Current Date

Search
Close this search box.
Search
Close this search box.

ഇന്റര്‍പോളിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവോ ?

ഇന്ത്യ, അമേരിക്ക, ചൈന,  സഊദി, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പടെ 190 അംഗരാജ്യങ്ങളുള്ള രാജ്യന്തര പോലീസ് സംഘടനയാണ് ഇന്റര്‍ പോള്‍. കുറ്റാന്വേഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണമുണ്ടാക്കുവാനായി സ്ഥാപിതമായ വിവിധ രാജ്യങ്ങളുടെ പോലീസ് സംഘടനകളുടെ കൂട്ടായ്മയാണിത്. ദ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ എന്നാണതിന്റെ മുഴുവന്‍ പേര്. ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല്‍ ഏറ്റവും വലിയ സംഘടന ആയാണ് ഇതറിയപ്പെടുന്നത്. 190 രാജ്യങ്ങള്‍ ഈ സംഘടനയില്‍ അംഗമാണ്. വിയന്ന ആസ്ഥാനമാക്കി 1923 ലാണ് ഇത് നിലവില്‍ വന്നത്. യൂറോപ്യന്‍ അംഗരാജ്യങ്ങളിലെ കുറ്റകൃത്യങ്ങള്‍ തടയിടാനായിയാണ് ഇതു പ്രാരംഭഘട്ടത്തില്‍ ശ്രമിച്ചത്. The International Criminal Police Commission എന്നായിരുന്നു സംഘടനയുടെ പേര്. 1946 ല്‍ ഇത് പുനസംഘടിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ആസ്ഥാനം പാരീസിലേക്കു മാറ്റി. 1956 ല്‍ ആണ് സംഘടന ഇന്നു കാണുന്ന പേരു സ്വീകരിച്ചത്. അംഗരാജ്യങ്ങള്‍ നല്‍കുന്ന വാര്‍ഷിക സംഭാവനയുടെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ഇന്റര്‍പോളിനെ പ്രതിനിധീകരിക്കുന്നത് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അഥവാ സി.ബി.ഐ.ആണ്.

1923-ല്‍ സ്ഥാപിതമായ സംഘടനയുടെ ടെലഗ്രാഫ് മേല്‍വിലാസമായിരുന്നു ഇന്റെര്‍പോള്‍. പിന്നീടത് സംഘടനയുടെ പേര് തന്നെയായി മാറുകയായിരുന്നു. ഈ വര്‍ഷം-2014, ഇന്റര്‍നാഷണല്‍ ജൂഡീഷ്യല്‍ പോലീസ് കോര്‍പറേഷന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്റര്‍പോള്‍. അതേ അവസരത്തില്‍ തന്നെ ഇന്റര്‍പോള്‍ പുറത്തിറക്കുന്ന റെഡ്‌നോട്ടീസ് (കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യാനായി ഇന്റര്‍പോള്‍ പുറത്തിറക്കുന്ന കുറ്റപത്രം, ഇന്റര്‍പോളിന്റെ ഔദ്യോഗിക വെബസൈറ്റ് കാണുക.) തയ്യാറാക്കുന്നതില്‍ രാഷ്ട്രീയ ദുരുപയോഗം നടക്കുന്നുവെന്ന ആരോപണങ്ങള്‍ ഇന്റര്‍പോളിന്റെ വിശ്വാസ്യതയക്ക് മങ്ങലേല്‍പിക്കുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്റര്‍പോള്‍ നീതിക്ക് തുരങ്കം വെക്കുന്നുവെന്ന തലക്കെട്ടില്‍ ചില പ്രധാന അന്താരാഷ്ട്ര മാധ്യങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് പഠിക്കാനും രാഷ്ട്രീയപരമായ ദുരുപയോഗം നടക്കുന്നത് തടയാനായി പുതിയ ചര്‍ച്ചകള്‍ ഇന്റര്‍പോളിനകത്ത് തന്നെ നടക്കുന്നുണ്ട്.

2012 ല്‍ ഇന്റര്‍പോള്‍ ഡാറ്റബേസിന് വേണ്ടി ഒരു ബില്യണ്‍ അന്വേഷണങ്ങള്‍ നടന്നതായാണ് കണക്ക്. ധാരാളം രാജ്യങ്ങള്‍ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക അവലംബിക്കുന്ന ഡാറ്റാബേസാണ് ഇന്റര്‍പോളിന്റെ ഡാറ്റാബേസ്. സുരക്ഷിതമായ ലോകത്തിന്റെ നിര്‍മിതിക്കായി ആഗോളതലത്തില്‍ പോലീസിനെ വിന്യസിക്കുക എന്നതാണ് ഇന്റര്‍പോളിന്റെ ലക്ഷ്യമെന്നാണ് ഇന്റര്‍പോളിന്റെ അവകാശവാദം. പക്ഷെ ഇന്റര്‍പോളിന്റെ ചില പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ സുരക്ഷക്കും സമാധാനത്തിനും പകരം ഭീതിപരത്തുന്ന വാര്‍ത്തകള്‍ ഇന്റര്‍പോളിനെ സംബന്ധിച്ച് പുറത്ത് വരുന്നുവെന്നത് ദുഖകരമാണ്.

ഇന്റര്‍പോളിന്റെ ‘വാന്റഡ് പേര്‍സണ്‍’ ലിസ്റ്റിന്റെ എണ്ണം അടുത്തിടെ മുന്‍കാലങ്ങളെ അപേക്ഷിച്ച് മൂന്നിരിട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഒരാള്‍ക്കെതിരെ പിടികിട്ടാപുള്ളി നോട്ടീസ് പുറത്തിറക്കുക എന്നതു കൊണ്ട് ഇന്റര്‍പോള്‍ ഉദ്ദേശിക്കുന്നത് അന്താരാഷ്ട്രതലത്തില്‍ വേരുകളുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്ന വ്യക്തിയാണ് അയാള്‍ എന്നാണ്. ഇപ്പോഴിറങ്ങുന്ന പല വാന്റഡ്‌പേര്‍സണ്‍ നോട്ടീസുകളിലെയും പ്രതികള്‍ അന്താരാഷ്ട്ര കുറ്റവാളികളെല്ലെന്ന് മാത്രമല്ല പലരും കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവര്‍ പോലുമല്ലെന്നാണ് ആരോപണം. ഫ്രീലാന്‍ഡ്‌സ് ട്രയല്‍ ഉള്‍പടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. (aljazeera.com/humanrights/2014/03)

പ്രതികളെ സൂക്ഷമമായി നിരീക്ഷിക്കുന്നതിലും പ്രതിപ്പട്ടിക തയ്യാറാക്കുന്നതിലുമുള്ള സൂക്ഷമതക്കുറവായിരിക്കാം ഇതിന്റെ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് ഇന്റര്‍പോള്‍ പുറത്തിറക്കുന്ന പ്രതിപട്ടികകളിലധികവും രാഷ്ടീയ പ്രതിയോഗികളെ തകര്‍ക്കുന്നതിനായും മനുഷ്യാവകാശപ്രവര്‍ത്തകരെ വേട്ടയാടുന്നതിനുമാണെന്ന മാധ്യമ വാര്‍ത്തകള്‍ സമാധാനപ്രവര്‍ത്തകര്‍ക്ക് ഭീതിയും നിരാശയുമുണ്ടാക്കുന്നതാണ്. എന്നാല്‍ നൂറ് വര്‍ഷം തികക്കുന്ന 2014 ല്‍ പോരായ്മകള്‍ വിലയിരുത്തി പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിനും ഉയര്‍ന്ന നിലവാരം കാത്തു സൂക്ഷിക്കുന്നതിനമുമായി ഇന്റര്‍പോള്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണ്. മനുഷ്യാവകാശങ്ങള്‍ പാലിക്കാതെ റെഡ് നോട്ടീസ് പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് ധാരാളം ഉദാഹരണങ്ങളുണ്ട്.

2006 ല്‍ വെനിസ്വേലയന്‍ നോബല്‍ സമ്മാന ജേതാവ് പാര്‍ട്രീഷ്യ പൗലോക്കെതിരെ പുറത്തിറക്കിയ റെഡ് നോട്ടീസ് രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് ഇന്റര്‍പോള്‍ തിരിച്ചറിയാന്‍ 18 മാസത്തോളമെടുത്തു. മുമ്പ് കൊളംമ്പിയയിലെ വിമതരുമായുള്ള സര്‍ക്കാര്‍ ബന്ധത്തെക്കുറിച്ച് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ പോളോ റിപ്പോര്‍ട്ട് ചെയ്തതാണ്  അദ്ദേഹത്തിനെതിരെ തിരിയാന്‍  വെനിസ്വലെയന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.  

റഷ്യന്‍ അഭയാര്‍ത്ഥിയും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന പെറ്റര്‍സിലേവ ്(Petr Silaev) നെതിരെ റഷ്യ ഇന്റര്‍പോളില്‍ പരാതി നല്‍കിയിരുന്നു. പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന തരത്തില്‍ വനപ്രദേശങ്ങളിലൂടെ റോഡ് നിര്‍മാണത്തിന് മുതിര്‍ന്ന റഷ്യന്‍ സര്‍ക്കാറിനെതിരെ സമരം സംഘടിപ്പിച്ചതാണ് അദ്ദേഹത്തിനെതിരെ തിരിയാന്‍ റഷ്യയെ പ്രേരിപ്പിച്ചത്. ഇതുപോലെ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകര്‍, വ്യത്യസ്ത നാടുകളിലെ പ്രതിപക്ഷനേതാക്കള്‍, വ്യവസായികള്‍ തുടങ്ങി പലരെയും രാഷ്ട്രീയ പ്രേരിതമായ കാരണങ്ങള്‍ കൊണ്ട് അറസ്റ്റ് ചെയ്യാനായി ഇന്തോനേഷ്യ,ശ്രീലങ്ക, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്റര്‍പോളിനെ ഉപയോഗിച്ചതായി റിപ്പേര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ, പല കേസുകളും രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ട് കേസെടുക്കുന്നതില്‍ നിന്ന് ഇന്റര്‍പോള്‍ പിന്തിരിയുകയായിരുന്നു. (The Telegraph 30 May 2013)

2013 ഫെബ്രുവരിയില്‍ ‘റിപ്പോര്‍ട്ടേര്‍സ് വിതൗട്ട് ബോര്‍ഡേര്‍സ്’ എന്ന സംഘടന ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനും ലോക പ്രസ് ഫോട്ടോ അവാര്‍ഡ് ജേതാവുമായ ഡാനിയല്‍ ലിയാനെക്കെതിരെയുള്ള റെഡ് നോട്ടീസ് പിന്‍വലിക്കാന്‍ ഇന്റര്‍പോളിനോട് ആവശ്യപെട്ടവാര്‍ത്ത ശ്രദ്ധേയമായിരുന്നു. . എന്നാല്‍ അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരുന്ന കുറ്റം കെട്ടിച്ചമച്ചതായിരുന്നുവെന്ന് പിന്നീടാണ് തെളിഞ്ഞത്.  വസ്തുതകളുടെ അഭാവത്തില്‍ കേവല വെള്ളപ്പേപ്പറില്‍ എഴുതി തയ്യാറാക്കിയതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ചാര്‍ജ്ഷീറ്റെന്ന് വ്യക്തമായത് വീണ്ടും കുറേകഴിഞ്ഞാണ്. അദ്ദേഹത്തിനെതിരെ പരാതി നല്‍കിയവര്‍ കോടതിയില്‍ ഹാജരായിട്ട് പോലുമുണ്ടായിരുന്നില്ല. ഇന്റര്‍പോള്‍ റെഡ് നോട്ടീസ് കാരണം അദ്ദേഹത്തിന് തന്റെ ജോലിയുടെ ഭാഗമായ വിദേശ യാത്രകള്‍ പോലും നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിനെതിരെയുള്ള റെഡ് നോട്ടീസ് സമ്മര്‍ദ്ധങ്ങള്‍ കാരണം ഇന്റര്‍പോള്‍ പിന്നീട് പിന്‍വലിച്ചു. (ipsnews.net/2013/08)

ഒരു വ്യക്തിക്ക് ഇന്റര്‍പോളിന്റെ റെഡ് നോട്ടീസ് കിട്ടി എന്നുപറഞ്ഞാല്‍ പൊതുവില്‍ അയാളൊരു  അന്താരാഷ്ട്രക്രിമിനലാണെന്നാണ് വിലയിരുത്തപ്പെടുക. കുടുംബത്തില്‍ നിന്നും ജോലിയില്‍നിന്നും ഒരു പക്ഷെ ഏതാനും മാസങ്ങളെങ്കിലും അയാള്‍ പുറത്താക്കപ്പെടുകയോ താല്‍ക്കാലികമായി തടയപ്പെടുകയോ ചെയ്യും.റെഡ് നോട്ടീസ് കാരണമായി വിസകള്‍ ക്യാന്‍സലാകുന്നതോടെ സഞ്ചാര സ്വതന്ത്ര്യം നഷ്ടപ്പെടും. ഏതെങ്കിലും രാജ്യം അഭയം കൊടുത്ത വ്യക്തിയാണെങ്കില്‍ രാഷ്ട്രീയ അഭയം ഇല്ലാതാകും. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടും, ലോണ്‍അപേക്ഷകള്‍ നിരസിക്കപ്പെടും, ബിസിനസുകാരണെങ്കില്‍ ഉപഭോക്താക്കള്‍ കുറയും, മാധ്യപ്രവര്‍ത്തകരുടെ വിശ്വാസ്യത നഷ്ടപ്പെടും. ഇങ്ങനെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം അന്യായമായി ഹനിക്കപ്പെട്ടേക്കാവുന്ന ഒട്ടേറെ വസ്തുതകള്‍ റെഡ് നോട്ടീസിന് പിന്നിലുണ്ട്.

റെഡ് നോട്ടീസിലെ രാഷ്ട്രീയ പ്രേരകങ്ങള്‍
കുറ്റകൃത്യങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന സംഘടന എന്ന നിലയില്‍ ഇന്റര്‍പോള്‍ നിലനില്‍ക്കേണ്ടതും നിലനിര്‍ത്തേണ്ടതുമായ സംഘടനയാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ അത് നീതിപൂര്‍വ്വമായിട്ടാണ് നില നില്‍ക്കേണ്ടത്. രാഷ്ട്രീയ പ്രേരകങ്ങളായ അറസ്റ്റുകള്‍ക്ക് ഇന്റര്‍പോള്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യ ഇന്റര്‍പോളിനുണ്ട്. അല്ലെങ്കില്‍ നീതിയുടെ സംരക്ഷകരാണെന്ന സല്‍പേര് ഇന്റര്‍പോളിന് നഷ്ടമാകും. ഫെയര്‍ ട്രയല്‍സ് ഇന്റര്‍ നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ഇന്റര്‍പോളിന്റെ മനുഷ്യവകാശ ധ്വംസനത്തിലേക്കാ നയിച്ചേക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്റര്‍പോളിനെ സമീപിച്ചിട്ടുണ്ട്.  ഇന്റര്‍പോളിന്റെ പിടിയിലാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിനായി സമീപിക്കാവുന്ന സ്വതന്ത്രമായ കോടതികളില്ലെന്നത് ഇന്റര്‍പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണെന്ന ഫെയര്‍ട്രയല്‍സ് വക്താക്കള്‍ പറയുന്നു. രാഷ്ട്രീയ പകപോക്കലുകള്‍ക്ക് ഇന്റര്‍പോള്‍ സംവിധാനം ദുരുപയോഗേം ചെയ്യുന്ന അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്നും അതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഐക്യ രാഷ്ട്ര സഭയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള ഹൈകമ്മീഷന്‍ 2008 ല്‍ നടത്തിയ പരാമര്‍ശങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ഒരാള്‍ക്കെതിരെ റെഡ് നോട്ടീസ് കിട്ടി എന്നതിന് അതൊരു അറസ്റ്റ് വാറന്റാണെന്നര്‍ത്ഥമില്ല. എന്നാല്‍ അതിനെ താല്‍ക്കാലിക അറസ്‌ററിനുള്ള നിയമാനുസൃത അടിസ്ഥാനമായിട്ടാണ് ഒരു പാട് രാജ്യങ്ങള്‍ കണക്കാക്കുന്നത്. 2005ല്‍ ആകെ 2,343 റെഡ് നോട്ടീസ് മാത്രമുണ്ടായിരുന്നത് 2010ല്‍ അത് 6,344ഉം 2011ല്‍7,678മായി ഉയര്‍ന്ന ലിസ്‌ററ്  2012 ആയപ്പോളെ 2005 ലെ കണക്കിന്റെ 80 ശതമാനം അധികരിച്ച് 8,136 (ipsnews.net/2013/08) ആയി മാറിയത് ആശങ്കയുളവാക്കുന്നതാണ്.

2011ല്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മ, ഇന്റര്‍പോളിന്റെ ”റെഡ്‌നോട്ടീസ് അലര്‍ട്ടിനെ’ക്കുറിച്ച്  നടത്തിയ പഠനത്തില്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 2010 ഡിസംബറിലെ 7,622 റെഡ്‌നോട്ടീസുകളില്‍ 2,200 എണ്ണവും രാഷ്ട്രീയ സ്വാതന്ത്രവും പൗരസ്വാതന്ത്യവും ഇല്ലാത്ത രാജ്യങ്ങളുടേതാണ്. സംഘടനയുടെ സ്വതന്ത്ര സഭ, റെഡ്‌നേട്ടീസ് അധികരിച്ചുള്ള വിശദപഠനപ്രകാരം റെഡ് നോട്ടീസുകളിലെ 3,600 എണ്ണവും ഭരണരംഗത്തെ സുതാര്യതയിലും അഴിമതിയിലുമുള്ള അന്താരഷ്ട്ര  റാങ്കിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നാണ്.(www.icij.org)

2008 വരെ പോലീസ് ഏജന്‍സികള്‍ക്ക് റെഡ്‌നോട്ടീസിന വേണ്ടി ഇന്റര്‍പോളിന് നേരിട്ട് എഴുതേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഇന്ന് റെഡ് നോട്ടീസ് ലഭിക്കാന്‍ വേണ്ടിയുള്ള അപേക്ഷ വ്യത്യസ്ത പോലീസ് ഏജന്‍സികള്‍ സിസ്റ്റത്തില്‍ അപ്‌ലോഡ് ചെയതയുടനെ തന്നൈ ഇന്റര്‍പോള്‍ അംഗരാജ്യങ്ങളിലെ പോലീസ് ഏജന്‍സികള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ പ്രതി യതാര്‍ത്ഥത്തില്‍ റെഡ് നോട്ടീസ് പുറപ്പെടുവിക്കേണ്ട കുറ്റവാളിയാണോ എന്ന് ഇന്റര്‍പോള്‍ പഠിക്കുന്നതിന് മുമ്പ് തന്നെ അയാള്‍ കുറ്റവാളിയായി മുദ്രകുത്തപ്പെടുന്നു എന്നത് ഇപ്പോഴത്തെ സംവിധാനത്തിന്റെ പോരായ്മയാണ്.

2012 ജൂലൈ 1 മുതല്‍ റെഡ് നോട്ടീസ് പുറപ്പെടുവിക്കുന്നത് സൂക്ഷമതയോടെയും ഉയര്‍ന്ന നിലവാരത്തിലുമായിരക്കണമെന്ന് ഇന്റര്‍പോള്‍ അധികാരികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഫെയര്‍ട്രയല്‍ ഇന്റര്‍ നാഷണലിന്റെ പുതിയ പഠനങ്ങളില്‍ അത് പൂര്‍ണവും സൂക്ഷമവുമായി നടപ്പിലാക്കാന്‍ ഇന്റര്‍പോളിന് ഇനിയും കഴഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

സ്വതന്ത്ര അധികരമില്ലാത്ത പ്രത്യേക സമിതിയാണ് ഇന്റര്‍പോള്‍, അതിന് ഏതെങ്കിലും പാര്‍ലമെന്റിന്റേയോ കോടതിയുടെയോ മേല്‍നോട്ടമില്ല. വാര്‍ഷിക ബജറ്റായി 96 മില്യണ്‍ ഡോളര്‍ വകയിരുത്തുന്ന ഇന്റര്‍പോളിന് 190 അംഗരാജ്യങ്ങളാണുള്ളത്. ഇന്റര്‍പോള്‍ ഭരണഘടനയില്‍ പറയുന്നഅന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനമാണ് അതിന്റെ അന്തസത്ത (‘the spirit of the Universal Declaration of Human Rights’)
ഇന്റര്‍പോളിന്റെ വെബ്‌സൈറ്റ് പറയുന്ന നിഷ്പക്ഷ തത്വം(‘neutrality’ principle) അനുസരിച്ച് രാഷ്ട്രീയപരവും സൈനികപരവും മതപരവും വര്‍ഗീയപരവുമായ എല്ലാ താല്‍പര്യങ്ങള്‍ക്കും അതീതമായാണ് ഇന്റര്‍പോള്‍ പ്രവര്‍ത്തിക്കുകയെന്നാണ്. ഭരണ ഘടനയനുസരിച്ച് സൂക്ഷമമായി പ്രവര്‍ത്തിക്കാനും ലോകമെമ്പാടുമുള്ള മനുഷ്യരുടെ സുരക്ഷക്കായി നിലകൊള്ളാനും ഇന്റര്‍പോളിന് കഴിയട്ടെയെന്ന് നൂറ് വര്‍ഷം തികക്കുന്ന ഇന്റര്‍പോളിനായി നമുക്ക് ആശംസിക്കാം.

Related Articles