Current Date

Search
Close this search box.
Search
Close this search box.

ആമിര്‍ ബിന്‍ അബദില്ലാ തമീമി-3

ആമിര്‍ ബിന്‍ അബ്ദില്ലായുടെ ജീവിതം പ്രശ്‌നങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും മുക്തമായിരുന്നില്ല. ജനങ്ങളുടെ ദ്രോഹങ്ങള്‍ക്ക് അദ്ദേഹവും വിധേയനായി.
സത്യം പ്രഖ്യാപിച്ച്, അധര്‍മത്തെ നിരാകരിച്ച് രംഗത്ത് വന്നവര്‍ നേരിട്ടതൊക്കെയും അദ്ദേഹത്തിനും അഭിമുഖീകരിക്കേണ്ടി വന്നു. അതിന് പ്രത്യേകമായ ഒരു കാരണമുണ്ടായിരുന്നു. ഒരിക്കല്‍ ബസറയിലെ പോലീസുകാരന്റെ സഹായികളിലൊരാള്‍ ദിമ്മികളില്‍പെട്ട ഒരുവന്റെ കോളറില്‍ പിടിച്ച് വലിക്കുന്നത് അദ്ദേഹം കാണാനിടയായി. അയാള്‍ ജനങ്ങളോട് കരഞ്ഞുവിളിച്ച് സഹായം തേടുന്നുണ്ടായിരുന്നു. ‘നിങ്ങളെനിക്ക് അഭയം തന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് അഭയം നല്‍കും. അല്ലയോ, മുസ്‌ലിംകളെ, നിങ്ങളുടെ പ്രവാചകന്‍(സ) കരാര്‍ ചെയ്ത ദിമ്മികളില്‍ പെട്ടവന് സഹായം നല്‍കൂ.’

ഇത് കേട്ട ആമിര്‍ മുന്നോട്ട് വന്നു ചോദിച്ചു. ‘താങ്കള്‍ ജിസ്‌യ കൊടുത്തിട്ടുണ്ടോ?’
-‘അതെ, ഞാനത് കൊടുത്തിട്ടുണ്ട്’
-‘താങ്കള്‍ക്കെന്താണ് വേണ്ടത്?’ അദ്ദേഹത്തെ കഴുത്തിന് പിടിച്ചവന് നേരെ തിരിഞ്ഞു ആമിര്‍ ചോദിച്ചു.
-‘പോലീസുകാരന്റെ പൂന്തോട്ടം വൃത്തിയാക്കാന്‍ അദ്ദേഹത്തെ കൊണ്ട് പോകണാനാണ് ഞാന്‍ വന്നത്.’ അയാള്‍ മറുപടി പറഞ്ഞു.
-‘താങ്കള്‍ക്ക് ആ ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടോ?’ ആമിര്‍ ദിമ്മിയോട് ചോദിച്ചു.
-‘ഇല്ല, അതിനാലാണ് അദ്ദേഹമെന്നെ പിടിച്ച് വലിക്കുകയും, കുടുംബത്തിന് വേണ്ടി സമ്പാദിക്കുന്നതില്‍ നിന്ന് എന്നെ തടയുകയും ചെയ്യുന്നത്.’
ആമിര്‍ അയാളോട് ദിമ്മിയെ വിടാന്‍ പറഞ്ഞു. അയാള്‍ അത് നിരസിച്ചു. ഇത്‌കേട്ട ആമിര്‍ തന്റെ മേല്‍മുണ്ടഴിച്ച് ദിമ്മിയെ പുതച്ചു. എന്നിട്ട് പറഞ്ഞു. ‘അല്ലാഹുവാണ, ഞാന്‍ ജീവിച്ചിരിക്കെ പ്രവാചകന്റെ കരാര്‍ ലംഘിക്കാന്‍ അനുവദിക്കുകയില്ല.’ അപ്പോഴേക്കും ജനങ്ങള്‍ തടിച്ച്കൂടി. അവര്‍ ആമിറിനെ സഹായിച്ചു. ശക്തിപൂര്‍വം ദിമ്മിയെ അയാളില്‍ നിന്ന് രക്ഷപ്പെടുത്തി.

പക്ഷെ, പോലീസുകാരന്റെ സഹായികള്‍ ചേര്‍ന്ന് ആമിറിനെതിരെ അപവാദപ്രചരണം അഴിച്ചുവിട്ടു. ഖലീഫക്കുള്ള അനുസരണം റദ്ദാക്കിയെന്നും, അഹ്‌ലുസ്സുന്ന വല്‍ജമാഅത്തില്‍ നിന്ന് പുറത്ത് പോയെന്നും ആരോപിച്ചു. ‘അദ്ദേഹം വിവാഹം കഴിക്കാത്തവനും, മൃഗങ്ങളുടെ മാംസമോ, പാല്‍ക്കട്ടിയോ കഴിക്കാത്തവനുമാണ്. ഭരണാധികാരികളുടെ സദസ്സുകളില്‍ പങ്കെടുക്കാത്ത ധിക്കാരിയാണദ്ദേഹം.’ ഇങ്ങനെ ഒട്ടേറെ ആരോപണങ്ങള്‍. കേസ് ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ)ന്റെ മുന്നിലെത്തി.
ആമിര്‍ ബിന്‍ അബ്ദില്ലയെ വിളിച്ച് വരുത്ത് കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഖലീഫ ബസ്വറയിലെ ഗവര്‍ണര്‍ക്ക് ഉത്തരവിട്ടു. അദ്ദേഹം ആമിറിനെ വിളിച്ച് വരുത്തി.
– ‘താങ്കള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചോദിക്കാന്‍ എന്നോട് ഖലീഫ കല്‍പിച്ചിരിക്കുന്നു.’
-‘ഖലീഫ കല്‍പിച്ചത് താങ്കള്‍ക്ക് ചോദിക്കാം.’
-‘എന്ത് കൊണ്ടാണ് താങ്കള്‍ പ്രവാചചര്യ ഉപേക്ഷിച്ച് വിവാഹം കഴിക്കാതെ ജീവിക്കുന്നത്?
-‘ഞാന്‍ പ്രവാചകചര്യ നിരസിച്ചത് കൊണ്ടല്ല വിവാഹം കഴിക്കാത്തത്. ഇസ്‌ലാമില്‍ പൗരോഹത്യമില്ല എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ആത്മാവ് അല്ലാഹുവിന് സമര്‍പ്പിക്കണമെന്നാഗ്രഹിക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍. എന്റെ ഭാര്യ അതിനെ അതിജയിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.’
-‘താങ്കളെന്ത് കൊണ്ടാണ് മാംസം കഴിക്കാത്തത്?’
-‘എനിക്ക് ആഗ്രഹമുണ്ടാവുമ്പോഴും, ലഭിക്കുമ്പോഴും ഞാനത് കഴിക്കാറുണ്ടല്ലോ. എനിക്ക് താല്‍പര്യമില്ലാത്തപ്പോഴും, ലഭിക്കാത്തപ്പോഴും ഞാനത് കഴിക്കാറില്ല’.
-‘താങ്കളെന്താണ് പാല്‍കട്ടി കഴിക്കാത്തത്?’
-‘പാല്‍കട്ടിയുണ്ടാക്കുന്ന മജൂസികള്‍ ധാരാളമുള്ള ഗ്രാമത്തില്‍ നിന്നാണ് ഞങ്ങള്‍ വരുന്നത്. അവരാവട്ടെ അറുത്തതിനെയും ചത്തതിനെയും വേര്‍തിരിക്കാത്തവരാണ്. അതിനാല്‍ തന്നെ അറുക്കപ്പെടാത്ത മൃഗങ്ങളില്‍ നിന്നാണ് അതിനാവശ്യമായ ചേരുവയുണ്ടാക്കുന്നതെന്ന് ഞാന്‍ ഭയപ്പെടുന്നു. അത് അറുക്കപ്പെട്ട ആട്ടില്‍ നിന്നുള്ളത് തന്നെയാണെന്ന് രണ്ട് മുസ്‌ലിംകള്‍ സാക്ഷ്യം വഹിച്ചാല്‍ പാല്‍ക്കട്ടി ഞാന്‍ കഴിക്കാറുണ്ട്’.
-‘താങ്കളെന്താണ് ഭരണാധികാരികളെ സന്ദര്‍ശിക്കുകയോ, അവരുടെ സദസ്സുകളില്‍ പങ്കെടുക്കുകയോ ചെയ്യാത്തത്.’
-‘നിങ്ങളുടെ കൊട്ടാരവാതിലുകളില്‍ ആവശ്യക്കാരായ ധാരാളം പേര്‍ വരിനില്‍ക്കുന്നുണ്ട്. താങ്കളവരെ വിളിച്ച് ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കുക. എനിക്കാവട്ടെ നിങ്ങളുടെ അടുത്ത് യാതൊരു ആവശ്യവുമില്ല’.

അദ്ദേഹത്തിന്റെ വിശദീകരണം ഖലീഫ ഉസ്മാന്റെ(റ) അടുത്തെത്തി. ആക്ഷേപിക്കപ്പെടാന്‍ പറ്റിയ ഒരു കാരണവും അദ്ദേഹമതില്‍ കണ്ടില്ല. പക്ഷെ, ഇതൊന്നും തിന്മയുടെ തീപ്പന്തങ്ങളെ അണക്കാന്‍ പര്യാപ്തമായിരുന്നില്ല. അദ്ദേഹത്തെക്കുറിച്ച് ധാരാളം കിംവദന്തികള്‍ പ്രചരിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ അനുകൂലികള്‍ക്കും പ്രതിയോഗികള്‍ക്കുമിടയില്‍ സംഘട്ടനം ഉണ്ടാവോളം കാര്യങ്ങള്‍ വഷളായി. ആമിറിനെ ശാമിലേക്കയക്കാനും അവിടെ വീട് വെച്ച താമസിപ്പിക്കാനും ഖലീഫ ഉസ്മാന്‍(റ) ഗവര്‍ണറോട് കല്‍പിച്ചു. അദ്ദേഹത്തെ ആദരവോടെ സ്വീകരിക്കാന്‍ അവിടത്തെ ഗവര്‍ണറായ മുആവിയ ബിന്‍ അബീസുഫ്‌യാന് നിര്‍ദ്ദേശം നല്‍കി.

ബസറിയില്‍ നിന്ന് അദ്ദേഹം പുറപ്പെടുന്ന ദിവസമായപ്പോള്‍ യാത്രയാക്കുന്നതിനായി ധാരാളം അനുയായികളും ശിഷ്യന്മാരും തടിച്ച്കൂടി. ബസറക്ക് പുറത്തുള്ള മര്‍ബദ് എന്ന പ്രദേശം വരെ അവരും അദ്ദേഹത്തെ അനുഗമിച്ചു. അവിടെ വെച്ച് അദ്ദേഹം പറഞ്ഞു ‘ ഇനി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ ആമീന്‍ ചൊല്ലുക.’
എല്ലാവരും നിശബ്ദരായി അനക്കമില്ലാതെ അദ്ദേഹത്തിന്റെ മുഖത്തേക്ക് തന്നെ എത്തിനോക്കുകയാണ്. അദ്ദേഹം ഇരുകൈകളുമുയര്‍ത്തി പ്രാര്‍ത്ഥനയാരംഭിച്ചു. ‘അല്ലാഹുവെ, എന്റെ പേരില്‍ ഏഷണി പരത്തുകയും, കളവ് കെട്ടിച്ചമക്കുകയും ചെയ്ത് എനിക്കും അനുയായികള്‍ക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കാനും, എന്നെ ഇവിടെ നിന്ന് പുറത്താക്കാനും കാരണക്കാരായവര്‍ക്ക് ഞാന്‍ പൊറുത്ത് കൊടുത്തിരിക്കുന്നു. നീയവര്‍ക്ക് പൊറുത്ത് കൊടുത്താലും. അവര്‍ക്ക് ഇഹത്തിലും പരത്തിലും സൗഖ്യം നല്‍കേണമേ നാഥാ. കരുണാമയനായ നാഥാ, നിന്റെ കരുണയും, ഔദാര്യവും നന്മയും കൊണ്ട് എന്നെയും അവരെയും നീ പൊതിയേണമേ.’ ശേഷം അദ്ദേഹം തന്റെ വാഹനം ശാമിലേക്ക് തിരിച്ചു യാത്ര തുടര്‍ന്നു.

ശേഷിച്ച ആയുസ്സ് ശാമിലാണ് അദ്ദേഹം കഴിച്ച് കൂട്ടിയത്. ബൈതുല്‍ മഖ്ദിസിനെ വീടായി സ്വീകരിച്ചു. ശാം ഗവര്‍ണര്‍ മുആവിയ അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു.
മരണശയ്യയിലായിരിക്കെ ആമിറിനെ സന്ദര്‍ശിക്കാനെത്തിയ അനുയായികള്‍ അദ്ദേഹം കരയുന്നതായി കണ്ടു.
അവരദ്ദേഹത്തോട് ചോദിച്ചു. ‘താങ്കളെന്തിനാണ് കരയുന്നത്..  താങ്കള്‍ ഇന്നയിന്ന കര്‍മങ്ങളൊക്കെ ചെയ്തയാളാണല്ലോ.’
അദ്ദേഹം പറഞ്ഞു. ‘അല്ലാഹുവാണ, ഇഹലോകത്തോടുള്ള ആര്‍ത്തി കൊണ്ടോ, മരണത്തെ ഭയപ്പെട്ടത് കൊണ്ടോ അല്ല ഞാന്‍ കരയുന്നത്. മറിച്ച് എന്റെ ദീര്‍ഘമായ യാത്രയെയും, ശുഷ്‌കിച്ച പാഥേയത്തെയുംകുറിച്ച് ആലോചിച്ചു ഞാന്‍. ഇറക്കത്തിനും കയറ്റത്തിനുമിടയിലാണ് ഞാനുള്ളത്. ഒന്നുകില്‍ സ്വര്‍ഗപ്പൂന്തോപ്പിലേക്ക്…… അല്ലെങ്കില്‍ നരകഗര്‍ത്തത്തിലേക്ക്…… എനിക്കറിയില്ല, ഇവയില്‍ ഏതിലേക്കാണ് എന്റെ മടക്കമെന്ന്.’  ശേഷം അല്ലാഹവിനെ സ്മരിച്ച് കൊണ്ടിരിക്കെ അദ്ദേഹം അന്ത്യശ്വസം വലിച്ചു. അവിടെ……. രണ്ട് ഖിബ്‌ലകളില്‍ ആദ്യത്തേതില്‍ വെച്ച്…. രണ്ട് ഹറമുകളില്‍ മൂന്നാമത്തേതില്‍… പ്രവാചക രാപ്രയാണത്തിന്റെ വേദിയില്‍….. അവിടെയാണ് അദ്ദേഹം താമസിച്ചിരുന്നത്…….അല്ലാഹു അദ്ദേഹത്തിന്റെ ഖബ്ര്‍ പ്രഭാപൂരിതമാക്കട്ടെ…..

>>> ആമിര്‍ ബിന്‍ അബ്ദില്ലാ തമീമി -1

>>> ആമിര്‍ ബിന്‍ അബ്ദില്ലാ തമീമി -2

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles