Current Date

Search
Close this search box.
Search
Close this search box.

ഇപ്പോള്‍ അവര്‍ക്ക് ബ്രദര്‍ഹുഡ് ഭീകരവാദികളാണ്

എണ്ണ കൊണ്ട് സമ്പന്നമായ ഗള്‍ഫ് അറബ് രാഷ്ട്രങ്ങളുടെയും സൗദി അറേബ്യയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയത് കൊണ്ട് മാത്രമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇപ്പോള്‍ മുസ്‌ലിം ബ്രദര്‍ഹുഡിനെതിരെ തിരിഞ്ഞിരിക്കുന്നത്. ആ രാഷ്ട്രങ്ങളുടെ തന്നെ എല്ലാവിധ സഹായസഹകരണങ്ങളോടും കൂടിയാണ് ആധുനിക ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സിയെ 2013 ജൂലൈ 3-ന് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറിച്ചത്. അട്ടിമറിക്ക് തൊട്ടുമുമ്പ് വരെ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ബ്രിട്ടന് അകത്തും പുറത്തുമുള്ള മതമൗലിക തീവ്രവാദ പ്രവണതകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന ഒരു മിതവാദശക്തിയായിരുന്നു മുസ്‌ലിം ബ്രദര്‍ഹുഡ്.

കഴിഞ്ഞ ലേബര്‍ ഗവണ്‍മെന്റ് സ്വീകരിച്ചിരുന്ന ഈ നയം കാമറൂണ്‍ സര്‍ക്കാറും തുടര്‍ന്ന് വന്നിരുന്നു. സര്‍ക്കാറുമായി ബന്ധപ്പെട്ട കൂടിയാലോചനാസമിതികളിലും, സംയുക്ത പദ്ധതികളിലും മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളുടെ സജീവസാന്നിധ്യമുണ്ടായിരുന്നു. അത് വലിയ അളവില്‍ വിജയം കാണുകയും ചെയ്തു. അതിലൊന്നാണ് തീവ്രചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്ന ഒരു സ്വയം പ്രഖ്യാപിത പുരോഹിതനായ അബൂ ഹംസയുടെ അനുയായികളാല്‍ പ്രാദേശിക മുസ്‌ലിംകളില്‍ നിന്നും തട്ടിയെടുക്കപ്പെട്ട ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദ് പ്രസ്തുത സംഘത്തില്‍ നിന്നും മോചിപ്പിച്ചെടുത്ത സംഭവം. ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് ടോണി ബ്ലയര്‍ സര്‍ക്കാറിനോട് എതിര്‍പ്പുണ്ടായിരുന്നെങ്കിലും, ഇത്തരം കാര്യങ്ങളില്‍ സഹകരണം തുടര്‍ന്നിരുന്നു.

2005 ജൂലൈ 7-ന് ലണ്ടനില്‍ ആക്രമണപരമ്പര നടന്നപ്പോള്‍, മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള പ്രമുഖ മുസ്‌ലിം സാമുദായിക നേതാക്കളൊക്കെ തന്നെ സംഭവത്തെ അപലപിച്ചു കൊണ്ട് പരസ്യമായി രംഗത്ത് വരികയുണ്ടായി. സംഭവത്തെ അപലപിക്കുക മാത്രമല്ല, അത്തരം ആക്രമണസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി സുരക്ഷാ ഏജന്‍സികളുമായി സഹകരിക്കാന്‍ മുസ്‌ലിം സമുദായാംഗങ്ങളോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

ബി.ബി.സി മാധ്യമപ്രവര്‍ത്തകന്‍ അലന്‍ ജോണ്‍സ്റ്റനെ അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സംഘം ഗസ്സയില്‍ വെച്ച് തട്ടിക്കൊണ്ടു പോയപ്പോള്‍, അദ്ദേഹത്തിന്റെ മോചനത്തിന് കാരണക്കാരായ ഗസ്സയിലെ ഹമാസുമായുള്ള ബ്രിട്ടീഷ് സര്‍ക്കാറിന്റെ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബ്രിട്ടനിലെ ഫലസ്തീന്‍ സമൂഹത്തിലെ ഒരു പ്രമുഖ ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു. ഹമാസ് നടത്തിയ ഇടപെടല്‍ ഫലമായി അലന്‍ ജോണ്‍സ്റ്റന്‍ സുരക്ഷിതനായി വീടണഞ്ഞു.

ഹമാസിനെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങുകയും പ്രസ്തുത നീക്കത്തിന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്‌തെങ്കിലും, അനൗദ്യോഗികമായി മറ്റു യൂറോപ്യന്‍ സര്‍ക്കാറുകളെ പോലെ തന്നെ ബ്രിട്ടീഷ് ഗവണ്‍മെന്റും ഹമാസുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. പ്രത്യേകിച്ച്, 2006 ജനുവരിയില്‍ വെസ്റ്റ്ബാങ്കിലും ഗസ്സയിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഹമാസ് വിജയംവരിച്ചത് മുതല്‍ക്ക്.

അറബ് വസന്ത മന്ദമാരുതന്‍ തുനീഷ്യയില്‍ നിന്നും ഈജിപ്തിലേക്ക് വീശിയടിച്ചപ്പോള്‍, മുസ്‌ലിം ബ്രദര്‍ഹുഡിന്റെ കാര്യത്തില്‍ കാമറൂണ്‍ ഗവണ്‍മെന്റ് കൂടുതല്‍ താല്‍പര്യം കാണിക്കുകയുണ്ടായി. സമാധാനപരമായ മാറ്റത്തിന് വേണ്ടി കാമ്പയിന്‍ നടത്തുകയും, ജനാധിപത്യ മൂല്യങ്ങളും അതിന്റ പ്രയോഗവും ഇസ്‌ലാമുമായി വളരെയധികം ചേര്‍ന്ന് പോകുന്നതാണെന്ന് തുറന്ന് പറയുകയും ചെയ്ത മുസ്‌ലിം ബ്രദര്‍ഹുഡാണ് അറബ് ലോകത്തെ ചരിത്രപരമായ മാറ്റത്തിന് ചുക്കാന്‍ പിടിക്കുകയെന്ന വസ്തുതയിലേക്ക് പാശ്ചാത്യലോകത്തെ മറ്റു നയതന്ത്രജ്ഞരെ പോലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും എത്തിച്ചേര്‍ന്നു.

മിഡിലീസ്റ്റിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും ഏകാധിപതികളെ അറബ് വസന്തം ഒന്നൊന്നായി കടപുഴക്കിയെറിഞ്ഞ 2011, 2012 വര്‍ഷത്തിലുടനീളം, മേഖലയിലെയും ബ്രിട്ടനിലെയും മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാക്കളുമായി സ്ഥിതിഗതികള്‍ ആരായുന്നതിന് വേണ്ടി കാമറൂണ്‍ സര്‍ക്കാര്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഈജിപ്ഷ്യന്‍ ജനത മുഹമ്മദ് മുര്‍സിയെ അവരുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത തൊട്ടുടനെ തന്നെ, കാമറൂണ്‍ അദ്ദേഹത്തെ ബ്രിട്ടനിലേക്ക് ക്ഷണിച്ചു. ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റെന്ന നിലയില്‍ നേരത്തെ തന്നെ ജര്‍മനി, ബ്രസീല്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ മുര്‍സി സന്ദര്‍ശനം നടത്തിയിരുന്നു. 2013 ജൂലൈ 11-ന് മുര്‍സി ലണ്ടന്‍ സന്ദര്‍ശിക്കുമെന്നും, 10 ഡൗണിംഗ് സ്ട്രീറ്റില്‍ ഇഫ്താര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്നും മുതിര്‍ന്ന മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് സര്‍ക്കാര്‍ വിവരം നല്‍കുകയും ചെയ്തു. പക്ഷെ സങ്കടകരമെന്ന് പറയട്ടെ, നിശ്ചയിക്കപ്പെട്ട ദിവസത്തിന് ഒരാഴ്ച്ച മുമ്പ് യു.എ.ഇയുടെയും സൗദി അറേബ്യയുടെയും പിന്തുണയോടു കൂടി അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ നേതൃത്വത്തില്‍ ഈജിപ്ഷ്യന്‍ സൈന്യം മുര്‍സിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കുന്ന കാഴ്ച്ചയാണ് നാം പിന്നീട് കണ്ടത്.

മേല്‍ സൂചിപ്പിച്ച വസ്തുതകളൊന്നും തന്നെ കാമറൂണ്‍ ഇപ്പോള്‍ പരാമര്‍ശിച്ചു കാണുന്നില്ല. മറിച്ച് മുസ്‌ലിം ബ്രദര്‍ഹുഡ് ഒരു ഭീകരവാദ സംഘടന തന്നെയാണെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള വര്‍ത്തമാനങ്ങളാണ് അദ്ദേഹം ഇപ്പോള്‍ നടത്തിയത്. സര്‍ ജോണ്‍ ജെന്‍കിന്‍സ് പറഞ്ഞത് അതുപോലെ ചര്‍ദ്ദിക്കുക മാത്രമാണ് കാമറൂണ്‍ ചെയ്തത്. സെക്കുലര്‍, ലിബറല്‍ സംഘങ്ങളടക്കം അറബ് ലോകത്തെ മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാളും ജനാധിപത്യമൂല്യങ്ങള്‍ പ്രയോഗത്തില്‍ കാത്തുസൂക്ഷിക്കുന്നവരാണ് മുസ്‌ലിം ബ്രദര്‍ഹുഡ് എന്നത് വളരെ വ്യക്തമായി തെളിഞ്ഞു കഴിഞ്ഞ വസ്തുതയാണ്. എപ്പോഴൊക്കെ സുതാര്യമായ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ വന്‍വിജയം കരസ്ഥമാക്കിയ ചരിത്രമാണ് മുസ്‌ലിം ബ്രദര്‍ഹുഡിനുള്ളത്. കാരണം പൊതുസമൂഹത്തിന്റെ നിര്‍ലോഭമായ പിന്തുണയും അവര്‍ നല്‍കുന്ന ആത്മവിശ്വാസവുമാണ് ബ്രദര്‍ഹുഡിന്റെ യഥാര്‍ത്ഥ കരുത്ത്. ഈ വസ്തുത മനഃപ്പൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാണ് കാമറൂണ്‍ ചെയ്തത്.

നിലവിലെ പട്ടാള ഭരണകൂടം അന്യായമായി തടവിലിട്ടിരിക്കുന്ന പ്രസിഡന്റ് മുഹമ്മദ് മുര്‍സിയടക്കമുള്ള പതിനായിരക്കണക്കിന് വരുന്ന മുസ്‌ലിംബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയും മറ്റു രാഷ്ട്രീയ തടവുകാരെയും കുറിച്ച് ഒരു വാക്ക് പോലും കാമറൂണ്‍ പറഞ്ഞു കണ്ടില്ല. ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് അധികാരം ബലംപ്രയോഗത്തിലൂടെ പിടിച്ചെടുത്ത പട്ടാളത്തിനെതിരെ ശബ്ദിച്ചു എന്ന തെറ്റ് മാത്രമാണ് ഈ തടവുകാരും, റാബിയ്യ അദവ്വിയ്യ ചത്വരത്തില്‍ വീരമൃത്യു വരിച്ച ആയിരകണക്കിന് വരുന്ന നമ്മുടെ സഹോദരീ-സഹോദരന്‍മാരും ചെയ്തത്.

അവസാനം ഹമാസിനെ കുറിച്ചും കാമറൂണിന് പറയേണ്ടതായി വന്നു. കാരണം ഭീകരവാദവുമായും മുസ്‌ലിം ബ്രദര്‍ഹുഡുമായും ബന്ധിപ്പിക്കാവുന്ന ഏക സംഘം അവര്‍ മാത്രമാണല്ലോ. എന്നാല്‍ കുറച്ച് മുമ്പ്, ഹമാസ് നേതൃത്വത്തെ ലണ്ടനിലേക്ക് അതിഥികളായി ക്ഷണിക്കാന്‍ അദ്ദേഹം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു എന്നതാണ് വസ്തുത. ടോണി ബ്ലെയര്‍ തന്നെയാണ് ഹമാസ് നേതാവ് ഖാലിദ് മിശ്അലിന് ഔദ്യോഗികമായി ക്ഷണകത്ത് അയച്ചത്. കാരണം ഇസ്രായേലിനും ഗസ്സക്കും ഇടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കാമറൂണും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ടോണി ബ്ലെയറായിരുന്നു.

വ്യക്തിപരമായി കാമറൂണിന്റെ സ്ഥാനത്ത് ഞാനിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിക്കില്ല. കാരണം ലോകത്തിലെ പഴക്കമേറിയ ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ നേതൃസ്ഥാനമാണ് അതെങ്കിലും, സമ്പന്ന ഏകാധിപത്യ അറബ് ഭരണാധികാരികളുടെ സമ്മര്‍ദ്ദത്തിനും, ഭീഷണികള്‍ക്കും ഗത്യന്തരമില്ലാതെ വഴങ്ങേണ്ടി വരുന്ന ഒരു സ്ഥാനം കൂടിയാണ് അത്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles