Current Date

Search
Close this search box.
Search
Close this search box.

ആ മെഴുകുതിരികള്‍ പ്രതീക്ഷയാണ്

hhkyiu.jpg

മനുഷ്യ നന്മകള്‍ ഇപ്പോഴും നില നില്‍ക്കുന്നു എന്നത്  അനുഗ്രഹമാണ്. ഒരു പിഞ്ചു ബാലികയെ ചവച്ചരച്ച കാപാലികര്‍ക്കെതിരെ ജനം ശക്തമായി പ്രതികരിക്കുന്നു എന്നത് ആശ്വാസമാണ്. എന്ത് കൊണ്ട് നമ്മുടെ നാട്ടില്‍ ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു വരുന്നു എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു എന്ന് വേണം മനസ്സിലാക്കാന്‍. ഇന്ത്യക്കു പുറത്തു ഇത്തരം ഒരു ക്രൂര കൃത്യം എവ്വിധമാകും പരിഗണിക്കപ്പെടുക എന്ന് കൂടി ചിന്തിക്കണം. ഇന്ത്യ ഭരിക്കുന്നത് വര്‍ഗീയതയും ഫാസിസവും സമം ചേര്‍ത്ത് മുന്നേറുന്ന ഒരു കൂട്ടരാണ് എന്ന് നമുക്കറിയാം. തങ്ങളുടെ സര്‍ക്കാരാണ് ഭരിക്കുന്നത് എന്ന ഉത്തമ ബോധം അക്രമികളെ നന്നായി സ്വാധീനിച്ചിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍.

അതിലും കൂടുതല്‍ നമ്മെ ഭയപ്പെടുത്തുന്നത് ഈ കുറ്റകൃത്യത്തിലെ പ്രതികളില്‍ പോലീസുകാരും ഉണ്ടെന്നതാണ്. എന്ത് നീതിയാവും ഇവരില്‍ നിന്നും ജനത്തിന് ലഭിച്ചിരിക്കുക എന്ന് കൂടി ഓര്‍ക്കാന്‍ ഈ സമയം നമ്മെ പ്രേരിപ്പിക്കുന്നു. തികച്ചും മാനുഷിക വിരുദ്ധമായ കേസുകള്‍ പോലും വാദിക്കാന്‍ ആളുകള്‍ രംഗത്തു വരുന്ന കാലത്ത് നീതിക്കു വേണ്ടി വാദിക്കുന്ന ആളുകളെ ഭീഷണിപ്പെടുത്താന്‍ ബാര്‍ കൗണ്‍സില്‍ പോലും രംഗത്തു വരുന്നു. സംഘ് പരിവാര്‍ സമൂഹത്തിലെ എല്ലാ തലങ്ങളിലും അവരുടെ ക്രൂരത കുത്തി നിറച്ചിരിക്കുന്നു എന്നതാണ് നമുക്ക് കിട്ടുന്ന വിവരം.

നമ്മുടെ പ്രധാനമന്ത്രി ഈ വിഷയത്തില്‍ എന്ത് പറഞ്ഞു എന്നറിയില്ല. ബി ജെ പി നേതാക്കളും എന്ത് പറയുന്നു എന്നറിയില്ല. കാശ്മീര്‍ പണ്ഡിറ്റുകള്‍ക്കു നീതി ലഭിക്കാന്‍ ഒരു നിരപരാധിയായ പിഞ്ചു ബാലികയെ നിഷ്ടൂരമായി പീഡിപ്പിച്ചു കൊലചെയ്യണം എന്ന മനസ്സ് ചില മലയാളികളും പങ്കു വെച്ച് കണ്ടു. തെറ്റിനെ മുഖം നോക്കാതെ എതിര്‍ക്കുക എന്നതാണ് നാം പഠിച്ച പാഠം. സംഘ പരിവാര്‍ മനസ്സ് കേരള മണ്ണില്‍ മുളക്കുന്നു എന്നത് നല്ല സൂചനയല്ല.

കേരളത്തിലെ സാസ്‌കാരിക നായകര്‍ വിഷയങ്ങളോട് എങ്ങിനെ പ്രതികരിക്കുന്നു എന്നതും നമുക്ക് ബാധ്യമാകും. ഇതൊരു മതത്തിന്റെ വിഷയമല്ല. പ്രതികള്‍ ഹിന്ദു മതത്തില്‍ പെട്ടവരാണ് എന്നതുകൊണ്ട് ഹിന്ദു മതം അതിനു ഉത്തരവാദി എന്ന് നാം പറയില്ല. അതെ സമയം അവര്‍ ഉപയോഗപ്പെടുത്തിയത് ഹിന്ദു വിശ്വാസ സംഹിതകളും. പ്രതികളുടെ സംഘ പരിവാര്‍ ബന്ധവും അവര്‍ക്കു വേണ്ടി സംഘ് പരിവാര്‍ നടത്തുന്ന പ്രതിഷേധവും സാംസ്‌കാരിക ഭാരതത്തെ നാണിപ്പിക്കണം.

ഐ എസ് ഇസ്ലാമല്ല എന്ന ഉറച്ച നിലപാടിലാണ് ഇന്ത്യയിലെ എല്ലാ മുസ്ലിം സംഘടനകളും. എന്നിട്ടും അവര്‍ ചെയ്തു കൂട്ടുന്ന തിന്മകളെ എന്ത് കൊണ്ട് അപലപിക്കുന്നില്ല എന്ന് മുസ്ലിംകളോട് പലരും ചോദിക്കുന്നു. ഈ ആവശ്യം എന്ത് കൊണ്ട് തിരിച്ചു ചോദിക്കുന്നില്ല. ആസിഫ സംഭവത്തെ എത്ര ഹിന്ദു സംഘടനകള്‍ അപലപിച്ചു എന്ന് കൂടി നോക്കണം. അല്ലെങ്കില്‍ ഹിന്ദുത്വ സംഘടനകള്‍ ചെയ്തു കൂട്ടുന്ന ക്രൂരതകളെ എത്ര മത സംഘടനകള്‍ അപലപിക്കുന്നു എന്നും നോക്കണം.  മുസ്ലിം സമുദായം എന്നും മാപ്പു സാക്ഷിയുടെ റോളിലാണ്. അവരുടെ കൂട്ടത്തിലെ ആര്‍ തെറ്റ് ചെയ്താലും മൊത്തം മുസ്ലികള്‍ അതിനെ അപലപിക്കണം. ഇതെന്തു ജനാധിപത്യ മര്യാദ എന്നറിയില്ല. മതവും രാഷ്ട്രീയവും പരിഗണിക്കാതെ തെറ്റിനെ തെറ്റായി കാണാനും നന്മയെ നന്മയായി പരിഗണിക്കാനും കഴിയുന്ന സാമൂഹിക അവസ്ഥയിലാണ് യഥാര്‍ത്ഥ നീതി നില നില്‍ക്കുക.

ആറു കൊല്ലം മുമ്പ് ഒരു പെണ്‍കുട്ടിയുടെ ജീവന് വേണ്ടി നാട് കരഞ്ഞു. ദാരുണമായ ആ സംഭവത്തിന് ശേഷം മറ്റൊന്ന് സംഭവിക്കില്ല എന്ന് നാം ഉറപ്പിച്ചു. അതെ സമയം ദിനേന അതിനേക്കാള്‍ വലിയ ദുരന്തങ്ങള്‍ വീണ്ടും കേള്‍ക്കുന്നു. കുറ്റവാളികളെ ശിക്ഷിക്കാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് ശക്തിയില്ല എന്നവര്‍ തിരിച്ചറിഞ്ഞു എന്ന് വേണം മനസ്സിലാക്കാന്‍. ഇന്നലെ രാത്രി പ്രകാശിപ്പിച്ച ആ മെഴുകുതിരികള്‍ പ്രതീക്ഷയാണ്. നന്മയുടെ കിരണങ്ങള്‍ എന്ന് നമുക്കതിനെ വിളിക്കാം. പക്ഷെ ആ കിരണങ്ങള്‍ കൂടുതല്‍ പ്രകാശിപ്പിക്കാന്‍ പൊതുജനവും വ്യവസ്ഥയും ഒന്നിച്ചു കൈകോര്‍ക്കണം. അതിനാവട്ടെ നമ്മുടെ ശ്രമം.

 

Related Articles