Current Date

Search
Close this search box.
Search
Close this search box.

ഇവിടെയും ഉന്നംവെക്കപ്പെടുന്നത് മുസ്‌ലിം സമുദായം

targeting.jpg

മൂന്ന് തലക്കെട്ടുകളാണ് മാധ്യമ കഥകളിലിപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്. മൂന്ന് വിഷയങ്ങളിലും കേന്ദ്ര കഥാപാത്രങ്ങള്‍ ഇസ്‌ലാമും മുസ്‌ലിം സമുദായവുമാണ്. ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് നിയമമന്ത്രാലയത്തിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെ വീണ്ടുമൊരിക്കല്‍ കൂടി അത് വിവാദങ്ങള്‍ക്കും സംവാദങ്ങള്‍ക്കും നിമിത്തമായിരിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ഏക സിവില്‍കോഡ് ഇടക്കിടെ ചര്‍ച്ചകളിലേക്ക് കടന്നു വരാറുണ്ട്. യഥാര്‍ഥത്തില്‍ ഇന്ത്യപോലൊരു രാജ്യത്ത് ഏക സിവില്‍കോഡ് അപ്രായോഗികമാണെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്. ഇന്ത്യക്ക് ബഹുസ്വരത ഒരു കാഴ്ചപ്പാട് മാത്രമല്ല, അതൊരു യാഥാര്‍ഥ്യമാണ്. മതനിരപേക്ഷത രൂപപ്പെടുത്തിയെടുത്ത ഒരു നിലപാടല്ല, ഒരനിവാര്യതയാണ്. ഈ അടിസ്ഥാന തത്വങ്ങള്‍ക്കുമേലാണ് ഏക സിവില്‍കോഡ് ഭീഷണിയുയര്‍ത്തുന്നത്. വിവിധ മതജാതി വിഭാഗങ്ങളും ആശയധാരകളും സഹവര്‍ത്തിക്കുന്ന നാടാണിത്. രാജ്യം ഉയര്‍ത്തി പിടിക്കുന്ന പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഏക സിവില്‍ കോഡ്. രാജ്യത്തിന്റെ സാമുഹികാന്തരീക്ഷത്തെ സംഘര്‍ഷഭരിതമാക്കാനും അഖണ്ഡതക്കുമേല്‍ ശൈഥില്യത്തിന്റെ കരിനിഴല്‍ വീഴ്ത്താനുമേ അതുപകരിക്കൂ. അതുകൊണ്ട്, ഏക സിവില്‍കോഡ് മതേതരത്വത്തിനും മതനിരപേക്ഷതയ്ക്കും ബഹുസ്വരതയ്ക്കും എതിരാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മത സ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ പരിരക്ഷക്കുമെതിരാണ് സിവില്‍ കോഡ്. മുസ്‌ലിം സമുദാത്തിന്റെയോ മറ്റേതെങ്കിലും സമുദായങ്ങളുടെയോ മാത്രം പ്രശ്‌നമല്ല. ഭരണകൂടം അതില്‍ നിന്ന് പിന്‍മാറുക തന്നെ വേണം. ഏകപക്ഷിയമായി ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ മതനിരപേക്ഷ കക്ഷികള്‍ രംഗത്തുവരേണ്ട സമയം കൂടിയാണിത്.

ഏക സിവില്‍കോഡ് ദേശീയ ഐക്യത്തിന് ഉപകരിക്കില്ലെന്നാണ് ലോകത്തിന്റെ അനുഭവം. സോവിയറ്റ് യൂനിയനില്‍ അത് നടപ്പാക്കുകയും എല്ലാ ഉപദേശീയതകളെയും സ്വത്വ വൈവിധ്യങ്ങളെയും നിരാകരികരിക്കാന്‍ ശ്രമിച്ചിട്ടും ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം പെരിസ്‌ട്രോയിക്കയുടെ വാതായനങ്ങളിലൂടെ അവ തിരിച്ചു വന്നു. കമാല്‍ അത്താതുര്‍ക്കിന്റെ തുര്‍ക്കിയും ബോസ്‌നിയയും ഇതേ പാഠമാണ് ചൊല്ലിത്തരുന്നത്.

രാജ്യം ഭരിക്കുന്നത് സംഘ് പരിവാറാണ്. ഏകശിലാ സംസ്‌കാരത്തെയാണവര്‍ പൂല്‍കാന്‍ കൊതിക്കുന്നത്. പൊതു സിവില്‍ കോഡെന്നനൊക്കെ പറയുമ്പോഴും അത് ഒന്നാമതായി ടാര്‍ഗറ്റ് ചെയ്യുന്നത് മുസ്‌ലിം സമുദായത്തെയാണ്. മോദിക്കാലത്ത് വിശേഷിച്ചും. ഇസ്‌ലാമിക സമൂഹം ഏറെ ജാഗ്രതയോടെ വിഷയത്തെ സമീപിക്കേണ്ട സാഹചര്യമാണിത്. ഇസ്‌ലാമിക ശരീഅത്തിന്റെ അന്തസത്തയോട് നീതി പുലര്‍ത്താത്ത മുസ്‌ലിം വ്യക്തി നിയമത്തിന് ഏറെ പരിമിതികളുണ്ടെന്നത് ശരിയാണ്. എന്നാല്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ലിത്. അതേസമയം, ആദര്‍ശപരമായും സാംസ്‌കാരികമായും ഇസ്‌ലാമിക സമൂഹത്തെ ഭീഷണിപ്പെടുത്താനുമുള്ള ശ്രമം എക്കാലത്തുമുണ്ടായിട്ടുണ്ടെന്ന ചരിത്രത്തെ സമുദായം മറന്നു പോകരുത്. ദേശീയധാരയിലേക്ക് ലയിക്കണമെന്നോ അല്ലെങ്കില്‍ പുറത്തു പോകണമൊന്നെ ഉള്ള തിട്ടൂരം ഇസ്‌ലാമിക സമൂഹം കേള്‍ക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ”ഒടുവില്‍ നിഷേധികള്‍ പ്രവാചകന്‍മാരോട് പറഞ്ഞു. നിങ്ങള്‍ ഞങ്ങളുടെ സംസ്‌കാരത്തിലേക്ക് തിരിച്ചു വന്നേതീരൂ. അല്ലെങ്കില്‍ നിങ്ങളെ ഞങ്ങളുടെ നാട്ടില്‍ നിന്ന് ആട്ടിപ്പായിക്കുക തന്നെ ചെയ്യും”. തികഞ്ഞ വിശ്വാസ ദാര്‍ഢ്യം കൊണ്ട് അത്തരം വിരട്ടലുകളെ ഇസ്‌ലാമിക സമൂഹം മറികടന്നതെങ്ങിനെയെന്നും ഖുര്‍ആന്‍ തുടര്‍ന്ന് പറയുന്നു.”തീര്‍ച്ചയായും ഈ ധിക്കാരികളെ നാം നശിപ്പിക്കുന്നതാകുന്നു.അവര്‍ക്ക് ശേഷം നിങ്ങളെ ഈ ഭൂമിയില്‍ അധിവസിപ്പിക്കുകയും ചെയ്യും. എന്റെ സന്നിധിയില്‍ ഉത്തരം ബോധിപ്പിക്കേണ്ടി വരുമെന്നും എന്റെ താക്കീതുകളെ ഭയപ്പെട്ടവരോടുമുള്ള ഒദാര്യമത്രെ ഇത്. അവര്‍ തീരുമാനം ആഗ്രഹിച്ചിരുന്നു.”(ഇബ്‌റാഹീം: 13,14)

ലോകത്തെ തന്നെ അറിയപ്പെടുന്ന ഇസ്‌ലാമിക പ്രബോധകനായ ഡോ. സാകിര്‍ നായിക്കിനെതിരെയുള്ള പ്രാചാരണങ്ങളും ആരോപണങ്ങളുമാണ് രണ്ടാമത്തെ കാര്യം. ബഹുമത പണ്ഡിതനാണദ്ദേഹം. അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ രീതിശാസ്ത്രത്തോട് വിയോജിപ്പുള്ളവരുണ്ടാവാം, വിശേഷിച്ചും ഇന്ത്യ പോലൊരു ബഹുസ്വര സമൂഹത്തില്‍. പക്ഷെ വ്യക്തിയെ തന്നെ നിരോധിച്ചു കളയാമെന്ന അത്യന്തം ജനാധിപത്യ വിരുദ്ധമായ, മൗലികാവശങ്ങള്‍ക്കെതിരായ സമീപനത്തെ കുറിച്ചാണ് ഭരണകൂടം ചിന്തിക്കുന്നത്. ഐ എസിനെ തള്ളിപ്പറയുകയും ഭീകരവാദത്തെയും തീവ്രവാദത്തെയും ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തന്നെ നിരാകരിക്കുകയും ചെയ്തവരെ തന്നെ അവയുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നത് തികഞ്ഞ വിരോധാഭാസമാണ്. എത്ര ദുര്‍ബലമായ തെളിവുകളാണദ്ദേഹത്തിനെതിരെ നിരത്തിയിരിക്കുന്നത്? ബംഗ്ലാദേശ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായി പിടിയിലായ വ്യക്തിയുടെ ഡയറിയില്‍നിന്ന് സാകിര്‍ നായിക്കിന്റെ ഉദ്ധരണി കണ്ടെടുത്തുപോലും! ഒരാളുടെ ഡയറിയില്‍ പേരുണ്ടെന്നത് കേസില്‍ ഉള്‍പ്പെട്ടുവെന്നതിന് തെളിവാകുന്നില്ലെന്ന സുപ്രീം കോടതി തീര്‍പ്പിലാണ് സാക്ഷാല്‍ എല്‍ കെ അദ്വാനി പോലും ഹവാല കേസില്‍ കുറ്റ വിമുക്തനായതെന്ന കാര്യം പോലും കേസുകള്‍ ചമക്കാനുള്ള വ്യഗ്രതയില്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ മറന്നുപോകുന്നു. അതോടൊപ്പം ആരോപണം പ്രസിദ്ധീകരിച്ച ബംഗ്ലാദേശിലെ പത്രം അത് പിന്‍വലിച്ചിട്ടുണ്ടെന്നും പ്രസ്താവ്യമാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ സാമുഹ്യ ഇടപെടലുകള്‍ക്കും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍ പുകമറ തീര്‍ക്കുകയും സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തുകയുമാണവര്‍ ചെയ്യുന്നത്. സാമ്രാജ്യത്ത സ്‌പോണ്‍സര്‍ഷിപ്പില്‍ ആഗോള തലത്തില്‍ പ്രചണ്ഡമായി നടക്കുന്ന ഇസ്‌ലാം ഭീതിയുടെ പ്രചാരകരും പ്രായോജകരുമാവുകയാണ് ഭരണകൂടവും ഏജന്‍സികളും. ഉജ്വലരായ വ്യക്തിതങ്ങളെ വ്യക്തിഹത്യയിലൂടെ തന്നെ ഉന്‍മൂലനം ചെയ്യാനുള്ള ശ്രമമാണിത്. മുസ്‌ലിങ്ങളെല്ലാം കുഴപ്പക്കാരെന്ന പഴയ പല്ലവിയില്‍ നിന്നും മാറി മുസ്‌ലിങ്ങളില്‍ നല്ലവരും കുഴപ്പക്കാരുമുണ്ടെന്ന അത്യന്തം അപകടകരമായ ഒരു പൊതുബോധ നിര്‍മിതിയാണ് അവര്‍ ലക്ഷ്യമിടുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ദല്‍ഹി കേന്ദ്രീകരിച്ച നടന്ന സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആഗോള സൂഫി സമ്മേളനത്തെ ഇതോടു ചേര്‍ത്തു വെച്ചാല്‍ ഇതാണ് മനസ്സിലാക്കാനാവുക. മാധ്യമങ്ങളുടെ തദ്‌സമയ വിചാരണകളും ഏകപക്ഷീയ തീര്‍പ്പുകളും അതിന് സഹായകമാവുന്നു. അത്തരമൊരു പൊതുബോധ സമ്മിതി ആര്‍ജിച്ചെടുത്താല്‍ കാര്യങ്ങള്‍ എളുപ്പത്തിലാവുമെന്നാണ് കണക്കു കൂട്ടല്‍.

മൂന്നാമത്തെ വിഷയം ഏതാനും മലയാളികളുടെ തിരോധാനുമായി ബന്ധപ്പെട്ടാണ്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും പാലക്കാട് നിന്നും അപ്രത്യക്ഷരായവര്‍ ഭീകര സംഘടനയായ ഐഎസിന്റെ ക്യാമ്പുകളില്‍ എത്തിപ്പെട്ടുവെന്ന സ്വഭാവത്തിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഒന്നാമതായി സത്യസന്ധവും കലര്‍പ്പില്ലാത്തതുമായ അന്വേഷണം നടത്തി ദുരൂഹത നീക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയാറാവണം. അപ്രത്യക്ഷരായ മുസ്‌ലിം ചെറുപ്പക്കാര്‍ എവിടെയാണെത്തിപ്പെട്ടതെന്നും അവരെ അത്തരം കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച ഏജന്‍സികളേതൊക്കെയെന്നും ജനങ്ങള്‍ അറിയട്ടെ. വ്യാജ ഏറ്റുമുട്ടലുകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ രാജ്യമാണല്ലോ നമ്മുടേത്.

അതിതീവ്ര ആത്മീയത തേടിപ്പോയവരാണ് അപ്രത്യക്ഷരായവരെന്നും പറയപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിന്റെ അതിവായനകളാണ് ചോര മണക്കുന്ന ഐഎസ് കേന്ദ്രങ്ങള്‍ക്കു പിന്നിലെന്ന് ഇസ്‌ലാമിക പ്രസ്ഥാനം മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖില്‍ ദാഇശ് പ്രത്യേക്ഷപ്പെട്ടപ്പോള്‍ തന്നെ, അതിന്റെ ഇസ്‌ലാമിക വിരുദ്ധത ജമാഅത്തെ ഇസ്‌ലാമി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഐ എസ് ഇസ്‌ലാമല്ല എന്ന പേരില്‍ ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ തന്നെ സംഘടിപ്പിച്ചു ഇസ്‌ലാമിക പ്രസ്ഥാനം. അത് മാപ്പു സാക്ഷിത്ത്വമോ ഒഴിഞ്ഞു മാറലോ ആയിരുന്നില്ല. നിരപരാധികളെ കൊന്നൊടുക്കുകയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ലക്ഷങ്ങളെ മരുഭൂമിയില്‍ അഭയാര്‍ഥികളായി അലയാന്‍ വിടുകയും ചെയ്യുന്ന ഒരിസ്‌ലാമിനെ ജമാഅത്തെ ഇസ്‌ലാമിക്ക് പരിചയമില്ല. ജമാഅത്തെ ഇസ്‌ലാമി മാത്രമല്ല, ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളും ആഗോള ഇസ്‌ലാമിക പണ്ഡിത സഭയും കേരളത്തിലെ മുസ്‌ലിം സംഘടനകളുമെല്ലാം ദാഇശിന്റെ മറുവശത്താണ് നിലയുറപ്പിച്ചത്.

ആത്യന്തിക ആത്മീയതയുടെ കുളിരിടങ്ങളോടും ഇസ്‌ലാം വിയോജിക്കുന്നു. ജീവിതഗന്ധിയായ ദര്‍ശനമാണ് ഇസ്‌ലാം. ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കാതെ, മലമടക്കുകളില്‍ പൂര്‍ത്തിയാകുന്നതല്ല ഇസ്‌ലാമിന്റെ നിയോഗം. യാഥാര്‍ഥ്യങ്ങളുടെ ചെങ്കുത്തായ മലമ്പാതകള്‍ താണ്ടിവേണം അതിന് ലക്ഷ്യത്തിലെത്താന്‍. പ്രവാചന്‍മാര്‍ പരിചയപ്പെടുത്തിയതും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തതും അത്തരമൊരു ഇസ്‌ലാമിനെയാണ്. കേരളത്തിലെ മുസ്‌ലിം സംഘടനകളും നേതാക്കളും പണ്ഡിതരും ജാഗ്രതയോടെ വിഷയങ്ങളെ കൈകാര്യം ചെയ്യേണ്ട സന്ദര്‍ഭമാണിത്. ഇന്ത്യയും കേരളവും പോലുള്ള വിവിധ മതജാതി വിഭാഗങ്ങള്‍ ഒന്നിച്ചു ജീവിക്കുന്ന, ബഹുസ്വരമായ ജീവിത ചുറ്റുപാടില്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന തത്വങ്ങളുടെ പ്രയോഗവല്‍ക്കരണത്തെ കുറിച്ച് മുസ്‌ലിം ജനസാമാന്യത്തെ പഠിപ്പിക്കണം. രാജ്യ നിവാസികളുടെ നന്മയ്ക്കുതകുന്നതാണ് ഈ സന്ദേശമെന്നവര്‍ക്ക് ബോധ്യപ്പെടണം. ജീവിതത്തിന്റെ സമസ്ത സന്ദര്‍ഭങ്ങളെ സംബന്ധിച്ചും ഉയര്‍ന്നു പൊങ്ങുന്ന യുക്തിയുടെ അന്വേഷണങ്ങള്‍ക്കു മുന്നില്‍ തൃപ്തികരവും ശരിയുമായ ഉത്തരങ്ങള്‍ ഇല്ലാതെ പോയി എന്നതാണോ അതിവായനകള്‍ക്കും വ്യതിചലനങ്ങള്‍ക്കും കാരണമെന്ന ആത്മപരിശോധനയും പ്രസക്തമാണ്.

കേരളത്തിനും ഐ.എസ് ബാധയേറ്റെന്ന നിലക്കാണ് മാധ്യമ പ്രചാരണം. മുസ്‌ലിം സമുദായത്തെ മുഴുവന്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും നിഴലില്‍ നിര്‍ത്താമെന്നവര്‍ മോഹിക്കുന്നു. സമുദായം ആര്‍ജിച്ച സമസ്ത പുരോഗതിയും നിറം മങ്ങിപ്പോകുന്നുവെന്നതാണിവിടെ സംഭവിക്കുന്നത്. സാമൂഹ്യ മേഖലയിലും തൊഴില്‍ രംഗത്തും വിദ്യാഭ്യാസ മേഖലയിലും സമുദായം ആര്‍ജിച്ച പുരോഗതികൂടിയാണ് ഇത്തരം വാര്‍ത്തകള്‍ക്കിടയില്‍ അപ്രത്ര്യക്ഷമായിപ്പോകുന്നത്. ഇസ്‌ലാമികമായ ഉണര്‍വും സ്ത്രീ മുന്നേറ്റവുമൊക്കെ ആരെയെങ്കിലും അസ്വസ്ഥപ്പെടുത്തുന്നുവെങ്കില്‍ അവയെ അദൃശ്യമാക്കുന്നതിനുള്ള മികച്ച അവസരമായിട്ടും ഇത്തരം പ്രചാരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

കേരളം ടാര്‍ഗറ്റ് ചെയ്യപ്പെട്ടിരിക്കുന്നുവെന്നതാണ് വ്യക്തമാകുന്ന മറ്റൊരു കാര്യം. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ സുഭിക്ഷതയും സര്‍ഗാത്മകതയും ഉത്തരേന്ത്യന്‍ മണ്ണിലേക്ക് പ്രസരിക്കുന്നതും അവിടെ നിന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പുതിയ തലമുറ വന്നു ചേരുന്നതും ആരും കാണാത്ത സ്വകാര്യ ഇടപാടുകളല്ലല്ലോ. അതൊകൊണ്ട്, ഇതിന് നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തെ നിരന്തരം പ്രതിരോധത്തിലാക്കുകയെന്ന തന്ത്രമാണവര്‍ പയറ്റുന്നത്. സ്‌കൂളുകളിലെ മഫ്ത/വസ്ത്ര കലാപങ്ങളും നിലവിളക്ക് വിവാദവും യതീംഖാന സംഭവങ്ങളൊക്കെ ഒന്നിച്ചു കറങ്ങുന്ന അച്ചുതണ്ട് ഇതാണ്. ഇത്തരം വിഷയങ്ങളില്‍ മതനിരപേക്ഷവും ഫാഷിസ്റ്റ് വിരുദ്ധവുമായ സമിപനം സ്വീകരിക്കുന്ന വിഭാഗങ്ങളെ കൂടി ചേര്‍ത്തു നിര്‍ത്തി പ്രതിരോധ നിര കെട്ടിപ്പടുക്കാന്‍ സമുദായ നേതാക്കള്‍ മുന്‍കൈയ്യെടുക്കണം.

കൂടുതല്‍ കരുത്തോടെ, ജാഗ്രതയോടെ സമുദായവും നേതാക്കളും മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. ആരോപണ പ്രത്യേരോപണങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുന്നുവെന്ന കാര്യം കൂടി പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാവുന്നു. ഒരു പോയന്റിലേക്ക്, ഒരേയൊരു പോയന്റിലേക്ക്, ദീനീ സ്‌നേഹികള്‍ എത്തുന്നുണ്ട്. ആഹ്ലാദകരമാണത്. രാജ്യ നിവാസികള്‍ക്കുമുന്നില്‍ ഇസ്‌ലാമിക ജീവിതത്തിന്റെ ജീവിക്കുന്ന മാതൃകകളാവുകയെന്ന ദൗത്യ നിര്‍വഹണത്തില്‍ നിന്ന പിന്‍മടങ്ങാന്‍ നമുക്കാവില്ലല്ലോ. ഒരാദര്‍ശത്തിന്റെ വക്താക്കളെന്ന നിലക്ക്, തങ്ങളോടൊപ്പം ജീവിതം പങ്കിടുന്ന ജനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപ്പെ സമുദായമെന്ന നിലക്ക് ഐക്യപ്പെട്ട് വെല്ലുവിളികളെ നേരിടാനും സമുദായത്തിന് സാധിക്കേണ്ടതുണ്ട്. ”നിങ്ങളുടെ ഹൃദയത്തിലും ശരീരത്തിലും വീട്ടിലും ഇസ്‌ലാം പുലരട്ടെ, നിങ്ങളുടെ നാട്ടിലത് പുലരുകതന്നെ ചെയ്യും”
(ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള ഘടകത്തിന്റെ അമീറാണ് ലേഖകന്‍)

Related Articles