Current Date

Search
Close this search box.
Search
Close this search box.

ഇത്രയധികം ആദരിക്കപ്പെടാന്‍ ട്രംപ് എന്താണ് ചെയ്തിട്ടുള്ളത്!

trump-muhammed-bin-salman.jpg

ഈ മാസം ഇരുപതിന് (2017 മെയ്) റിയാദ് സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടക്കുന്ന കൂടിക്കാഴ്ച്ചക്ക് സാന്നിദ്ധ്യമറിയിക്കാന്‍ 17 അറബ് മുസ്‌ലിം രാഷ്ട്ര നേതാക്കളെ ക്ഷണിച്ചിരിക്കുകയാണ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്. ഇത്തരത്തിലുള്ള ഏതൊരു കൂടിക്കാഴ്ച്ചയിലും പതിവുള്ളത് പോലെ അതിന്റെ അജണ്ടയോ അതില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെ കുറിച്ച റിപോര്‍ട്ടുകളോ പുറത്തുവന്നിട്ടില്ല. ഈ ‘സുന്നീ’ രാജ്യങ്ങളുടെ സഖ്യത്തിന്റെ തലവനായി ട്രംപിനെ കിരീടമണിയിക്കലാണോ ഈ സമ്മേളനത്തിന്റെ ഉദ്ദേശ്യം? തെരെഞ്ഞെടുപ്പ് പ്രചരണ കാലത്തും പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷവും പച്ചയായി മുസ്‌ലിം വിരോധം പ്രകടിപ്പിച്ചിട്ടുള്ള ട്രംപിനെ കടുത്ത വംശീയവാദിയായ അമേരിക്കന്‍ പ്രസിഡന്റ് എന്ന ചീത്തപ്പേരില്‍ നിന്ന് ശുദ്ധീകരിച്ചു കൊടുക്കാനുദ്ദേശിച്ചു കൊണ്ടുള്ളതാണോ ഇത്?

ട്രംപ് ഗള്‍ഫ് നാടുകളോട്, സൗദിയോട് പോലും നീചമായ രീതിയില്‍ അവരുടെ പണം പിടിച്ചുപറിച്ചപ്പോള്‍ യാതൊരു വിധ അനുഭാവവും കാണിച്ചിട്ടില്ല. അമേരിക്ക അവര്‍ക്ക് നല്‍കുന്ന സംരക്ഷണത്തിന് വില നല്‍കേണ്ടത് അനിവാര്യമാണെന്നും ആ സംരക്ഷണം ഇല്ലായിരുന്നെങ്കില്‍ അവര്‍ ഭൂമുഖത്ത് തന്നെ ഉണ്ടാവുമായിരുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മൊറോക്കോ, ജോര്‍ദാന്‍, ഈജിപ്ത്, പാകിസ്താന്‍ തുടങ്ങിയ അറബ് മുസ്‌ലിം രാജ്യ തലസ്ഥാനങ്ങളിലേക്ക് അയച്ച സൗദി വിദേശകാര്യ മന്ത്രിയുടെ ക്ഷണം പോലീസിന്റെ സമന്‍സിനെ ദ്യോതിപ്പിക്കും വിധമുള്ളതാണ്.

സ്വന്തം ജനത തന്നെ വെറുക്കുന്ന ട്രംപിന് എന്തിനാണ് ഇങ്ങനെയൊരു വരവേല്‍പ്? എന്തിനാണതിനെ ഇത്രവലിയ ആഘോഷമാക്കി മാറ്റുന്നത്? അറബികളോടും മുസ്‌ലിംകളോടും വംശീയതയുടെ പേരില്‍ കടുത്ത ശത്രുതവെച്ചു പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ താല്‍പര്യത്തിനനുസരിച്ചാണോ ഇത് നടക്കുന്നത്? അല്ലെങ്കില്‍ പ്രദേശത്ത് വിഭാഗീയ യുദ്ധത്തിന്റെ തിരികൊളുത്താനും ഇസ്രയേലിന് അതിന്റെ ഗുണം ലഭിക്കാനുമുള്ള അദ്ദേഹത്തിന്റെ പദ്ധതി നടപ്പാക്കപ്പെടുകയാണോ ഇതിലൂടെ ചെയ്യുന്നത്?

ട്രംപിന് ആതിഥ്യം വഹിക്കുന്ന സൗദി എന്തിനാണ് രണ്ട് വ്യത്യസ്ത ഉച്ചകോടികള്‍ സംഘടിപ്പിക്കുന്നത് എന്നതാണ് നാം ഉന്നയിക്കുന്ന മറ്റൊരു പ്രധാന ചോദ്യം. ഒരു ഉച്ചകോടി ഗള്‍ഫ് രാഷ്ട്ര നേതാക്കള്‍ക്ക് വേണ്ടിയും രണ്ടാമത്തേത് ‘മറ്റുള്ളവര്‍ക്ക്’ വേണ്ടിയും. ഗള്‍ഫ് നാടുകളുടെ തലവന്‍മാരും അറബികളും മുസ്‌ലിംകളും തന്നെയല്ലേ? പിന്നെ എന്തിനാണ് ഇങ്ങനെയൊരു വേര്‍തിരിവ്? ഒന്നുകൂടി സൂക്ഷ്മത വരുത്തി പറഞ്ഞാല്‍ എന്തിനാണ് ഈ വിവേചനം?

നാം ഉയര്‍ത്തുന്ന മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ചോദ്യം പ്രസിഡന്റ് ട്രംപിനോട് മാത്രം എന്താ സൗദി ഇത്രത്തോളം അത്യുദാരത കാണിക്കുന്നു എന്നതാണ്. റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനോടോ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനോടോ ഇത്തരം ഒരു സമീപനം സ്വീകരിച്ചത് കാണുന്നില്ല. ഈ പ്രസിഡന്റുമാരും വലിയ രണ്ട് രാജ്യങ്ങളെ തന്നെയല്ലേ പ്രതിനിധീകരിക്കുന്നത്. എന്തുകൊണ്ടാണ് അറബികളെയും മുസ്‌ലിംകളെയും അമേരിക്കയുടെ വാലാട്ടികളായി ചിത്രീകരിക്കുന്നത്?

ബറാക് ഒബാമ, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് രണ്ടാമന്‍ തുടങ്ങിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരോടൊന്നും എന്തുകൊണ്ട് ഇത്തരം ഒരു സമീപനം സ്വീകരിച്ചിട്ടില്ല എന്നത് മറ്റൊരു ഉപചോദ്യമാണ്. അധികാരം ഏറ്റെടുത്ത് നൂറ് ദിവസം മാത്രം പിന്നിടുന്ന വേളയില്‍ അറബ്, മുസ്‌ലിം സമൂഹങ്ങളുടെ ആദരവിന് അര്‍ഹമാക്കുന്ന എന്ത് കാര്യമാണ് ട്രംപിലുള്ളത്. ഇസ്‌ലാമിന്റെ വിശുദ്ധ ഗേഹങ്ങള്‍ നിലകൊള്ളുന്ന, കോടിക്കണക്കിനാളുകള്‍ ഓരോ വര്‍ഷവും ഹജ്ജിനും ഉംറക്കും എത്തിച്ചേരുന്ന മണ്ണില്‍ സ്വീകരണമൊരുക്കാന്‍ മസ്ജിദുല്‍ അഖ്‌സയെ വിമോചിപ്പിക്കുക പോലുള്ള വല്ല പ്രവര്‍ത്തനവും അദ്ദേഹം ചെയ്‌തോ?

ഈ സന്ദര്‍ശനം നടക്കുമ്പോള്‍ ഞെഞ്ചത്ത് കൈവെച്ചിരിക്കുന്ന ഞങ്ങള്‍ ഇപ്പോള്‍ ചില ചോദ്യങ്ങളും ചോദ്യചിഹ്നങ്ങളും മാത്രം ഉയര്‍ത്തി അവസാനിപ്പിക്കുകയാണ്. എന്നാല്‍ പൊടിയെല്ലാം അടങ്ങി, യഥാര്‍ഥത്തില്‍ എന്താണ് അവിടെ തയ്യാറാക്കുന്നത് എന്നത് സംബന്ധിച്ച സൂചനകള്‍ വ്യക്തമായിട്ട് നാം മടങ്ങിവരുന്നുണ്ട്. ഒരുപക്ഷേ ഉച്ചകോടിയുടെ മുന്നൊരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ നടക്കുന്നുണ്ടാവാം.

വിവ: നസീഫ്‌

Related Articles