. കുത്തഴിഞ്ഞ അമേരിക്കന്‍ സംസ്‌കാരത്തില്‍ നിരാശപൂണ്ട പലരും പ്രതീക്ഷയോടെ നോക്കുന്നത് ഇസ്‌ലാമിലേക്കാണ്. അറബികളേയും മുസ്‌ലിംകളേയു കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന തെറ്റിദ്ധാരണകള്‍ നീക്കാന്‍ അമേരിക്കയിലുടനീളം സംപ്രേഷണം ചെയ്യപ്പെടുന്ന പലതരം ടി.വി. പരിപാടികളും ഈ സംഘടനകള്‍ നിര്‍മിച്ചുവരുന്നുണ്ട്. ദി ലിറ്റില്‍ ജയന്റ്, ദി ഇന്‍വിറ്റേഷന്‍,  അല്‍മനാര്‍, ഇസ്‌ലാമിക് ഹൊറൈസന്‍സ്, അല്‍ ഇത്തിഹാദ് എന്നീ ആനുകാലികങ്ങളും ഈ സംഘടനകള്‍ പ്രസിദ്ദീകരിക്കുന്നുണ്ട്.

മുസ്‌ലിംകളില്‍ ഭികരത ആരോപിക്കുന്നതിന്റെ പിന്നില്‍ മുഖ്യമായി പ്രവര്‍ത്തിക്കുന്നത് ജൂതലോബിയാണ്. ഹാവാര്‍ഡ് യൂനിവേഴ്‌സിറ്റി പ്രഫസര്‍ സാമുവല്‍ ഹണ്ടിംഗ്ടന്റെ ‘നാഗരികതകളുടെ സംഘട്ടനം’ എന്ന ഗ്രന്ഥത്തിലെ പാശ്ചാത്യസംസ്‌കാരത്തിന് ഭീഷണി ഇസ്‌ലാമാണെന്ന വാദവും ജൂതലോബിക്ക് പിന്തുണ നല്‍കുന്നു. ഈ വാദഗതിയെ പ്രശസ്ത ഗവേഷകന്‍ ജോണ്‍ എല്‍. എസ്‌പോസിറ്റോ അടക്കം  ധാരാളം പണ്ഡിതന്മാര്‍ ഖണ്ഡിക്കുന്നുണ്ട്. ഹണ്ടിംഗ്ടന്റെ വാദത്തെ അനുകൂലിക്കുകയും മുസ്‌ലിം വിരുദ്ധ നിലപാടെടുക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ‘ഹെറിറ്റേജ് ഫൗണ്ടേഷന്‍’ പോലുള്ള സംഘടനകളും ജൂതലോബിയെ പിന്തുണക്കുന്നു. ഇസ്‌ലാമിക ചര്യകള്‍ക്കനുസൃതമായ വിദ്യാഭ്യാസത്തിന്റേയും അനുയോജ്യമായ സാഹചര്യങ്ങളുടേയും അഭാവം പുതിയ തലമുറ നേരിടുന്നുണ്ടെങ്കിലും നൂറുകണക്കില്‍ ഇസ്‌ലാമിക് സണ്‍ഡേ സ്‌കൂളുകളും, ഡേ സ്‌കൂളുകളും അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

അമേരിക്കയില്‍  ആഫ്രോ-അമേരിക്കക്കാര്‍, മതപരിവര്‍ത്തനംചെയ്ത വെള്ളക്കാര്‍, ഇതര കുടിയേറ്റക്കാര് എന്നിവര്‍ ഉള്‍പ്പെടെ നാലു ശതമാനത്തോളം മുസ്‌ലിംകളാണെന്നാണ് അനൗദ്യോഗിക കണക്ക്.  ഇസ്‌ലാം ആശ്ലേഷിച്ചവരില്‍ വര്‍ണവിവേചനത്തില്‍നിന്നും ചൂഷണങ്ങളില്‍നിന്നും മുക്തി നേടാന്‍ വഴി തേടിയെത്തിയവരായിരുന്നു അധികമെങ്കിലും, ആധുനിക ജീവിതസൗഭാഗ്യങ്ങളെല്ലാം തികഞ്ഞ ഒരു സമൂഹത്തില്‍ ദിശാബോധമോ മനഃശാന്തിയോ ലഭിക്കാതെ ഇതര മതവിശ്വാസങ്ങളിലും, സംഹിതകളിലും, സിദ്ധാന്തങ്ങളിലും അസംതൃപ്തരായി സ്വയം പഠനഗവേഷണങ്ങളിലൂടെ ഇസ്‌ലാമിനെ കണ്ടെത്തിയ ബുദ്ധിജീവികളായിരുന്നുഭൂരിപക്ഷവും..

ഇവരില്‍ എലിജാമുഹമ്മദിന്റെ നേഷന്‍ ഓഫ് ഇസ്‌ലാം സംഘടനയില്‍ നിന്നെല്ലാം മാറി  ശരിയായ ഇസ്‌ലാമിക വിശ്വാസത്തില്‍ എത്തിച്ചേര്‍ന്ന അമേരിക്കന്‍ പൗരാവകാശ സമരങ്ങളിലും വര്‍ണ്ണവിവേചന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലും വ്യക്തിമുദ്ര പതിച്ച മലിക് അശ്ശഹ്ബാസ് (മാല്‍കം എക്‌സ്), 1967-ല്‍ തന്റെ മതവിശ്വാസം അന്യായമായി മനുഷ്യനെ വധിക്കുന്നതിന്നെതിരാണെന്ന്  പ്രസ്താവിച്ചുകൊണ്ട് വിയറ്റ്‌നാം യുദ്ധത്തില്‍ നിര്‍ബന്ധസൈനിക സേവനത്തിന് പോകാന്‍ വിസമ്മതിച്ചു. മൂന്ന് തവണ ലോക പ്രൊഫഷനല്‍ ഹെവിവെയിറ്റ് ബോക്‌സിങ്ചാമ്പ്യനായി പട്ടം നേടിയ കായികലോകം എന്നേക്കും സ്മരിക്കുന്ന മുഹമ്മദ് അലി (കാഷ്യസ്സ് ക്ലേ), അമേരിക്കയിലെ അറിയപ്പെട്ട മതപണ്ഡിതനും ഖത്തറില്‍ പീസ് ടി.വി.യില്‍ പതിവായിപ്രബോധന പരിപാടികള്‍ അവതരിപ്പിച്ചുവരുന്ന ചാള്‍സ് ബിലാല്‍ ഫിലിപ്പ്,  പ്രസിദ്ധ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനുമായ മിക്കായേല്‍ അബ്ദുല്‍മജീദ് വൂള്‍ഫ്,  ധാരാളം ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ കര്‍ത്താവും ഇപ്പോഴും പ്രബോധന മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗണിതശാസ്ത്ര പ്രഫസറുമായ ഡാഃ ജെഫ്രിലാങ്ങ്, അമേരിക്കന്‍ പ്രതിനിധിസഭയിലെ ആദ്യ മുസ്‌ലിം അംഗവും പണ്ഡിതനുമായ ഇമാം സിറാജ് വഹാജ്, മാര്‍ഗററ്റ് മാര്‍ക്കസായി അമേരിക്കയിലെ ജൂത കുടുംബത്തില്‍ പിറന്ന് സ്വയം ഗവേഷണ പഠനങ്ങളിലൂടെ ഇസ്‌ലാമിലെത്തി, പാക്കിസ്ഥാനില്‍ വസിച്ച കവിയും എഴുത്ത്കാരിയുമായ മറിയം ജമീല, സാമൂഹ്യ-വിദ്യാഭ്യാസ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ കരോള്‍ എല്‍. ആന്‍വി,
ബുദ്ധിജീവിയും പണ്ഡിതനും ഗ്രന്ഥകാരനും മുഹമ്മദ് ഹൈക്കലിന്റെ പ്രശസ്ത നബിചരിത്രഗ്രന്ഥമായ ‘ഹയാത് മുഹമ്മദ്’ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഇസ്രായീലില്‍നിന്ന് അമേരിക്കയില്‍ കുടിയേറിയ ഇസ്മാഈല്‍ റാജി ഫാറൂഖിയുമെല്ലാം പെടുന്നു.

മുസ്‌ലിംകള്‍ അമേരിക്കയില്‍ അവഗണിക്കനാവാത്ത ശക്തിയാണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു 1996-ല്‍ വൈറ്റ്ഹൗസ് മുസ്‌ലിം പ്രതിനിധികള്‍ക്കായി നല്‍കിയ ഇഫ്താര്‍ വിരുന്ന്. അമേരിക്കയില്‍ ആദ്യമായാണ് ഇപ്രകാരം വൈറ്റ്ഹൗസില്‍ ഇങ്ങിനെ ഒരു ചടങ്ങ് സംഘടിപ്പിച്ചത്. ഇപ്പോള്‍ എണ്ണസമ്പന്നമായ അറബ്‌രാജ്യങ്ങളുടെ സാമ്പത്തിക സഹായവും തദ്ദേശമുസ്‌ലിംകളുടെ സജീവ താല്‍പര്യവുംകാരണമായി പള്ളികളും കേന്ദ്രങ്ങളും ഗണ്യമായി വര്‍ധിച്ചുവരുന്നുണ്ട്.

Related Articles