Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് അധിനിവേശം; കുംബസാരം പരിഹാരമാകുന്നില്ല

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടോണി ബ്ലയറിനെയും ജോര്‍ജ് ഡബ്ല്യു ബുഷിനെയും ഈ നൂറ്റാണ്ടിലെ പശ്ചിമേഷ്യന്‍ ദുരന്തങ്ങളുടെ പ്രധാന കാരണക്കരായി ചിത്രീകരിക്കുന്ന ഒരു ടോക്യുമെന്ററി ബ്രിട്ടണില്‍ നിന്ന് പുറത്തിറങ്ങിയ സമയത്താണ് ‘പശ്ചിമേഷ്യന്‍ സമാധാന ദൂതന്‍’ പദവിയില്‍നിന്നുള്ള ടോണി ബ്ലയറിന്റെ അത്രക്കൊന്നും അപ്രതീക്ഷിതമല്ലയിരുന്ന രാജിയും അതിനെ തുടര്‍ന്നുണ്ടായ ട്വിറ്റര്‍ പരിഹാസങ്ങളും നടക്കുന്നത്. ബ്രിട്ടണില്‍ റിലീസ് ചെയ്തതും ‘ഹേയ് ഫെസ്റ്റിവലില്‍’ പ്രദര്‍ശിപ്പിക്കുകയും ചെയ്ത ആമിര്‍ അമിറാനിയുടെ ‘വീ ആര്‍ മെനീ’ (We Are Many) ബ്രിട്ടണ്‍ എങ്ങിനെയാണു ഒരേ സമയം ഇറാഖ് യുദ്ധത്തില്‍ പങ്കാളിയാകേണ്ടി വന്നതെന്നും അതേസമയം തന്നെ ലോകം കണ്ട ഏറ്റവും വലിയ യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ക്ക് രാജ്യം സാക്ഷിയാകേണ്ടിവന്നതെന്നും നമ്മോട് പറയുന്നു.

ഇപ്പോഴിതാ നാലു മാസങ്ങള്‍ക്കു ശേഷം വീണ്ടും ബ്ലയര്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത് തന്റെയും കൂട്ടാളികളുടെയും ഇറാഖ് അധിനിവേശത്തെപ്പറ്റിയുള്ള പരസ്യമായ രഹസ്യം വെളിപ്പെടുത്തിയാണ്. സി.എന്‍.എന്‍. ചാനലിലെ ‘ലോങ്ങ് റോഡ് ട്ടു ഹെല്‍: അമേരിക്ക ഇന്‍ ഇറാഖ്’ (Long Run To Hell: America in Iraq) എന്ന പരിപാടിയില്‍ ഫരീദ് സകറിയക്കു മുന്നില്‍ ബ്ലയര്‍ ഇറാഖ് അധിനിവേശത്തിലെ തന്റെ പങ്കിനെക്കുറിച്ച് കുംബസാരം നടത്തുന്നത്, ഇറാഖ് അധിനിവേശത്തിലേക്കും യുദ്ധത്തിലേക്കും ബ്രിട്ടനെ നയിച്ച സാഹചര്യങ്ങളെ കുറിച്ചന്വേഷിക്കുന്ന ‘ചിന്‍ കോട്ട് ഇങ്ക്വയറി’ പുറത്തുവരാനിരിക്കുന്ന സാഹചര്യത്തിലാണെന്നതും ശ്രദ്ധേയമാണ്.

2013 ഫെബ്രുവരി 15നു ഏതാണ്ട് 60 രാഷ്ട്രങ്ങളിലായി 800 നഗരങ്ങളില്‍ ഇറഖിനുമേലുള്ള യുദ്ധ സന്നാഹങ്ങള്‍ നിര്‍ത്തി വെക്കുന്നതിനു വേണ്ടി ദശലക്ഷക്കണക്കിന് ആളുകളെ ഏകോപിപ്പിച്ചു കൊണ്ട് മാര്‍ച്ചുകള്‍ നടക്കുകയുണ്ടായി. 1.5 ലക്ഷം ആളുകള്‍ ലണ്ടനിലും (ലണ്ടന്‍ കണ്ടതില്‍ ഏറ്റവും വലുത്) അത്രതന്നെ മാഡ്രിഡിലും 3 ദശലക്ഷം ആളുകള്‍ റോമിലും പ്രകടനങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. എന്നാല്‍ എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ച്, അമേരിക്കയും ബ്രിട്ടനും അവരുടെ സഖ്യകക്ഷികളും 2003ല്‍ ഇറാഖില്‍ ബൂട്ട്‌സ് പതിപ്പിച്ചു. അതും, ഇറാഖ് ഭരണാധികാരി സദ്ദാം ഹുസ്സൈന്‍ കൂട്ടനശീകരണായുധങ്ങള്‍ (Weapons of Mass Destruction ) കൈവശം വെച്ചിട്ടുണ്ടോ എന്ന് പരിശോധന നടത്താന്‍ നിയോഗിക്കപ്പെട്ട സംഘം അത് പൂര്‍ത്തിയാക്കി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മൂന്ന് മാസം മുമ്പ്.

പരിശോധന സംഘത്തലവന്‍ ഹില്‍ ബ്ലിക്‌സിനെ യഥാര്‍ത്തത്തില്‍ തന്റെ ജോലി നിര്‍വ്വഹിക്കാന്‍ ബ്രിട്ടനും അമേരിക്കയും അനുവദിച്ചില്ല എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. കാരണം, പരിശോധന ഫലം പുറത്തു വന്നാല്‍ ഇറാഖ് അധിനിവേശത്തിനു തങ്ങള്‍ പറയുന്ന ന്യായങ്ങള്‍ അവര്‍ക്കുന്നയിക്കാന്‍ ആവുമായിരുന്നില്ല. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന വന്‍ യുദ്ധവിരുദ്ധ ജനാവലികളൊന്നും യുദ്ധക്കൊതിയന്മാരായ ഈ സാമ്രാജ്യത്വ ശക്തികള്‍ കണക്കിലെടുത്തിരുന്നില്ല. അവര്‍ക്കു വേണ്ടിയിരുന്നത്, എന്തു വിലകൊടുത്തും ഇറാഖിനുമേല്‍ യുദ്ധം അഴിച്ചുവിട്ട് അവിടത്തെ എണ്ണ സമ്പത്ത് കൊള്ള ചെയ്യലായിരുന്നു.

2003നും 2014നും ഇടക്ക് അധിനിവേശ പട്ടാളത്തില്‍നിന്ന് 4,491 സൈനികരെയാണു അമേരിക്കക്കു നഷ്ടമായതെങ്കില്‍ അവരാല്‍ കൊല്ലപ്പെട്ട ഇറാഖീ പൗരന്മാരുടെ എണ്ണം 1.5 ലക്ഷം മുതല്‍ ഒരു ദശലക്ഷം വരെയാണെന്നു വിവിധ സര്‍വേകള്‍ രേഖപ്പെടുത്തുന്നു. യുദ്ധം നശിപ്പിച്ചത് ഇറാഖികളുടെ രാഷ്ട്രീയ സാമൂഹിക സൈനിക സാമ്പത്തിക സ്ഥാപനങ്ങളെ മാത്രമല്ല ദീര്‍ഘ നാളായി നിലനില്‍ക്കുന്ന മതപരമായ കൂടിച്ചേരലിനേയും കൂടിയാണ്. കൂടാതെ, അവിടെ നിലനില്‍ക്കുന്ന ഗോത്രപരമായ സങ്കീര്‍ണ്ണതകളെ അധിനിവേശം ആളിക്കത്തിക്കുകയും ചെയ്തു. 2006 മാര്‍ച്ചില്‍ ഇറാഖിലെ മഹമൂദിയ്യയില്‍ അമേരിക്കന്‍ സൈനികര്‍ 14വയസ്സുകാരിയായ ശിയാ കുടുംബത്തില്‍ പെട്ട അബീര്‍ ഖാസിം എന്ന കൊച്ചുപെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി മൃഗീയമായി പീഡിപ്പിച്ചതിനു ശേഷം അരക്കുതാഴെയുള്ള ഭാഗം മദ്യം ഒഴിച്ച് കത്തിക്കുകയും വീട്ടിലെ മറ്റംഗങ്ങളെ വെടിവെച്ചു കൊന്നതിനു ശേഷം അത് സുന്നി കലാപകാരികളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തുകയുമുണ്ടായി.
ആ പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ക്കും ഇടയില്‍ സ്പര്‍ദയും കലാപവും ഉണ്ടാക്കുന്നതിന് മതിയായ കാരണമായിരുന്നു ഇത്. ചെറിയ ഉദാഹരണം മാത്രമാണിത്.

ഇന്ന് ലോകസാമ്രാജ്യത്വ സയണിസ്റ്റ് കൂട്ടുകെട്ടിന്റെ മാരകപ്രഹരമേറ്റ പരീക്ഷണശാലകളാണ് ഇറാഖ്, സിറിയ, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍. അതിനുദാഹരണമാണു അമേരിക്കയും ബ്രിട്ടനും അവരുടെ കൂട്ടുകക്ഷികളും ഊട്ടുകക്ഷികളും ചെന്നേടങ്ങളിലെല്ലാം വര്‍ദ്ധിച്ചു കാണപ്പെടുന്ന തീവ്രവാദ പ്രവണതയും കലാപങ്ങളും. ഒരുതരത്തില്‍ അവിടങ്ങളില്‍ സാമ്രാജ്യത്ത സഖ്യകക്ഷികള്‍ ‘ജിനോം എഡിറ്റിങ്ങ്’ നടത്തി തീവ്രവാദം ഉല്‍പ്പാദിപ്പിക്കുകയായിരുന്നന്ന് പറഞ്ഞാലും തെറ്റില്ല. ഐ.എസ്, അല്‍ഖാഇദ, അന്നുറ ഫ്രണ്ട്, അല്‍ഖാഇദ, പി.കെ.കെ തുടങ്ങിയ ഗ്രൂപ്പുകളുടെ ചരിത്രവും പരിശോധിച്ചാല്‍ അതു ബോധ്യപ്പെടും.

യു.എസ് ഭരണകൂടത്തിന്റെ കണക്കു പ്രകാരം, തങ്ങളുടെ കൊട്ടിഘോഷിച്ച ‘തീവ്രവാദത്തിനെതിരായ യുദ്ധം’ തുടങ്ങിയതിനു ശേഷം, 2002നും 2014നും ഇടക്ക് തീവ്രവാദം മൂലമുണ്ടായ മരണം 4,500 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു. 2002 വരെ ഒരു ചാവേര്‍ സ്‌ഫോടനം പോലും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഇറാഖില്‍ 2003ലെ യു.എസ്- ബ്രിട്ടന്‍ അധിനിവേശം തുടങ്ങിയതു മുതല്‍ 1,892 ചാവേര്‍ ആക്രമണങ്ങളാണു രേഖപ്പെടുത്തിയിട്ടുള്ളത്. അതിലെല്ലാം കൂടി ഏതാണ്ട് 20000 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി.

കൂടുതല്‍ അധിനിവേശം കൂടുതല്‍ തീവ്രവാദം
എന്തു തന്നെയാണെങ്കിലും ഇതിനു മുമ്പും ഉദ്യോഗസ്ഥരും, സൈനികരും, രഹസ്യാന്വേഷണ വിഭാഗം തലവന്മാരും കുംബസാരങ്ങള്‍ നടത്തിയിട്ടുണ്ട്. . ഇതിലൊന്നും കൂടുതല്‍ അത്ഭുതപ്പെടാനായി ഒന്നുമില്ല. കാരണം ഇതെല്ലാം ഇതിലും വ്യക്തമായി പലവട്ടം ലോകത്തിനു മുന്നില്‍ ബദല്‍ മാധ്യമ, രാഷ്ട്രീയ നിരീക്ഷണങ്ങള്‍ വിളിച്ചു പറഞ്ഞിട്ടുള്ളതാണ്. കൂടുതല്‍ കുംബസാരങ്ങള്‍ എന്നുണ്ടാകുമെന്നു നമുക്കു കാത്തിരിക്കാം. അത്രതന്നെ!

Related Articles