Current Date

Search
Close this search box.
Search
Close this search box.

ഇനിയും ഹിജാബണിഞ്ഞ സ്ത്രീയെ പരിഹസിക്കുമോ?

സമൂഹജീവിയാണ് മനുഷ്യന്‍. ആണും പെണ്ണും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍. സമൂഹത്തിന്റെ എല്ലാ വ്യവഹാര മേഖലകളിലും പലതരത്തിലും ഇടപെടുന്നവര്‍. ഈ ഇടപാടുകളും ആണ്‍-പെണ്‍ കൂടിച്ചേരലുകളും ദിനേന കൂടി വരികയും എല്ലാ പൊതു ഇടങ്ങളും ആണിനും പെണ്ണിനും ഒരു പോലെ പ്രാപ്യമാവുകയും ചെയ്യുന്നു. ഇത് നല്ല കാര്യം തന്നെയാണ്. ലിംഗ സമത്വവും സ്ത്രീപുരുഷ വേര്‍തിരിവുകളും ഇല്ലാതാകാന്‍ പറ്റുന്നകാര്യം. വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിയുടെ അളവുകോലായി നമുക്കതിനെ കാണാം. പക്ഷേ   ഈ അളവുകോലുകള്‍ തെറ്റിപ്പോകുന്നതും പേടിയോടെ കാണുകയും ചെയ്യുന്നത്  നാള്‍ക്കുനാള്‍ കൂടി വരുന്ന സ്ത്രീ പീഢനങ്ങളെ കുറിച്ചോര്‍ത്താണ്. സ്ത്രീ പീഢനത്തിന് പല കാരണങ്ങളും കണ്ടെത്തിയവരുണ്ട്.വ്യവസ്ഥിതിയെ കുറ്റം പറഞ്ഞവരുണ്ട്. പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചവരുമുണ്ട്.

ഉത്തരവാദപ്പെട്ടവരില്‍ നിന്നുള്ള ആ പരിഹാര നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും ഏകപക്ഷീയമായിപ്പോയെന്നും ഒരുപക്ഷത്തിന് എല്ലാ തരത്തിലും അഴിഞ്ഞാടാന്‍ ആരെയും ഭയക്കേണ്ടതില്ലെന്നും പറയുന്നതരത്തിലുള്ളതാണ് അവയെന്നും സ്ത്രീ സമൂഹത്തില്‍ നിന്നും ആക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന നിര്‍ദ്ദേശമാണ് പലപ്പോഴും ആക്ഷേപം വിളിച്ചുവരുത്താറുള്ളത്. ഡല്‍ഹി ഹൈക്കോടതിയുടെ ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശം സ്ത്രീസംഘടനകള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ അതുപോലെ മറ്റൊാരു നിര്‍ദ്ദേശം വന്നത് കൊല്‍ക്കത്തയില്‍ നിന്നാണ്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലോക് ഏരിയയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ പോലീസ് രംഗത്തെത്തിയത് 12 ഇന നിര്‍ദ്ദേശങ്ങളുമായിട്ടായിരുന്നു. അതിലൊന്ന് സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കുകയെന്നാണ്.

സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ സ്ത്രീകളോട് മാത്രമായി ചില പെരുമാറ്റ ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുക എന്നത് പുരുഷ കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥിതിയുടെ ഉപോല്‍പ്പന്നമാണ്. ഈ വ്യവസ്ഥതിയില്‍ പുരുഷന്‍ പൂര്‍ണധിക്കാരത്തോടെ പ്രവര്‍ത്തിക്കാന്‍ മാത്രം സ്വതന്ത്രനും സ്ത്രീ അനുസരിക്കാനോ അനുഭവിക്കാനോ വിധിക്കപ്പെട്ടവളുമാണ്. ആധുനികമെന്ന് പറയുന്ന എല്ലാ രാജ്യങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. അവിടെ നിയമങ്ങളെഴുതുന്നവരും അനുസരിപ്പിക്കുന്നവരും ആണുങ്ങളാണ്.

എന്നാല്‍ ആണും പെണ്ണും സമൂഹ നിര്‍മിതിയുടെ അഭിവാജ്യ ഘടകമാണെന്നും രണ്ടുപേരുംസമൂഹത്തിലേക്കിറങ്ങുമ്പോള്‍ ചില സാമൂഹിക മര്യാദകള്‍ പാലിക്കണമെന്നും അല്ലായെങ്കില്‍ അരാജകത്വമാണുണ്ടാവുകയെന്നും പഠിപ്പിച്ച ഒരു പ്രത്യയശാസ്ത്രമുണ്ട്. അതാണ് ഇസ്‌ലാം. ഇസ്‌ലാം പുരുഷനെ അഴിഞ്ഞാടാനും സ്ത്രീയെ  അവമതിക്കാനും അനുവദിക്കുന്നില്ല. അല്ലാഹു പറയുന്നു: ”ഓ പ്രവാചകരെ വിശ്വസിച്ചവരോട് പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിച്ചുകൊള്ളട്ടെ അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ. ഇത് അവര്‍ക്കുള്ള ഏറ്റം പരിശുദ്ധമായ നടപടിയാകുന്നു. (അന്നൂര്‍ 30)
 
സാമൂഹിക ബാധ്യതകള്‍ പാലിക്കാന്‍ ബാധ്യസ്തനാണെന്ന് ആദ്യം പുരുഷനോടാണ്  ദൈവം കല്‍പ്പിച്ചത്. അതിനുശേഷമാണ് സ്ത്രീയോട് പറഞ്ഞത്. അവളോട് പറഞ്ഞു: ”വിശ്വാസിനികളോടും പറയുക അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യ ഭാഗങ്ങള്‍ കാത്തുകൊള്ളട്ടെ. തങ്ങളുടെ അലങ്കാരങ്ങള്‍ വെളിപ്പെടുത്താതെയും ഇരിക്കട്ടെ. സ്വയം വെളിവായതൊഴികെ. തങ്ങളുടെ മുഖപടം താഴ്ത്തിയിട്ട് മാറുകള്‍ മറക്കട്ടെ. സ്വന്തം ഭര്‍ത്താക്കള്‍, പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരന്മാര്‍, സഹോദര പുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, സ്വന്തം അടിമകളായ സ്ത്രീപുരുഷന്മാര്‍, ദുര്‍വിചാരങ്ങളില്ലാത്ത പുരുഷന്മാര്‍,സ്ത്രീകളുടെ ഗോപ്യകാര്യങ്ങളെക്കുറിച്ചൊന്നും അറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവര്‍ക്കൊഴികെ. അവര്‍ തങ്ങളുടെ അലങ്കാരങ്ങള്‍ വെളിവാക്കരുത്. തങ്ങള്‍ മറച്ചുവെച്ചിട്ടുള്ള അലങ്കാരങ്ങള്‍ ആളുകള്‍ അറിയുന്നതിന് അവര്‍ കാലുകള്‍ നിലത്തടിച്ച് നടക്കുകയുമരുത്.”(അന്നൂര്‍)

ഇപ്പോള്‍ മനസ്സിലായില്ലേ വിശ്വാസിനികളായസ്ത്രീകള്‍ മേല്‍ പറഞ്ഞ ദൈവിക വചനത്തിന്റെ  ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന വസ്ത്രം അണിയുന്നതിന്റെ ഉദ്ദേശം. അവര്‍ക്കറിയാം ഒരു ‘പോലീസു’കാരനും തങ്ങളെ സംരക്ഷിക്കാനുണ്ടാവില്ലെന്ന്. അതുകൊണ്ട് തിരിച്ചറിവുള്ള സ്ത്രീകള്‍ ആദ്യമേ അതെടുത്തണിഞ്ഞു. ഒരു സംശയം മാത്രം ബാക്കിയുണ്ട്. ഇനിയും ഇവര്‍ ഹിജാബ് അണിയുന്ന സ്ത്രീകളെ അപരിഷ്‌കൃതരെന്ന് വിളിക്കുമോ?

Related Articles