Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ അഫ്ഗാനേക്കാള്‍ അപകടം പിടിച്ച സ്ഥലമോ?

ലോകത്ത് ഏറ്റവും അപകടം പിടിച്ച നാടുകളെ എണ്ണുമ്പോള്‍ അതില്‍ സുപ്രധാനമായ സ്ഥാനം പിടിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍. എന്നാല്‍ പുതുതായി ഭാരത സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ തന്നെ വ്യക്തമാക്കുന്നത് ഇന്ത്യയാണ് അഫ്ഗാനേക്കാള്‍ അപകടം പിടിച്ച സ്ഥലമെന്നാണ്. നിരവധി ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പുറമെ പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ആക്രമങ്ങള്‍ കൂടി നേരിടുന്ന നാടാണ് അഫ്ഗാനിസ്താന്‍. ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയേക്കാള്‍ അപകടം പിടിച്ച സ്ഥലമാണ് ഇന്ത്യയെന്നും റിപോര്‍ട്ട് പറയുന്നുണ്ട്. 2013-ല്‍ ഇന്ത്യയില്‍ 212 സ്‌ഫോടനങ്ങള്‍ നടന്നുവെന്നാണ് ദേശീയ ബോംബ് ഡാറ്റാ സെന്ററിന്റെ (NBDC) കണക്കുകള്‍ പറയുന്നത്. ഇതേ വര്‍ഷം അഫ്ഗാനിലുണ്ടായ സ്‌ഫോടനങ്ങളുടെ ഇരട്ടിയാണിത്.

ശക്തമായ രഹസ്യാന്വേഷണ സംവിധാനവും പോലീസും പട്ടാളവും ഉദ്യോഗസ്ഥരുമെല്ലാം ഉള്ള ഒരു നാട്ടില്‍ എന്തുകൊണ്ട് ജനങ്ങളുടെ ജീവിതം അപകടത്തിലാകുന്നു? ഓരോ ആക്രമണത്തിനും ശേഷം വ്യാപകമായ പരിശോധനയും തെരച്ചിലുകളുമെല്ലാം ഉണ്ടാകുന്നു. എന്നാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോ അറസ്റ്റ് ചെയ്യപ്പെടുന്നത്? അതെ, എന്നാണ് ഉത്തരമെങ്കില്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് എന്തോ കാര്യമായ തകരാറുണ്ട്. അതുകൊണ്ടാണ് ആക്രമണങ്ങള്‍ കുറയുന്നതിന് പകരം ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്നത്. അല്ലെങ്കില്‍ ശിക്ഷിക്കപ്പെടുന്നത് യഥാര്‍ത്ഥ പ്രതികളല്ല.

ഭീകരവാദത്തിന് മതമില്ല എന്നു പറയുമ്പോഴും മിക്ക സ്‌ഫോടനങ്ങളും വരവു വെക്കുന്നത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും അക്കൗണ്ടിലാണ്. 2006-ല്‍ നടന്ന മാലേഗാവ് സ്‌ഫോടനം ആദ്യം അന്വേഷിച്ച മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേന ഒമ്പതു മുസ്‌ലിംകളെയാണ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് കേസ് അന്വേഷിച്ച സി.ബി.ഐയും ഈ കണ്ടെത്തല്‍ ശരിവെച്ചു. പിന്നീട് 2007-ല്‍ മക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട അസിമാന്ദയുടെ വെളിപ്പെടുത്തലാണ് മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ ആരായിരുന്നു എന്ന് വെളിപ്പെടുത്തിയത്. മക്കാ മസ്ജിദ്, ഹൈദരാബാദ്, അജ്മീര്‍ ദര്‍ഗ, സംഝോതാ എക്‌സ്പ്രസ് തുടങ്ങിയ സ്‌ഫോടന പരമ്പരകള്‍ക്കു പിന്നിലും ഹിന്ദുത്വ ശക്തികള്‍ തന്നെയായിരുന്നു എന്ന് അസിമാനന്ദ തന്നെ വ്യക്തമാക്കി. എന്നാല്‍ അവക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എത്ര പേര്‍ ശിക്ഷിക്കപ്പെട്ടു എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. തീവ്രവാദവും ഭീകരപ്രവര്‍ത്തനവും ചുമത്തി നിരവധി മുസ്‌ലിം യുവാക്കള്‍ ഇപ്പോഴും അഴികള്‍ പിന്നില്‍ കഴിയുന്ന രാജ്യത്ത് പ്രസ്തുത ചോദ്യം അവഗണിക്കാവതല്ല. രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങളെല്ലാം ഒരു സമുദായത്തിന്റെ ചുമലില്‍ കെട്ടിവെച്ച് അന്വേഷണം നടത്തുമ്പോള്‍ ഭീകരവാദമെന്ന രോഗത്തിന് ശരിയായ ചികിത്സ ലഭിക്കുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്‌നം.

Related Articles