Current Date

Search
Close this search box.
Search
Close this search box.

ഇനിയെങ്കിലും അവസാനിപ്പിചൂടെ ഈ കൊടിയ വിവേചനം?

മലബാറിനോട് ഭരണകൂടം തുടരുന്ന കൊടിയ വിവേചനത്തിന്റെ ചെറിയ ഉദാഹരണം മാത്രം പറയാം. കോട്ടയം ജില്ലയില്‍ ഇത്തവണ 22,729 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ചപ്പോള്‍ അവര്‍ക്കായി 126 ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ ആ ജില്ലയിലുണ്ട്. ഇതില്‍ 37 ഗവണ്‍മെന്റ് സ്‌കൂളുകളും 61 എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുമ്പോള്‍ 28 അണ്‍എയ്ഡഡ് സ്‌കൂളുകള്‍ മാത്രമാണുള്ളത്. പത്തനംതിട്ടയുടെ കണക്കെടുത്താല്‍ 12,700 വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടിയപ്പോള്‍ അവര്‍ക്കായി 89 സ്‌കൂളുകളുണ്ട്. ഇതില്‍ 25 ഗവണ്‍മെന്റ് സ്‌കൂളുകളും 35 എയ്ഡഡ് സ്‌കൂളുകളും 29 അണ്‍എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്. തൃശൂര്‍ ജില്ലയില്‍ 39,020 വിദ്യാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ഗവണ്‍മെന്റില്‍ 66ും എയ്ഡഡില്‍ 72ും അണ്‍എയ്ഡഡില്‍ 53 മായി ആകെ 191 സ്‌കൂളുകള്‍ അവരെ കാത്തിരിക്കുന്നു. 25,305 വിദ്യാര്‍ഥികള്‍ വിജയിച്ച ആലപ്പുഴ ജില്ലയില്‍ 40 ഗവണ്‍മെന്റ്, 50 എയ്ഡഡ്, 18 അണ്‍എയ്ഡഡ് സ്‌കൂളുകളുമുണ്ട്.

ഇനി മലബാറിലേക്ക് വരാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി വിജയിച്ച, മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഒന്നാമതുള്ള ജില്ല. ഇവിടെ 73,746 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ചത്. എന്നുവെച്ചാല്‍ പത്തനംതിട്ടയുടെ അഞ്ചും കോട്ടയത്തിന്റെ മൂന്നും ഇരട്ടിയിലധികവും ആലപ്പുഴയുടെ മൂന്നിരട്ടിയും തൃശൂറിന്റെ രണ്ടിരട്ടിയും വിദ്യാര്‍ഥികള്‍. ഇവര്‍ക്കായി ആകെയുള്ളത് 238 സ്‌കൂളുകള്‍. അതില്‍ 83 ഗവണ്‍മെന്റ് സ്‌കൂളുകളും 70 എയ്ഡഡ് സ്‌കൂളുകളും മാത്രമുള്ളപ്പോള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമായ കൊള്ളഫീസ് ഈടാക്കുന്ന 81 അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍. കോഴിക്കോടും പാലക്കാടും സ്ഥിതി വ്യത്യസ്തമല്ല. 43,959 വിദ്യാര്‍ഥികള്‍ വിജയിച്ച കോഴിക്കോട് 66 ഗവണ്‍മെന്റ്, 68 എയ്ഡഡ്, 38 അണ്‍എയ്ഡഡ് എന്നിങ്ങനെ 170 സ്‌കൂളുകള്‍ മാത്രമാണുള്ളത്‌. 36,075 വിദ്യാര്‍ഥികള്‍ വിജയിച്ച എറണാകുളത്ത് 181 സ്‌കൂളുകള്‍ ഉണ്ടായിരിക്കെയാണിത്. പാലക്കാട് 38,907 വിദ്യാര്‍ഥികള്‍ക്കായി ആകെയുള്ളത് 146 സ്‌കൂളുകള്‍ മാത്രമാണ്.

കേരളത്തില്‍ ഹയര്‍ സെക്കന്ററികളില്ലാത്ത പഞ്ചായത്തുകളിലെ ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്തും നിലവിലുള്ള ഹയര്‍സെക്കന്ററികളില്‍ അധിക ബാച്ചുകള്‍ അനുവദിച്ചും മലബാറിലെ ജില്ലകളില്‍ നിലനില്‍ക്കുന്ന പ്ലസ് ടു സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുവാന്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും യോഗ്യരായ സ്‌കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തെക്കന്‍ ജില്ലകളിലെ മാനേജ്‌മെന്റുകളെ കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചില സ്വകാര്യ മാനേജ്‌മെന്റുകള്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സിംഗ്ള്‍ ബെഞ്ച് സര്‍ക്കാര്‍ നടപടികള്‍ സ്‌റ്റേ ചെയ്തു. ഇതേ തുടര്‍ന്ന് 10% വീതം രണ്ട് തവണയായി അണ്‍എയ്ഡഡ് മേഖലയിലടക്കം നിലവിലെ ബാച്ചുകളില്‍ അ ഡീഷനല്‍ സീറ്റുകള്‍ അനുവദിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നടപടിയാണ്. കഴിഞ്ഞ ആഴ്ചയില്‍ സര്‍ക്കാറിന്റെ അപ്പീല്‍ പരിഗണിച്ച ഹൈകോടതി ഡിവിഷന്‍ ബെഞ്ച് സിംഗ്ള്‍ ബെഞ്ചിന്റെ സ്‌റ്റേ നടപടി ഒഴിവാക്കുകയും സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ കുറവുണ്ടെങ്കില്‍ അതുകൂടി പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ അട്ടിമറിക്കാന്‍ കഴിഞ്ഞ വര്‍ഷം 50,000 ത്തില്‍ പരം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുവെന്നും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടന്നത് മലപ്പുറം ജില്ലയിലുമാണെന്നടക്കമുള്ള വലിയ പ്രചാരണങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന ദിവസം തന്നെ ഹയര്‍സെക്കന്ററി ഡയറക്ടര്‍ അടക്കമുള്ളവര്‍ പത്രസമ്മേളനത്തില്‍ സൂചിപ്പിച്ച വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് ഈ പ്രചാരണം. ഏകജാലക സംവിധാനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞ് കിടന്നിരുന്നു. സര്‍ക്കാര്‍ അധിക സീറ്റുകളനുവദിച്ചപ്പോള്‍ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് കൂടി നല്‍കിയതോടെ ഇത് വര്‍ദ്ധിച്ചു. അണ്‍എയ്ഡഡ് സ്‌കൂളുകളിലെ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം തന്നെയുള്ള വലിയ ഫീസിന് പുറമെ പി.ടി.എ ഫണ്ടും ഡൊണേഷനുമായി ഭീമമായ തുക നല്‍കേണ്ടിവരുന്നതും അണ്‍എയ്ഡഡ് മേഖലയില്‍ വിദ്യാര്‍ഥികള്‍ ചെല്ലാതിരിക്കുന്നതിന് കാരണമാകുന്നു. ഇതിന് പുറമെ ആളുവരാത്ത എസ്.സി, എസ്.ടി സംവരണ സീറ്റുകളും വിദ്യാര്‍ഥികള്‍ കുറവുള്ള ചില െ്രെടബല്‍ മേഖലകളിലെയും റിമോട്ട് ഏരിയകളിലെയും സ്‌കൂളുകളിലെ സീറ്റുകളും മാത്രമാണ് സംസ്ഥാനത്ത് ഒഴിഞ്ഞ് കിടന്നത്. ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളില്‍ ഒരൊറ്റ മെറിറ്റ് സീറ്റ് പോലും ഒഴിവ് വന്നിട്ടില്ല. സി.ബി.എസ്.ഇ സ്‌കൂള്‍ ലെവല്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ പ്ലസ്ടു പ്രവേശനത്തിന് പരിഗണിക്കാതിരുന്നതും ഇതിന് കാരണമായി. ഓപണ്‍ സ്‌കൂളുകളില്‍ ആദ്യഘട്ടത്തില്‍ റെജിസ്റ്റര്‍ ചെയ്ത 75,000 വിദ്യാര്‍ഥികള്‍ക്ക് പുറമെ രണ്ടാമത് അവസരം നല്‍കിയപ്പോള്‍ 15000 പേര്‍ കൂടി റെജിസ്റ്റര്‍ ചെയ്തതും നാം ശ്രദ്ധിക്കണം. (ഇതില്‍ 6000 വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്.)

സ്‌റ്റേറ്റ് സിലബസില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു എന്നത് ചൂണ്ടിക്കാട്ടിയും സീറ്റ് വര്‍ദ്ധനവിനെ എതിര്‍ക്കുന്നവരുണ്ട്. എന്നാല്‍ പത്താം ക്ലാസ് വരെ സ്‌റ്റേറ്റ് സിലബസില്‍ പഠിക്കാന്‍ താല്‍പര്യം കാണിക്കാത്ത സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ഥികളടക്കം ഹയര്‍സെക്കന്ററിക്ക് സ്‌റ്റേറ്റ് സിലബസില്‍ പഠിക്കാന്‍ വരുന്നതിന്റെ കണക്കുകള്‍ ഇവര്‍ കാണാതെ പോകുന്നു. 2012-2013 വര്‍ഷത്തില്‍ ഓപണ്‍ സ്‌കൂളില്‍ 74,000 വിദ്യാര്‍ഥികള്‍ റെജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 20132014 വര്‍ഷത്തില്‍ 90000മായി വര്‍ദ്ധിച്ചു. ഇതില്‍ തന്നെ 16,000 വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. ഓപണ്‍ സ്‌കൂളില്‍ റെജിസ്റ്റര്‍ ചേയ്യേണ്ടിവരുന്ന വിദ്യാര്‍ഥികളില്‍ 60%ത്തിലധികവും മലബാറില്‍ നിന്നാണ്. ഓപണ്‍ സ്‌കൂളില്‍ ഇനത്തില്‍ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ വരുമാനത്തിന്റെ 75%വും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ്. എന്നിട്ടും മലപ്പുറത്ത് റീജ്യനല്‍ സെന്റര്‍ അനുവദിച്ചപ്പോള്‍ അതിനെതിരെയും മുറവിളികളുണ്ടായി. ഹയര്‍സെക്കന്ററി ഡയറക്ടറില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം സംസ്ഥാനത്ത് 50,000 വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്ന് മലയാള മനോരമ തിരുവനന്തപുരത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മലബാറില്‍ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുവെന്ന് മിന്റു പി ജേക്കബ് കോഴിക്കോട് നിന്ന് റിപ്പോര്‍ട്ട് ചെയ്തത് കൃത്യമായ അജണ്ടയുടെ ഭാഗമാണ്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ സോവി വിദ്യാധരനും നിരവധി തെറ്റിധാരണാജനകമായ റിപ്പോര്‍ട്ടുകളാണ് വസ്തുതകള്‍ മറച്ചുവെച്ച് പടച്ചുവിടുന്നത്.

പുതിയ സ്‌കൂളുകള്‍ അനുവദിക്കുവാനുള്ള വിജ്ഞാപനത്തെ തുടര്‍ന്ന് 1,080 അപേക്ഷകളാണ് സംസ്ഥാന സര്‍ക്കാറിന് ലഭിച്ചത്. ഇതില്‍ 150 എണ്ണം ഹൈസ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്ത് ഹയര്‍സെക്കന്ററികള്‍ ആക്കണമെന്ന അപേക്ഷകളാണ്. ഹയര്‍സെക്കന്ററികളില്ലാത്ത 148 പഞ്ചായത്തുകളില്‍ ഓരോ ഹൈസ്‌കൂള്‍ വീതം അപ്‌ഗ്രേഡ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗവണ്‍മെന്റ്, കോര്‍പ്പറേറ്റ് എയ്ഡഡ് സ്‌കൂളുകള്‍, ട്രസ്റ്റിന് കീഴിലെ എയ്ഡഡ് സ്‌കൂളുകള്‍, വ്യക്തികളുടെ എയ്ഡഡ് സ്‌കൂളുകള്‍ എന്നിങ്ങനെയാണ് സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള മുന്‍ഗണനാക്രമം. ആകെ ലഭിച്ച 150 അപേക്ഷകളില്‍ 130 എണ്ണം സാധുവാണെന്നാണ് സര്‍ക്കാറിന്റെ നിഗമനം. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ജെ.ജോസഫ് എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. 676 പുതിയ ബാച്ചുകള്‍ സംസ്ഥാനത്ത് അനുവദിക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ 33,900 അധിക സീറ്റുകള്‍ ലഭിക്കും. ഹയര്‍സെക്കന്ററികളില്‍ അദ്ധ്യാപക വിദ്യാര്‍ഥി അനുപാതം 40ല്‍ പരിമിതപ്പെടുത്തണമെന്ന ലബ്ബ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചിട്ടുള്ളതിനാല്‍ 50 അധിക സീറ്റുകളിലധികമുള്ള നിലവിലെ ബാച്ചുകളില്‍ അധിക സീറ്റ് അനുവദിക്കുന്ന പതിവ് ശൈലി തുടരാന്‍ സാധ്യതയില്ല.

മലബാറിലെ സീറ്റുകളുടെ അപര്യാപ്തത നിയമസഭാ രേഖകളില്‍ നിന്നടക്കം വ്യക്തമാണെങ്കിലും ഇടത് അദ്ധ്യാപക സംഘടനയും കോണ്‍ഗ്രസ്സ് അദ്ധ്യാപക സംഘടനാ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘവും സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിക്കാന്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. യഥാര്‍ഥത്തില്‍ ഇപ്പോള്‍ അനുവദിക്കുവാന്‍ തീരുമാനിച്ച മുഴുവന്‍ ബാച്ചുകളും അനുവദിച്ചാല്‍ പോലും മലബാറിലെ അപര്യാപ്തത പരിഹരിക്കാനാവില്ല. സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭമുയര്‍ത്തേണ്ടതുണ്ട്.

Related Articles