Current Date

Search
Close this search box.
Search
Close this search box.

ആന്ധ്രപ്രദേശ് ഏറ്റുമുട്ടലുകള്‍; ചുരുളുകള്‍ അഴിയുന്നു

ആന്ധ്രപ്രദേശില്‍ 25 പേര്‍ കൊല്ലപ്പെട്ട രണ്ട് ഏറ്റുമുട്ടലുകള്‍ പോലീസ് ആസൂത്രണം ചെയ്തതായിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കൊല്ലപ്പെട്ട അഞ്ചു പേരെ ഞായറാഴ്ച്ച രാത്രിയില്‍ ചിറ്റൂരിനടത്തുവെച്ച് ഒരു ബസ്സില്‍ നിന്നും പോലീസ് കൂട്ടികൊണ്ടു പോയതാണെന്നാണ് ചന്ദന കള്ളക്കടത്തുകാരില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞത്.

‘രക്തചന്ദനം കൊണ്ടുവരാനായി പോകുകയായിരുന്നു ഞങ്ങള്‍. കൊല്ലപ്പെട്ട അഞ്ചുപേര്‍ എന്നോടൊപ്പം ബസ്സിലുണ്ടായിരുന്നവരാണ്. ഒരു സംഘമായി ഇരുന്ന അവരെ പോലീസ് നോട്ടമിടുകയായിരുന്നു. ഞാന്‍ ഒരു സ്ത്രീ യാത്രികയോടൊപ്പമായിരുന്നു ഉണ്ടായിരുന്നത്.’ കള്ളക്കടത്തുകാരനെന്ന് ആരോപിക്കപ്പെട്ടയാള്‍ പോലീസിനോട് പറഞ്ഞു. അയാള്‍ വീട്ടിലേക്ക് മടങ്ങി പഞ്ചായത്ത് തലവനെ കണ്ട് കാര്യങ്ങള്‍ വിവരിച്ചപ്പോള്‍ പഞ്ചായത്ത് തലവനാണ് അദ്ദേഹത്തെ പോലീസില്‍ എത്തിച്ചതെന്ന് മുതിര്‍ന്ന ഒരു ഓഫീസര്‍ പറഞ്ഞു.

സംഭവത്തിന് ശേഷം CRPC 176 1(A) വകുപ്പ് പ്രകാരം ഒരു ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ കൊണ്ട് അന്വേഷണം നടത്തുകയായിരുന്നു ആന്ധ്ര പോലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മജിസ്‌ട്രേറ്റിനെ കാത്തുനില്‍ക്കാതെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി തിരുപതിയിലേക്ക് അയക്കുകയായിരുന്നു. എന്തൊക്കെയോ മറച്ചു വെക്കാനുള്ള ശ്രമമുണ്ടെന്നാണത് സൂചിപ്പിക്കുന്നത്.

കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും അതിര്‍ത്തിയില്‍ താമസിക്കുന്ന വാന്നിയാര്‍ വിഭാഗത്തില്‍ പെട്ടവരാണ്. അവശേഷിക്കുന്നവര്‍ ഗൗണ്ടര്‍ വിഭാഗത്തിലുള്ളവരും. അവര്‍ ആദിവാസി വിഭാഗങ്ങളല്ല. തമിഴ്‌നാട്ടിലെ ജവാദു കുന്നുകളില്‍ കഴിയുന്ന അവര്‍ കാടുകളില്‍ പോയി വിറകു വെട്ടി ശേഖരിക്കുന്ന കൂലിപ്പണിക്കാരാണ് അവര്‍. രക്ത ചന്ദന കള്ളക്കടത്തുകാര്‍ ആന്ധ്രയില്‍ നിന്ന് മരം കടത്തുന്നതിന് അവരെ ഉപയോഗപ്പെടുത്തുകയായിരുന്നു.

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ തമിഴ്‌നാട് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, മൂര്‍ച്ചയേറിയ ആയുധങ്ങളുമായി തങ്ങളെ നേരിടാന്‍ വരികയായിരുന്നു നൂറോളം വരുന്ന കള്ളക്കടത്തുകാരെന്ന ആന്ധ്ര പോലീസിന്റെ വാദത്തിനെതിരെ തങ്ങളുടെ പോലീസ് ശേഖരിച്ച തെളിവുകളുമായി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനും ഒരുങ്ങുകയാണ് തമിഴ്‌നാട് അധികൃതര്‍.

‘ഒന്നാമതായി, ഇത്തരം ഒരു പ്രതികരണത്തെ ന്യായീകരിക്ക തക്ക ഗുരുതരമായ പരിക്കുകളൊന്നും ദൗത്യസേന സംഘത്തിലെ ഒരാള്‍ക്ക് പോലും പറ്റിയിട്ടില്ല. വെടിവെപ്പ് നടന്ന രണ്ടിടങ്ങളിലും ഒരു ഏറ്റുമുട്ടലിനെ കുറിക്കുന്ന തെളിവുകളൊന്നുമില്ലെന്നുള്ളതും ഏറെ പ്രധാനമാണ്. വിവരം ലഭിച്ച് രണ്ടു മണിക്കൂറിനകം അവിടെയെത്തിയ ഞങ്ങളുടെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ കഴിഞ്ഞത് നിരനിരയായി കിടത്തിയ മൃതദേഹങ്ങളും ജോഡി തെറ്റാതെ കിടക്കുന്ന ചെരുപ്പുകളും ബാഗുകളും വെള്ളക്കുപ്പികളുമാണ്. ഇതൊക്കെ തെളിയിക്കുന്നത് എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ്.’ ഒരു തമിഴ്‌നാട് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചിതറിയോടുന്ന ജനക്കൂട്ടത്തിനെതിരെ ദൗത്യ സേന വെടിവെക്കുമ്പോള്‍ ദേഹത്ത് എവിടെയും വെടിയേല്‍ക്കാം. പ്രത്യേകിച്ചും പിന്‍ഭാഗത്തും കാലുകളിലും. എന്നാല്‍ ഇരുപത് പേരുടയെും നെഞ്ചിലോ നെറ്റിയിലോ മുഖത്തോ ആയിരുന്നു വെടിയുണ്ട തറച്ചത്. അവരെ തടഞ്ഞുവെച്ച് നിരത്തി നിര്‍ത്തി വെടിവെക്കുകയായിരുന്നുവെന്ന സൂചനയാണിത് നല്‍കുന്നത്. മാത്രമല്ല. ചൊവ്വാഴ്ച്ച രാവിലെ അഞ്ചിനും ആറിനും ഇടക്കാണ് ഇവര്‍ക്ക് വെടിയേറ്റതെങ്കില്‍ മുറിവുകള്‍ക്ക് പഴക്കം ഉണ്ടാകുകയില്ല. എന്നാല്‍ ഇവരുടെ മുറിവുകള്‍ക്ക് ഒരു ദിവസത്തെയെങ്കിലും പഴക്കം തോന്നിക്കുമായിരുന്നു. കത്തിക്കാന്‍ ശ്രമിച്ചതായി തോന്നിപ്പിക്കുന്ന തരത്തിലുള്ള പൊള്ളലുകളും രണ്ട് മൃതദേഹങ്ങളില്‍ ഉണ്ടായിരുന്നു.

നിരവധി രക്തചന്ദന കള്ളക്കടത്ത് കേസുകള്‍ പിടികൂടിയിട്ടുള്ള വെല്ലൂര്‍ ജില്ലയില്‍ സേവനം ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥന്‍ മൃതദേഹങ്ങള്‍ക്കടുത്തുണ്ടായിരുന്ന ചന്ദനത്തടികളെ കുറിച്ച് പറയുന്നത് മറ്റൊരു കാര്യമാണ്. ‘ആ രക്തചന്ദന തടികള്‍ പുതുതായി മുറിച്ചവായിരുന്നില്ല. ഒരു ഗോഡൗണില്‍ നിന്ന് കൊണ്ടുവരപ്പെട്ട പോലെ വശങ്ങള്‍ ചെത്തിയതും ഉണങ്ങിത്തുടങ്ങിയതുമായിരുന്നു അവ. പെയിന്റിന്റെ അടയാളങ്ങളും അവയിലുണ്ടായിരുന്നു. മുമ്പ് ഏതെങ്കിലും സന്ദര്‍ഭത്തില്‍ പിടിച്ചെടുത്ത അവയിലെ കേസ് നമ്പറുകള്‍ മായ്ച്ചു കളയാനായി ചെയ്തതായിരിക്കാം അത്.’ എന്ന് അദ്ദേഹം വിശദീകരിച്ചു. അന്താരാഷ്ട്ര തലത്തില്‍ ആവശ്യക്കാരുള്ളതും ദക്ഷിണ ആന്ധ്രയില്‍ സുലഭമായതുമായ ഒരു സംരക്ഷിത മരമാണ് രക്തചന്ദനം.

മറ്റൊരു ഏറ്റുമുട്ടലില്‍ അഞ്ച് വിചാരണ തടവുകാരെയാണ് പോലീസ് വെടിവെച്ചു കൊന്നത്. ചൊവ്വാഴ്ച്ച തെലങ്കാനയില്‍ പോലീസ് വെടിവെച്ചു കൊന്നവരുടെ കൂട്ടത്തില്‍ ഒരാളായ വിഖാര്‍ അഹ്മദ് തന്നെ പോലീസ് കൊല്ലുമെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബുധനാഴ്ച്ച പറഞ്ഞു. ആറ് മാസം മുമ്പ് വിഖാര്‍ വിചാരണ കോടതില്‍ ഒരു പരാതി നല്‍കിയിരുന്നു. വാറങ്കല്‍ ജയിലില്‍ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ ഒരു വെടിവെപ്പുണ്ടാക്കി പോലീസ് തന്ന കൊലപ്പെടുത്തുമെന്ന ആശങ്കയായിരുന്നു അതിലുണ്ടായിരുന്നത്. ‘വാറങ്കലില്‍ നിന്നും അദ്ദേഹത്തെയും ഒപ്പമുള്ളവരെയും കൊണ്ടു പോകുന്നതിനിടയില്‍ പോലീസുകാര്‍ അവരെ അക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു.’ എന്ന് വിഖാറിനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടി കോടതിയില്‍ ഹാരജാകുന്ന അഭിഭാഷകന്‍ അബ്ദുല്‍ അസീം പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്നും വിഖാറിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അദ്ദേഹത്തിന്റെ പിതാവ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നതായും ഡിഫന്‍സ് കൗണ്‍സില്‍ പറയുന്നു.

ഹൈദരാബാദിലെ ജയിലിലേക്ക് തന്നെ മാറ്റണമെന്ന് ഏപ്രില്‍ ആറിന് വിഖാര്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. സ്വന്തം കൈപ്പടയില്‍ തന്നെ തയ്യാറാക്കിയ അപേക്ഷയില്‍ ഏപ്രില്‍ 7-ന് കോടതി വിധി പറയാനിരിക്കെയാണ് അതേ ദിവസം അവര്‍ കൊല്ലപ്പെടുന്നത്. വിഖാറിനും കൂട്ടുകാര്‍ക്കും എതിരെയുള്ള രണ്ടു കേസുകളും അതിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രസ്താവന രേഖപ്പെടുത്തുന്നത് മാത്രമേ അതില്‍ അവശേഷിച്ചിരുന്നുള്ളൂ. ഒരു രണ്ടു മാസത്തിനുള്ളില്‍ വിധിയുണ്ടാകുമെന്നായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് എന്നും അഭിഭാഷകര്‍ പറഞ്ഞു.

അനുഗമിച്ചിരുന്ന പോലീസുകാരില്‍ നിന്നും ആയുധം തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വിഖാറു കൂട്ടരും കൊല്ലപ്പെട്ടതെന്ന പോലീസ് വാദത്തെ അബ്ദുല്‍ അസീം തള്ളക്കളഞ്ഞു. എല്ലാ വിചാരണ തടവുകാരും കയ്യാമം വെക്കപ്പെട്ടവരും പോലീസ് വാനിന്റെ സീറ്റുമായി ബന്ധിക്കപ്പെട്ടവരുമായിരുന്നു. അതുകൊണ്ട് തന്നെ ആയുധം തട്ടിപ്പറിക്കലിന്റെയോ രക്ഷപ്പെടലിന്റെയോ പ്രശ്‌നം ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് പോലീസുകാരെ കൊലപ്പെടുത്തിയതടക്കമുള്ള കേസുകളാണ് വിഖാറിനും മറ്റ് നാലു പേര്‍ക്കും എതിരെ ചുമത്തപ്പെട്ടിരുന്നത്. വിഖാര്‍ തഹ്‌രീകെ ഗല്‍ബാ-എ- ഇസ്‌ലാം എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു എന്നും അനുയായികളോടൊപ്പം ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നുമാണ് പോലീസ് പറയുന്നത്.

അവലംബം: Countercurrents.org
വിവ: നിസാര്‍

Related Articles