Current Date

Search
Close this search box.
Search
Close this search box.

ഇറ്റലിയെ ഞാന്‍ സ്‌നേഹിക്കുന്നു.. അവിടത്തെ നാവികന്‍സെല്ലാം എന്റെ ബ്രദേഴ്‌സാകുന്നു

ഇറ്റലിക്കെന്താ കൊമ്പുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. ക്രിസ്തുമസ്സിന് അപ്പൂപ്പനായി വേഷമിടേണ്ടിയിരുന്ന രണ്ട് പ്രിയരെയാണ് നിങ്ങള്‍ ഇന്‍ഡ്യന്‍സ് ജയിലില്‍ ഗോതമ്പുണ്ട തീറ്റിക്കുന്നത് എന്നും പറഞ്ഞ് കുറച്ച് മുമ്പ് അതുകളെ ഇറ്റലിയിലേക്ക് കടത്തിയിരുന്നു.. അവരുടെ വോട്ടില്ലേല്‍ ഭരണം കട്ടപ്പുറത്താകും എന്ന് പറഞ്ഞാണ് ഇത്തവണ നാട് കടത്തിയത്….
അവര്‍ക്കിപ്പോ വരാനൊട്ടും താല്‍പ്പര്യമില്ലെന്നാ ലേറ്റസ്റ്റ് ന്യൂസ്…ഓണ്‍ലൈന്‍ ലോകത്തിന്റെ  രോഷം അണപൊട്ടിയൊഴുകാന്‍ ഇതില്‍പരം എന്തുവേണം..
വെള്ളക്കാരോടുള്ള പഴയപക വീണ്ടാമതും തലപൊക്കുന്നതാണ് പിന്നെ കണ്ടത്..
(സോണിയാ ഗാന്ധിയെ ഇറ്റാലിയന്‍ മദാമ്മ എന്നൊക്കെ വിളിച്ചുള്ള പരിഹാസങ്ങള്‍ വേണ്ടായിരുന്നു എന്നു തോന്നി.)

മന്‍മോഹന്‍ സിംഗ് ഇറ്റലിയോട് കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു എന്നും പറഞ്ഞുള്ള ഫോട്ടോ ചിരി പടര്‍ത്തി.

കെ എസ് യു ഇറ്റലിയുടെ ഭൂപടത്തില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു എന്ന പോസ്റ്റ് ഹയര്‍ സെക്കന്ററി ഡയറക്ടര്‍ കേസവേന്ദ്രകുമാറിന്റെ ദേഹത്ത് കരിഓയില്‍ ഒഴിച്ച സംഭവത്തിലേക്കും അതിലെ അപഹാസ്യതയിലേക്കും വിരല്‍ ചൂണ്ടുന്നതായിരുന്നു…

ഇറ്റാലിയന്‍ സംഭവത്തെ പറ്റി Muhammed Shameem ShadowFlove ഫേസ്ബുക്കില്‍ ഇട്ട സ്റ്റാറ്റസാണ് താഴെ…

കടല്‍ കടന്നു വന്ന് ഒരു കൊലയാളി കുറേക്കൊല്ലം മുമ്പൊരിക്കല്‍ കേരളത്തിന്റെ തീരത്തു മീന്‍ പിടിക്കുകയായിരുന്ന രണ്ടു പേരെ തമാശയ്ക്കു വെടിവെച്ചു കൊന്നു. അതി സാഹസികമായി കേരളാ പൊലീസ് വല വീശിപ്പിടിച്ചതിനേത്തുടര്‍ന്ന് കൊലയാളിയെ തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചു.

തൂക്കു നടപ്പാക്കുന്നന്ന്, തീവ്രവാദിയല്ലാത്തതിനാല്‍ , അയാളോട് അന്ത്യാഭിലാഷമെന്തെന്ന് പൊലീസ് ചോദിച്ചു. അപ്പോളയാള്‍ പറഞ്ഞു: ‘ എനിക്കൊന്നോടണം.’
‘ഓടാനോ?’
‘അതെ. എനിക്ക് വട്ടോട്ടം വടവട്ടോട്ടം നെട്ടോട്ടം നെടുനെട്ടോട്ടം ഓടണം.’
പോലീസുകാര്‍ക്കൊന്നും മനസ്സിലായില്ല. എന്തായാലും അന്ത്യാഭിലാഷമാണല്ലോ, നടപ്പിലാക്കട്ടെ.

അയാള്‍ ആദ്യം പോലീസുകാര്‍ക്കു ചുറ്റും ഓടി, തിരിച്ചു വന്നു, ‘ഇത് വട്ടോട്ടം. ഇനി വടവട്ടോട്ടം.’
അയാള്‍ ജയില്‍ മൈതാനം മുഴുവനും കറങ്ങിയിട്ടു, പക്ഷേ തിരിച്ചു വന്നു.
‘ഇനി നെട്ടോട്ടമോടാം’ എന്നും പറഞ്ഞ് അയാള്‍ നേരെ ഓടി. കണ്ണെത്താ ദൂരത്തേക്ക്. എന്നിട്ടു തിരിച്ചു വന്നു.
‘ഇനി നെടുനെട്ടോട്ടം.’ വീണ്ടും അയാള്‍ ഓടി.

അയാള്‍ തിരിച്ചു വരുന്നതും കാത്ത് ഇപ്പോഴും തികഞ്ഞ ക്ഷമയോടെ നില്‍ക്കുകയാണ് കേരളാ പൊലീസ്.

*********************************************

ദിനം പ്രതി അങ്ങേയറ്റം മോശമായിക്കൊണ്ടിരിക്കുകയാണ് കേരള രാഷ്ട്രീയം..
ഇപ്പോള്‍ വിഴുപ്പലക്കലല്ലാതെ ഭരണമൊന്നും നടക്കുന്നില്ല. പരസ്പരം അസഭ്യം പറയുകയും തെരുവുഗുണ്ടകളെ പോലെ ആക്രോശിക്കുകയും ചെയ്യുന്നതാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.. തെറിവിളികള്‍ കഴിഞ്ഞതിനു ശേഷം അതേപ്പറ്റി അന്വേഷിക്കുമ്പോള്‍ അയ്യോ ഞാനൊരു നാടന്‍പ്രയോഗം നടത്തിയതല്ലേ എന്ന് വിശദീകരിക്കും….

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ്
 ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സംസാരിച്ചിരിക്കുന്നതിനിടയില്‍ പുറത്ത് നിന്നൊരു ശബ്ദം കേള്‍ക്കുന്നു..
‘തന്താന.. തന്തിനാ..തന്തിന നാന.. തന്തിന നാന….’
ഉമ്മന്‍ ചാണ്ടി നല്ല പാട്ട് ആരാ അവിടെ നാടന്‍ പാട്ട് പാടുന്നത്..
ചെന്നിത്തല  അയ്യോ.. അത് നാടന്‍ പാട്ടല്ല.. നമ്മുടെ ചീഫ് വിപ്പ് ആരുടേയോ തന്തക്ക് വിളിക്കുന്നതാ…

*******************************************************
ഉജ്വലമായ കവിതകളുടെ ബ്ലോഗാണ് പ്രതാപ് ജോസഫിന്റെ ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍  (http://vimatham-vimatham.blogspot.in/).അദ്ദേഹത്തിന്റെ ആര്‍ത്തിക്കാരന്‍ എന്ന കവിത ഏറെ ശ്രദ്ധേയം..
 
ആര്‍ത്തിക്കാരന്‍
====================

തിന്നു തിന്നു തിന്ന്…
താനിരുന്ന ഇലയും തിന്ന്
തണ്ടിലേക്ക് കടക്കുമ്പോള്‍
താഴ്ന്നിറങ്ങി
ഒരു തുന്നാരന്‍ കിളി
അപ്പോഴേക്കും
ചീര്‍ത്ത് ചീര്‍ത്ത് ചീര്‍ത്ത്
ചീങ്കണ്ണിയോളം ചീര്‍ത്ത്
ഒരൊറ്റക്കണ്ണന്‍ മെമുവണ്ടിയായി മാറിക്കഴിഞ്ഞിരുന്നു
ആ ശലഭപ്പുഴു..
ഒന്നു ചൂറ്റും കണ്ണോടിച്ചിരുന്നെങ്കില്‍
ഒരിലയെങ്കിലും കാത്തുവെച്ചിരുന്നെങ്കില്‍
ബാക്കിയാകുമായിരുന്നല്ലോ
ഒരു ചെടിയും ചിറകനക്കവും…

**************************************************

വിദ്യാര്‍ഥികള്‍ക്കിത് പരീക്ഷാക്കാലമാണ്….
രക്ഷിതാക്കളും ബന്ധുക്കളും മീഡിയകളുമെല്ലാം ചേര്‍ന്ന് അവരെ ആകെ ആധിയിലകപ്പെടുത്തുകയാണെന്ന് തോന്നാറുണ്ട്.
പരീക്ഷയെപ്പറ്റി  ഒരു വിദ്യാര്‍ഥിയുടെ രസകരമായ  കമന്റ്..

 കടലോളം പഠിക്കാനുണ്ട്.. എന്നാലോ ബക്കറ്റോളം മാത്രമേ എക്‌സാമിന് ചോദിക്കൂ.. അതിലോ ഒരു ഗ്ലാസോളം മാത്രമേ എഴുതൂ.. എന്നിട്ടും മാര്‍ക്കുവരുന്നത് കോര്‍പ്പറേഷന്‍ പൈപ്പിലെ വെള്ളം പോലെ …  ഒരു തുള്ളി .., രണ്ട് തുള്ളി..
മടുത്തു ഈ വിദ്യാര്‍ഥി ജീവിതം…

Related Articles