Current Date

Search
Close this search box.
Search
Close this search box.

ഇറാനിലെ വധശിക്ഷയും ബംഗ്ലാദേശിലെ തൂക്കിലേറ്റലും

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതികൂട്ടില്‍ നിര്‍ത്താന്‍ മത്സരിക്കുന്ന ഒരു വിഭാഗം എല്ലാ സമൂഹങ്ങളിലും സജീവമായി തന്നെയുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം വെളിപ്പെടുന്നുമുണ്ട്. വാര്‍ത്തകള്‍ക്ക് മതവും ജാതിയും നല്‍കി പൊലിപ്പിച്ചു പ്രചാരം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന മുത്തശ്ശിപത്രങ്ങള്‍ മുതല്‍ നാടനും അല്ലാത്തതുമായ ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങള്‍ വരെ അതില്‍ തങ്ങളുടെ പങ്ക് കൃത്യമായി നിര്‍വഹിച്ചു പോരുന്നു. ഇറാനിലെ റൈഹാന ജബ്ബാരിയുടെ വധശിക്ഷ ഇത്തരത്തില്‍ ആഘോഷിക്കപ്പെട്ട ഒന്നാണ്. രാജ്യത്തിന്റെ പേരില്‍ ഇസ്‌ലാമിക് എന്നുള്ളത് അവരുടെ ജോലി എളുപ്പമാക്കി കൊടുക്കുകയും ചെയ്തു. തന്നെ ബലാര്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് മുറവിളികൂട്ടുന്നവര്‍ സ്വന്തം രാജ്യത്ത് നടക്കുന്ന നീതി നിഷേധങ്ങള്‍ കാണുന്നുണ്ടോ? മാത്രമല്ല ഒരു വിവാദ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അനിവാര്യമായും പാലിക്കേണ്ട അതിന്റെ രണ്ടു വശവും വായിക്കുക എന്ന മര്യാദ പോലും ഇവിടെ അപ്രസക്തമാകുന്നു. അതുകൊണ്ട് തന്നെ ഇറാന്‍ നീതിപീഠത്തിന്റെ വിശദീകരണമോ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ പ്രതികരണമോ ആര്‍ക്കും കേള്‍ക്കേണ്ടതില്ല. ഇറാന്റെ നടപടിയെ ശരിവെക്കാനോ വധശിക്ഷക്ക് വിധേയയായ പെണ്‍കുട്ടിയുടെ മേല്‍ കുറ്റം ചുമത്താനോ അല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. കാരണം ആരാണ് ശരി ആരാണ് തെറ്റ് എന്നറിയാത്ത തരത്തില്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്ന ഒരു സംഭവമാണത്.

എന്നാല്‍ ഇത്തരം ഒരു വാര്‍ത്ത കിട്ടുമ്പോഴേക്കും അതിലെ അവ്യക്തതകളൊന്നും പരിഗണിക്കാതെ അത് ഇസ്‌ലാമിക ശരീഅത്തിനെതിരെ ഉപയോഗിക്കാനുള്ള വടിയായി ഉയര്‍ത്തപ്പെടുന്നു. ഇസ്‌ലാമിക നിയമങ്ങളുടെ ‘കാടത്തവും അപരിഷ്‌കൃതത്വവും’ അതിലൂടെ ആവോളം പ്രചരിപ്പിക്കാം. ഇറാനിലെ വിവാദ വധശിക്ഷ നടന്ന അതേ ദിവസം തന്നെയായിരുന്നു ബംഗ്ലാദേശില്‍ അന്യായമായി തടവിലടക്കപ്പെട്ടിരുന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ഗുലാം അഅ്‌സം മരണപ്പെട്ടത്. പ്രതിപക്ഷ നേതാക്കളെ ഉന്‍മൂലനം ചെയ്യുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ ഏകാന്ത തടവറയിലിട്ട അവാമി ലീഗ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പ്രായമോ രോഗമോ ഒന്നും പരിഗണിച്ചില്ല. ഇറാനിലെ നീതി നിഷേധത്തെ കുറിച്ച് വാചാലരാകുന്നവര്‍ എന്തേ ബംഗ്ലാദേശിന്റെ കാര്യത്തില്‍ മൗനം സ്വീകരിക്കുന്നു? അവിടത്തെ ഏറ്റവും വലിയ പ്രതിപക്ഷമായ ജമാഅത്തെ ഇസ്‌ലാമിയുടെ ആയിരക്കണക്കിന് അനുയായികള്‍ തടവറിലാണ്. അവരുടെ പ്രമുഖ നേതാവ് പ്രൊഫസര്‍ അബ്ദുല്‍ ഖാദര്‍ മുല്ലയെ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ തൂക്കിലേറ്റിയപ്പോഴും നീതിക്ക് വേണ്ടി ശബ്ദിക്കാന്‍ ഇക്കൂട്ടരൊന്നും ഉണ്ടായിരുന്നില്ല. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അസി. സെക്രട്ടറി ജനറലും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുഹമ്മദ് ഖമറുസ്സമാനെതിരായ വധശിക്ഷയും അവിടത്തെ സുപ്രീം കോടതി ശരിവെച്ചിരിക്കുകയാണ്. അതിനെതിരെയൊന്നും പ്രതിഷേധം ഉയരാത്തതിന്റെ കാരണം വളരെ ലളിതമാണ്, ഇവിടെ ഇരയാക്കപ്പെടുന്നത് ഇസ്‌ലാമിസ്റ്റുകളാണ്. പ്രതികൂട്ടില്‍ ഇസ്‌ലാമും ഇസ്‌ലാമിസ്റ്റുകളും നിര്‍ത്തപ്പെടുമ്പോള്‍ മാത്രമുണരുന്നതാണ് പലരുടെയും നീതിബോധം.

ലോകത്തെമ്പാടുമുള്ള നീതിനിഷേധത്തിനെതിരെ പോരാടാന്‍ ഇറങ്ങിത്തിരിച്ചവര്‍ സ്വന്തം നാട്ടില്‍ തന്നെയുള്ള നീതിനിഷേധത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞ അബ്ദുന്നാസിര്‍ മഅ്ദനിയെയോ വിചാരണകാത്ത് ജയിലില്‍ കിടക്കുന്ന ആയിരക്കണക്കിന് നിരപരാധികളായ യുവാക്കളെയോ കുറിച്ച് അറിയുന്നില്ല. ഇസ്‌ലാമിനെ കരിവാരിത്തേക്കാന്‍ ജാഗ്രത്തായിരിക്കുന്ന ഒരു സംഘം ചുറ്റുമുണ്ടെന്ന ബോധത്തോടു കൂടിയായിരിക്കണം നാം കണ്ണും കാതും തുറന്നു വെക്കേണ്ടത്. പലപ്പോഴും നമ്മള്‍ പോലും അറിയാതെ അവരുടെ വാക്കുകളുടെ കെണിയില്‍ അകപ്പെട്ടു പോയേക്കാം. ‘അല്ലയോ വിശ്വസിച്ചവരേ, ധര്‍മനിഷ്ഠയില്ലാത്തവന്‍ ഒരു വാര്‍ത്ത കൊണ്ടുവന്നാല്‍ നിങ്ങളതിന്റെ നിജസ്ഥിതി സൂക്ഷ്മമായി അന്വേഷിക്കേണ്ടതാകുന്നു. നിങ്ങള്‍ ഏതെങ്കിലും ജനത്തിന് അറിയാതെ ആപത്തണക്കാനും പിന്നെ സ്വന്തം ചെയ്തിയില്‍ ഖേദിക്കുന്നവരാകാനും ഇടയായിക്കൂടാ.’ എന്ന വിശുദ്ധ ഖുര്‍ആന്‍ വാക്യം എപ്പോഴും നമ്മുടെ ഓര്‍മയിലുണ്ടായിരിക്കട്ടെ.

Related Articles