Current Date

Search
Close this search box.
Search
Close this search box.

ആരാണ് അംബേദ്കര്‍ കൃതികളെ ഭയക്കുന്നത്?

Ambedkar-in-1950.jpg

ആരാണ് ബാബാസാഹേബ് അംബേദ്കറുടെ കൃതികളെ ഭയക്കുന്നത്?  മോദിയുടെയും ഫട്‌നാവിസിന്റെയും സര്‍ക്കാറുകള്‍ അവയെ ഭയക്കുന്നുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. ഒരു ശരാശരി സാമൂഹ്യശാസ്ത്ര വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അംബേദ്കറെയും അദ്ദേഹത്തിന്റെ സുപ്രധാന കൃതികളെയും കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ചില പേരുകള്‍ വളരെ പെട്ടെന്ന് മനസ്സിലേക്കൊടിയെത്തും.

Annihilation of CasteAnnihilation of Caste, അല്ലെങ്കില്‍ Riddles in Hinduism എന്നീ ഗ്രന്ഥങ്ങളല്ലെ അവ?   State and Minoritise, Shudras and the Counter Revolution, Women and the Counter Revolution എന്നിവയും അവര്‍ ഭയപ്പെടുന്നവയില്‍ ഉള്‍പ്പെടും? വട്ടമേശ സമ്മേളനം, പൂണെ ഉടമ്പടി എന്നിവയുമായി ബന്ധപ്പെട്ട എഴുത്തുകളും, ഗാന്ധിയുമായുള്ള സംവാദങ്ങളുമാണ് അംബേദ്കറുടെ ഏറ്റവും പ്രധാന കൃതികളെന്ന് നമ്മെ വിശ്വസിപ്പിക്കാനാണ് ഈ സര്‍ക്കാറുകളുടെ – കേന്ദ്രം, മഹാരാഷ്ട്ര – ശ്രമം. പ്രസ്തുത ഗ്രന്ഥങ്ങളെല്ലാം ഒഴിവാക്കിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇപ്പോള്‍ Collected Works of Bhimrao Ambedkar (CWBA) എന്ന പേരില്‍ സമാഹാരം പുറത്തിറക്കുന്നത്. ഇക്കൂട്ടത്തില്‍പെട്ട 11 ഗ്രന്ഥങ്ങള്‍ ഇല്ലാതെയാണ് (ഒഴിവാക്കിയാണ്) സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റ് സ്ഥാപനമായ ‘ദ അംബേദ്കര്‍ ഫൗണ്ടേഷന്‍’ ഇത്തവണത്തെ ദല്‍ഹി പുസ്തകോത്സവത്തില്‍ പ്രസ്തുത സമാഹാരം വിറ്റഴിച്ചത്! അംബേദ്കറുടെ എഴുത്തുകളും പ്രഭാഷണങ്ങളും ഹിന്ദിയില്‍ പ്രസിദ്ധീകരിക്കുന്ന ഏക പ്രസാധകരാണ് ‘ദ അംബേദ്കര്‍ ഫൗണ്ടേഷന്‍’.  Anhilation of Caste, Riddles in Hinduism എന്നീ കൃതികളും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും.

Riddles in Hinduismഇംഗ്ലീഷ് മൂലകൃതികളുടെ കാര്യം ഇതിനേക്കാള്‍ സങ്കീര്‍ണ്ണമാണ്. മഹാരാഷ്ട്ര സര്‍ക്കാറിനാണ് അംബേദ്കര്‍ കൃതികളുടെ പകര്‍പ്പവകാശമുള്ളത്. മഹാരാഷ്ട്ര സര്‍ക്കാറിന്റെ No Objection Certificate ഇതുവരെ അംബേദ്കര്‍ ഫൗണ്ടേഷന് ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അംബേദ്കര്‍ കൃതികളുടെ ഇംഗ്ലീഷ് പകര്‍പ്പുകള്‍ പ്രസിദ്ധീകരിക്കാന്‍ ഫൗണ്ടേഷന് കഴിയുകയുമില്ല. എല്ലാം അറിഞ്ഞ് കൊണ്ട് തന്നെയാണ് No Objection Certificate അയക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ വിസമ്മതിക്കുന്നത്.

അംബേദ്കറുടെ അപൂര്‍ണ്ണമായ ‘സമ്പൂര്‍ണ്ണ കൃതികള്‍’ കാശ് കൊടുത്ത് വാങ്ങിക്കുകയല്ലാതെ ഈ രാജ്യത്തെ പൗരന്‍മാര്‍ക്ക് മുന്നില്‍ വേറെ വഴിയൊന്നുമില്ല. ഡോ. ബാബാസാഹേബ് അംബേദ്കറുടെ 125-ാം ജന്മദിനാഘോഷ പരിപാടികള്‍ രാജ്യംമുഴുവന്‍ കൊണ്ടാണ്ടുന്ന സമയത്താണ് മോദിയുടെയും ഫട്‌നാവിസിന്റെയും ഇത്തരം നടപടികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ ആഘോഷപരിപാടികള്‍ക്ക് നേരിട്ട് നേതൃത്വം കൊടുത്തത്. അംബേദ്കറുടെ പേരില്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം നാണയവും പുറത്തിറക്കുകയുണ്ടായി.

മോദി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ചില കാര്യങ്ങള്‍ക്കുള്ള മറ മാത്രമാണോ ഈ ആഘോഷം? അംബേദ്കറെ പതുക്കെ തങ്ങളുടെ ആളാക്കി മാറ്റാനുള്ള ബുദ്ധിപരമായ നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. അദ്ദേഹത്തെ തങ്ങളുടെ ചിന്തകനായും ഗുരുവായും ബി.ജെ.പിയും ആര്‍.എസ്.എസ്സും പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷെ ഈ പൊള്ളയായ പ്രകീര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍, അംബേദ്കറിനുള്ളിലെ സാമൂഹ്യശാസ്ത്രജ്ഞനും, വിമര്‍ശക ചിന്തകനും വെള്ളപ്പൂശപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

മന്ത്രിസഭക്ക് മുമ്പാകെയുള്ള തന്റെ പ്രഭാഷണം ഉപസംഹരിക്കുന്നതിനിടയില്‍, താരാരാധനയുടെ പ്രശ്‌നങ്ങളെ കുറിച്ച് അംബേദ്കര്‍ നമുക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘ഇവന്റ് മാനേജ്‌മെന്റ്-ല്‍ അഗ്രഗണ്യരായ ഇപ്പോഴത്തെ ഭരണകൂടം ഒരു മാതൃകാപുരുഷനെ തങ്ങളുടേത് മാത്രമാക്കി മാറ്റാണ് ശ്രമിക്കുന്നത്. ഡോ. ബാബാസാഹേബ് അംബേദ്കറുടെ സുപ്രധാന കൃതികളെ വെളിച്ചം കാണാന്‍ അനുവദിക്കാതെ, ബാബാസാഹിബിന്റെ എഴുത്തുകളിലെ വിപ്ലവാഗ്നിയെ കെടുത്തിക്കളയാനാണ് ആര്‍.എസ്.എസ്സ് നയിക്കുന്ന ഈ ഭരണകൂടം ശ്രമിക്കുന്നത്. അംബേദ്കറെ തങ്ങളുടെ സ്വന്തമാക്കി മാറ്റുകയാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും ആവശ്യമെങ്കിലും, അദ്ദേഹത്തിന്റെ വാക്കുകള്‍ അവര്‍ക്ക് നേരെ തന്നെ ചൂണ്ടപ്പെട്ട വാളുകളാണ് എന്നതാണ് സത്യം. ഹിന്ദുത്വ സംഘത്തെ സംബന്ധിച്ചിടത്തോളം ബാബാസാഹേബ് അംബേദ്കര്‍ എന്നത് വോട്ട് പിടിക്കാനുള്ള ഒരു മാര്‍ഗം മാത്രമാണ്. വോട്ടിന് വേണ്ടി മാത്രമാണ് അവരുടെ അംബേദ്കര്‍ സ്‌നേഹം.

എന്തുകൊണ്ടാണ് അംബേദ്കറും, അംബേദ്കറൈറ്റ് പ്രസ്ഥാനവും ആര്‍.എസ്.എസ്സിനെയും സംഘ് പരിവാറിനെയും സംബന്ധിച്ചിടത്തോളം ഒരു ഊരാകുടുക്കായി മാറിയത്? കാരണം, ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്താണ് ഹിന്ദുത്വ സംഘത്തിന് എപ്പോഴും കാലിടറിയിട്ടുള്ളത്. ജാതിയില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന അംബേദ്കറൈറ്റ് ചിന്താസരണിയുടെ ജനാധിപത്യ വ്യവഹാരം, രാജ്യത്ത് സവര്‍ണ്ണ ബ്രാഹ്മണ ആധിപത്യം സ്ഥാപിക്കാനുള്ള ആര്‍.എസ്.എസ്സിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് ഒരു വലിയ തടസ്സം തന്നെയാണ്. Anhilation of Caste എന്ന ഗ്രന്ഥത്തില്‍, ഹിന്ദുക്കള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകണമെങ്കില്‍ ചില പ്രത്യേക ഹിന്ദുമത ഗ്രന്ഥപാഠങ്ങള്‍ നശിപ്പിക്കപ്പെടേണ്ടതുണ്ടെന്നാണ് അംബേദ്കര്‍ ശക്തമായി വാദിക്കുന്നത്. അതുകൊണ്ടു തന്നെ ജാതി ആധിപത്യം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന ഏതൊരു സംഘടനയെ സംബന്ധിച്ചിടത്തോളവും അദ്ദേഹത്തിന്റെ എഴുത്തുകള്‍ ഒരു പ്രധാനം പ്രശ്‌നം തന്നെയാണ്.

ആര്‍.എസ്.എസ്സും ബി.ജെ.പിയും മറച്ച് വെക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ (ഹിന്ദു എന്ന് വായിക്കുക) സാമൂഹ്യ രാഷ്ട്രീയ ഘടനയിലേക്കുള്ള ഒരു വഴിവെളിച്ചമാണ് അംബേദ്കറും അദ്ദേഹത്തിന്റെ ചിന്താപൈതൃകവും. ഡോ. ബി.ആര്‍ അംബേദ്കറുടെ എഴുത്തുകളും ചിന്തകളും അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ ജനങ്ങള്‍ക്കിടയിലേക്ക് എത്തേണ്ടതുണ്ട്. അംബേദ്കറുടെ ചിന്താ പൈതൃകത്തിന്റെ ആത്മാവ് ചോര്‍ത്തി കളഞ്ഞ്, മറ്റൊരു അംബേദ്കറെ സൃഷ്ടിക്കാനാണ് കേന്ദ്ര-മഹാരാഷ്ട്ര സര്‍ക്കാറുകളുടെ ശ്രമം. ശക്തവും ഊര്‍ജ്ജസ്വലവുമായ ദളിത് പാരമ്പര്യം ഇതൊരിക്കലും അനുവദിക്കില്ല.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, ‘ഇന്ത്യ ടുഡേ’ മുന്‍ മാനേജിംഗ് എഡിറ്ററുമാണ് ലേഖകന്‍. ഇപ്പോള്‍ മീഡിയ ആന്റ് കാസ്റ്റ് റിലേഷന്‍സ് എന്ന വിഷയത്തില്‍ ജവര്‍ഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്നു.)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

 

Related Articles