Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യന്‍ മുജാഹിദീന് ‘ദ ഹിന്ദു’ വക ഒരു സൗത്ത് ഇന്ത്യന്‍ മുജാഹിദീനും!

രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രത്തില്‍ നിന്നും തെക്കുമാറി കഴിയുന്ന നമ്മള്‍ മലയാളികള്‍ക്ക് സൗത്ത് ഇന്ത്യന്‍ റെയില്‍വേയും സൗത്ത് ഇന്ത്യന്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ഫുഡുമെല്ലാം സുപരിചിതമാണ്. ഈ ‘സൗത്ത് ഇന്ത്യന്‍’ ഗണത്തിലേക്ക് നമ്മുടെ മുത്തശ്ശി പത്രമായ ‘ദ ഹിന്ദു’ വിന്റെ പുതിയ സംഭാവനകൂടി ഇപ്പോള്‍ ലഭിച്ചിരിക്കുന്നു. ‘സൗത്ത് ഇന്ത്യന്‍ മുജാഹിദീന്‍’ എന്ന പുതിയ ഭീകരവാദ സംഘടനയാണത്. ഇന്നത്തെ (15.05.04) ‘ദ ഹിന്ദു’ പത്രത്തിന്റെ മെയിന്‍ പേജിലെ ‘എസ്‌ക്ലൂസീവ്’ വാര്‍ത്തയായിട്ടാണ് പുതിയ സൗത്ത് ഇന്ത്യന്‍ കണ്ടുപിടുത്തം ഇടംപിടിച്ചിരിക്കുന്നത്. നമ്മുടെ നാട്ടില്‍ നടക്കുന്ന സ്‌ഫോടനങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെന്ന് മാധ്യമങ്ങളും അന്വേഷണ ഏജന്‍സികളും പറഞ്ഞുകൊണ്ടിരിക്കുന്ന ‘ഇന്ത്യന്‍ മുജാഹിദീന്‍’ എന്ന ഭീകര സംഘടനയുടെ ദക്ഷിണേന്ത്യന്‍ വിഭാഗമാണത്രെ ഈ പുതിയ സൗത്ത് ഇന്ത്യന്‍ മുജാഹിദീന്‍! ഇനി ഇത് രാജ്യത്തെ എല്ലാ പത്ര – മാധ്യമങ്ങളും ഏറ്റുപാടാന്‍ തുടങ്ങും. മാധ്യമങ്ങളും അന്വേഷണ ഏജന്‍സികളും നിരന്തരം പറയുന്നുവെന്നല്ലാതെ വ്യക്തമായ തെളിവുകളോടെ തെളിയിക്കാന്‍ പോലുമാവാത്ത ഒരു ഭീകര സംഘടനക്കാണ് ‘ദ ഹിന്ദു’ ഇപ്പോള്‍ പുതിയ സൗത്ത് ഇന്ത്യന്‍ ഘടകം രൂപീകരിച്ചിരിക്കുന്നത് (സുപ്രീം കോടതിയിലെ മുന്‍ ജഡ്ജി മുതല്‍ നിലവിലെ ഒരു കേന്ദ്രമന്ത്രി വരെ ഇങ്ങനെയൊരു സംഘടനയുണ്ടോ എന്ന് സംശയം ഉന്നയിച്ചിരുന്നു). മെയ് 1 ന് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരാളുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഈ സൗത്ത് ഇന്ത്യന്‍ മുജാഹിദീനാണെന്നും ചെന്നൈയില്‍ നിന്നും ‘ദ ഹിന്ദു’ വിന്റെ വി.എസ് പളനിയപ്പന്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്ധ്രാപ്രദേശില്‍ നരേന്ദ്ര മോദി പ്രസംഗിക്കേണ്ടിയിരുന്ന നെല്ലൂരില്‍ വെച്ച് പൊട്ടിത്തെറിക്കുന്ന വിധത്തില്‍ ടൈമറ് ഘടിപ്പിച്ച ബോംബാണ് ട്രയിന്‍ സമയം തെറ്റി ഓടിയത് കാരണം ചെന്നൈയില്‍ പൊട്ടിത്തെറിച്ചതെന്നും പളനിയപ്പന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ മുജാഹിദീന്‍ എന്താണെന്നോ, എവിടെയാണ് രൂപീകരിച്ചതെന്നോ, എങ്ങനെയാണുണ്ടായതെന്നോ, ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെന്നോ മാധ്യമങ്ങള്‍ക്കോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ ഇതുവരെ കണ്ടെത്താനോ വെളിപ്പെടുത്താനോ സാധിച്ചിട്ടില്ല (ഇന്ത്യന്‍ മുജാഹിദീന്റെ രൂപീകരണത്തെ കുറിച്ച് പോലും പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് ഇന്ത്യയിലെ മാധ്യമങ്ങള്‍ നല്‍കാറുള്ളത്. ചിലര്‍ 2001 ലെന്നും മറ്റു ചിലര്‍ 2005, 2007, 2008 എന്നൊക്കെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്). എന്നാല്‍ ഇന്ത്യന്‍ മുജാഹിദീന്‍ നടത്തിയ സ്‌ഫോടനങ്ങളുമായി ബന്ധമുള്ളവരെന്ന പേരില്‍ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത് ദീര്‍ഘനാളായി ജയിലലിടച്ചിരിക്കുന്ന മുസ്‌ലിം ചെറുപ്പക്കാരുടെ എണ്ണം നിരവധിയാണ്. (അതിലുമുണ്ട് തമാശ. ഇന്ത്യന്‍ മുജാഹിദീന്‍ നടത്തിയതെന്ന് പറയുന്ന 2006 ലെ മലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 35 മുസ്‌ലിംകള്‍. 2007 ലെ മക്കാ മസ്ജിദ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് 10 മുസ്‌ലിംകള്‍. കൊല്ലുന്നതും കൊല്ലപ്പെടുന്നതും മുസ്‌ലിംകള്‍ തന്നെ!). സൗത്ത് ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ കേരളം ഭീകരവാദത്തിന്റെ നഴ്‌സറിയാണെന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി വിളിച്ചുപറഞ്ഞിട്ട് അധികം നാളായിട്ടില്ല. മോദി പ്രധാനമന്ത്രിക്കസേരയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയില്‍ ‘ദ ഹിന്ദു’ പോലുള്ള മുത്തശ്ശി പത്രങ്ങള്‍ തെളിവുകളേതുമില്ലാതെ ‘അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്’ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നത് ആരുടെ ലാഭം മുന്നില്‍ കണ്ടാണെന്ന് തലയില്‍ അല്‍പ്പം ആള്‍താമസമുള്ള ആര്‍ക്കും അധികം ചിന്തിക്കാതെ തന്നെ ബോധ്യപ്പെടുന്നതാണ്.

Related Articles