Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ നാശം ജൂതന്‍മാരുടെ കൈകളാലോ?

jewish-extremist.jpg

അങ്ങനെ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായതിന് ശേഷം ആദ്യമായി, ഇസ്രായേല്‍ രഹസ്യപോലീസായ ശിന്‍ ബേത്ത് ജൂതന്‍മാര്‍ക്കെതിരെ ‘പ്രത്യേക നടപടി’കള്‍ പ്രയോഗിച്ചിരിക്കുകയാണ്. ഈ നടപടികളില്‍ പീഢന-മര്‍ദ്ദനങ്ങളും ഉള്‍പ്പെടുമെന്നാണ് ചില തീവ്രവലതുപക്ഷവാദികളുടെ ആരോപണം.

ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഘം വെളിച്ചത്ത് വരുന്നത്. ഇസ്രായേല്‍ രാഷ്ട്രത്തെ ഇല്ലാതാക്കുക, സയണിസത്തിന് അന്ത്യം കുറിക്കുക, ഇസ്രായേലിന്റെ സ്ഥാനത്ത് ഒരു മെസിയാനിക്ക് ജൂത സാമ്രാജ്യം സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനായി മേഖലയിലെ ക്രമസമാധാനം തകര്‍ക്കുക എന്നതാണ് രഹസ്യസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മത/തീവ്രദേശീയവാദ സംഘത്തിന്റെ പ്രധാന ലക്ഷ്യം. അറബികളെ കൊന്നുതള്ളുക എന്നതാണ് ഈ സംഘത്തിന്റെ പ്രമാണമനുസരിച്ച് നിലവിലെ ജൂത രാഷ്ട്രം തകര്‍ക്കാനുള്ള പ്രധാനമാര്‍ഗം. അതുവഴി അറബ് ലോകവും, അന്താരാഷ്ട്രാസമൂഹവും ഇസ്രായേലിനെതിരെ തിരിയും, അത് പിന്നീട് ക്രമസമാധാനം തകര്‍ക്കുകയും വിപ്ലവത്തിലേക്ക് നയിക്കുകയും ചെയ്യും എന്നാണ് സംഘം കണക്ക് കൂട്ടുന്നത്. അങ്ങനെ, വിപ്ലവാനന്തരം, ഭരണകൂടത്തിന്റെ കടിഞ്ഞാണ്‍, ജനാധിപത്യത്തിന് പകരം തോറയുടെ ആധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൈകളില്‍ വന്ന് ചേരും.

തുടര്‍ന്ന് അവര്‍ ഒരു രാജാവിനെ നിശ്ചയിക്കുകയും, ജൂത മതനിയമം മാത്രം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബിബ്ലിക്കല്‍ ജൂദിയന്‍ രാഷ്ട്രം പുനസ്ഥാപിക്കുകയും ചെയ്യും. പ്രാഥമിക ഘട്ടത്തില്‍, ജൂതന്മാരല്ലാത്തവരോടും അറബികളോടും എത്രയും പെട്ടെന്ന് രാജ്യം വിട്ട് പുറത്ത് പോകാന്‍ മുന്നറിയിപ്പ് നല്‍കും. രണ്ടാം ഘട്ടത്തില്‍, രാജ്യം വിട്ട് പോകാന്‍ വിസമ്മതിക്കുന്നവരെ, സ്ത്രീകളായാലും കുട്ടികളായാലും ശരി, കൊന്ന് തള്ളും. ജൂത പുണ്യഭൂമിയില്‍ ജൂതന്മാരല്ലാത്തവര്‍ക്ക് സ്ഥാനമില്ല. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നടപടികളുമായി ഇവക്ക് സാദൃശ്യമുള്ളതായി ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. മതം തീവ്രവാദികളുടെ കൈകളില്‍ അകപ്പെടുകയും, അതൊരു മെസിയാനിക്ക് ഉപകരണമായി മാറുകയും ചെയ്താല്‍, അതിനെയാണ് മതതീവ്രവാദം എന്ന് വിളിക്കുക.

ശിന്‍ ബേത്തിന്റെ പോലിസിന്റെയും അന്വേഷണം ‘റിവോള്‍ട്ട് ഗ്രൂപ്പ്’ എന്ന് വിളിക്കപ്പെടുന്ന സംഘത്തിലേക്ക് എത്തിച്ചേര്‍ന്നു. ‘ഗിവോനിം’ (മലമുകള്‍വാസികള്‍) എന്ന് സ്വയം വിളിക്കുന്ന 15-നും 24-നും ഇടയില്‍ പ്രായമുള്ള ഒരു കൂട്ടം യുവാക്കളായിരുന്നു അതിലെ അംഗങ്ങള്‍. 2015 ജൂലൈ 31-ന് വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളായ ദവാബ്ശിഷ് കുടുംബത്തിലെ ഒരാള്‍ ഒഴികെയുള്ള മുഴുവന്‍ അംഗങ്ങളെയും ജീവനോടെ ചുട്ടുകൊന്നതിന് പിന്നില്‍ ഈ സംഘമാണ് പ്രവര്‍ത്തിച്ചത്. 18 മാസം മാത്രം പ്രായമുള്ള അലി, അവന്റെ മാതാപിതാക്കള്‍ എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. അവരുടെ 4 വയസ്സുകാരന്‍ മകന്‍ മുഹമ്മദ് മാത്രമാണ് അന്ന് രക്ഷപ്പെട്ടത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് മൊത്തം എട്ട് പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷം ഈ സംഘത്തിലെ അംഗങ്ങള്‍ അറബികള്‍ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചു. അവര്‍ നടത്തിയ ആക്രമണപരമ്പകളില്‍ ആദ്യമായി മനുഷ്യജീവന്‍ നഷ്ടപ്പെടുന്നത് ദൗമയില്‍ നടന്ന തീവെപ്പ് കേസിലാണ്. അങ്ങനെ ആദ്യമായി ജൂതന്‍മാര്‍ക്കെതിരെ ‘പ്രത്യേക മുറകള്‍’ പ്രയോഗിക്കാന്‍ അറ്റോര്‍ ജനറല്‍ രഹസ്യാന്വേഷണ വിഭാഗത്തിന് അനുമതി നല്‍കി. ഇതിനെ തുടര്‍ന്നാണ് ദവാബ്ഷിശ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മുഖ്യപ്രതി ബെന്‍ യുലീല്‍ കുറ്റസമ്മതം നടത്തിയത്. ഇതിന് മുമ്പ്, ഇസ്രായേലി ജൂതന്‍മാര്‍ക്കെതിരെ അന്വേഷണങ്ങള്‍ നടത്തുമ്പോള്‍ അത്തരം മുറകള്‍ പ്രയോഗിക്കാന്‍ ഇസ്രായേലി നിയമം അനുവാദം നല്‍കിയിരുന്നില്ല. അതേസമയം വളരെ വ്യത്യസ്തമായ നിയമങ്ങളാണ് അറബികള്‍ക്കെതിരെ പ്രയോഗിച്ച് വരുന്നത്.

സംഘത്തെ കുറിച്ചുള്ള പ്രധാനവിവരങ്ങളും ‘വിപ്ലവരേഖകളും’ ശിന്‍ ബേത്ത് പിടിച്ചെടുത്തിരുന്നു. മൂന്ന് മുതല്‍ അഞ്ച് വരെ അംഗങ്ങളുള്ള ഭീകരസെല്ലുകളായിട്ടാണ് ഇവര്‍ ഒത്തുകൂടുക. സ്വതന്ത്രമായും വളരെ രഹസ്യസ്വഭാവത്തിലുമാണ് ഇവരുടെ പ്രവര്‍ത്തനം. സെല്ലുകള്‍ തമ്മില്‍ പരസ്പരം അറിയുകയില്ല. ശിന്‍ ബേത്ത് ഏജന്റുമാര്‍ക്ക് ഈ സംഘത്തില്‍ നുഴഞ്ഞ് കയറുക അസാധ്യമാണ്. ഇസ്‌ലാമിക് തീവ്രവാദ സംഘങ്ങളില്‍ നുഴഞ്ഞ് കയറുന്നത് പോലെ വളരെ ബുദ്ധിമുട്ടേറിയ ഒരു കടമ്പ തന്നെയാണത്. തീവ്ര മാസിയാനിക് പ്രത്യയശാസ്ത്രമാണ് ഇവരുടേത്. ഒരുമിച്ച് വളര്‍ത്തപ്പെടുകയും, തീവ്രചിന്ത കുത്തിവെക്കപ്പെട്ടവരുമാണ് ഇവര്‍. ബാക്കിയുള്ളവരെ സംശയത്തിന്റെ കണ്ണോടെ മാത്രം കാണുന്ന ഇവര്‍, മലമുകളില്‍ ഗുഹകളിലും മറ്റുമാണ് താമസിക്കുന്നത്. നാഗരിക സമൂഹവുമായുള്ള ബന്ധം വിച്ഛേദിച്ച് ഒരുപാട് കാലം വനാന്തരങ്ങളില്‍ ജീവിക്കുക എന്നതാണ് ഇവരുടെ രീതി.

ഇത്തരമൊരു സംഘം നിലനില്‍ക്കുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നതോടെ അത് ഇസ്രായേലില്‍ ഒരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. അറബ് ഭീകരതയെയും, ജൂത ഭീകരതയെയും വ്യത്യസ്തമായി തന്നെ കാണണമെന്നും, ഈ രാജ്യത്തെ പൗരന്‍മാര്‍ക്കെതിരെ അന്വേഷണത്തിന്റെ ഭാഗമായി മര്‍ദ്ദന മുറകള്‍ പ്രയോഗിക്കരുതെന്നും ആവശ്യപ്പെട്ട് തീവ്രവലത് പക്ഷം രംഗത്ത് വന്നു. പക്ഷെ ബഹുഭൂരിപക്ഷം ആളുകളും അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ആര്‍ക്കെതിരെയും മര്‍ദ്ദന മുറകള്‍ പ്രയോഗിക്കാമെന്ന അഭിപ്രായത്തെയാണ് പിന്തുണച്ചത്. വിദ്യാഭ്യാസ മന്ത്രി നഫ്താലി ബെന്നറ്റ് പോലും അതിനെ പിന്തുണച്ചു. കാരണം, തങ്ങളുടെ പൂന്തോട്ടത്തില്‍ തന്നെ വളരുന്ന ഈ വിഷച്ചെടികള്‍ ചിലപ്പോള്‍ അറബ് ശത്രുക്കളേക്കാന്‍ കൂടുതല്‍ അപകടങ്ങള്‍ ഇസ്രായേല്‍ രാഷ്ട്രത്തിന് വരുത്തിവെക്കുമെന്ന് അവര്‍ക്ക് നന്നായറിയാം.

നിലവിലെ ഇസ്രായേല്‍ രാഷ്ട്രത്തിന് നിലനില്‍ക്കാനുള്ള യാതൊരു അവകാശവുമില്ലെന്നും, അതിനെ എന്ത് വിലകൊടുത്തും തകര്‍ത്ത് പകരം ഒരു ജൂത സാമ്രാജ്യം കെട്ടിപടുക്കുമെന്നും ഉറച്ച് വിശ്വസിക്കുന്ന ഈ സംഘത്തില്‍ നിന്നും ശിന്‍ ബേത്ത് പിടിച്ചെടുത്ത രേഖകളില്‍ എങ്ങനെയാണ് മസ്ജിദുകളും, ക്രിസ്ത്യന്‍ പളളികളും തകര്‍ക്കുകയെന്നും മറ്റും കൃത്യമായി വിശദീകരണ സഹിതം വിവരിച്ചിട്ടുണ്ട്. ശിന്‍ ബേത്ത് അന്വേഷണം ശക്തമാക്കിയതിന്റെ ഫലമായി അക്രമസംഭവങ്ങളില്‍ സംഘത്തിന്റെ പങ്ക് വ്യക്തമാക്കുന്ന ഒരുപാട് തെളിവുകള്‍ ലഭിക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടൊന്നും സംഘത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നാണ് ശിന്‍ ബേത്ത് പറയുന്നത്. തങ്ങളുടെ ആദര്‍ശത്തിന് വേണ്ടി ജീവന്‍ തന്നെ ബലികൊടുക്കാന്‍ തയ്യാറായി നിരവധി പേരാണ് ഈ സംഘത്തിലുള്ളത്. പുറത്ത് നിന്നുള്ള ശത്രുക്കള്‍ക്ക് പുറമെ അകത്ത് നിന്നുള്ള ശത്രുക്കളും ഇസ്രായേല്‍ ഭരണകൂടത്തെ കടന്നാക്രമിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഇവയെയെല്ലാം എങ്ങനെ അതിജീവിക്കും എന്നതിനനുസരിച്ചാണ് ഇനിയങ്ങോട്ടുള്ള ഇസ്രായേലിന്റെ ഭാവി.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം: അല്‍മോണിട്ടര്‍

Related Articles