Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യന്‍ ജയിലുകളില്‍ നിന്നുള്ള നെടുവീര്‍പ്പുകള്‍ക്കായി കാതോര്‍ക്കാം

ഏതാനും വര്‍ഷങ്ങള്‍ മുമ്പ് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം പ്രമുഖ മുസ്‌ലിം നേതാവായ അബ്ദുന്നാസിര്‍ മഅ്ദനിയുമായി ഞാന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഞങ്ങള്‍ ‘ഫാബ്രിക്കേറ്റഡ്’ എന്ന ഡോക്യുമെന്ററി നിര്‍മിക്കുന്നതിനും എത്രയോ മുമ്പായിരുന്നു അത്. വളരെ അടുത്ത ഒരു കൂട്ടുകാരനോടെന്ന പോലെയാണ് അദ്ദേഹമെന്നോട് സംസാരിച്ചത്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നതെങ്കിലും എന്റെ ഉപബോധ മനസ്സ് അദ്ദേഹത്തെ ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അരമണിക്കൂറോളം അദ്ദേഹത്തിന്റെ സംസാരം കേട്ട ശേഷം ഞാന്‍ ചോദിച്ചു: ‘നിങ്ങള്‍ക്കെന്താണ് ഞങ്ങള്‍ ചെയ്തു തരേണ്ടത്?’ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞത് ജയിലില്‍ ജീവിതം കഴിച്ചു കൂട്ടുന്ന നിരപരാധി അദ്ദേഹം മാത്രല്ല, അദ്ദേഹത്തെ പോലെ ഇത്തരത്തില്‍ കള്ളക്കേസുകള്‍ ചുമത്തപ്പെട്ട ആയിരക്കണക്കിനാളുകള്‍ ഉണ്ടെന്നായിരുന്നു. അദ്ദേഹം കഴിയുന്ന ജയിലില്‍ തന്നെ അത്തരത്തിലുള്ള നിരവധി പേരുണ്ടെന്നും അവര്‍കക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുമാണ് അദ്ദേഹം ഞങ്ങളോട് അപേക്ഷിച്ചത്. ‘ഞാന്‍ മാത്രമല്ല’ എന്ന അദ്ദേഹത്തിന്റെ വാക്ക് ഇപ്പോഴും എന്റെ ചെവിയില്‍ പ്രതിധ്വനിക്കുന്നു. ജോണ്‍ ലെനോനിന്റെ ‘ഇമേജിന്‍’ എന്ന പാട്ടുപോലെയാണത്. ഞാന്‍ മാത്രമല്ലെന്നാണ് അതില്‍ അദ്ദേഹം പാടുന്നത്. എന്നാല്‍ ജോണ്‍ ലെനോന്‍ പാടുന്നത് തന്റെ സ്വപ്നത്തെ കുറിച്ചാണ്. മഅ്ദനി സംസാരിച്ചത് തനിക്കുണ്ടായ പരുക്കന്‍ അനുഭവങ്ങളെ കുറിച്ചായിരുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ബോംബാക്രമണത്തില്‍ ഒരു കാല്‍നഷ്ടപ്പെട്ട മഅ്ദനിക്ക് നടക്കാന്‍ സാധിക്കുമായിരുന്നില്ല. നടക്കാന്‍ സാധിക്കാതെയായത് മുതല്‍ മഅ്ദനി ഒരു യുവാവിന്റെ സഹായത്തോടെ വീല്‍ചെയറിലാണ് ചലിക്കുന്നത്. അദ്ദേഹം അവനോട് ഒരു കുട്ടിയെ ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവരാന്‍ പറഞ്ഞു. ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു കൊണ്ടുവന്ന ആ കുട്ടിയുടെ പേര് സകരിയ എന്നയാിരുന്നു. ബംഗളൂരുവില്‍ നിന്ന് ഒന്നര മണിക്കൂര്‍ യാത്രാദൂരമുള്ള പരപ്പന അഗ്രഹാര ജയിലില്‍ തന്നെയായിരുന്നു അവനും ഉണ്ടായിരുന്നത്. ‘ബ്രാഹ്മണ ഗ്രാമ’ത്തെ കുറിക്കുന്നതിന് ഉപയോഗിക്കുന്ന പദമാണ് ‘അഗ്രഹാര’ എന്നത് സാന്ദര്‍ഭികമായി ഞാന്‍ ഓര്‍ത്തു.

സകരിയ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്റെ സഹപ്രവര്‍ത്തകരും സുഹൃത്ത് ജിഷ ജോഷും അവന്റെ അവസ്ഥയെ കുറിച്ച് ചോദിക്കാന്‍ തുടങ്ങി. പരിഭ്രമവും ശാരീരികവും മാനസികവുമയാ പ്രയാസവും കാഴ്ച്ചയില്‍ അവനില്‍ പ്രകടമായിരുന്നു. ‘ബ്രാഹ്മണ ഗ്രാമ’ത്തിന്റെ പേരില്‍ അറിയപ്പെടുന്ന ജയിലില്‍ എന്തിന് താന്‍ അടക്കപ്പെട്ടിരിക്കുന്നു എന്ന് പോലും അവനറിയില്ല. ഒരുപക്ഷേ ഒരു മുസ്‌ലിം പേരുള്ള കുട്ടിക്ക് ബ്രാഹ്മണ ഗ്രാമത്തില്‍ ലഭിക്കുന്ന ദയാവായ്‌പോടെയുള്ള പെരുമാറ്റമായിരിക്കാം ഇത്. നീ കഠിനമായ അധ്വാന പരിശ്രമങ്ങളൊന്നും നടത്തേണ്ട, നിന്റെ ഭക്ഷണവും താമസവും ഞങ്ങള്‍ ഉറപ്പു നല്‍കുന്നില്ലേ എന്നാണത് അവനോട് പറയുന്നത്.

തിരൂരില്‍ നിന്നും കര്‍ണാട പോലീസ് ‘തട്ടിക്കൊണ്ടു പോയ’ സകരിയക്കെതിരെ ബാഗ്ലൂര്‍ സ്‌ഫോടനത്തിന് സാങ്കേതി സഹായം ചെയ്തു എന്ന കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. സാങ്കേതിക സഹായം പോയിട്ട് ഞങ്ങളവനെ കാണുമ്പോള്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും അവനറിയില്ല. ഇത്തരത്തില്‍ തയ്യാറാക്കിയ പല സ്‌ഫോടനങ്ങളും ആളുകളെ കൊല്ലുന്നില്ലെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ജയിലുകളില്‍ എത്രയോ നിരപരാധികളുടെ ജീവനത് സാവധാനത്തില്‍ അപഹരിക്കുന്നു. ആ കുട്ടി ചെയ്ത ഒന്നാമത്തെ കുറ്റം ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തു എന്നതാണ്. രണ്ടാമതായി അവനൊരു മുസ്‌ലിമും. ഇതുതന്നെ ധാരാളമാണ്.

യു.എ.പി.എ (Unlawful Activities Prevention Atc) ചുമത്തിയാണ് 19 കാരനായ സകരിയ അറസ്റ്റ് ചെയ്യപ്പെട്ടത്. യു.എ.പി.എ എന്ന കരിനിയമത്തില്‍ പോലും ഒരാളെ അറസ്റ്റ് ചെയ്താല്‍ പോലീസ് എത്രയും പെട്ടന്ന് അയാളുടെ കുടുംബത്തെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. ആ മിനിമം മനുഷ്യാവകാശം പോലും പാലിക്കപ്പെട്ടില്ല. കുടുംബത്തെ വിളിക്കാന്‍ അവനെ അനുവദിച്ചതുമില്ല. തങ്ങളുടെ മകന്‍ ജയിലിലടക്കപ്പെട്ടിരിക്കുന്നുവെന്നും ഭീകരനായി ‘മുദ്ര’കുത്തപ്പെട്ടിരിക്കുന്നുവെന്നും പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം പത്രത്താളുകളില്‍ നിന്നാണ് ദുഖിതരായ അവന്റെ കുടുംബം അറിയുന്നത്.

യൂണിഫോം ധരിച്ച ഓരോ ‘പരിഷ്‌കാരി’യും പണത്തിനായി കൈനീട്ടുന്ന അഗ്രഹാര ജയില്‍ ഗ്രാമത്തില്‍ നിന്നും ഞങ്ങള്‍ പുറത്തു കടന്ന ശേഷം ആ കേസിലെ നുണകള്‍ തുറന്നു കാട്ടുന്ന ശ്രദ്ധേയമായൊരു ലേഖനം എന്റെ സുഹൃത്ത് ജിഷ ജോഷ് എഴുതിയിരുന്നു. അവള്‍ സകരിയയുടെ ഗ്രാമത്തില്‍ പോവുകയും കേസിനെ കുറിച്ച് അന്വേഷിക്കുകയും സാക്ഷികളെയും കൂട്ടുകാരെയും അവന്റെ കുടുംബത്തെയും കാണുകയും ചെയ്തിരുന്നു. അവിചാരിതമായി ഞാന്‍ അവളെ വിളിച്ചപ്പോള്‍ അവന്റെ കുടുംബത്തോടൊപ്പമായിരുന്നു അവള്‍. സംസാരിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ അവന്റെ ഉമ്മയുടെ തേങ്ങല്‍ എനിക്ക് കേള്‍ക്കാമായിരുന്നു. ഭീകരനെന്ന് മുദ്രകുത്തി അവര്‍ അറസ്റ്റ് ചെയ്ത സകരിയയില്‍ ഇത് ഒതുങ്ങുന്നില്ല. പോലീസില്‍ നിന്നും മുഖ്യധാരാ മാധ്യമങ്ങളിലൂടെ പുറത്തുവന്ന പെരുംനുണകള്‍ക്ക് ശേഷം അവന്റെ കുടുംബവും ബന്ധുക്കളും കൂട്ടുകാരുമെല്ലാം സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടു.

ജിഷ ജോഷിന്റെ ലേഖനം കേരളത്തില്‍ ചില ചലനങ്ങളുണ്ടാക്കി. സകരിയയെ കുറിച്ച ജിഷയുടെ ലേഖനത്തിന് മുമ്പ് അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെയുള്ള കെട്ടിചമച്ച കേസിന് പിന്നിലെ നുണകള്‍ കെ.കെ. ഷാഹിന തെഹല്‍കയിലൂടെ തുറന്ന് കാട്ടിയിരുന്നു. ഈ രണ്ട് ലേഖനങ്ങളും എഴുതിയത് സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്. ഇത്തരം അന്വേഷണാത്മക ലേഖനങ്ങള്‍ക്ക് എന്തുകൊണ്ട് കേരളത്തിലെ ആണുങ്ങള്‍ ധൈര്യം കാണിക്കുന്നില്ലെന്ന് എനിക്കറിയില്ല.

സകരിയയെ കുറിച്ച ജിഷയുടെ ലേഖനത്തിന് ശേഷം സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് മുന്‍കയ്യെടുത്ത് വിവിധ ഗ്രൂപ്പുകളെ ഉള്‍ക്കൊള്ളിച്ച് ഒരു ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുകയും സകരിയയുടെ ജന്മനാടായ മലപ്പുറത്തെ പരപ്പനങ്ങാടിയില്‍ പൊതുസമ്മേളനം നടത്തുകയും ചെയ്തു. ആയിരത്തോളം ആളുകള്‍ പങ്കെടുത്ത പൊതുസമ്മേളനത്തില്‍ നിരവധി മതേതര വ്യക്തിത്വങ്ങളും മുസ്‌ലിം സംഘടനാ പ്രതിനിധികളും സംസാരിച്ചു. ജിഷ ജോഷ്, സിവിക് ചന്ദ്രന്‍, എം. ഗംഗാധരന്‍, തുടങ്ങിയ പലര്‍ക്കുമൊപ്പം ഞാനും അതിലെ ഒരു പ്രാസംഗികനായിരുന്നു. നിരപരാധിയായ ആ കുട്ടി ഭീകരനല്ലെന്ന് പ്രസ്തുത സമ്മേളനത്തിന് ശേഷം മാത്രമാണ് സാധാരണക്കാരായ നാട്ടുകാര്‍ പോലും തിരിച്ചറിഞ്ഞത്. അതുവരെ സകരിയയുടെ കുടുംബവും കൂട്ടുകാരും ബന്ധുക്കളും ഭ്രഷ്ട് കല്‍പിക്കപ്പെട്ടവരായിട്ടായിരുന്നു ഉണ്ടായിരുന്നത്. പോലീസ് ഭാഷ്യം മാത്രം അടിസ്ഥാനമാക്കിയുള്ള മുഖ്യധാരാ മാധ്യമ റിപോര്‍ട്ടുകളായിരുന്നു അതിന് കാരണം. ഇത്രയും കാലം ഭീകരവാദിയായിട്ടാണ് അവനെ കരുതിയിരുന്നതെന്ന് ആളുകള്‍ കുറ്റബോധത്തോടെ സംസാരിക്കുന്നത് പരിപാടിക്കിടയില്‍ സിഗരറ്റ് വാങ്ങാന്‍ അടുത്ത കടയില്‍ ചെന്ന എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.

കേരള സര്‍ക്കാറിന്റെ അനുമതി വാങ്ങാതെയാണ് ഒരു മലയാളി മുസ്‌ലിം കുട്ടിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ വാദത്തെ ന്യായീകരിക്കാന്‍ രണ്ട് സാക്ഷികളെയാണ് അവര്‍ ഹാജരാക്കിയത്. അതില്‍ ഒരാള്‍ കര്‍ണാടക പോലീസ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളാണ്. രണ്ടാമത്തേയാള്‍ കന്നടയിലുള്ള ഒരു പ്രസ്താവന ഒപ്പിടാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. മലപ്പുറം ജില്ലയിലെ മലയാളികള്‍ക്ക് കന്നട വായിക്കാനറിയില്ല. രണ്ട് സാക്ഷികളും കേസ് കെട്ടിച്ചമച്ചതാണെന്ന് പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, കോടതിയത് ശ്രദ്ധിച്ചില്ല. കേസ് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. കേസിനെ ശക്തിപ്പെടുത്താനായി കൂടുതല്‍ സാക്ഷികളെ ഒരുക്കികൊണ്ടിരിക്കുകയണിപ്പോള്‍. ‘അഗ്രഹാര’ എന്നത് ഒരു ഗ്രാമത്തിന് മാത്രം നല്‍കേണ്ട പേരല്ല, ഇന്ത്യയിലെ കോടതികള്‍ക്ക് കൂടി നല്‍കേണ്ടതാണെന്ന് ഇത്തരം കേസുകളിലൂടെ പോയപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്.

2015 ഫെബ്രുവരി 5-ന് സകരിയയുടെ ജയില്‍ ജീവിതത്തിന് ആറു വര്‍ഷം തികഞ്ഞിരിക്കുന്നു. ഇതുവരെ വിചാരണയുണ്ടായിട്ടില്ല, ഒരു വിചാരണയാണ് അവന്‍ കാത്തിരിക്കുന്നത്. ജയിലുകളില്‍ വിചാരണ കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകളില്‍ ഒരാള്‍ മാത്രമാണവന്‍. എന്തുകൊണ്ട് തടവുകാര്‍ ജയിലുകളില്‍ വിചാരണ കാത്ത് കഴിയേണ്ടി വരുന്നുവെന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തോടുള്ള ചോദ്യമാണ്. ഇനി സകരിയ കുറ്റവാളിയെന്ന് തെളിയിക്കപ്പെട്ടാല്‍ നിശ്ചിത കാലത്തെ ജയില്‍ വാസമാണ് വിധിക്കുക. എന്നാല്‍ വിചാരണക്കായി ആറ് വര്‍ഷം കാത്തിരിക്കുകയെന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയാണത് ലംഘിക്കുന്നത്. എന്തൊക്കെയാണെങ്കിലും നിരപരാധികളെ ഭീകരരായി മുദ്രകുത്തുന്നതിനും കെട്ടിച്ചമക്കുന്നതിനും യു.എ.പി.എ ന്യായീകരണം നല്‍കുന്നു.

സകരിയയെ പോലെ ജയിലില്‍ കഴിയുന്ന ആയിരങ്ങളുടെ നെടുവീര്‍പ്പുകള്‍ക്ക് മാത്രമല്ല, നീതിക്കായി പോരാടുന്ന അവരുടെ ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും ദീര്‍ഘനിശ്വാസങ്ങള്‍ക്കും നാം ചെവികൊടുക്കേണ്ടതുണ്ട്. രാജ്യത്ത് നീതി ആരുടെയും ഔദാര്യമല്ല. അതിനായിരിക്കണം ഈ രാജ്യത്തെ ജനങ്ങള്‍ പൊരുതേണ്ടണ്ടത്.

മൊഴിമാറ്റം: നസീഫ്‌

Related Articles