Current Date

Search
Close this search box.
Search
Close this search box.

ഇത്രമേല്‍ വിലയില്ലാത്തതോ മനുഷ്യജീവന്‍ ?

മരുന്നു കമ്പനികളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇന്ന് ഏറ്റവും അധികം ജനദ്രോഹകരമായി മാറിയിട്ടുണ്ട്. ബഹുരാഷ്ട്രകമ്പനികളാണ് മിക്ക രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ നിര്‍മിക്കുന്നത്. വമ്പിച്ച് ലാഭമാണ് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത വിലയിട്ട് അമിതലാഭമെടുക്കുന്നവരാണ് മിക്ക മരുന്നുകമ്പനികളും. അത്യാസന്നമായ ഘട്ടത്തിലാണ് മനുഷ്യന്‍ പലപ്പോഴും ആശുപത്രികളെയും മരുന്നുകളെയും ആശ്രയിക്കാറുള്ളത്. മനുഷ്യന്റെ ഏറ്റവും വലിയ നിസ്സഹായതയെ ചൂഷണം ചെയ്യുകയാണ് മരുന്നുകമ്പനികളും അവയുടെ ഏജന്റുമാരും, ഡോക്ടര്‍മാരുമെല്ലാം.

ആളുകള്‍ക്ക് വളരെ അത്യാവശ്യമുള്ളവയാണ് കാന്‍സര്‍, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍. അതുകൊണ്ടു തന്നെ ഈ അവശ്യമരുന്നുകള്‍ക്ക് തോന്നിയ പോലെ വില നിശ്ചയിക്കുകയാണ് ചെയ്യുന്നത്. വലിയ തോതില്‍ കമ്മീഷന്‍ നല്‍കുകയും, അതിലൊരു വിഹിതം ഡോക്ടര്‍മാര്‍ക്ക് നല്‍കുകയും ചെയ്യുന്നത് കൊണ്ട്, അനാവശ്യവും, ഏറ്റവും വിലകൂടിയതുമായ മരുന്നുകള്‍ അവര്‍ എഴുതുകയും ചെയ്യും. ഇത് ജനദ്രോഹകരമാണ്, എല്ലാ വിധ മാനവിക മൂല്യങ്ങള്‍ക്കും എതിരാണ്.

ഇപ്പോഴിതാ മരുന്ന പരീക്ഷണത്തിന് വേണ്ടി ജനങ്ങളെ ക്രൂരമായി കൊല്ലുന്നു. മനുഷ്യജീവന് ഇത്രയേറെ വിലയില്ലാത്ത ഏതെങ്കിലും ചരിത്രഘട്ടം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മരുന്ന് കമ്പനികള്‍ക്ക് തങ്ങളുടെ മരുന്ന് പരിശോധിക്കാന്‍ വേണ്ടി മനുഷ്യരെയാണ് ബലിയാടുകളാക്കുന്നത്. നേരത്തെ പന്നികളിലും മറ്റു ജീവികളുമായിരുന്നു മരുന്ന് പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ മനുഷ്യരെ തന്നെയാണ് ഉപയോഗിക്കുന്നത്. സമൂഹത്തിലെ ഏറ്റവും ദരിദ്രരും, കഷ്ടപ്പെടുന്നവരുമായ ആളുകളെ ഇത്തരം മരുന്നുപരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി കടുത്ത ചൂഷണത്തിന് ഇരയാക്കുകയാണ്. അതോടൊപ്പം തന്നെ അങ്ങനെ മരണപ്പെടുന്നവര്‍ക്ക് നമ്മുടെ നിയമം അനുവദിച്ച ആനുകൂല്യങ്ങള്‍ വരെ തടയപ്പെടുന്ന അവസ്ഥയും ഇന്ന് നിലവിലുണ്ട്.

മരണകാരണം മരുന്ന് പരീക്ഷണമല്ലായെന്ന് വരുത്തി തീര്‍ക്കാന്‍ യാതൊരു പ്രയാസവുമില്ല. കാരണം മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ഏജന്‍സിപ്പണി ചെയ്യുന്നത് ഡോക്ടര്‍മാര്‍ തന്നെയാണ്. ഇവിടെ ഡോക്ടര്‍മാര്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ പ്രതികള്‍. അവര്‍ മരുന്ന് പരീക്ഷണത്തിലൂടെയല്ല മരണം സംഭവിച്ചത് എന്ന റിപ്പോര്‍ട്ട് കൊടുക്കുന്നതിലൂടെ വലിയ ദ്രോഹമാണ് യഥാര്‍ത്ഥത്തില്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ഒരു അവിശുദ്ധ കൂട്ടുകെട്ടിന്റെ ശക്തമായ സാന്നിധ്യമാണ് ഇവിടെ ഇപ്പോള്‍ നിലനില്‍ക്കുന്നത്. മരുന്നു കമ്പനികളും, മരുന്ന് വ്യാപാരികളും, ഡോക്ടര്‍മാരും തമ്മിലുള്ള അവിശുദ്ധമായ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ടിനെ പിന്തുണക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഭരണകൂടവും ഈ അവിശുദ്ധമായ കൂട്ടുകെട്ടില്‍ പങ്കാളികളാണ്. മനുഷ്യജീവന്‍ കൊണ്ട് പന്താടുന്ന, അവര്‍ക്ക് മാരകമായ രോഗങ്ങള്‍ നല്‍കുന്ന, അവരുടെ ജീവിതത്തെ ഏറെ ദുസ്സഹമാക്കി തീര്‍ക്കുന്ന ഈ ഹീനവൃത്തിയില്‍ നിന്ന് മരുന്ന് കമ്പനികളും, ഏജന്റുമാരും, ഡോക്ടര്‍മാരും സര്‍വ്വോപരി ഭരണകൂടവും പിന്തിരിയേണ്ടതുണ്ട്. അതിനവര്‍ സന്നദ്ധമല്ലായെങ്കില്‍ ഭരണകൂടം കര്‍ക്കശമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്.

അത്തരമൊരു തീരുമാനമെടുക്കാന്‍ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കുക എന്നതാണ് ഒരു ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ ബാധ്യത, മാധ്യമങ്ങളുടെ ഉത്തരവാദിത്തം, രാഷ്ട്രീയ പാര്‍ട്ടികളുടെ കടമയും അതുതന്നെയാണ്. ഈ ഉത്തരവാദിത്വം അവര്‍ നിര്‍വഹിച്ചാല്‍ മാത്രമേ ജനങ്ങള്‍ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരമുണ്ടാവുകയുള്ളു. അത്തരമൊരു ശ്രമത്തിന്, മുന്നേറ്റത്തിന് ഇപ്പോള്‍ പുറത്തു വന്ന സ്ഥിതി വിവരകണക്കുകള്‍ ഈ രാജ്യത്തെ ജനങ്ങളെ കൂറേകൂടി പ്രബുദ്ധരാക്കേണ്ടതുണ്ട്. ഈ കമ്പനികളുടെ ചൂഷണത്തിനെതിരെ രംഗത്ത് വരാന്‍ പ്രേരിപ്പിക്കേണ്ടതുണ്ട്. അതിനിത് സഹായകരമായി തീരട്ടെയെന്ന് ആഗ്രഹിക്കുന്നു ആശംസിക്കുന്നു.

Related Articles