Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലിനെ ഭയപ്പെടുത്തിയ വീല്‍ചെയര്‍

ahmed-yasin.jpg

2004 മാര്‍ച്ച് 22-ന് നടന്ന ശൈഖ് അഹ്മദ് യാസീന്റെ കൊലപാതകമോ അതിന്റെ ക്രൂരമുഖമോ ഒട്ടും അത്ഭുതപ്പെടുത്തുന്നതല്ല. അന്നേരം ശൈഖിനോടപ്പമുണ്ടായിരുന്ന ആളുകള്‍ക്കും അവരുടെ ജീവന്‍ വിലയായി നല്‍കേണ്ടി വന്നിരുന്നു. ഒമ്പത് ഫലസ്തീനികളാണ് ശൈഖിനെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ഫലസതീന്‍ നേതാക്കളില്‍ കൊല്ലപ്പെടുന്ന ആദ്യത്തെയോ അല്ലെങ്കില്‍ അവസാനത്തെയോ വ്യക്തിയല്ല ശൈഖ് യാസീന്‍. ഫലസ്തീനിലെ ഇസ്രായേല്‍ സൈനിക അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയിരുന്ന ഫലസ്തീനികളും അല്ലാത്തവരുമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര ഭൂമികയില്‍ നിന്നും വരുന്ന അനേകം ബുദ്ധിജീവികള്‍, എഴുത്തുകാര്‍, കലാകാരന്‍മാര്‍ എന്നിവരെ ഇസ്രായേല്‍ കൊന്ന് തള്ളിയിട്ടുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഇസ്രായേല്‍ പ്രധാനമന്ത്രിയും ഫലസ്തീന്‍ നേതാക്കളെ കൊല്ലാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഞാന്‍ കണ്ടെത്തിയ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമെന്താണെന്നാല്‍, വളരെ കൃത്യതയോടെയാണ് ശൈഖ് യാസീന്റെ കൊലപാതകം നടന്നത്. അത് ഫലസ്തീന്‍ – ഇസ്രായേല്‍ സംഘട്ടനത്തിന്റെ പ്രകൃതം എന്താണെന്ന് വളരെ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്.

ഇരുകൈകാലുകളും തളര്‍ന്ന, കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ട 69 വയസ്സുകാരനായ ഒരു വയോധികന് നേരെ, അദ്ദേഹം പ്രഭാതനമസ്‌കാരം കഴിഞ്ഞ് വീല്‍ച്ചെയറില്‍ വരുന്ന സമയത്ത് അമേരിക്കന്‍ നിര്‍മിത അപ്പാഷെ ഹെലികോപ്റ്റര്‍ മൂന്ന് അത്യാധുനിക മിസൈലുകള്‍ തൊടുത്ത് വിടുന്ന ചിത്രം, എന്താണ് അധിനിവിഷ്ഠ ഫലസ്തീനില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിന്റെ മികച്ച ഒരു ഉദാഹരണമാണ്. ഇസ്രായേലിലെ ജയിലില്‍ കിടന്നിരുന്ന സമയത്ത്, അവിടത്തെ ചോദ്യം ചെയ്യല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ‘ശാരീരിക സമ്മര്‍ദ്ദങ്ങള്‍’ ഫലമായി ശൈഖിന്റെ കാഴ്ച്ച ഏതാണ്ട് നഷ്ടപ്പെട്ടിരുന്നു.

1948-ല്‍ കുട്ടിയായിരിക്കെ, ശൈഖ് യാസീനെ സയണിസ്റ്റ് സായുധ സംഘങ്ങള്‍ അദ്ദേഹത്തിന്റെ ഗ്രാമമായ അസ്‌കലാനിന് അടുത്ത അല്‍ജൂറയില്‍ നിന്നും ആട്ടിയോടിച്ചു. പിന്നീടുള്ള കാലം ഗസ്സയിലെ ദാരിദ്ര്യം നിറഞ്ഞ ഒരു പ്രദേശത്തെ അഭയാര്‍ത്ഥി ക്യാമ്പിലാണ് അദ്ദേഹം ജീവിച്ചത്. യൗവന കാലം ഏതാണ്ട് മുഴുവനും വീല്‍ച്ചെയറില്‍ തളക്കപ്പെട്ടെങ്കിലും, ഒരു വിശാലഹൃദയത്തിനും, ക്രിയാത്മക ബുദ്ധിക്കും ഉടമയായിരുന്നു ശൈഖ് യാസീന്‍. അതീവ ബുദ്ധിശാലിയും, സ്വാധീനവുമുള്ള പ്രഭാഷകന്‍, അപാരമായ അറിവ് കൊണ്ടും, മധ്യമ നിലപാട് കൊണ്ടും, അചഞ്ചലമായ വിശ്വാസം കൊണ്ടും അദ്ദേഹം അറിയപ്പെട്ടു. പാശ്ചാത്യമാധ്യമങ്ങളുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി, ജൂതന്മരെ മുഴുവന്‍ ഉന്മൂലനം ചെയ്യാനോ, ഒരു ഇസ്‌ലാമിക സാമ്രാജ്യം സ്ഥാപിക്കാനോ ആയിരുന്നില്ല അദ്ദേഹം പോരാടിയത്. യഥാര്‍ത്ഥത്തില്‍, ജൂതന്മാരും, അദ്ദേഹത്തിന്റെ രാജ്യത്ത് അധിനിവേശം നടത്തിയ സയണിസ്റ്റുകളും തമ്മിലുള്ള വ്യത്യാസം അദ്ദേഹം കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. ഫലസ്തീന്‍ വിമോചനത്തിന് വേണ്ടിയും, ദിനംപ്രതി ഫലസ്തീനികളെ അടിച്ചമര്‍ത്തുകയും, കൊന്ന് തള്ളുകയും ചെയ്യുന്ന ഇസ്രായേല്‍ നടപടി അവസാനിപ്പിക്കുന്നതിന് വേണ്ടിയും സായുധ ചെറുത്ത് നില്‍പ്പ് നടത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ടെന്നതും നേരാണ്.

ശൈഖ് യാസിന്റെയും അദ്ദേഹത്തിന്റെ പ്രസ്ഥാനമായ ഹമാസിന്റെയും അഭിപ്രായങ്ങളെയും, നിലപാടുകളെയും അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഉണ്ടാവാം. പക്ഷെ അദ്ദേഹം ഫലസ്തീനെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് നമുക്കറിയാം, അതുകൊണ്ടു തന്നെയാണ് നാം അദ്ദേഹത്തെ സ്‌നേഹിക്കുന്നതും, ഈ സ്‌നേഹത്തില്‍ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും. അധിനിവിഷ്ഠ ഭൂമിയുടെ രാഷ്ട്രീയത്തെ പറ്റി അവബോധമുള്ളവര്‍ക്കെല്ലാം ശൈഖ് അഹ്മദ് യാസീന്‍ മാന്യനും, ഉത്തരവാദിത്തബോധവുമുള്ള നേതാവാണെന്ന് അറിയാം. ഇസ്‌ലാമിക ചെറുത്ത് നില്‍പ്പ് പ്രസ്ഥാനത്തിലെ ‘മൃദുഭാഷികളായി’ ശൈഖ് യാസീനെയും, കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഹമാസിന്റെ ഉന്നത നേതാവ് ഇസ്മാഈല്‍ അബു ശനബിനെയും നിരവധി ഇസ്രായേലികള്‍ തന്നെ എടുത്തുപറഞ്ഞിട്ടുണ്ട്. എപ്പോഴൊക്കെയാണ് ആയുധപ്രയോഗം നടത്തേണ്ടത് എന്നതിനെ കുറിച്ച് ആ രണ്ടു പേര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു; ഫതഹ് നിയന്ത്രിക്കുന്ന ഫലസ്തീന്‍ അതോറിറ്റിയുമായി അവര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ശൈഖ് യാസീനെ എളുപ്പം അറസ്റ്റ് ചെയ്യാന്‍ ഇസ്രായേലികള്‍ക്ക് സാധിക്കുമായിരുന്നു. അവര്‍ മുമ്പ് അത് ചെയ്തിട്ടുമുണ്ട്. ഭീകരവാദ കുറ്റം ചാര്‍ത്തി, തെളിവുകള്‍ കെട്ടിച്ചമച്ച് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാനും വിചാരണക്ക് വിധേയമാക്കാനും അവര്‍ക്ക് സാധിക്കുമായിരുന്നു. പക്ഷെ അദ്ദേഹത്തെ നശിപ്പിക്കാന്‍ കോടതിയേതര വധശിക്ഷയാണ് അവര്‍ തെരഞ്ഞെടുത്തത്. ഈ നടപടി ഇസ്രേയേലിന്റെ സുരക്ഷയെ മാരകമായി ബാധിക്കുമെന്നും, സംഘര്‍ഷത്തിന് അറുതിവരുത്താനുള്ള രാഷ്ട്രീയ മാര്‍ഗങ്ങളെ അത് അപകടപ്പെടുത്തുമെന്നും നല്ലവണ്ണം അറിഞ്ഞ് തന്നെയാണ് ഇസ്രായേലികള്‍ ശൈഖ് യാസീനെ കൊലപെടുത്താന്‍ തീരുമാനിച്ചത്.

ഇതില്‍ അത്ര വലിയ അത്ഭുതമൊന്നുമില്ല. കാരണം തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സയണിസ്റ്റുകള്‍ എല്ലായ്‌പ്പോഴും ഭീകരതയെ ഉപയോഗപ്പെടുത്തും എന്ന കാര്യം പരസ്യമാണ്. 1897-ലെ പ്രഥമ അന്താരാഷ്ട്ര സയണിസ്റ്റ് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിക്കുകയും, അന്ന് തൊട്ട് ഇന്നു വരെ പ്രയോഗവല്‍ക്കരിക്കുകയും ചെയ്യുന്ന സയണിസ്റ്റ് അജണ്ടയാണിത്. ഫലസ്തീനികളെ കൊന്ന് തള്ളാനും, അവരുടെ ഭൂമിയില്‍ നിന്നും അവരെ ഉന്മൂലനം ചെയ്യാനും, അറബ് രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്താനും, അന്താരാഷ്ട്രാ സമൂഹത്തെ ബ്ലാക്ക്‌മെയില്‍ ചെയ്യാനും സയണിസ്റ്റുകള്‍ ഭീകരവാദത്തെ ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ രക്തം ചിന്താനും, ഫലസ്തീനികളുടെ ഹൃദയങ്ങളില്‍ ഭീതിയും ഭയവും നിറക്കാനുമാണ് അവര്‍ ശൈഖ് യാസീനെ കൊന്നത്. ‘ഹിറ്റലറെ പോലെ തന്നെ ഞാനും, രക്തമെന്ന ആശയത്തിന്റെ ശക്തിയിലാണ് വിശ്വസിക്കുന്നത്,’ ഇസ്രായേലിലെ ആദരണീയനായ സയണിസ്റ്റ് കവി ചെയിം നച്ച്മാന്‍ ബിയാലിക് 1934-ല്‍ എഴുതിയ വരികളാണിത്.

ഇസ്രായേലിന്റെ കൊലപാതക യന്ത്രങ്ങളും, അവിടത്തെ മാധ്യമങ്ങളും പരസ്പരം കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത്. അഹ്മദ് യാസീന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം, ഹവാര ചെക്‌പോയിന്റില്‍ സ്‌ഫോടക വസ്തുക്കള്‍ ധരിച്ചെത്തിയ നാബുലിസില്‍ നിന്നുള്ള ഒരു 14 വയസ്സുകാരന്‍ ഫലസ്തീന്‍ ബാലനെ കുറിച്ച് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയുണ്ടായി. ‘ഇസ്രായേല്‍ സൈന്യത്തിന്റെ സഹായം തേടിയാണ് അവന്‍ എത്തിയത്. അതുകൊണ്ടു തന്നെ ഞങ്ങള്‍ എല്ലാവിധ സഹായങ്ങളും നല്‍കി. പക്ഷെ അവന്റെ പിന്നിലുള്ള ആ ദുഷ്ടശക്തികളെ കണ്ടെത്തേണ്ടിയിരിക്കുന്നു.’ എന്നാണ് അന്ന് ഒരു വനിതാ സൈനിക വക്താവ് പറഞ്ഞത്.

ഫലസ്തീനികള്‍ എത്രത്തോളം ക്രൂരന്‍മാരാണെന്നും, അവര്‍ മരണം അര്‍ഹിക്കുന്നുണ്ടെന്നും ലോകത്തോട് പറയുക എന്നതായിരുന്നു ആ റിപ്പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉദ്ദേശം. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗം എന്ന പേരിലാണ് തകര്‍ക്കപ്പെട്ട വീല്‍ച്ചെയറിന്റെയും, തളംകെട്ടി കിടന്ന യാസീന്റെ രക്തത്തിന്റെയും ഫോട്ടോകള്‍ മാധ്യമങ്ങള്‍ കൊടുത്തത്. അല്‍ജസീറ മാത്രമാണ്, പ്രസ്തുത ഫലസ്തീന്‍ ബാലന്റെ ‘മാനസിക നില വളരെ താഴ്ന്ന നിലയിലാണെന്ന്’ റിപ്പോര്‍ട്ട് ചെയ്തത്. നാബുലുസില്‍ നിന്നുള്ള മറ്റൊരു ബാലനെ അല്‍ജസീറ ഉദ്ദരിക്കുകയും ചെയ്തരുന്നു. കൂടാതെ ‘ഇസ്രായേലികളാണ് തന്നോട് സ്‌ഫോടക വസ്തുക്കള്‍ ധരിക്കാന്‍ പറഞ്ഞതെന്നും, അല്ലെങ്കില്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും’ ബാലന്‍ തന്റെ മാതാപിതാക്കളോട് പറഞ്ഞതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശൈഖ് യാസീന്റെ കൊലപാതകത്തിന് എതിരെയുള്ള അന്താരാഷ്ട്രാ സമൂഹത്തിന്റെ ദുര്‍ബലമായ പ്രതിഷേധത്തെ പോലും വീറ്റോ പവര്‍ ഉപയോഗിച്ചാണ് അമേരിക്ക എതിര്‍ത്തത്.

ഇന്ന്, ഫലസ്തീനികള്‍ക്കിടയില്‍ നിരാശയും ഭീതിയും തളംകെട്ടിനില്‍ക്കുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ചും, അടുത്തത് എന്താണ് സംഭവിക്കുക എന്നതിനെ കുറിച്ചും നമുക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും, ഫലസ്തീനികളുമായി സമാധാനത്തില്‍ വര്‍ത്തിക്കാനല്ല, മറിച്ച് രക്തം ചീന്തുന്ന ഒരു യുദ്ധമാണ് ഇസ്രായേല്‍ ആഗ്രഹിക്കുന്നത് എന്ന കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്.

ഈ തിരിച്ചറിവിന് യോജിച്ച തന്ത്രങ്ങള്‍ വികസിപ്പിക്കുക എന്ന ദൗത്യമാണ് ഇപ്പോള്‍ നാം ഏറ്റെടുക്കേണ്ടത്. സങ്കടവും, കോപവും, ആശങ്കയും നിലനില്‍ക്കുന്നുണ്ടെങ്കിലും, പിന്‍മാറുക എന്നത് തീര്‍ച്ചയായും നമ്മുടെ നിഘണ്ടുവിലില്ല.

ദശാബ്ദങ്ങളായി ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേലികള്‍ നടത്തി വരുന്ന ആക്രമണത്തിന്റെ ഫലമായി, ഒരുപാട് ആളുകള്‍ വീല്‍ച്ചെയറിലായി. നമ്മെ അംഗവൈകല്യമുള്ളവരാക്കി തളച്ചിടുക എന്നതാണ് അവര്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നിഷ്ഠൂരമായി വധിക്കപ്പെടുവെങ്കിലും, വീല്‍ച്ചെയറില്‍ തളക്കപ്പെട്ട ആ മനുഷ്യന്‍, ശൈഖ് അഹ്മദ് യാസീന്‍, ഞങ്ങള്‍ക്ക് ധീരതയുടെയും, ആത്മാര്‍ത്ഥതയുടെയും, പൗരുഷത്തിന്റെയും ഉത്തമമാതൃകയായിരുന്നു. തന്റെ ആദര്‍ശ പാത തെരഞ്ഞെടുക്കുകയും, അതിനനുസരിച്ച് ജീവിക്കുകയും, മരിക്കുകയും ചെയത ആ മനുഷ്യന്റെ മക്കളും പേരക്കുട്ടികളുമായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. അധ്യാപകന്‍ മാത്രമേ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ടുള്ളൂ, പക്ഷെ അദ്ദേഹത്തിന്റെ മരണമില്ലാത്ത അധ്യാപനങ്ങള്‍ ഞങ്ങളോടൊപ്പമുണ്ട്….

(ജറൂസലേമില്‍ സൈക്ക്യാട്രിസ്റ്റായും, ഫിസിയോതെറാപ്പിസ്റ്റായും സേവനമനുഷ്ഠിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് സമാഹ് ജബര്‍.)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles