Current Date

Search
Close this search box.
Search
Close this search box.

ഇബ്‌റാഹീം ബിന്‍ അദ്ഹം: കൊട്ടാരം വെടിഞ്ഞ പരിത്യാഗി

പൂര്‍ണനാമം ഇബ്‌റാഹീം ബിന്‍ അദ്ഹം ബിന്‍ മന്‍സൂര്‍ ബിന്‍ യസീദ് ബിന്‍ ജാബിര്‍ അല്‍ അജ്‌ലി അല്‍ ഖുറാസാനി എന്നാണ്. മാതാപിതാക്കള്‍ ഹജ്ജിനു വന്ന വേളയില്‍ മക്കയില്‍ വെച്ചായിരുന്നു അദ്ദേഹത്തെ പ്രസവിച്ചത്. ഖുറാസാനിലെ ബല്‍ഖില്‍ രാജകുടുംബത്തില്‍ വളര്‍ന്നു. പിതാവ് ഖുറാസാനിലെ രാജാക്കന്മാരില്‍ പ്രമുഖനാണ്. കൊട്ടാര സേവകരും ഉദ്യാനങ്ങളുമെല്ലാമടങ്ങുന്ന രാജകീയ പ്രൗഢിയിലാണ് ജീവിച്ചു ബാലനായ അദ്ഹം. അവന്റെ ഓരോ യാത്രയിലും അശ്വാരൂഢരടങ്ങുന്ന ഇരുപത് പേര്‍ അകമ്പടിസേവിച്ചിരുന്നു. സ്വഭാവവൈശിഷ്ട്യം, അനുകമ്പ, കാരുണ്യം എന്നിവ കാരണത്താല്‍ എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. എല്ലാവിധ പ്രൗഢിയോടൊപ്പം അദ്ദേഹത്തിന്റെ പിതാവ് മതനിഷ്ഠ പുലര്‍ത്തുന്ന ദൈവബോധമുള്ള വ്യക്തിയുമായിരുന്നു.

ചെറുപ്രായത്തില്‍ തന്നെ ഏറ്റവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം യോഗ്യരായ പണ്ഡിതന്മാരില്‍ നിന്ന് മകന് ലഭ്യമാക്കാന്‍ അദ്ദേഹം ശ്രമിക്കുകയുണ്ടായി.
ഇമാം ദഹബി പറയുന്നു: ഇബ്രാഹീം ബിന്‍ അദ്ഹം ഹദീസ് പണ്ഡിതരില്‍ പ്രമുഖനാണ്… മാലിക് ബിന്‍ ദീനാര്‍, അഅ്മശ് തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടുന്നു. സുഫ്‌യാനുസ്സൗരി, ശഖീകുല്‍ ബല്‍ഖി, ബഖിയ്യതു ബിനുല്‍ വലീദ് തുടങ്ങിയവര്‍ അദ്ദേഹത്തില്‍ നിന്നും ഹദീസ് സ്വീകരിച്ചവരില്‍ പ്രമുഖരാണ്.
ഇബ്രാഹീം ബിന്‍ അദ്ഹം തന്റെ ബാല്യകാല ജീവിതം സുഖാഢംബരങ്ങളിലാണ് കഴിച്ചുകൂട്ടിയത്. എല്ലാ ധനാഢ്യരെയും പോലെ അദ്ദേഹവും അമ്പെയ്ത്തിലും നായാട്ടിലും ആനന്ദം കണ്ടെത്തിയിരുന്നു. ഈ പരിതസ്ഥിതിയില്‍ നിന്ന് അദ്ദേഹത്തിന്റെ ജീവിതം എങ്ങനെ വഴിത്തിരിവായി എന്നത് ശ്രദ്ദേയമാണ്.

അസ്മഈ വിവരിക്കുന്നു. ഇബ്രാഹീം ബിന്‍ ബശ്ശാര്‍ എന്ന സുഹൃത്ത് ഇബ്രാഹീം ബിന്‍ അദ്ഹമിനോട് ചോദിച്ചു. എങ്ങനെയാണ് ആഢംബര ജീവിതം നയിച്ച താങ്കള്‍ ഈ അവസ്ഥയിലെത്തിച്ചേര്‍ന്നത് ? ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സഹോദരന്റെ നിര്‍ബന്ധത്തിനു മുമ്പില്‍ അദ്ദേഹത്തിന് മറുപടി പറയേണ്ടി വന്നു. ‘എന്റെ പിതാവ് ബല്‍ഖിലെ രാജാവായിരുന്നു. അതിനാല്‍ തന്നെ എല്ലാ പ്രൗഢിയോടും കൂടിയായിരുന്നു ഞങ്ങള്‍ ജീവിച്ചിരുന്നത്. വേട്ടക്കിറങ്ങുക എന്നത് എന്റെ വിനോദമായിരുന്നു. എന്റെ വേട്ടനായക്കൊപ്പം കുതിരപ്പുറത്ത് ഞാന്‍ വേട്ടക്കായി പുറപ്പെട്ടു. ഒരു കുറുക്കനെയോ, മുയലിനെയോ കണ്ടമാത്രയില്‍ എന്റെ കുതിര അതിനുനേരെ ചലിച്ചു. അപ്പോള്‍ പിറകില്‍ നിന്നും ഒരു വിളിയാളം കേട്ടു. ഇതിനാണോ നിന്നെ ഞാന്‍ പടച്ചത്? ഇതിനുവേണ്ടിയാണോ നിന്നോട് കല്‍പിച്ചത്? ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞുനോക്കിയെങ്കിലും ഞാന്‍ ആരെയും കണ്ടില്ല. പിശാചിനെ ശപിച്ചുകൊണ്ട് കുതിരയെ വീണ്ടും ഞാന്‍ നടത്തി. നേരത്തെ കേട്ടതിനേക്കാള്‍ ഉച്ചത്തിലൊരു വിളിയാളം വീണ്ടും ശ്രദ്ധയില്‍പെട്ടു. ഇതിനുവേണ്ടിയാണോ നിന്നെ പടച്ചത്? ഇതാണോ നിന്നോട് കല്‍പിക്കപ്പെട്ടത്? ഇരു വശത്തോട്ടും തിരിഞ്ഞുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഞാന്‍ പറഞ്ഞു. അല്ലാഹു ഇബ്‌ലീസിനെ ശപിക്കട്ടെ! കുതിരയെ വീണ്ടും ചലിപ്പിച്ചു. അപ്പോള്‍ ജീനിയുടെ അരികില്‍ നിന്നും ഒരു ചോദ്യം കേട്ടു. ‘ഇബ്രാഹീം, ഇതിനുവേണ്ടിയാണോ നിന്നെ സൃഷ്ടിച്ചത്, ഇതാണോ നിന്നോട് കല്‍പിക്കപ്പെട്ടത്?’
 
ഞാന്‍ എന്റെ വാഹനം നിര്‍ത്തി. അല്‍പനേരത്തെ ആലോചനക്ക് ശേഷം പറഞ്ഞു. ഞാന്‍ ബോധവാനായി… ഞാന്‍ ബോധവാനായി…
രക്ഷിതാവില്‍ നിന്നുള്ള ഒരു മുന്നറിയിപ്പുകാരന്‍ എനിക്കിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹുവാണെ! അല്ലാഹു എന്നെ രക്ഷപ്പെടുത്തിയ ഈ ദിനം മുതല്‍ അവനെ ഞാന്‍ ധിക്കരിക്കുകയില്ല.’  ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചു. കുതിരയെ ഞാന്‍ ഉപേക്ഷിച്ചു. എന്റെ പിതാവിന്റെ പ്രജകളിലൊരാളുടെ അടുത്ത് പോയി. അദ്ദേഹത്തില്‍ നിന്ന് ജുബ്ബയും വസ്ത്രവും വാങ്ങി. എന്റെ വസ്ത്രങ്ങള്‍ അദ്ദേഹത്തിന് നല്‍കി… എന്നിട്ട് ഞാന്‍ ഇറാഖിലേക്ക് തിരിച്ചു’ ഇബ്രാഹീം ബിന്‍ അദ്ഹമിന്റെ ജീവിതഗതി ആഢംബരത്തില്‍ നിന്നും ഭൗതികവിരക്തിയിലേക്ക് തിരിച്ചുവിട്ടതിനെകുറിച്ച് ചരിത്രഗ്രന്ഥങ്ങളില്‍ വന്ന വിവരണം ഇപ്രകാരമാണ്.

അദ്ദേഹത്തിന്റെ ഈ മാറ്റത്തെപറ്റി വ്യത്യസ്തമായ ഉദ്ധരണികള്‍ വന്നിട്ടുണ്ട്. എല്ലാം അദ്ദേഹത്തിന് അല്ലാഹുവില്‍ നിന്ന് ലഭിച്ച ഇല്‍ഹാമും കറാമത്തുമെല്ലാം പ്രതിപാദിക്കുന്നവയാണ്. അപ്രകാരം തന്നെ പലതവണകളായി കേട്ട ആ വിളിയാളങ്ങളും പ്രസ്തുത കഥകളില്‍ കാണാം.

ഇബ്രാഹീം ബിന്‍ അദ്ഹമിന്റെ ജീവിതത്തില്‍ വന്ന ഈ മാറ്റം അദ്ദേഹത്തിന്റെ ജീവിതഗതിയെ പൂര്‍ണമായി തിരിച്ചുവിട്ടു. ഐഹികതയുടെ വിഭവങ്ങളില്‍ നിന്ന് സ്വന്തമാക്കിയതെല്ലാം അദ്ദേഹം ഉപേക്ഷിച്ചു. പിന്നെ തന്റെ താമസം ആരുമറിയാതെ ഖുറാസാനില്‍ നിന്ന് ഇറാഖിലേക്കും അവിടെ നിന്ന് ശാമിലേക്കും മാറ്റി.  ഖുറാസാനില്‍ താമസിച്ചാല്‍ ജനങ്ങള്‍ അദ്ദേഹത്തോട് ഭരണാധികാരികളോട് പെരുമാറുന്നത് പോലെയായിരിക്കും പെരുമാറുക. ഐഹികലോകത്തെ ഒരു പ്രതാപവും അദ്ദേഹം ആഗ്രഹിക്കാത്തതിനാാണ് ഖുറാസാനോട് അദ്ദേഹം വിടപറഞ്ഞത്.

ശാമിലെ ജീവിതം
ഹലാലായ ഭക്ഷണം ലഭിക്കുക എന്നതായിരുന്നു ഇബ്‌റാഹീം ബിന്‍ അദ്ഹമിന്റെ മുഖ്യലക്ഷ്യം. ഏറ്റവും നല്ല സമ്പാദ്യത്തിലൂടെ ഹലാലായ ഭക്ഷണം മാത്രമേ തന്റെ ഉദരത്തില്‍ പ്രവേശിക്കാവൂ എന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇരുപത് പേരുടെ അകമ്പടിസേവിച്ച അമീറിന് ഇപ്പോള്‍ സ്വകരങ്ങള്‍ കൊണ്ട് അധ്വാനിക്കേണ്ടിവന്നു. ശാമില്‍ ഞാന്‍ വന്നത് ജിഹാദിനോ മറ്റോ അല്ല, മറിച്ച് ഹലാലായ റൊട്ടി തിന്ന് വിശപ്പകറ്റാനാണ് എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.

തോട്ടങ്ങള്‍ പരിപാലിച്ചും കൊയ്ത്തിനു പോയുമായിരുന്നു ഇതിനുള്ള വഴി അദ്ദേഹം കണ്ടെത്തിയിരുന്നത്. അദ്ദേഹം ജോലി ചെയ്യുന്നതിനിടയില്‍ തന്റെ പേരുവെളിപ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. കാരണം അല്ലാഹുവിന്റെ ഔലിയാക്കളില്‍പെട്ടവനാണ് അദ്ദേഹമെന്ന് ശാമുകാര്‍ മനസ്സിലാക്കിയിരുന്നു. ഒരു പ്രദേശത്ത് അദ്ദേഹത്തിന്റെ പ്രശസ്തി തിരിച്ചറിഞ്ഞാല്‍ മറ്റൊരു പ്രദേശത്തേക്ക് അദ്ദേഹം താമസം മാറ്റുമായിരുന്നു. വെളിച്ചത്തില്‍ നിന്നും അകന്ന് നിഴലില്‍ കഴിയാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഭൗതികമായ എല്ലാ പ്രകടനപരതകളില്‍ നിന്നും അദ്ദേഹം മാറിനിന്നു.

‘ഞാന്‍ ചില തീരപ്രദേശങ്ങളില്‍ ജോലി ചെയ്യാറുണ്ടായിരുന്നു. ചിലപ്പോള്‍ കുട്ടികള്‍ എന്നെ പിന്തുടര്‍ന്നു ഉപദ്രവിക്കുമായിരുന്നു. എന്നാല്‍ എന്നെ അറിയുന്ന മുതിര്‍ന്നവര്‍ അങ്ങേയറ്റം ആദരവ് പ്രകടിപ്പിക്കുന്നത് കുട്ടികള്‍ കണ്ടതോടെ അവരും എന്നെ ആദരിക്കാന്‍ തുടങ്ങി.’ എന്നാല്‍ എന്നെ ആദരിക്കുന്നതിനേക്കാള്‍ ഞാന്‍ മാധുര്യമനുഭവിച്ചത് കുട്ടികള്‍ എന്നെ കല്ലെറിയുമ്പോള്‍ ആയിരുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു.

ഒരിക്കല്‍ ഞാന്‍ കടലോരത്ത് നില്‍ക്കുകയായിരുന്നു. ഒരാള്‍ എന്നെ തോട്ടം നോക്കാനായി ചുമതലപ്പെടുത്തി. ഒരു ദിവസം അയാള്‍ തന്റെ ചില സുഹൃത്തുക്കളുമായി അവിടെ വന്നു. ഏറ്റവും വലുതും മധുരമുള്ളതുമായ റുമ്മാന്‍ പഴം കൊണ്ടുവരാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ കൊണ്ടുവന്ന ഒരു റുമ്മാനെടുത്തു കഴിച്ചപ്പോള്‍ പുളിയുള്ളതായി അനുഭവപ്പെട്ടു. അപ്പോള്‍ ഉടമസ്ഥന്‍ എന്നെ വിളിച്ചു പറഞ്ഞു. നീ എത്രകാലമായി ഈ തോട്ടത്തില്‍ ജോലി ചെയ്യുന്നു. ഇവിടെ നിന്നും പഴവര്‍ഗങ്ങള്‍ കഴിക്കുകയും ചെയ്യുന്നു. അപ്പോള്‍ മധുരമുള്ളതും പുളിയുള്ളതും ഇതുവരെ തിരിച്ചറിയാന്‍ നിനക്കായിട്ടില്ലേ?  അല്ലാഹുവാണെ! ഇതുവരെ ഇതില്‍ നിന്ന് ഒരു പഴം പോലും ഞാന്‍ കഴിച്ചിട്ടില്ലെന്ന് ഇബ്രാഹീം ബിന്‍ അദ്ഹം അദ്ദേഹത്തോട് പ്രത്യുത്തരം ചെയ്തു. ഉടമസ്ഥന്‍ തന്റെ സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. ഇദ്ദേഹത്തിന്റെ വാക്ക് നിങ്ങള്‍ കേട്ടില്ലേ… നീ ഇബ്രാഹീം ബിന്‍ അദ്ഹം ആയിരുന്നുവെങ്കില്‍… എന്നു പറഞ്ഞു അദ്ദേഹം പിരിഞ്ഞുപോയി. അടുത്ത ദിവസം എന്റെ വിശേഷണം പള്ളിയില്‍ വെച്ച് അദ്ദേഹം വിവരിച്ചു. ചിലര്‍ എന്നെ തിരിച്ചറിഞ്ഞു. അദ്ദേഹത്തോടൊപ്പം ഒരു സംഘമാളുകള്‍ എന്നെ കാണാനായി വരുന്നതായി ഞാനറിഞ്ഞു. ഉടന്‍ ഒരു മരത്തിന് പിന്നിലൊളിച്ചു നിന്നത് കൊണ്ട് അവര്‍ കാണാതെ അവിടെ നിന്നും ഓടിരക്ഷപ്പെടുകയുണ്ടായി.

തനിക്ക് ലഭിക്കുന്ന പരിമിതമായ ധനത്തില്‍ നിന്നും ഹലാലായ ഭക്ഷണം കഴിക്കുകയും ബാക്കിയുള്ളവ അദ്ദേഹം ദാനം ചെയ്യാറുമുണ്ടായിരുന്നു. ദരിദ്രരോടൊപ്പം ലളിതപൂര്‍ണമായ ജോലി ചെയ്യുന്നതില്‍ അദ്ദേഹം സംതൃപ്തി കണ്ടെത്തി.
ആരെങ്കിലും തൗബ ആഗ്രഹിക്കുന്നുവെങ്കില്‍ അനീതികളില്‍ നിന്നകന്നു നില്‍ക്കുകയും ജനങ്ങളുമായി ഇടപഴകല്‍ ഉപേക്ഷിക്കുകയും ചെയ്യട്ടെ! ഇല്ലെങ്കില്‍ പ്രസ്തുത ഉദ്ദേശം സഫലമാകുകയില്ല എന്ന് അദ്ദേഹം വിവരിക്കുന്നു.
സജ്ജനങ്ങളുടെ പദവിയിലെത്താന്‍ ആറ് ഘട്ടങ്ങള്‍ തരണം ചെയ്യണമെന്ന് അദ്ദേഹം പറയുന്നു.
അനുഗ്രത്തിന്റെ വാതായനങ്ങള്‍ അടക്കുക, പ്രയാസത്തിന്റെ വാതിലുകള്‍ തുറക്കുക.
പ്രതാപത്തിന്റെ വഴി അടക്കുകയും താഴ്മയുടെ വഴി കണ്ടെത്തുകയും ചെയ്യുക.
വിശ്രമത്തിന്റെ മാര്‍ഗം കയ്യൊഴിയുകയും പരിശ്രമത്തിന്റെ മാര്‍ഗത്തിലേര്‍പ്പെടുകയും ചെയ്യുക.
ഉറക്കത്തിന്റ കവാടം അടക്കുക, ഉറക്കമൊഴിക്കാന്‍ സമയം കണ്ടെത്തുക.
ഐശ്വര്യത്തിന്റെ മാര്‍ഗം അടക്കുക, ദാരിദ്ര്യത്തിന്റെ വഴി അന്വേഷിക്കുക.
പ്രതീക്ഷയുടെ വാതിലുകള്‍ അടച്ച് മരണത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലേര്‍പ്പെടുക.
ദുന്‍യാവില്‍ നിന്ന് പുറത്താകും മുമ്പെ ഐഹികതയില്‍ നിന്ന് പുറത്തുപോകുന്നവനാണ് യഥാര്‍ഥ സ്വതന്ത്രന്‍.

എന്തുകൊണ്ട് താങ്കള്‍ അവിവാഹിതനായി കഴിയുന്നു എന്ന് ചോദിച്ച ബഖിയ്യതു ബിന്‍ വലീദിനോട് അദ്ദേഹം പറഞ്ഞു. ‘എന്റെ വധുവാകുന്നവളോട് അനീതി പ്രവര്‍ത്തിക്കുന്നതിനെ ഞാന്‍ ഭയപ്പെടുന്നു. ലൈംഗികമായ വിഷയങ്ങളിലൊന്നും എനിക്ക് താല്‍പര്യവുമില്ല.’

ഇബ്രാഹീമിനു ബിന്‍ അദ്ഹമിനെ സവിശേഷനാക്കിയ ഘടകങ്ങള്‍
-ഭക്ഷണം ഹലാലായിരിക്കണമെന്ന കണിശത
ഞാന്‍ ശാമിലേക്ക് ജിഹാദ് ലക്ഷ്യം വെച്ചല്ല, ഹലാലായ ഭക്ഷണം കഴിക്കാനാണ് വന്നതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ഹലാലായ ഭക്ഷണം ലഭിക്കാതിരിക്കുമ്പോള്‍ അദ്ദേഹം മണ്ണ്തിന്ന് വിശപ്പകറ്റുമായിരുന്നു. ഇദ്ദേഹത്തിന്റെ ജീവചരിത്രം രേഖപ്പെടുത്തിയ പുസ്തകത്തിലെ ഒരു സംഭവം ശ്രദ്ധേയമാണ്. ഹജ്ജിനായി അദ്ദേഹം മക്കയിലേക്ക് പുറപ്പെട്ടു. സജ്ജനങ്ങളില്‍പെട്ട ഭൗതിക വിരക്തരുടെ അടുത്ത് അദ്ദേഹം എത്തിപ്പെട്ടു. അവരില്‍ സുഫ്‌യാനുസ്സൗരിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ബാഗ് അവരുടെ അടുത്ത് വെച്ച് അദ്ദേഹം ത്വവാഫിനായി പുറപ്പെട്ടു. സഹോദരനായ ഇബ്രാഹീം ബിന്‍ അദ്ഹമിന്റെ ബാഗ് ഞങ്ങളുടെ അടുത്ത് തന്നപ്പോള്‍ ഡമസ്‌കസില്‍ നിന്നുള്ള വല്ല ആപ്പിളും അതിലുണ്ടാകുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ അത് തുറന്നപ്പോള്‍ അതില്‍ നിറയെ മണ്ണാണ് കണ്ടത്. ഇബ്രാഹീം ത്വവാഫില്‍ നിന്ന് മടങ്ങെത്തിയപ്പോള്‍ ആ മണ്ണിനെപറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. മാസങ്ങളായുള്ള എന്റെ ഭക്ഷണമാണത്. ഹലാലായ ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ അദ്ദേഹം മണ്ണ് തിന്നാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. പ്രത്യേകിച്ച് യാത്രയില്‍ ജോലിക്ക് പോകാനുള്ള സമയമില്ലാത്ത വേളയില്‍ അദ്ദേഹം മണ്ണ് തിന്നു ജീവിച്ചു. അദ്ദേഹത്തിന്റെയടുത്ത് വല്ല ധനവുമുണ്ടെങ്കില്‍ അതെല്ലാം ഉടനെ ദാനം ചെയ്യുമായിരുന്നു. അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിന് അദ്ദേഹം മുന്‍ഗണന നല്‍കിയിരുന്നു.

വിരക്തനായ ശഖീഖുല്‍ ബല്‍ഖിയോട് ഒരു വിജ്ഞാനമന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. നിനക്ക് വല്ലതും നല്‍കപ്പെട്ടാല്‍ നീ ഭക്ഷിക്കുക! തടയപ്പെട്ടാല്‍ സഹിക്കുകയും ചെയ്യുക. അപ്പോള്‍ ഇബ്രാഹീം ചോദിച്ചു. അപ്രകാരം തന്നയല്ലേ ബല്‍ഖിലെ പട്ടികളും ചെയ്യാറുള്ളത്. താങ്കള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കാറുള്ളത് എന്ന് അന്വേഷിച്ചപ്പോള്‍ അദ്ഹം പറഞ്ഞു. എനിക്ക് വല്ലതും ലഭിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് നല്‍കും, വല്ലതും തടയപ്പെട്ടാല്‍ ഞാന്‍ നന്ദിപ്രകടിപ്പിക്കും. നമ്മുടെ ഭക്ഷണം ഹലാലായാല്‍ മാത്രമേ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുകയുള്ളൂ എന്ന് അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു.

-ഉദാരത:
ഇബ്‌റാഹീം ബിന്‍ അദ്ഹമിന്റെ പ്രധാന സവിശേഷതയാണ് ഉദാരത. നാളയെകുറിച്ച കരുതലോ ദാരിദ്ര്യത്തെകുറിച്ച ഭയമോ കൂടാതെ അദ്ദേഹം ചെലവഴിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ഐഹിക ജീവിതത്തിനോ, ധനസമ്പാദനത്തിനോ യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല.. അദ്ദേഹത്തിന്റെ സുഹൃത്തായ ഇബ്‌നു ബശ്ശാര്‍ എഴുതുന്നു. ഞാനും എന്റെ സുഹൃത്ത് ഇബ്രാഹീമും  കൂടി ട്രിപ്പോളിയില്‍ കഴിച്ചുകൂട്ടി. ഞങ്ങളോടൊപ്പം രണ്ട് റൊട്ടിമാത്രമേ ഉണ്ടായിരുന്നുള്ളൂ. വല്ല യാചകനും വന്നാല്‍ ഇബ്രാഹീം പറയും, എന്താണ് കയ്യിലുള്ളത് അവ നല്‍കുക! ഞാന്‍ കുറച്ച് നേരം മിണ്ടാതെ ഇരിക്കും… വീണ്ടും പറഞ്ഞു. നിന്റെ കയ്യിലുള്ളത് നല്‍കുക. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് അത് നല്‍കി. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞാന്‍ അത്ഭുതം കൂറി. ഇബ്രാഹീം ബിന്‍ അദ്ഹം പറഞ്ഞു. ‘അബൂ ഇസ്ഹാഖ്! നിനക്ക് ഇതുവരെ ലഭിക്കാത്ത ഒന്ന് നാളെ കണ്ടുമുട്ടും. നീ ചിലവഴിച്ചത് നിനക്ക് തീര്‍ച്ചയായും ലഭിക്കും, ചെലവഴിക്കാത്തവ ലഭിക്കുകയുമില്ല… എപ്പോഴാണ് നാഥന്റെ കല്‍പന വന്നെത്തുകയെന്നറിയില്ല… അതിനാല്‍ നിന്റെ നാളേക്ക് വേണ്ടി നീ തയ്യാറെടുക്കുക.’ അദ്ദേഹത്തിന്റെ സംസാരം എന്നെ കരയിപ്പിച്ചു. മാത്രമല്ല, ദുന്‍യാവിനെ പിന്നീട് എനിക്ക് നിസ്സാരമായി അനുഭവപ്പെട്ടു.

ആര്‍ക്കെങ്കിലും വല്ല സാമ്പത്തിക ഞെരുക്കമുണ്ട് എന്നറിഞ്ഞാല്‍ എത്ര പ്രയാസമുള്ള സന്ദര്‍ഭത്തിലാണെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിന് മുന്‍ഗണന നല്‍കുമായിരുന്നു.
അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടപ്പോള്‍ അനന്തരാവകാശമായി ധാരാളം സമ്പത്ത് ലഭിക്കുകയുണ്ടായി. അത് മൂന്നായി വിഭജിച്ചു. അതില്‍ ഒരു ഭാഗം തന്റെ പ്രയാസപ്പെടുന്ന ദൂതന് നല്‍കി. മറ്റൊരു വിഹിതം ശാമിലെ ദരിദ്രര്‍ക്ക് നല്‍കി. മൂന്നാമത്തെ വിഹിതം ബല്‍ഖിലെ ദരിദ്രര്‍ക്കായി നല്‍കി. അനന്തര സ്വത്തില്‍ നിന്ന് ഒന്നുമെടുക്കാതെ എല്ലാം അദ്ദേഹം ദാനം ചെയ്തു.

-ദൈവഭയം
ഇബാദത്തുകളിലും അല്ലാഹുവിന്റെ സമര്‍പ്പണത്തിലുമായി തന്റെ ജീവിതം ചിലവഴിച്ചു. അദ്ദേഹം പറയാറുണ്ടായിരുന്നു.
നിങ്ങള്‍ അഹങ്കാരത്തെ സൂക്ഷിക്കുക!
നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക, സുഖലോലുപതയില്‍ കഴിയുന്നവരിലേക്കാകരുത് നിങ്ങളുടെ നോട്ടം.
ആര്‍ സ്വന്തത്തെ നിന്ദിക്കുന്നുവോ അവനെ അല്ലാഹു ഉയര്‍ത്തും
ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നു, അവനെ അല്ലാഹു രക്ഷിക്കും
അവനിലേക്ക് മുന്നിടുന്നവനെ അവന്‍ ഏറ്റെടുക്കും
അവനെ അനുസരിക്കുന്നവനില്‍ അവന്‍ തൃപ്തിപ്പെടും
അവനില്‍ ഭരമേല്‍പിക്കുന്നവന് അവന്‍ തന്നെ മതി
അവന് കടംകൊടുക്കുന്നവന്റെ കാര്യങ്ങള്‍ അല്ലാഹു നിര്‍വഹിച്ചുകൊടുക്കും
അവനോട് നന്ദി പ്രകടിപ്പിക്കുന്നവന് അര്‍ഹമായ പ്രതിഫലം നല്‍കും.

അദ്ദേഹം പറയാറുണ്ടായിരുന്നു
നിങ്ങളുടെ ഹൃദയങ്ങളെ ദൈവഭയത്തില്‍ നിരതമാക്കുക
നിങ്ങളുടെ അവയവങ്ങളെ ദൈവാനുസരണത്തിലും നിരതമാക്കുക
നിങ്ങളുടെ നാവിനെ ദൈവസ്മരണയിലാക്കുക
നിഷിദ്ധങ്ങളില്‍ നിന്ന് നിങ്ങളുടെ ദൃഷ്ടികളെ അകറ്റുക
നിഷിദ്ധത്തിലേക്കുള്ള ദീര്‍ഘമായ നോട്ടം ഹൃദയത്തില്‍ നിന്നും സത്യത്തെകുറിച്ച ബോധം നീങ്ങാന്‍ ഇടവരും.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles