Current Date

Search
Close this search box.
Search
Close this search box.

ആരെയാണ് സൂകി ഭയക്കുന്നത്?

suu-kyi.jpg

ബുദ്ധിസ്റ്റ് ഭൂരിപക്ഷ പ്രദേശമായ മ്യാന്മറിലെ ന്യൂനപക്ഷ വിഭാഗമാണ് റോഹിങ്ക്യകള്‍. പൗരത്വം, ആരാധന സ്വാതന്ത്ര്യം, വിദ്യാഭ്യാസം, വിവാഹം, സഞ്ചാര സ്വാതന്ത്ര്യം എന്നിവയൊക്കെ നിഷേധിക്കപ്പെട്ടവരായി അവര്‍ അലഞ്ഞുതിരിയുകയാണ്. 2012-ലെ കലാപത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് റോഹിങ്ക്യകള്‍ക്കാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നത്. മ്യാന്മര്‍ നേതാവും സമാധാന നോബേല്‍ ജേത്രിയുമായ ഓങ് സാങ് സൂകിക്ക് അവരെ ‘റോഹിങ്ക്യകള്‍’ എന്നു പോലും വിളിക്കാനുള്ള മനസ്സില്ല. ദേശീയവാദികളായ ബുദ്ധമതക്കാര്‍ അവരെ മ്യാന്മറില്‍ പെടാത്ത ബംഗാളികള്‍ എന്നാണ് വിളിക്കുന്നത്. അമേരിക്കന്‍ അംബാസിഡറോടും അവരെ റോഹിങ്ക്യകള്‍ എന്നു വിളിക്കരുതെന്ന് സൂകി ആവശ്യപ്പെടുകയുണ്ടായി. വളരെ നിരാശാജനകവും വേദനിപ്പിക്കുന്നതുമാണ് ഈ സമീപനമാണ്. തന്നെ പോലെ തന്നെ ബര്‍മ്മക്കാരാണ് റോഹിങ്ക്യകള്‍ എന്ന് എന്തുകൊണ്ട് സൂകി മനസ്സിലാക്കുന്നില്ല?

15 വര്‍ഷത്തോളം വീട്ടുതടങ്കലില്‍ കഴിഞ്ഞ സൂകി ലോകത്ത് ഏറെ പ്രശസ്തയായ രാഷ്ട്രീയ തടവുകാരില്‍ ഒരാളായി മാറി. റോഹിങ്ക്യന്‍ പ്രശ്‌നത്തെ അവഗണിക്കാന്‍ സൂകിയെ പ്രേരിപ്പിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകും. 1962-ന് ശേഷം ഒരു ജനാധിപത്യ സര്‍ക്കാര്‍ സൂകിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയിട്ട് ഒരു മാസമായിട്ടേയുള്ളൂ. ബുദ്ധമത ദേശീയവാദികളെ സൂകി ഭയക്കുന്നുണ്ടെന്ന് അമേരിക്കന്‍ എംബസിക്ക് പുറത്ത് അവര്‍ നടത്തിയ പ്രക്ഷോഭത്തിന് പിന്നാലെ റോഹിങ്ക്യ എന്ന പേര് ഉപയോഗിക്കുന്ന കാര്യത്തില്‍ സൂകി എടുത്ത നിലപാട് തെളിയിക്കുന്നു. 2012-ല്‍ മ്യാന്മറിലെ റാഖിനെ സംസ്ഥാനത്ത് ബുദ്ധമതക്കാരും റോഹിങ്ക്യന്‍ മുസ്‌ലിംകളും തമ്മില്‍ പൊട്ടിപ്പുറപ്പെട്ട കലാപം സൂകി മറന്നുകാണില്ല. മ്യാന്മറിലെ വളരെ ദരിദ്ര സംസ്ഥാനങ്ങളില്‍ ഒന്നായ റാഖിനെ നിരന്തരമായ വര്‍ഗീയ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതും സര്‍ക്കാര്‍ ജാഗ്രത ശക്തമാക്കേണ്ടതുമായ പ്രദേശമാണ്. എന്നാല്‍ അതുകൊണ്ട്, റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ സാമൂഹ്യവും രാഷ്ട്രീയവുമായ നിലനില്‍പ്പ് ചോദ്യം ചെയ്യുകയല്ല വേണ്ടത്. ദേശീയവാദികളെ തൃപ്തിപ്പെടുത്താനായി അവരുടെ പേര് പോലും മായിച്ചു കളയാനുള്ള ശ്രമത്തിലാണ് ഇന്ന് സര്‍ക്കാര്‍.

റോഹിങ്ക്യ എന്ന പേര് ഉപയോഗിക്കരുതെന്ന് സൂകി അമേരിക്കന്‍ അംബാസിഡറോട് പറഞ്ഞതല്ല പ്രശ്‌നം. മറിച്ച്, എത്രയോ കാലം മനുഷ്യാവകാശ പോരാട്ട മേഖലയില്‍ പേര് ഉയര്‍ന്നു കേട്ട ഒരു വനിത, അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ നിരന്തരമായി ശബ്ദിച്ച, സമാധാന നോബേല്‍ ജേത്രിയായ ഒരു വനിത പൊടുന്നനെ തന്റെ മുന്‍ഗാമികളായ പട്ടാള ഭരണാധികാരികളുടെ നിലവാരത്തിലേക്ക് താഴുന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. സൂകി തീര്‍ച്ചയായും സ്വന്തം നിലപാടുകളില്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. സൂകിയുടെ വ്യക്തിപ്രഭാവമാണ് അനിശ്ചിതത്വത്തിലാണ്ടു കിടന്നിരുന്ന മ്യാന്മര്‍ ജനതയെ വീണ്ടും ലോകശ്രദ്ധയിലെത്തിച്ചത്. എന്നാല്‍ മറ്റൊരു വശത്ത് മെയ് 20-ന് മ്യാന്മറിനെതിരായ അമേരിക്കന്‍ ഉപരോധങ്ങള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ അവ പുതുക്കാനും വീണ്ടും ഉപരോധം ഏര്‍പ്പെടുത്താനും ഒബാമയോട് അമേരിക്കന്‍ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുകയുണ്ടായി ഈ വിഷയത്തിലെ ആഗോള ജാഗ്രത വിളിച്ചോതുന്നു.

വിവ: അനസ് പടന്ന

Related Articles