Current Date

Search
Close this search box.
Search
Close this search box.

ഇഞ്ച്വറി ടൈമില്‍ ഒരു ഗോളി എന്തെല്ലാം ചിന്തിച്ചുകൂട്ടുന്നുണ്ടാകും

മായാവിക്കഥക്കൊരു പ്രത്യേകതയുണ്ട്…
അത് വായിക്കുമ്പോള്‍ വലിയ ബേജാറൊന്നും നമുക്കുണ്ടാകില്ല..
നമുക്കറിയാം.., മായാവിയെ കൂട്ടൂസനും ഡാങ്കിനിയും കുപ്പിയിലാക്കി കൊണ്ടുപോയാലും രാജുവും രാധയും എങ്ങനെയെങ്കിലുമൊക്കെ രക്ഷിക്കും.

 ഇനി രാജുവിനേയും രാധയേയും തട്ടിക്കൊണ്ടു പോയാലും നോ പ്രോബഌ,,.. അവര്‍ ഓഹ്രീംകുട്ടിച്ചാത്താ പറയും.. മായാവി വരും ., രക്ഷിക്കും..
മായാവിക്കഥയുടെ ഈയൊരു ജനിതക സ്വഭാവം ഇന്ത്യയില്‍ നടക്കുന്ന സ്‌ഫോടന മാമാങ്കങ്ങള്‍ക്കും ഉണ്ട്. സ്‌ഫോടന ശേഷം ഏതെങ്കിലും ഇന്ത്യന്‍ മുജാഹിദീനോ ലശ്കറേ ത്വയ്ബയോ മറ്റോ സ്‌ഫോടനത്തിന്റെ പിതൃത്യം ഏറ്റെടുക്കും എന്ന കാര്യത്തില്‍ നമുക്കൊട്ടും സംശയമില്ല. ഇത്തവണ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടുള്ള ലശ്കറെ ത്വയ്ബയുടെ കത്ത് കിട്ടിയത് ബിജെപിക്കാണത്രെ.. ലശ്കറെ ത്വയ്ബ ബിജെപിക്കയച്ച കത്ത് എന്ന പേരില്‍ പ്രചരിക്കുന്ന തമാശാകത്ത് ചിരിക്ക് പുറമേ ഒട്ടേറെ ചിന്തക്കും വക നല്‍കുന്നു..

ഇതാണ് കത്ത്..

ഞങ്ങക്കെത്രയും പ്രിയപ്പെട്ട ബിജെപി പ്രസിഡന്റ് അറിയുവാന്‍ ലഷ്‌കറെ ത്വയ്ബ പ്രസിഡന്റ് അന്ത്രുമാന്‍ എഴുതുന്നത്..ഇവ്‌ടെ എല്ലാര്‍ക്കും സുഖം തന്നെ..ഇങ്ങക്കും ഇങ്ങടെ പാര്‍ട്ടിക്കാര്‍ക്കും സുഖം തന്നെ എന്ന് കരുതി സമാധാനിക്കുന്നു.
ഈ കത്തെഴുതുന്നത് ഒരു പ്രത്യേക വിവരം അറിയിക്കാന്‍ വേണ്ടിയാണ്. മീനിഞ്ഞാന്ന് ഹൈദരാബാദ് പച്ചക്കറി മാര്‍ക്കറ്റില്‍ പൊട്ടിച്ച മറ്റേത് ഞമ്മന്റെ പുള്ളേര്‍ കൊണ്ടുപോയി വെച്ചതാണ്.  ഇത് ഇയ്യി ടീവിക്കാരെ വിളിച്ചുകൂട്ടി പറഞ്ഞുകൊടുക്കണം. ഓലോട് ബേറെ ആരേം സംശയിക്കണ്ട എന്ന് പ്രത്യേകം പറയണം. ഇതിന്റെ ഒരു കോപ്പി പോലീസിനും കൊടുക്കണം. മീന്‍ മാര്‍ക്കറ്റില്‍ രണ്ടീസം കഴിഞ്ഞ് ബേറെ ഒന്നുകൂടി പൊട്ടും എന്നും പറയണം.
പണ്ടത്തെ പോലെ ഇ മെയില്‍ അയക്കാന്‍ ബുദ്ധിമുട്ടാണ്.അയിന്റെ പാസ് വേഡും മറന്ന്ക്ക്ണ്… അതും അല്ല ഒരു ചെയിഞ്ചൊക്കെ വേണ്ടേ….
കത്ത് ചുരുക്കുന്നു.. പടച്ചോന്‍ നിങ്ങളെ കാക്കട്ടെ…

 അന്ത്രുമാന്‍…..

                                                              *********************

ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണിന്ന് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍.. സകലര്‍ക്കും വല്ലാതെ മടുത്തിരിക്കുന്നു ..വ്യക്തമായൊരു ബദലില്ലാത്തത് കൊണ്ടാണ് എല്ലാവരും ഇങ്ങനെ സഹിച്ചുപോകുന്നത്…
ഫേസ്ബുക്കില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം വല്ലാത്ത ഹാസ്യം നിറഞ്ഞതാണ്..
ശ്രീകൃഷ്ണന്‍ ഒരു ഭക്തനെ കൈയുയര്‍ത്തി ആശീര്‍വദിക്കുകയാണ്..
അപ്പോള്‍ ഭക്തന്റെ കമന്റ്..
ഭഗവാനേ.. ആശീര്‍വാദത്തിന്റെ സ്‌റ്റൈല്‍ ഒന്ന് മാറ്റണേ… പ്ലീസ്..
കൈപ്പത്തി കാണുമ്പോള്‍ തന്നെ ഇപ്പോള്‍ പേടിയാകുന്നു.

                                                               *********************

ഞാനെന്ന മനുഷ്യന്‍ കേട്ട കഥകളും കള്ളങ്ങളുമാകുന്നു എന്ന് പറയുന്നു ഹാരിസ് (http://koodaranji.blogspot.in/. പ്രകൃതിയെന്ന കവിതയും സുന്ദരമായ ആശയം വഹിക്കുന്നു..
പ്രകൃതി

കവിതയില്‍ നിന്നും ഒരിക്കല്‍
നദികളും ജലാശയങ്ങളും ഒലിച്ചുപോകും
മരങ്ങള്‍ കടപിഴുത് പറന്നുപോകും..
കാറ്റ് ചുഴികളായി ആകാശത്തേക്ക് മറയും
മരുഭൂമികളെ സമുദ്രം തിന്നു തീര്‍ക്കും..

ഉപമകളും ചമത്കാരങ്ങളും ഇല്ലാത്ത കവിതകള്‍
മനുഷ്യമനസ്സിനെയോര്‍ത്ത് ദു:ഖിച്ചു കൊണ്ടിരിക്കും.

                                                             ***********************

ഇഞ്ച്വറി ടൈമിലെ ഗോളിയെ ആലോചിച്ചിട്ടുണ്ടോ..?

പ്രേക്ഷക ലക്ഷങ്ങളുടെ ശാപവാക്കുകള്‍ കേള്‍ക്കേണ്ടി വരുമെന്ന പേടി പേറിയാകും ഗോള്‍വല കാക്കുന്നത്.
റഫറി വിസിലൂതും നേരം  ഗോളിക്ക് മുന്നിലെ ലോകം ഒരു പന്തായി ചുരുങ്ങുന്നു. പന്ത് തന്നെ അന്നേരം കാണുന്നുണ്ടാകുമോ എന്തോ..
ആകെ ഒരു മഞ്ഞളിപ്പാകും.. ഒരു പകപ്പിനു ശേഷം കണ്ണു തുറക്കുമ്പോള്‍ ഗോള്‍വലയുടെ  മൂലക്കുണ്ടാകും ബോളും ഗോളിയും…
എന്റെ പ്രാണനേ ബോള് പോലെ നിനക്കും അങ്ങ് തെറിച്ചു പോകരുതോ എന്ന് സ്വയം പഴിക്കുന്ന ഗോളിയുടെ മനോവ്യാപാരത്തെ വരയുന്നു അനുരാജ് ഇഞ്ച്വറി ടൈമില്‍ ഒരു ഗോളി എന്ന കവിതയില്‍..
(ബ്ലോഗ് ഇരുള്‍ നിലാവ്  http://irunilavu.blogspot.in/)

Related Articles