Current Date

Search
Close this search box.
Search
Close this search box.

ആരാണ് ഈ ജനതയുടെ രോദനം കേള്‍ക്കുക?

 ‘ജീവിച്ചിരിക്കുന്നതിന്റെ അസഹനീയമായ തെളിച്ചം’ ഈ വരികളെഴുതിയ മിലന്‍ കുന്തേരയോട് ഞാന്‍ ക്ഷമാപണം നടത്തുന്നു. പക്ഷെ ഇവിടെ, ദമസ്‌കസില്‍ അത് മാത്രമാണ് തലക്കെട്ടാകേണ്ടത്. 24 മണിക്കൂര്‍ മുമ്പ് ഞാന്‍ ഒരു ഫോണ്‍ കോളിലായിരുന്നു. എന്റെ പഴയ ഒരു സുഹൃത്തിനോട് എന്റെ സഹതാപം അറിയിച്ചു കൊണ്ടു വിളിച്ചതായിരുന്നു ഞാന്‍. സംസാരത്തിന്റെ മുഴുവന്‍ സമയവും കരഞ്ഞു കൊണ്ട് എന്റെ വിളിക്ക് നന്ദി പറയുകയായിരുന്നു അദ്ദേഹം. വൈകുന്നേരം പരസ്പരം കാണുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ രാവിലെ  സംസാരിച്ചത്. എന്നാല്‍ ഉച്ചക്ക് രണ്ടു മണിയായപ്പോള്‍ അവളുടെ അമ്മ കൊല്ലപ്പെട്ടിരുന്നു. ഒരൊറ്റ വെടി. കാറിനകത്തേക്കു വച്ച ആ ഒരേയൊരു വെടിയില്‍ അവര്‍ കൊല്ലപ്പെട്ടു. സുന്ദരമായ മലയോര ഗ്രാമമായ ലഡാക്യയില്‍ അവരുടെ മൃതദേഹം ഇന്നലെ രാവിലെ സംസ്‌കരിച്ചു. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന അര്‍ഥത്തില്‍ വളരെ പ്രയാസപ്പെട്ടാണ് അയാള്‍ ജീവിക്കുന്നതെന്ന് എന്റെ സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കുടുംബ വീട്ടിലേക്ക് പോകുകയെന്നത് കൂടുതല്‍ കൂടുതല്‍ പ്രയാസകരമായിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ പിതാവ് ഒരു റിട്ടയേഡ് സൈനികോദ്യോഗസ്ഥനാണ്. വളരെ സ്വതന്ത്രവും അഭിനാവും നിറഞ്ഞ ഒരു കുടുംബം. ഭരണകൂടത്തോട് കൂറു പുലര്‍ത്തുന്നവര്‍. പക്ഷെ ഇപ്പോള്‍ എല്ലാവരും കലാപത്തിന്റെ ഇരകള്‍.

മണിക്കൂറുകള്‍ക്കകം ഞാന്‍ ഒരു റസ്റ്റോറന്റില്‍ കയറി. നല്ല ഭക്ഷണം, പുറത്ത് വിലപിടിപ്പുള്ള കാറുകള്‍ മൊത്തത്തില്‍ മധ്യവര്‍ഗ സമൂഹമാണ് കൂടുതല്‍ അവിടെയുണ്ടായിരുന്നത്. വളരെ സ്വതന്ത്രമായാണ് സംസാരിച്ചിരുന്നതെങ്കിലും അവര്‍ എന്തോ ഭയം ഉള്ളിലൊതുക്കിയതു പോലെ തോന്നി. അതിലൊരു നിയമവിദഗ്ധന്‍ തന്റെ മൂന്നു കീഴുദ്ദ്യോഗസ്ഥര്‍ ദേര എന്ന സ്ഥലത്തു വച്ച് കൊല്ലപ്പെട്ടത് വിശദീകരിച്ചു. ഞാന്‍ വളരെ തുറന്ന് അദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിച്ചു. എന്റെ സുഹൃത്തിന്റെ മാതാവിന്റെ മരണത്തെക്കുറിച്ചും മറ്റും സംസാരിക്കുകയും ഞാന്‍ വളരെ അസ്വസ്ഥനാണെന്ന് പറയുകയും ചെയ്തപ്പോള്‍ തീര്‍ച്ചയായും താങ്കള്‍ സ്ഥിരമായി ഇവിടെ തങ്ങാത്തതുകൊണ്ടാണ് അങ്ങനെ അസ്വസ്ഥതയനുഭവപ്പെടുന്നതെന്ന് അദ്ദേഹം ശാന്തനായി എന്നോട് പറഞ്ഞു.  ഇത് ദമസ്‌കസ് ആണ്. ഇവിടെ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ കൊല്ലപ്പെട്ടേക്കാം. ഒരു സര്‍ക്കാറുദ്യോഗസ്ഥയുമായി ഞാന്‍ സംസാരിച്ചു. അവരുടെ കുടുംബത്തില്‍ പെട്ട ഒരാളെ കൊന്നുകളയുന്നത് വീഡിയോയില്‍ പകര്‍ത്തിയത് അവര്‍ കണ്ടു എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ലബനാനിലെ അഭയാര്‍ഥികളോട് സംസാരിച്ചാല്‍ നിങ്ങള്‍ക്ക് അവരുടെ നഷ്ടങ്ങളെക്കുറിച്ച് കേള്‍ക്കാം.  

സര്‍ക്കാരിന്റെ വ്യോമാക്രമണത്തില്‍ കുട്ടികള്‍ നഷ്ടപ്പെട്ടവര്‍, ഭര്‍ത്താവ് നഷ്ടപ്പെട്ടവര്‍, അങ്ങനെ കുറെ പേര്‍ അവിടെ ജീവിക്കുന്നു. അസദിന്റെ ഉപദേശകയായ ഒരു മന്ത്രിയുമായി ഞാന്‍ സംസാരിച്ചു. അവര്‍ ഇപ്പോള്‍ യോഗ പരിശീലിക്കുകയാണെന്ന് എന്നോട് പറഞ്ഞു. ദമസ്‌കസില്‍ യോഗയോ എന്ന് നിങ്ങള്‍ അതിശയിച്ചേക്കാം. അവര്‍ ഒരു എഴുത്തുകാരി കൂടിയാണ്. വളരെ പോസിറ്റീവായി ചിന്തിക്കുന്ന ഒരു എഴുത്തുകാരി. ഒരു കച്ചവടക്കാരന്‍ സുന്നിയായതിന്റെ പേരില്‍ തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരനെ പിരിച്ചു വിട്ടു. അദ്ദേഹമെന്നോട് പറഞ്ഞു. നിങ്ങള്‍ തന്നെ നിങ്ങളുടെ കാര്യം നോക്കിക്കൊള്ളണമെന്ന്. ഞാന്‍ ഞെട്ടിപ്പോയി. സ്വാഭാവികമായും ഒരു പാശ്ചാത്യനില്‍ സംഭവിക്കാവുന്ന ഞെട്ടല്‍. ഇന്നലെ ഉച്ചക്കു ശേഷം ഞാന്‍ കുട്ടികള്‍ക്ക് സേവനം ചെയ്യുന്നതില്‍ വ്യാപൃതനായ ഒരാളോട് സംസാരിച്ചു. ദമസ്‌കസിലെ ജനം യുദ്ധത്തിന്റെ ഞെട്ടലിലാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഇതിനു മുമ്പ് ഇതുപോലൊരു കാഴ്ച ഞങ്ങള്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും ഇതിന്റെ ഗൗരവം മനസ്സിലാകാത്ത ജനങ്ങളുണ്ട്. ശരിക്കും ദമസ്‌കസില്‍ മൃതദേഹം ചുമന്നവര്‍ക്കേ അതിന്റെ ഗൗരവം ബോധ്യപ്പെടൂ. ഞങ്ങള്‍ക്ക് മുകളിലൂടെ ഒരു ജെറ്റ് പറന്നു പോയി. ദയറയുടെ എതിര്‍ ദിശയില്‍ ബോംബ് വര്‍ഷിച്ചതിന്റെ പുകപടലങ്ങള്‍ ഉയര്‍ന്നു. അന്തരീക്ഷത്തിന്റെ സമ്മര്‍ദ്ദത്തില്‍ ജനല്‍ പാളികള്‍ ആഞ്ഞടിച്ചു. ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ ജീവനക്കാര്‍ ടെലിവിഷന്‍ കാണുന്നു. അതിലൊരാള്‍ വാതോരാതെ സംസാരിക്കുന്നുണ്ട്. സര്‍ക്കാരിനെതിരെ വിമത പക്ഷം നടത്തിയ നീക്കങ്ങളെക്കുറിച്ച് ടെലിവിഷന്‍ വിവരണം നല്‍കുന്നു. സര്‍ക്കാന്‍ സൈനികര്‍ അവരുടെ നീക്കങ്ങളെക്കുറിച്ച് പറയുന്നു. ദമസ്‌കസിന്റെ മൊത്തം അന്തരീക്ഷത്തില്‍ എനക്ക് ഭയം തോന്നി. നിങ്ങളിലാരെങ്കിലും ഈ ചെയ്തികളെ അഭിനന്ദിക്കാന്‍ തുനിയുമോ..?

വിവ : അതീഖുറഹ്മാന്‍

Related Articles