Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ഹമാസിനെ ദുര്‍ബലപ്പെടുത്തുന്നതങ്ങനെ?

sabireen.jpg

ഇറാനെ സംബന്ധിച്ചടത്തോളം ഫലസ്തീന്‍ -അവര്‍ വാദിക്കുന്ന പോലെ- മുഖ്യവിഷയമല്ലെന്നാണ് വ്യക്തിപരമായി ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഫലസ്തീനിലെ ഹമാസിനെയും അല്‍ജിഹാദുല്‍ ഇസ്‌ലാമിയെയും ദുര്‍ബലപ്പെടുത്താന്‍ ഇറാന്‍ നടത്തുന്ന ശ്രമങ്ങളെ അതിന് തെളിവായി ചില നിരീക്ഷികര്‍ ഉദ്ധരിക്കാറുണ്ട്. എന്നാല്‍ അക്കാര്യമല്ല ഞാന്‍ തെളിവായി ഉദ്ധരിക്കുന്നത്. സിറിയന്‍ വിഷയത്തില്‍ ഇറാന്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് മേല്‍പറയപ്പെട്ട രണ്ട് ഫലസ്തീന്‍ ഗ്രൂപ്പുകളും സ്വീകരിച്ചിട്ടുള്ളതെന്നതാണ് അതിന്റെ കാരണം. ഇറാന്‍ താല്‍പര്യത്തിന് വിരുദ്ധമായി സിറിയന്‍ ജനതയുള്ള വിപ്ലവത്തെ പിന്തുണക്കുന്ന രണ്ട് ഗ്രൂപ്പുകളും ബശ്ശാറുല്‍ അസദിന്റെ സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്നവയാണ്. അതിന്റെ കൂടെ ഞാന്‍ ചേര്‍ത്തുവായിക്കുന്ന കാര്യമാണ് ഇരു സംഘടനകളും സൗദി നേതൃത്വത്തില്‍ യമനില്‍ നടത്തിയ ‘നിര്‍ണായക കൊടുങ്കാറ്റ്’ ഓപറേഷനെ അപലപിക്കാന്‍ തയ്യാറായില്ല എന്നതും ഹമാസിന്റെ തുര്‍ക്കിയും സൗദിയുമായുള്ള അടുപ്പവും. ഇറാനെ സംബന്ധിച്ചടത്തോളം ഒട്ടും രസിക്കുന്ന കാര്യങ്ങളല്ല ഇവ.

ഹമാസിനെ ദുര്‍ബലപ്പെടുത്തുന്നതിന് ഇറാന്‍ വളരെ തന്ത്രപ്രധാനമായ നീക്കമാണ് നടത്തിയിരിക്കുന്നത്. ഹമാസിനുള്ള പിന്തുണ അവസാനിപ്പിച്ച് ‘ഹര്‍കത്തു സ്വാബിരീന്‍’ എന്ന പേരില്‍ ഒരു സംഘടനക്ക് രൂപം നല്‍കുകയാണ് അവര്‍ ചെയ്തത്. ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്ന പോലെ പുതിയ സംഘടനയെ പിന്തുണക്കുക മാത്രമല്ല അത് രൂപീകരിച്ചത് തന്നെ ഇറാനാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്‍ജിഹാദുല്‍ ഇസ്‌ലാമിയില്‍ നിന്നും വേര്‍പിരിഞ്ഞു പോന്ന ഹിശാം സാലിമാണ് ഹര്‍കത്തു സ്വാബിരീന്റെ നേതാവ്. അല്‍ജിഹാദുല്‍ ഇസ്‌ലാമിയില്‍ നിന്ന് വേര്‍പെട്ട് പോന്നതിന് ശേഷം ‘അല്‍ബാഖിയാത്തു സ്വാലിഹാത്ത്’ എന്ന പേരില്‍ ഒരു ചാരിറ്റി സംഘടന രൂപീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട് 2014 ലാണ് ഹര്‍കത്തു സ്വാബിരീന്‍ എന്ന പേരില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. അതില്‍ എത്രത്തോളം അംഗങ്ങളുണ്ടെന്നതോ അതിന്റെ സ്വാധീനം എത്രത്തോളമാണെന്നോ അറിയില്ല.

ഹിശാം ശീഇസത്തിലേക്ക് മാറിയെന്നാണ് ഗസ്സക്കാരില്‍ അധികവും സംശയിക്കുന്നത്. അങ്ങനെയൊരു സംശയം നിലനില്‍ക്കെ ഒരു അഭിമുഖത്തിലും ഹിശാം അക്കാര്യം നിഷേധിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. പുതിയ സംഘടനയുടെ ഇറാനോടും അതിന്റെ രാഷ്ട്രീയ അജണ്ടകളോടുമുള്ള കൂറും ചായ്‌വും വിരല്‍ ചൂണ്ടുന്നതും ആ സംശയത്തിലേക്ക് തന്നെയാണ്.  സംഘടന ഈയടുത്ത് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പരിശോധിക്കുന്ന ഒരാള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യമാണ് ലബനാന്‍ ഹിസ്ബുല്ലയുടെ മുദ്രാവാക്യങ്ങളോട് ഏറെ അടുത്ത് നില്‍ക്കുന്നവയാണെന്നത്. ഹിസ്ബുല്ല അധ്യക്ഷന്‍ ഹസന്‍ നസ്‌റുല്ലയെ പ്രശംസിച്ചു കൊണ്ടുള്ള സംഘടനയുടെ പ്രസ്താവനകള്‍ അതിനെ ശക്തിപ്പെടുത്തുന്നു. ‘അഖ്‌സയിലേക്കുള്ള പാത കര്‍ബലയിലൂടെ’ എന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഹിശാം സാലിം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ശിയാക്കള്‍ ആഘോഷിക്കുന്ന രീതിയില്‍ പുതിയ സംഘടന ആശൂറാ ആഘോഷിച്ചതും ശ്രദ്ധേയമാണ്. ഗസ്സക്കാര്‍ക്കോ ഫലസ്തീനികള്‍ക്കോ പൊതുവെ പരിചയമില്ലാത്ത ഒന്നാണത്. അതോടൊപ്പം ഈ സംഘടനയിലെ അംഗങ്ങള്‍ ശീഇസത്തെ കുറിച്ചുള്ള ലഘുലേഖകകള്‍ വിതരണം ചെയ്യുന്നതും ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതും നാം കാണുന്നു. യമനില്‍ സൗദി നേതൃത്വത്തിലുള്ള ഓപറേഷനെ ഒട്ടും വൈകാതെ വിമര്‍ശിക്കാന്‍ തയ്യാറായ സംഘടന ഇറാനോട് കൂറു പുലര്‍ത്തുന്ന ഹൂഥികളെ രക്ഷപ്പെടുത്താനും ആഹ്വാനം ചെയ്തിരിക്കുന്നു.

ഏകദേശം ഒരു കോടിയോളം ഡോളര്‍ പ്രതിവര്‍ഷം ഹര്‍കത്തു സ്വാബിരീന് ഇറാനില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നാണ് ചില ഫലസ്തീന്‍ വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ സാധിച്ചത്. ഈജിപ്ഷ്യന്‍ അതിര്‍ത്തി വഴിയാണ് അവ കടത്തപ്പെടുന്നത്. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം സംഘടയുടെ പ്രചാരണത്തിനാണ് ഹിശാം ഉപയോഗിക്കുന്നത്. ഒരു ഭാഗം ഫലസ്തീന്‍ തടവുകാരുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയും ചെലവഴിക്കുന്നു. ഒരര്‍ഥത്തില്‍ അതും സംഘടനക്ക് പ്രചരണം നല്‍കുന്നതിന്റെ ഭാഗമാണ്. അതോടൊപ്പം തന്നെ ഹിശാം ചെറിയ ചെറിയ ഗ്രൂപ്പുകളുമായി സഖ്യങ്ങളുണ്ടാക്കുകയും ചെയ്യുന്നു. തന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് പകരം അവര്‍ക്ക് സാമ്പത്തിക സഹായമാണ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. തന്റെ സംഘടനയുടെ സ്വാധീനം പെരുപ്പിച്ച് കാണിക്കലാണ് സഖ്യങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.

‘സ്വാബിരീന്‍’ലൂടെയുള്ള ഇറാന്റെ മോഹങ്ങള്‍ പൊലിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനകളാണ് യാഥാര്‍ഥ്യ ലോകത്ത് കാണുന്നത്. ഗസ്സക്കാര്‍ക്കിടയില്‍ അറിയപ്പെടാത്ത ഒന്നായി തന്നെയാണ് ഇപ്പോഴും അത് നിലകൊള്ളുന്നത്. എന്നാല്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നതിന് ഹമാസിനും അല്‍ജിഹാദുല്‍ ഇസ്‌ലാമിക്കും മേല്‍ സമ്മര്‍ദം ചെലുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇറാന്‍ അതിനെ സംരക്ഷിച്ചു നിലനിര്‍ത്തുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവ: നസീഫ്‌

Related Articles